ഇന്ദ്രപുത്രൻ വസുക്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
‘സ്തോതാവേ, എനിയ്ക്കൊരു തിടുക്കമുണ്ടു്, പിഴിയുന്ന യജമാനന്നു കൊടുക്കാൻ. ഹവിസ്സു തരാത്തവനെ, സത്യഹിംസകനെ, പാപം ചെയ്യാൻ നീളെ നടക്കുന്നവനെ ഞാൻ കൊല്ലും!’ 1
‘ഞാൻതന്നേ തിന്നുതടിച്ച അദേവകാമന്മാരെ യുദ്ധത്തിന്നു വരുത്തുന്നതെപ്പോഴോ, അപ്പോൾ ഞാൻ ഒന്നിച്ച് അങ്ങയ്ക്കു് ഒരു കൂറ്റൻ കാളയെ വേവിയ്ക്കും; കടുത്ത പതിനഞ്ചാംസോമവും പകർന്നുവെയ്ക്കും.’ 2
‘ദേവദ്രോഹികളെ ഞാൻ യുദ്ധത്തിൽ കൊന്നു’ എന്നു പറയുന്ന ഒരുത്തനെ ഞാനറിയില്ല: കൊലപ്പട നിർത്തണമെന്ന് എനിയ്ക്കു തോന്നുന്നതെപ്പോഴോ, അപ്പോൾ എന്റെ ‘കൂറ്റൻകുത്തൽ’ വർണ്ണിയ്ക്കപ്പെടും! 3
ഞാൻ അജ്ഞാതയുദ്ധങ്ങളിലിരുന്നാൽ, ഹവിർദ്ധനന്മാരെല്ലാം എന്റെ അടുക്കൽ ഇരിയ്ക്കുകയായി: കീഴമർത്തുന്ന തടിയനെ ഞാൻ ക്ഷേമത്തിന്നായി കൊല്ലുകതന്നെ ചെയ്യും – അവനെ കാലുകളിൽ പിടിച്ചു, മലയിലെയ്ക്ക് ആഞ്ഞെറിയും! 4
യുദ്ധത്തിൽ എന്നെ ആരും തടുക്കില്ല; ഞാൻ ചെയ്യാനുറച്ചതു മലകളും താങ്ങില്ല. ഞാനൊന്നലറിയാൽ ചെകിടനും നടുങ്ങിപ്പോകും; സദാ കതിരോനും കിടുകിടെ വിറയ്ക്കും. 5
കുറുക്കിവെച്ചതു കുടിയ്ക്കുന്നവർ, ഇന്ദ്രനില്ലാത്തവർ, തല്ലിത്തകർക്കുന്നവർ, കൊല്ലാനെതിരിടുന്നവർ – ഇത്തരക്കാരെ ഞാൻ കണ്ടാൽക്കഴിഞ്ഞു, അവരുടെമേൽ എന്റെ ആയുധങ്ങൾ വീഴുകയായി; മഹാനും സഖാവുമായ എന്നെ നിന്ദിയ്ക്കുന്നവരിലും.’ 6
‘അങ്ങുതന്നെ പ്രത്യക്ഷനാകുന്നു, നനയ്ക്കുന്നു; ആയുസ്സു നേടുന്നു. പുരാതനനായ ഭവാൻ പിളർത്തും; മറ്റവൻ പിളർത്തില്ല. എങ്ങും ചെല്ലുന്ന വാനൂഴികളും അങ്ങയെ കീഴമർക്കില്ല: ഈ ലോകത്തിന്നപ്പുറത്തിരിയ്ക്കുന്ന സർവവ്യാപിയാണല്ലോ, ഭവാൻ!’ 7
‘പൈക്കൾ കൂട്ടമിട്ടു പുല്ലു തിന്നുന്നു; ഇടയനോടുകൂടി മേയുന്ന അവയെ അധിപതിയായ ഞാൻ നോക്കിക്കൊണ്ടിരിയ്ക്കും. വിളിച്ചാൽ അവ ഉടമസ്ഥന്റെ ചുറ്റും ചെന്നെത്തും; അപ്പോൾ ഉടമസ്ഥൻ അവയെ തെല്ലു കറക്കാൻതുടങ്ങും.’ 8
‘ആളുകളുടെ ഇടയിൽ പുല്ലു തിന്നുന്നവരും, ചോറുണ്ണുന്നവരും ഞങ്ങൾതന്നെ: ഞാനാണ്, വിശാലമായ ആകാശത്തിന്റെ ഉള്ള്. അതിൽ ചേർന്നരുളുന്ന ഭവാൻ സേവകനെ തേടുന്നു; യോഗഹീനനായ വിഷയിയെ തള്ളുന്നു! 9
