യമപുത്രൻ ദേവശ്രവസ്സ് ഋഷി; ത്രിഷ്ടുപ്പും പുരസ്താൽബൃഹതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സരണ്യുവും പൂഷാവും സരസ്വതിയും ജലവും സോമവും ദേവതകൾ.
ത്വഷ്ടാവു മകളുടെ വേളി നടത്തുകയാണ്; അതിന്നു ഭുവനമെല്ലാം എത്തിച്ചേർന്നിരുന്നു. എന്നാൽ മഹാനായ വിവസ്വാന്റെ നവോഢയായ പത്നി – യമന്റെ അമ്മ – എങ്ങോ മറഞ്ഞു. 1
ആ അമൃതയെ മനുഷ്യർക്കായി ഒളിപ്പിച്ചിട്ടു (ദേവന്മാർ) ഒരു തുല്യരൂപയെ നിർമ്മിച്ചു വിവസ്വാന്നു കൊടുത്തു. ആ സരണ്യുവിൽ അദ്ദേഹത്തിന്ന് അശ്വികൾ പിറന്നു. അവൾ രണ്ട് ആൺപെൺ കുട്ടികളെ ഒപ്പം പ്രസവിച്ചിരുന്നു. 2
ഭവാനെ വിദ്വാനും, എന്നെന്നും പശുയുക്തനും, ഭുവനം കാക്കുന്നവനുമായ പൂഷാവ് ഇവിടെനിന്നു കൊണ്ടുപോകട്ടെ: അദ്ദേഹം ഭവാനെ ഈ പിതൃക്കൾക്കും, അഗ്നി ശോഭനജ്ഞാനരായ ദേവന്മാർക്കും കൊടുക്കട്ടെ! 3
എങ്ങും നടക്കുന്ന വായു ഭവാനെ നാലുപാടും പാലിയ്ക്കട്ടെ; ഉൽക്കൃഷ്ടമാർഗ്ഗത്തിൽ മുൻനില്ക്കുന്ന പൂഷാവു ഭവാനെ കാത്തരുളട്ടെ; സുകൃതികൾ എവിടെ വസിയ്ക്കുന്നുവോ, അവർ എവിടെ ചെന്നുവോ, ഭവാനെ സവിതൃദേവൻ അവിടെ പാർപ്പിയ്ക്കട്ടെ! 4
പൂഷാവിന്ന് ഈ ദിക്കുകളെല്ലാം വേർതിരിച്ചറിയാം: അദ്ദേഹം ഞങ്ങളെ തെല്ലും ഭയമില്ലാത്തിടത്തിലൂടേ കൊണ്ടുപോകട്ടെ: നന്മനല്കുന്ന സർവവീരോപേതനായ ആ തേജസ്വി ശരിയ്ക്കറിഞ്ഞു, കരുതലോടേ മുമ്പിൽ നടക്കട്ടെ! 5
അന്തരിക്ഷമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, സ്വർഗ്ഗമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, ഭൂമാർഗ്ഗങ്ങളിൽ മികച്ചതിലാണ്, പൂഷാവിന്റെ നില്പ്: അദ്ദേഹം തുലോം പ്രിയപ്പെട്ട സഹവാസിനികളായ ഇരുവരെയും നോക്കി, അറിഞ്ഞ്, അനുകൂലമായും പ്രതികൂലമായും നടക്കുന്നു! 6
ദേവകാമന്മാർ സരസ്വതിയെ വിളിയ്ക്കുന്നു; വിസ്തരിച്ച യജ്ഞത്തിൽ സരസ്വതിയെ (യജിയ്ക്കുന്നു); സുകൃതികൾ സരസ്വതിയെ വിളിയ്ക്കുന്നു; സരസ്വതി ഹവിർദ്ദാതാവിന്നു വേണ്ടതു കൊടുക്കട്ടെ! 7
ദേവി, സരസ്വതി, അവിടുന്നു പിതൃക്കളോടൊന്നിച്ചു സ്വധയാൽ ഇമ്പം പൂണ്ട്, ഒരേ തേരിൽ വന്നെത്തിയല്ലോ: അവിടുന്ന് ഈ ദർഭയിലിരുന്നു തൃപ്തിയടഞ്ഞാലും; ആരോഗ്യകരങ്ങളായ അന്നങ്ങൾ ഞങ്ങൾക്കു തന്നാലും! 8
സരസ്വതി, തെക്കുനിന്നു യജ്ഞത്തിൽ വന്നുചേർന്ന പിതൃക്കൾ നിന്തിരുവടിയെ വിളിയ്ക്കുന്നുണ്ടല്ലോ; നിന്തിരുവടി ഇവിടെ ഒരായിരം പേർക്കു മതിയാവുന്ന അന്നഭാഗവും, ധനാഭിവൃദ്ധിയും യജമാനരെ ഏല്പിച്ചാലും! 9
