യമപുത്രൻ സംകുസുകൻ ഋഷി; ത്രിഷ്ടുപ്പും പ്രസ്താരപംക്തിയും ജഗതിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; മൃത്യുവും ധാതാവും ത്വഷ്ടാവും പിതൃമേധവും പ്രജാപതിയും ദേവകൾ.
മൃത്യോ, ദേവന്മാർ നടക്കുന്നതല്ലാത്ത സ്വന്തം മാർഗ്ഗമുണ്ടല്ലോ, അങ്ങയ്ക്ക്; അങ്ങ് അതിലെയ്ക്കു മടങ്ങിപ്പോയ്ക്കൊൾക. കണ്ണും ചെകിടുമുള്ള ഭവാനോടു ഞാൻ പറയുന്നു: ഞങ്ങളുടെ പെൺമക്കളെയും ആൺമക്കളെയും ഭവാൻ ദ്രോഹിയ്ക്കരുതു്! 1
യഷ്ടാക്കളേ, നിങ്ങൾ മൃത്യുവിന്റെ വഴിയിൽ കേറാതെ നടന്നു, സുദീർഗ്ഘമായ ആയുസ്സു തുലോം നേടുവിൻ; സന്തതികൊണ്ടും സമ്പത്തുകൊണ്ടും തഴച്ചു, വിശുദ്ധരും വിമലരുമായിത്തീരുവിൻ! 2
ഈ ജീവിച്ചിരിയ്ക്കുന്നവർ മരിച്ചവരിൽനിന്നു പിന്തിരിയട്ടെ: ഇന്നു നമ്മുടെ യജ്ഞം മംഗളമായിത്തീരട്ടെ. തിരിഞ്ഞുനടന്നു, സുദീർഗ്ഘമായ ആയുസ്സു തുലോം നേടിയ നമ്മൾ ആടാനും ചിരിയ്ക്കാനും പോവുക! 3
ഞാൻ ഇതാ, ജീവത്തുക്കൾക്കുവേണ്ടി ഒരതിർത്തിക്കല്ലു നാട്ടുന്നു: ഇവരിലാരും ചിക്കെന്ന് ഈ വഴിയ്ക്കു പോകരുത് ഇവർ വളരെ പുണ്യം ചെയ്തുകൊണ്ടു് ഒരു നൂറ്റാണ്ടു ജീവിച്ചിരിയ്ക്കട്ടെ; മൃത്യുവിനെ മലകൊണ്ടു മറയ്ക്കട്ടെ! 4
ധാതാവേ, ദിവസങ്ങൾ മുൻദിവസത്തെ പിന്തുടരുന്നു; ഋതുക്കൾ ഋതുക്കളുടെ പിറകേ ശരിയ്ക്കു നടക്കുന്നു. മുമ്പനെ പിമ്പൻ വിട്ടു പോകാത്തവണ്ണം ഇവർക്കു ഭവാൻ ആയുസ്സു കല്പിച്ചാലും. 5
വാർദ്ധക്യമടഞ്ഞ നിങ്ങൾ എത്ര പേരുണ്ടായാലും, മൂപ്പനുസരിച്ചു പ്രയത്നം ചെയ്തുകൊണ്ടു ജീവിച്ചിരിയ്ക്കുവിൻ: സുജന്മാവായ ത്വഷ്ടാവ് വന്നുചേർന്ന് ഇവിടെ നിങ്ങൾക്കു ജീവിപ്പാൻ ദീർഗ്ഘായുസ്സുണ്ടാക്കട്ടെ! 6
ഈ ശോഭനഭർത്തൃകമാരായ അവിധവമാർ നെയ്യുകൊണ്ടു കണ്ണെഴുതി ഗൃഹങ്ങൾ ഉൾപ്പൂകട്ടെ; അഗ്നേ, ജായമാർ കണ്ണു നനയാതെ, കരൾ ചുടാതെ, നല്ല സമ്പത്തോടുകൂടി പാർപ്പിടത്തിലെയ്കു പോരട്ടെ! 7