ഞാൻ ഇതിൽ പറഞ്ഞതു പരമാർത്ഥമാണെന്നും, ഇരുകാലിനാല്ക്കാലികളെ സൃഷ്ടിയ്ക്കുന്നതു ഞാനാണെന്നും അവിടുന്നറിയണം. ഇവിടെ പെണ്ണുങ്ങളോടൊന്നിച്ച് ആർ വൃഷ്ടാവിനോടു യുദ്ധംചെയ്യാൻ നോക്കുമോ, അവന്റെ ധനം ഞാൻ പൊരുതാതെ പങ്കിടും! 10
എനിയ്ക്ക് ഒരിയ്ക്കൽ കുരുടിയായ ഒരു മകളുണ്ടായി: ആ അന്ധയെ ആരറിയും, ആർ കൊണ്ടാടും? ആർ അവന്റെ നേർക്കു വജ്രമെറിയും? ആർ അവനെ ചെറുക്കും? ആർ അവനെ തടുക്കും? 11
എത്ര പെണ്ണുങ്ങളുണ്ടു്, മനുഷ്യത്വമാർന്ന മഹിളാകാമങ്കൽ, വരണീയസ്തോത്രത്താൽ, അനുരക്തകളായിട്ട്! നന്മയും അഴകും എവൾക്കുണ്ടോ, അവൾ ജനമധ്യത്തിൽവെച്ചു പ്രിയനെ സ്വയം വരിയ്ക്കുന്നു.’ 12
താൻ വെള്ളം കാൽകൊണ്ടു വലിയ്ക്കുന്നു; വന്നുചേർന്നാൽ വിഴുങ്ങുന്നു. ശിരസ്സുകൊണ്ടു തലയിലെയ്ക്കുതിർക്കുന്നു. സമീപത്തിരുന്നു വെളിച്ചം വിതറുന്നു; താഴത്തെയ്ക്കിറങ്ങി പരന്ന ഭൂമിയിലെത്തുന്നു! 13
ഗമനശീലനായ മഹാൻ ഇലയും നിഴലുമില്ലാതെ വർത്തിയ്ക്കുന്നു; സ്രഷ്ടാവായ ഇരിപ്പിടമില്ലാത്ത ഗർഭം ഭക്ഷിയ്ക്കുന്നു. ഒരു പയ്യു മറ്റൊരു പയ്യിന്റെ കുട്ടിയെ എന്തൊരു വികാരത്താലോ നക്കി, പ്രകാശിപ്പിയ്ക്കുന്നു; അകിടു ചുമക്കുന്നു! 14
ഏഴുപുത്രന്മാർ താഴേനിന്നു ജനിച്ചു; ആ എട്ടുപേർ മുകളിൽ നിന്നുണ്ടായി; ഒമ്പതു സ്ഥാനവാന്മാർ പിന്നിൽനിന്നു പിറന്നു; പത്തുപേർ മുന്നിൽനിന്നു സഞ്ജാതരായി വിണ്ണിന്റെ മേൽവശത്തെ വളർത്തുന്നു! 15
പത്തുപേരിൽവെച്ചു മുഖ്യനായ ആ ഒത്ത കപിലനെ (മറ്റവർ) കർത്തവ്യകർമ്മത്തിന്നു പ്രേരിപ്പിച്ചു. ജലത്തിൽ വെയ്ക്കപ്പെട്ട മനസ്സില്ലാഗ്ഗർഭത്തെ അമ്മ സസന്തോഷം വഹിച്ചുപോന്നു. 16
ചൂതുകളിയിൽ എറിയപ്പെട്ട ചുക്കിണികൾപോലെ അനുസരിയ്ക്കുന്ന പുത്രന്മാർ ഒരു തടിച്ച ആടിനെ വെവിച്ചു; രണ്ടുപേർ മന്ത്രം ജപിച്ചു പരിശുദ്ധരായി പ്രകൃതിയുടെ ജലമധ്യത്തിൽ ധനുസ്തുല്യനെ ആരാധിയ്ക്കുകയായി. 17
അവർ വിളിച്ചുകൊണ്ടു നാനാമാർഗ്ഗങ്ങളിൽ നടന്നു. പകുതിപ്പേർ (ഹവിസ്സു) പചിച്ചുപോന്നു; പകുതിപ്പേർ പചിച്ചില്ല. അത് ഈ ദേവൻ സവിതാവാണ്, എന്നോടു പറഞ്ഞത്; വിറകും നെയ്യുമുണ്ണുന്നവനും സേവിച്ചുപോരുന്നു. 18