അമ്മമാരായ തണ്ണീരുകൾ നമ്മെ ശുദ്ധിപ്പെടുത്തട്ടെ – പാവനമായ ഘൃതംകൊണ്ടു നമ്മെ പരിപൂതരാക്കട്ടെ: പാപമെല്ലാം ഒഴുക്കിപ്പോക്കുന്നവരാണല്ലോ, ഈ ദേവിമാർ; ഇവരാൽ വിശുദ്ധനായിട്ടു ഞാൻ മേല്പോട്ടു പോകട്ടെ! 10
യാതൊരു നീർ ഒന്നാംലോകത്തിലെയ്ക്കും സ്വർഗ്ഗത്തിലെയ്ക്കും – ഈ ലോകത്തിലെയ്ക്കും, പൂർവലോകത്തിലെയ്ക്കും – തെറിച്ചുവോ; സാധാരണസ്ഥാനത്തു നടക്കുന്ന ആ നീർ സപതഹോത്രരായ ഞങ്ങൾ അനുക്രമം ഹോമിയ്ക്കുന്നു. 11
നിന്റെ യാതൊരു നീർ തെറിയ്ക്കുന്നുവോ; നിന്റെ യാതൊരു ചെടി അധ്വര്യുവിന്റെ കൈകളിൽനിന്നു വീഴുന്നുവോ, പലകകളുടെ വക്കിൽനിന്നു വഴുതിപ്പോകുന്നുവോ; നിന്റെ യാതൊരു നീർ അരിപ്പയിൽനിന്നു തെറിയ്ക്കുന്നുവോ; അതിനെയൊക്കെ ഞാൻ മനസ്സുകൊണ്ടു വഷട്കാരം ചൊല്ലി ഹോമിയ്ക്കുന്നു. 12
നിന്റെ യാതൊരു നീർ തെറിച്ചുവോ; നിന്റെ യാതൊരു ചെടി വേർപെട്ടുവോ; യാതൊരു നീർ സ്രുക്കിൽനിന്നു വിട്ടു താഴേവീണുവോ; അതിനെയൊക്കെ ഈ ബൃഹസ്പതിദേവൻ ധനാർത്ഥം വഴിപോലെ പൊഴിയ്ക്കട്ടെ! 13
ഓഷധികൾ സാരവതികൾ; എന്റെ വചനം സാരവത്ത്; തണ്ണീരുകളുടേതെല്ലാം പാലുപോലെ സാരവത്തുതന്നെ. അതിനോടുകൂടി നിങ്ങൾ എന്നെ ശുദ്ധിപ്പെടുത്തുവിൻ! 14
[1] ഇക്കഥ പുരാണങ്ങളിലുണ്ടു്: മകൾ – സരണ്യു. യമന്റെ – യമന്റെയും യമിയുടെയും. മറഞ്ഞു – ഇവരെ ഇരട്ടപെറ്റതിന്നുശേഷം സരണ്യു ഒരു പെൺകുതിരയുടെ രുപം ധരിച്ച് ഉത്തരകുരുരാജ്യത്തെയ്ക്കു പോയ്ക്കളഞ്ഞു.
[2] അമൃത – സരണ്യു. മനുഷ്യർക്കായി – മനുഷ്യോൽപത്തിയ്ക്കായി. ഒരു തുല്യരൂപയെ – സരണ്യുവിന്റെ ആകൃതിയിലുള്ള ഒരുവളെ; ഈ മായാസരണ്യുവിൽ വിവസ്വാന്നു ജനിച്ചവനാണ്, മനു. ആ സരണ്യുവിൽ – വിവരമറിഞ്ഞ് അശ്വരൂപം ധരിച്ചു ചെന്ന സൂര്യനാൽ രമിപ്പിയ്ക്കപ്പെട്ട പെൺകുതിരയായ സരണ്യുവിൽ. രണ്ട് ആൺപെൺകുട്ടികളെ – യമനെയും യമിയെയും. പ്രസവിച്ചിരുന്നു – മുമ്പേ.
[3] മരിച്ച യഷ്ടാവിനോട്: കൊടുക്കട്ടെ – അവരുടെ ലോകത്തിൽ പാർപ്പിയ്ക്കട്ടെ.
[4] ഉൽക്കൃഷ്ടമാർഗ്ഗം – സ്വർഗ്ഗമാർഗ്ഗം.
[5] സർവവീരോപേതൻ – എല്ലാ കർമ്മവീരന്മാരോടും (ഋത്വിക്കുകളോടും) കൂടിയവൻ.
[6] ഇരുവർ – ദ്യാവാപൃഥിവികൾ.
[7] വേണ്ടതു – കർമ്മഫലം.
[8] വന്നെത്തിയല്ലോ – ഞങ്ങളുടെ യജ്ഞത്തിൽ.
[10] ഘൃതം – നെയ്യ്, വെള്ളം. മേല്പോട്ട് – ഊർദ്ധ്വലോകത്തെയ്ക്ക്.
[11] നീർ – സോമരസം. സാധാരണസ്ഥാനം – വാനൂഴികൾ. സപ്തഹോത്രർ – ബിന്ദുഹോമകർത്താക്കൾ. അർത്ഥം ചിന്ത്യം.
[12] സോമത്തോട്:
[13] ധനാർത്ഥം – ഞങ്ങൾക്കു ധനമുണ്ടാകാൻ. പൊഴിയ്ക്കട്ടെ – ഹോമിയ്ക്കട്ടെ; തെറിച്ചതിന്റെ ദോഷം നീക്കട്ടെ.
[14] തണ്ണീരുകളോട്: