ഋഷിദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പും ജഗതിയും അഭിസാരിണിയും ഛന്ദസ്സുകൾ.
വിവിധചേഷ്ടിതരായ ഹരികളെ നടത്തുന്നവനും, വലത്തുകയ്യിൽ വജ്രമെടുത്തവനുമായ ഇന്ദ്രനെ ഞങ്ങൾ യജിയ്ക്കുന്നു: താൻ മീശ കുടഞ്ഞു മേല്പോട്ടെഴുന്നള്ളും; സൈന്യങ്ങളോടുകൂടി സംഹരിച്ചു, ധനം നല്കും! 1
വനത്തിൽ ചിക്കെന്നു തീറ്റ നേടുന്ന രണ്ടു ഹരികളെക്കൊണ്ടു, മഘവാവായ ഇന്ദ്രൻ വൃത്രനെ വധിച്ചു: ബലത്തിന്റെ അധിപതിയാണല്ലോ, ആ തിളങ്ങുന്ന ബലവാനായ മഹാൻ; ഞാനും മുടിയന്റെ തല കൊയ്യും! 2
ഇന്ദ്രൻ ഹിതരമണീയമായ വജ്രമെടുത്താൽ, തന്റെ രണ്ടു ഹരികൾ പള്ളിത്തേർ വലിയ്ക്കുകയായി; പുകൾ നീണ്ട അന്നത്തിന്റെ അധിപതിയായ, പണ്ടേ വിളിപ്പെട്ട മഘവാവു സ്തോതാക്കളോടുകൂടി അതിൽ കേറും! 3
ഇന്ദ്രൻ, തന്റെ കൂട്ടുകാരെയും മീശകളെയും ഒപ്പം പച്ചനീർകൊണ്ടു, മഴപോലെ നനയ്ക്കും: യജ്ഞഗൃഹത്തിലെഴുന്നള്ളി, പിഴിഞ്ഞ മധു കുടിച്ചിട്ടു, കാറ്റു കാടിനെയെന്നപോലെ, തിരുവുടൽ ഇട്ടുലയ്ക്കും! 4
പലതരത്തിൽ പുലമ്പുന്നവരെ അരുളപ്പാടിനാൽ മിണ്ടാതാക്കി, അനേകായിരം ദ്രോഹികളെ കൊന്നൊടുക്കുന്നവന്റെ, അച്ഛൻ ബലമെന്നപോലെ, കരുത്തു വളർത്തുന്നവന്റെ അതാതു പൗരുഷം ഞങ്ങൾ പുകഴ്ത്തിപ്പാടുന്നു. 5
ഇന്ദ്ര, അങ്ങയെക്കുറിച്ചു, നാനാപ്രകാരമായ ഒരു നവീനസ്തോത്രം നന്മയ്ക്കായി വിമദൻ നിർമ്മിച്ചിട്ടുണ്ടു്: ഞങ്ങൾക്കറിയാം, നിന്തിരുവടിയുടെ പക്കലുണ്ടല്ലോ, ധനം; അതിനെ ഞങ്ങൾ, മാടിനെ ഇടയൻപോലെ ഇങ്ങോട്ടു വലിയ്ക്കുന്നു. 6
ഇന്ദ്ര, അങ്ങയുടെയും വിമദർഷിയുടെയും ഈ സഖ്യം ആരും അഴിയ്ക്കരുത്: ദേവ, സോദരനെന്നപോലെ ഞങ്ങൾക്കറിയാം, അങ്ങയുടെ മഹാമനസ്കത; അതിനാൽ, ഞങ്ങളും അങ്ങും തമ്മിലുള്ള സഖ്യം അക്ഷയമായിരിയ്ക്കട്ടെ! 7
[1] മീശ കുടഞ്ഞു – സോമാംശം പറ്റിയതു കളയാൻ. സൈന്യങ്ങൾ – മരുൽപ്രഭൃതികൾ. സംഹരിച്ചു – ശത്രുക്കളെ. നല്കും – സ്തോതാക്കൾക്ക്.
[2] വനത്തിന്നു യാഗമെന്നും അർത്ഥമെടുക്കാം. മുടിയൻ – നാശകാരിയായ ശത്രു. കൊയ്യും – ഇന്ദ്രൻ പ്രസാദിച്ചാൽ.
[3] പുകൾ നീണ്ട – യശസ്സേറിയ. സ്തോതാക്കൾ – കുത്സാദികൾ.
[4] കൂട്ടുകാർ – മരുദാദികൾ. പച്ചനീർ – സോമരസം. മഴപോലെ – മഴ ഭൂമിയെ നനയ്ക്കുന്നതുപോലെ. മധു – മധുരസോമം. ഇട്ടുലയ്ക്കും – ലഹരികൊണ്ട്.
[5] പുലമ്പുന്നവരെ – എതിരാളികളെ. ബലമെന്നപോലെ – മകന്നു ബലം വർദ്ധിപ്പിയ്ക്കുന്നതുപോലെ. കരുത്തു വളർത്തുന്നവന്റെ – മഴകൊണ്ടു് ഉലകിന്നെല്ലാം കെല്പു വളർത്തുന്ന ഇന്ദ്രന്റെ.
[6] നന്മയ്ക്കായി – ഭവാങ്കൽനിന്നു നല്ല ദാനം കിട്ടാൻ. വിമദൻ – ഞാൻ.
[7] സോദരനെന്നപോലെ – സോദരൻ സോദരിയുടെ സ്നേഹമറിയുന്നതുപോലെ. മഹാമനസ്കത – അനുഗ്രഹബുദ്ധി.