വിമദനോ വസുകൃത്തോ ഋഷി; പുരസ്താൽബൃഹതിയും അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
ആർ ഋഷിമാരുടെ ആശ്രമത്തിലെയ്ക്കോ ഗുഹയിലെയ്ക്കോ സ്തുതികൊണ്ട് ആകർഷിയ്ക്കപ്പെടുമോ, ആ ഇന്ദ്രൻ ഇന്ന് എവിടെ, ആരുടെ അടുക്കലായിരിയ്ക്കും, ഒരു സ്നേഹിതൻപോലെ വിളിപ്പെടുന്നതു്? 1
ആർ, ഒരു സ്നേഹിതൻപോലെ ജനങ്ങളിൽ അസാമാന്യമായ യശസ്സുളവാക്കുമോ, ആ സ്തുത്യനുരൂപനും വജ്രിയുമായ ഇന്ദ്രൻ ഇന്ന് ഇവിടെ വിളിപ്പെട്ടു, നമ്മളാൽ സ്തുതിയ്ക്കപ്പെടുന്നു ! 2
അങ്ങേഅറ്റത്തോളം വലിയ ബലത്തിന്റെ ഉടമസ്ഥൻ, വലിയ ധനം അയയ്ക്കുന്നവൻ, കീഴമർത്തുന്ന വജ്രം കൈക്കൊണ്ടവൻ (നമ്മെ,) അച്ഛൻ ഓമനമകനെ എന്നപോലെ (രക്ഷിയ്ക്കട്ടെ!). 3
വജ്രപാണേ, ദേവനായ നിന്തിരുവടി തിളങ്ങുന്ന വഴിയിലൂടേ വായുദേവനെക്കാൾ വേഗത്തിൽ പായുന്ന രണ്ടശ്വങ്ങളെ പൂട്ടി, മാർഗ്ഗങ്ങളുണ്ടാക്കി സ്തുതിയ്ക്കപ്പെടുന്നു. 4
എവയെ തടുക്കാനും അറിയാനും ഒരു ദേവനില്ല, ഒരു മനുഷ്യനില്ല; ആ വായുവേഗികളും ഋജുഗാമികളുമായ രണ്ടശ്വങ്ങളെ തെളിപ്പാൻ നിന്തിരുവടി താൻതന്നെ എഴുന്നള്ളും. 5
ഒടുവിൽ മടങ്ങിപ്പോകുന്ന നിങ്ങളിരുവരോട് ഉശനസ്സു ചോദിച്ചു: – ‘എന്തിനാണ്, നിങ്ങൾ ദൂരത്തുനിന്നു ഞങ്ങളുടെ ഗൃഹത്തിൽ – സ്വർഗ്ഗത്തിൽനിന്നോ, ഭൂമിയിൽനിന്നോ മനുഷ്യന്റെ അടുക്കൽ – വന്നതു്?’ 6
ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ – ഞങ്ങൾ അർപ്പിച്ച – ഹവിസ്സു മതിയാംവരെ ഭക്ഷിച്ചാലും. അങ്ങയോടു ഞങ്ങൾ ആ അന്നവും അരക്കരെ ഹനിയ്ക്കുന്ന ബലവും യാചിയ്ക്കുന്നു. 7
കർമ്മഹീനൻ, ദസ്യു, ഞങ്ങളെ അവമാനിയ്ക്കുന്നവൻ, അകൃത്യകാരി, മനുഷ്യത്വമില്ലാത്തവൻ – ഇങ്ങനെയുള്ള മുടിയനെ ശത്രുഹന്താവേ, അവിടുന്നു വധിയ്ക്കുകതന്നെ വേണം! 8
ശൂര, ഇന്ദ്ര, നിന്തിരുവടി ശൂരന്മാരോടുകൂടി ഞങ്ങളെ രക്ഷിച്ചാൽ, ഞങ്ങൾ വധശക്തരായിത്തീരും! നിന്തിരുവടിയുടെ അഭീഷ്ടദാനങ്ങൾ വളരെയാളുകളിൽ, മനുഷ്യർപോലെ ചെന്നണയുന്നുണ്ടു് ! 9
ശൂര, വജ്രപാണേ, കവികളാൽ അത്യുച്ചത്തിൽ സ്തുതിയ്ക്കപ്പെടുന്നതോടേ, അങ്ങ് ആ നേതാക്കന്മാരെ, വാൾപ്പോരിൽ വൈരികളെക്കൊല്ലാൻ കല്പിച്ചയയ്ക്കും! 10
ശൂര, വജ്രപാണേ, ഇന്ദ്ര, ദാനശീലനായ ഭവാന്റെ ആ യുദ്ധകർമ്മങ്ങൾക്കു വിളംബം പറ്റാറില്ല: ഭവാൻ സഹചരരോടൊന്നിച്ചു, ശുഷ്ണന്റെ സർവസന്താനത്തെയും സംഹരിച്ചുവല്ലോ! 11