മങ്കേ, നീ ജീവലോകത്തെയ്ക്കെഴുനേല്ക്കുക. മൃതിയടഞ്ഞ ഇദ്ദേഹത്തിന്റെ അരികിൽ കിടക്കണമെങ്കിൽ, വരിക: പാണിഗ്രഹണം ചെയ്തു ഗർഭം ധരിപ്പിച്ച ഈ ത്വൽഭർത്താവിന്റെ ജായ എന്ന നിലയിലാണല്ലോ, നീ നില്ക്കുന്നതു്! 8
നമ്മുടെ ബലത്തിന്നും തേജസ്സിന്നും സൈന്യത്തിന്നുമായി ഞാൻ മൃതന്റെ കയ്യിൽനിന്നു വില്ലു വലിച്ചെടുക്കുന്നു: ‘ഭവാൻ ഇവിടെത്തന്നേ ഉണ്ടായിരിയ്ക്കുക; ഞങ്ങൾ ഇവിടെ നല്ല പുത്രന്മാരോടുകൂടി, ഞെളിഞ്ഞെതിർക്കുന്നവരെയെല്ലാം ജയിച്ചുകൊള്ളാം! 9
ഭവാൻ പാടേ വ്യാപിച്ച പരപ്പും നല്ല സുഖവുമുള്ള ഈ അമ്മയായ ഭൂമിയുടെ അടുക്കൽ ചെല്ലുക: ദക്ഷിണ കൊടുത്തവന്നു കമ്പിളിപോലെ മൃദുലയാണ്, ഈ യുവതി. ഇവൾ ഭവാനെ മൃത്യുദേവതയുടെ പക്കൽനിന്നു രക്ഷിയ്ക്കട്ടെ!’ 10
പൃഥിവി, ഭവതി ഇദ്ദേഹത്തിന്റെ ശ്വാസം മുകളിലെയ്ക്കാക്കുക. ഇദ്ദേഹത്തെ നോവിയ്ക്കരുത്; നന്നായി ഉപചരിയ്ക്കണം. ഹേഭൂമി, ഉറച്ചുനില്ക്കുക. ഒരമ്മ മകനെ വസ്ത്രംകൊണ്ടേന്നപോലെ, ഭവതി ഇദ്ദേഹത്തെ പുതപ്പിച്ചാലും! 11
മേല്പോട്ടു പൊന്തുന്ന ഭൂമി ഉറച്ചുനില്ക്കട്ടെ. ആയിരമായിരം (മൺപൊടികൾ) ഇദ്ദേഹത്തെ ഉപസേവിയ്ക്കട്ടെ: അവ നെയ്യൊഴുക്കുന്ന ഗൃഹമായിത്തീരട്ടെ; എന്നെന്നും ഇദ്ദേഹത്തിന്നു പാർപ്പിടമായിബ്ഭവിയ്ക്കട്ടെ! 12
ഞാൻ നിനക്കു മുകളിൽ മണ്ണമർത്താം; നിന്റെ മീതെ ഈ മണ്ണുരുള വെച്ച ഞാൻ ദ്രോഹിയ്ക്കയല്ല. നിന്റെ ഈ തൂൺ പിതൃക്കൾ ഉറപ്പിയ്ക്കട്ടെ; യമൻ നിന്റെ ഇരിപ്പിടത്തിൽ സദനങ്ങൾ നിർമ്മിയ്ക്കട്ടെ! 13
അർച്ചനീയമായ അഹസ്സിൽ ഞാൻ, അമ്പിന്റെ ചിറകുപോലെ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു: (എന്റെ) മാന്യമായ സ്തോത്രത്തെ നിന്തിരുവടി, അശ്വത്തെ കടിഞ്ഞാൺകൊണ്ടെന്നപോലെ ഗ്രഹിച്ചാലും. 14
[1] മൃത്യു – മരിപ്പിയ്ക്കുന്ന ദേവൻ.
