പ്രജാപതിപുത്രൻ പതംഗൻ ഋഷി; ജഗതിയും ത്രുഷ്ടുപ്പും ഛന്ദസ്സുകൾ; മായ ദേവത.
പരമാത്മാവിന്റെ മായയാൽ വെളിപ്പെട്ട പതംഗനെ പണ്ഡിതന്മാർ ഹൃദയസ്ഥമായ മനസ്സുകൊണ്ടു ദർശിയ്ക്കുന്നു; കവികൾ സമുദ്രമദ്ധ്യത്തിൽ കാണുന്നു; കർത്താക്കൾ കതിരുകളുടെ ഇരിപ്പിടത്തെ കാംക്ഷിയ്ക്കുന്നു! 1
പതംഗൻ വാക്കിനെ മനസ്സിൽ വെയ്ക്കുന്നു: അതിനെ ദേഹാന്തർഭാഗത്തിലെ ഗന്ധർവൻ പുറപ്പെടുവിയ്ക്കുന്നു; ആ സ്വർഗ്ഗം കിട്ടിയ്ക്കുന്ന ഉജ്ജ്വലമനീഷയെ കവികൾ യജ്ഞപദത്തിൽ രക്ഷിച്ചുപോരുന്നു! 2
ഉയരത്തിൽ നടക്കുന്ന – വഴികളിലൂടേ അഭിമുഖനായും പരാങ്മുഖനായും സഞ്ചരിയ്ക്കുന്ന കാവൽക്കാരനെ ഞാൻ കണ്ടിരിയ്ക്കുന്നു: ദിക്കുകളെയും വിദിക്കുകളെയും പ്രകാശിപ്പിച്ചുകൊണ്ടു് അദ്ദേഹം ജഗത്തുക്കളിൽ വാണരുളുന്നു! 3
[1] പതംഗൻ = സൂര്യൻ. ഋഷിയുടെ പേരും ഘടിപ്പിച്ചിരിയ്ക്കുന്നു. ഹൃദിസ്ഥമായ – ഹൃത്തിൽ നില്ക്കുന്ന, പ്രാണായാമംകൊണ്ടു് ഹൃദയത്തിൽ നിർത്തപ്പെട്ട, സമുദ്രമധ്യം = സൂര്യമണ്ഡലത്തിന്റെ നടു. കർത്താക്കൾ – സൂര്യോപാസകർ. കതിരുകളൂടെ ഇരിപ്പിടത്തെ – സൂര്യമണ്ഡലത്തെ കാംക്ഷിയ്ക്കുന്നു – സൂര്യമണ്ഡലത്തിൽ ചെന്നെത്താൻ ആളുകൾ സൂര്യനെ ഉപാസിയ്ക്കുന്നു.
[2] വാക്ക് – മൂന്നു വേദങ്ങൾ. ഗന്ധർവൻ – പ്രാണവായു. മനീഷ – വേദത്രയി.
[3] കാണുക – അറിയുക. അഭിമുഖനായും പരാങ്മുഖനായും – നമ്മുടെ നേരേയും തിരിഞ്ഞും, ഉദിച്ചും അസ്തമിച്ചും. കാവല്കാരനെ – സർവഭൂതരക്ഷകനായ സൂര്യനെ.