ശൂര, വജ്രപാണേ, ഇന്ദ്ര, ഞങ്ങളുടെ വലിയ അഭീഷ്ടപ്രാർത്ഥനകൾ പാഴായിപ്പോകരുത്: ഞങ്ങൾ, ഞങ്ങൾ ഭവാന്റെ (പ്രസാദത്താൽ) അവയുടെ സുഖത്തിലെത്തുമാറാകണം! 12
വജ്രപാണേ, ഇന്ദ്ര, ഞങ്ങളുടെ ആ സ്തുതികൾ അങ്ങയെ അസുഖപ്പെടുത്താതെ സഫലങ്ങളായിബ്ഭവിയ്ക്കട്ടെ: അവയുടെ ഭോഗ്യങ്ങൾ, പൈക്കളുടേവപോലെ, ഞങ്ങൾക്കു കൈവരട്ടെ! 13
കയ്യും കാലുമില്ലാത്ത ഭൂമി സ്തുത്യർഹന്മാരുടെ കർമ്മങ്ങളാൽ സമൃദ്ധയായിത്തീർന്നപ്പോൾ, അതിനെ ചുഴന്നുനിന്ന ശുഷ്ണനെ നിന്തിരുവടി വിശ്വായുവിന്നുവേണ്ടി നിഹനിച്ചു! 14
ശൂര, ഇന്ദ്ര, അങ്ങ് സോമം കുടിയ്കുക, കുടിയ്ക്കുക: പ്രശസ്തനായി ധനം കൊണ്ടുവന്നിരിയ്ക്കുന്ന ഭവാൻ ഞങ്ങളെ വലയ്ക്കരുത്; സ്തുതിച്ചുപാടുന്ന ഹവിർദ്ധനന്മാരെ അവിടുന്നു രക്ഷിച്ചാലും. വലിയ മുതൽ തന്നു ഞങ്ങളെ പണക്കാരുമാക്കിയാലും! 15
[1] ഗുഹ – വനം.
[2] ജനങ്ങൾ – സ്തോതാക്കൾ. യശസ്സിന്ന് അന്നമെന്നും അർത്ഥമുണ്ടു്. സ്തുത്യനുരൂപൻ – സ്തുതിയിൽ പ്രതിപാദിയ്ക്കുന്ന ഗുണങ്ങളെല്ലാമുള്ളവൻ എന്നു സാരം.
[3] അയയ്ക്കുന്നവൻ – സ്തോതാക്കൾക്കു്.
[4] രണ്ടശ്വങ്ങൾ – ഹരികൾ. മാർഗ്ഗങ്ങൾ – യുദ്ധഗമനമാർഗ്ഗങ്ങൾ.
[5] അറിയാനും – ബലം.
[6] ഒടുവിൽ – യജ്ഞാവസാനത്തിൽ. നിങ്ങളിരുവരോട് – അങ്ങയോടും അഗ്നിയോടും. വന്നത് – നിങ്ങളുടെ സ്വന്തം കാര്യത്തിനല്ല, മനുഷ്യനായ എന്നെ അനുഗ്രഹിപ്പാൻതന്നെ എന്നു ധ്വനി.
[9] ശൂരന്മാർ – മരുത്തുക്കൾ. വധശക്തർ – ശത്രുഹനനസമർത്ഥർ. മനുഷ്യർപോലെ – സാധാരണർ സ്വന്തം സ്വാമിയെ സേവിപ്പാൻ ചെല്ലുന്നതുപോലെ.
[10] അത്യുച്ചത്തിൽ – ശബ്ദം ദേവകളെ പ്രാപിയ്ക്കത്തക്കവണ്ണം. ആ നേതാക്കന്മാരെ – മരുത്തുക്കളെ.
[11] സഹചരർ – മരുത്തുക്കൾ.
[12] ഞങ്ങൾ, ഞങ്ങൾ എന്ന ആ വൃത്തി വെമ്പൽമൂലമാണ്. അവയുടെ – പ്രാത്ഥനകളുടെ. സുഖം – സാഫല്യമെന്നർത്ഥം.
[13] പൈക്കളുടേവ – ക്ഷീരാദിഭോഗ്യങ്ങൾ.
[14] ഭൂമിയ്ക്കു കയ്യും കാലുമില്ലല്ലോ, വേല ചെയ്യാൻ; സ്തുത്യർഹന്മാരുടെ (ഭവാൻ മുതലായ ദേവന്മാരുടെ) കർമ്മങ്ങളാലാണ്, ഭൂമി അഭിവൃദ്ധിയടഞ്ഞതു്. വിശ്വായു – ഉർവശീപുത്രനായ രാജാവ്.
[15] വലയ്ക്കരുത് – കർമ്മവൈകല്യം പറ്റിയവരാക്കരുത്. വെമ്പൽമൂലമാണ്, കുടിയ്ക്കുക എന്ന ദ്വിരുക്തി. ഹവിർദ്ധനന്മാർ – യജമാനന്മാർ.