[3] പിതൃമേധത്തിൽ ചൊല്ലേണ്ടതു്: പിന്തിരിയട്ടെ – മരിയ്ക്കാതിരിയ്ക്കട്ടെ. ഇന്നു – പുല കഴിഞ്ഞ ദിവസത്തിൽ. യജ്ഞം – പിതൃമേധം, ശ്രാദ്ധകർമ്മം. ആടാനും, ചിരിയ്ക്കാനും – വിനോദങ്ങൾക്ക്.
[4] ഈ വഴിയ്ക്കു – മൃത്യുമാർഗ്ഗേണ. മറയ്ക്കട്ടെ – കടന്നുവരാതാക്കട്ടെ.
[5] ധാതാവ് – ഒരു ദേവൻ. മുമ്പനെ പിമ്പൻ വിട്ടുപോകാത്തവണ്ണം – മൂത്തവൻ ഇരിയ്ക്കെ, ഇളയവൻ മരിയ്ക്കാത്തവണ്ണം.
[6] മൃതന്റെ ബന്ധുക്കളോട്: ഇവിടെ – ഈ കർമ്മമനുഷ്ഠിയ്ക്കുന്ന.
[7] നെയ്യുകൊണ്ടു കണ്ണെഴുതൽ ഒരാചാരവിശേഷമായിരിയ്ക്കാം.
[8] പത്നിയെ മൃതസമീപത്തിൽനിന്നെഴുനേല്പിയ്ക്കുന്നു: ജീവലോകത്തെയ്ക്ക് – പുത്രപൗത്രാദികളുടെ ഇടയിലെയ്ക്ക് വരിക – ‘ഉടൻതടിച്ചാട്ടം’ ആഗ്രഹിയ്ക്കുന്നു എങ്കിൽ, അതിന്നു വന്നുകൊൾക: പതിവ്രതയ്ക്ക് അനുമരണം യുക്തംതന്നെ.
[9] മരിച്ച ക്ഷത്രിയന്റെ കയ്യിൽനിന്നു വില്ലെടുക്കൽ, ഒരാചാരവിശേഷം. രണ്ടാംവാക്യംമുതല്ക്കുള്ള വാക്യങ്ങൾ മൃതനോടുള്ളവയാണു്: ഉണ്ടായിരിയ്ക്കുക – മരിച്ചാലും, അങ്ങയുടെ സന്നിധാനം ഇവിടെ വേണം.
[10] അസ്ഥിനിക്ഷേപമന്ത്രങ്ങൾ: ദക്ഷിണ കൊടുത്തവന്നു – യാഗം കഴിച്ച്, ഋത്വിക്കുകൾക്കു ദക്ഷിണ നല്കിയ ഭവാദൃശന്ന്, മൃദുലയാണ് – അസുഖം ഉളവാക്കില്ല. യുവതി – ഭൂമി.
[11] ഇദ്ദേഹത്തെ – അസ്ഥിഗണത്തെ.
[12] കുഴി മൂടിയിട്ട്: ഉപസേവിയ്ക്കട്ടെ – ചേർന്നുനില്ക്കട്ടെ.
[13] അസ്തികുംഭത്തോട്: മണ്ണമർത്താം – നിന്നിൽ മണ്ണു വീഴാതാക്കാം, അടപ്പിടാം. ഈ മണ്ണുരുള – അടപ്പായ കപാലം. തൂൺ – കപാലം.
[14] പ്രജാപതിയോട്: അർച്ചനിയമായ അഹസ്സ് – സുദിനം. അമ്പിന്റെ ചിറകുപോലെ – അമ്പിന്റെ കടയ്ക്കലാണല്ലോ, ചിറകുവെയ്ക്കുക; അതുപോലെ എന്നെ ദേവന്മാർ ഉലകിന്റെ കടയായ ഭവാങ്കൽ വെച്ചിരിയ്ക്കുന്നു. കടിഞ്ഞാൺ കൊണ്ടെന്നപോലെ – കർണ്ണംകൊണ്ടു ഗ്രഹിച്ചാലും.