ദൂരത്തുനിന്നു തേരില്ലാപ്പടയോടേ വന്നെത്തുന്ന ഭുവനസ്രഷ്ടാവിനെ ഞാൻ കണ്ടു: തല്ലുന്നവരെ തൽക്ഷണം കൊല്ലുന്ന നൂതനതരനായ തമ്പുരാൻ ആളുകളുടെ യജ്ഞങ്ങളിലെഴുന്നള്ളും! 19
മികവിൽ മൃതിപ്പെടുത്തുന്ന എന്റെ ഈ പൂട്ടിയ ഇരുമൃഗങ്ങളെ നീ അകറ്റിവിടരുത്; വീണ്ടും വീണ്ടും സ്തുതിയ്ക്കുക. ഇദ്ദേഹത്തിന്റെ ഗമനത്തെ പിൻതുടരാൻ തണ്ണീരുകൾക്കുപോലും കഴിവില്ല; മേഘമായിത്തീർന്ന പരിപാവനനായ സൂര്യന്നുമില്ല! 20
ഈ വജ്രം വലിയ സൂര്യമണ്ഡലത്തിൽനിന്നു പലവുരു, താഴത്തെയ്ക്കു പോരുന്നു: മുകളിലുള്ള ഈ മറ്റു ജലത്തെ സ്തോതാക്കൾ ക്ലേശംകൂടാതെ കീഴ്പോട്ടിറക്കുന്നു. 21
മരത്തിൽ മരത്തിൽ കെട്ടിയ മാടിൻഞെരമ്പ് ഒലിയിടും; ഉടനേ ആളുകളെ തിന്നുന്ന പക്ഷികൾ പറക്കുകയായി. അപ്പോൾ, ഇന്ദ്രന്നായി പിഴിഞ്ഞ ഋഷിയ്ക്കു (ദക്ഷിണ) കൊടുക്കുന്ന ഈ ഭുവനം പോലും ആകെ നടുങ്ങിപ്പോകും! 22
ദേവസൃഷ്ടിയിൽ ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ടവർ പിളർത്തപ്പെട്ടപ്പോൾ, വെള്ളം പുറപ്പെട്ടു; പാകുന്ന മൂന്നു പേർ ഭൂമിയ്ക്കു ചൂടുകൊടുത്തു. ഇരുവർ പുഷ്ടികരമായ തണ്ണീർ വലിച്ചെടുക്കുന്നു. 23
അദ്ദേഹമാണ്, നിന്നെ ജീവിപ്പിയ്ക്കുന്നതു് അദ്ദേഹത്തിന്റെ ഈദൃശമായ സ്വരൂപം, നോക്കൂ, നീ യജ്ഞത്തിൽ മറയ്ക്കരുത് ആ പരിപാവനന്റെ കാൽനട എല്ലാറ്റിനെയും പ്രകാശിപ്പിയ്ക്കുന്നു; വെള്ളമെടുക്കുന്നു. ഇതിന്നിളവില്ല! 24
[1] ഇന്ദ്രൻ, തന്റെ വീര്യം പുത്രനായ വസുക്രന്നു പറഞ്ഞുകൊടുക്കുന്നു: കൊടുക്കാൻ – അഭീഷ്ടം.
[2] വസുക്രൻ പറയുന്നു: അദേവകാമന്മാർ – യജിയ്ക്കാത്തവർ. ഒന്നിച്ചു് – ഋത്വിഗാദികളോടുകൂടി. കടുത്ത – മദകരമായ. പതിനഞ്ചാം – ശുക്ലപക്ഷത്തിലെ പതിനഞ്ചാംപക്കത്തിലേതായ.
[3] ഇന്ദ്രൻ: അറിയില്ല – ദേവദ്രോഹിവധത്തിന്നു ഞാനല്ലാതെ മറ്റൊരുത്തൻ ആളാവില്ല എന്നർത്ഥം. കൊലപ്പട – പരസ്പരം കൊല്ലുന്ന യുദ്ധം. ‘കൂറ്റൻ കുത്തൽ’ – എതിരാളികളെ പായിയ്ക്കുന്ന വൃക്ഷഭവിക്രമം. വർണ്ണിയ്ക്കപ്പെടും – വിദ്വജ്ജനങ്ങളാൽ.
