കാമഗോത്രക്കാരിയായ ശ്രദ്ധ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ശ്രദ്ധ ദേവത.
ശ്രദ്ധ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നു; ശ്രദ്ധ ഹവിസ്സു ഹോമിയ്ക്കുന്നു; സമ്പത്തിന്റെ മുകളിലിരിയ്ക്കുന്ന ശ്രദ്ധയെ നാം പരക്കെ കേൾക്കുമാറു സ്തുതിയ്ക്കുക! 1
ശ്രദ്ധേ, ഭവതി ഹവിർദ്ദാതാവിന്നു പ്രിയം ചെയ്യുക. ശ്രദ്ധേ, ദാനേച്ഹുവിന്നും പ്രിയം ചെയ്യുക; സുഖാനുഭവം തേടുന്ന യജ്വാക്കൾക്കു പ്രിയം ചെയ്യുക – ഞാനിപ്പറഞ്ഞതു ചെയ്യുക! 2
ദേവന്മാർ ഉഗ്രന്മാരായ അസുരന്മാരിൽ ശ്രദ്ധ പതിച്ചതെപ്രകാരമോ, അപ്രകാരം ഭവതി സുഖാനുഭവം തേടുന്ന യജ്വാക്കളിൽ, ഞങ്ങളിപ്പറഞ്ഞതു ചെയ്താലും! 3
ദേവന്മാരും മനുഷ്യരും വായുരക്ഷിതരായിട്ടു ശ്രദ്ധയെ ഉപാസിയ്ക്കുന്നു – മനസ്സങ്കല്പത്തോടേ ശ്രദ്ധയെ ഉപാസിയ്ക്കുന്നു: ശ്രദ്ധയാൽ ധനം കൈവരുമല്ലോ! 4
പ്രാതഃകാലത്തു ഞങ്ങൾ ശ്രദ്ധയെ വിളിയ്ക്കുന്നു; മധ്യാഹ്നത്തിൽ ശ്രദ്ധയെ വിളിയ്ക്കുന്നു; സൂര്യാസ്തമയത്തിൽ ശ്രദ്ധയെ വിളിയ്ക്കുന്നു. ശ്രദ്ധേ, ഭവതി ഞങ്ങളെ ഇവിടെ ശ്രദ്ധായുക്തരാക്കിയാലും! 5
[1] ശ്രദ്ധ – മനുഷ്യന്ന് അഗ്നിയെക്കുറിച്ചു ഭക്തി വർദ്ധിയ്ക്കുമ്പോൾ, അവൻ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നു. സമ്പത്തിന്റെ മുകളിരിയ്ക്കുന്ന – തുലോം ധനവതിയായ, ധനദാത്രിയായ. ശ്രദ്ധയെ – ശ്രദ്ധാഭിമാനിദേവതയെ.
[2] ദാനേർഛു – ഹവിസ്സു നല്കാനിച്ഛിയ്ക്കുന്നവൻ.
[3] ശ്രദ്ധ – ഇവരെ തീർച്ചയായും കൊല്ലേണമെന്ന താൽപര്യം. ഞങ്ങളിപ്പറഞ്ഞതു – പ്രിയം.