[4] ഇരിയ്ക്കുകയായി – എനിയ്ക്കു വീര്യം വളരാൻ സ്തുതിച്ചുകൊണ്ടു്. കീഴമർത്തുന്ന – സർവധർഷകനായ.
[6] കുറുക്കിവെച്ചതു കുടിയ്ക്കുന്നവർ – സോമാദിഹവിസ്സുകൾ കട്ടു കുടിയ്ക്കുന്നവർ. ഇന്ദ്രനില്ലാത്തവർ – ഇന്ദ്രനെ, എന്നെ, യജിയ്ക്കാത്തവർ. തല്ലിത്തകർക്കുന്നവർ – യഷ്ടാക്കളെ.
[7] വസുക്രൻ: നനയ്ക്കുന്നു – മഴകൊണ്ടു ഭുമിയെ. ആയുസ്സു നേടുന്നു – പ്രളയംവരെ ജീവിച്ചിരിയ്ക്കുന്നു. പിളർത്തും – ശത്രുക്കളെ. മറ്റവൻ പിളർത്തില്ല – ശത്രു ശക്തനാവില്ല, അങ്ങയെ പിളർത്താൻ. എങ്ങും ചെല്ലുന്ന – മഹത്ത്വത്താൽ എന്തിനെയും ആക്രമിയ്ക്കുന്ന.
[8] ഇന്ദ്രൻ: അധിപതി – സർവേശ്വരൻ. കറക്കാൻതുടങ്ങും – പാൽ എനിയ്ക്കായി ഹോമിപ്പാൻ.
[9] ഇന്ദ്രപ്രസാദത്താൽ, സർവവും താൻതന്നെ എന്ന ജ്ഞാനമുദിച്ച വസുക്രൻ അതു വെളിപ്പെടുത്തുന്നു: പശുവും മനുഷ്യനും ഞങ്ങൾ (ഞാൻ) തന്നെ ഉള്ള് – അന്തര്യാമി, ബ്രഹ്മം. അതിൽ – ഹൃദയാകാശത്തിൽ. തേടുന്നു – ആത്മസാക്ഷാൽക്കാരത്തിന്ന്. യോഗഹീനൻ – ചിത്തവൃത്തിനിരോധമില്ലാത്തവൻ.
[10] ഇതിൽ – സ്തോത്രത്തിൽ. പരമാർത്ഥം – ഗുണാരോപണമല്ലാത്തത്. പെണ്ണുങ്ങളോടൊന്നിച്ച് – സ്തീകളെപ്പോലെ അബലരായ ഭടന്മാരോടുകൂടി. വൃഷാവിനോടു – വൃഷാവായ എന്നോട്. പൊരുതാതെ – പൊരുതാതെ അവനെ ജയിച്ച്. പങ്കിടും – യഷ്ടാക്കൾക്കും സ്തോതാക്കൾക്കും വീതിച്ചുകൊടുക്കും.
[11] മഹാപ്രളയത്തിൽ, കാരണാത്മാവായ ഇന്ദ്രങ്കൽ ലയിച്ചു പ്രകൃതിയെപ്പറ്റിയുള്ളതാണ്, പൂർവാർദ്ധം: കുരുടി – അചേതന. മകൾ – പ്രകൃതി. ആർ അറിയും – ഞാൻമാത്രമേ അറിയൂ. അവൻ – വൃത്രൻ. വൃത്രനെ വധിപ്പാൻ ഞാനല്ലാതെ മറ്റാരുമില്ലെന്ന്, ഉത്തരാർദ്ധത്തിന്റെ സാരം.
[12] മനുഷ്യത്വമാർന്ന – ഭോഗങ്ങൾ ഭുജിയ്ക്കുന്ന. വരിയ്ക്കുന്നു – ആ പ്രിയനായ വരൻ ഞാൻതന്നെ എന്നു ഹൃദയം.
[13] ഇന്ദ്രന്റെ സൂര്യരൂപത്വം: താൻ – സൂര്യരൂപനായ ഇന്ദ്രൻ. കാൽ – രശ്മി. വലിയ്ക്കുന്നു – ആകർഷിയ്ക്കുന്നു. വിഴുങ്ങുന്നു – മണ്ഡലത്തിൽ നിർത്തുന്നു. ശിരസ്സ് – രശ്മിവൃന്ദം. തലയിലെയ്ക്ക് – എല്ലാവരുടെയും ശിരസ്സിലെയ്ക്ക്, ഭൂമിയിലെയ്ക്ക്. ഉതിർക്കുന്നു – മഴ പെയ്യുന്നു എന്നർത്ഥം. സമീപത്ത് – മണ്ഡലത്തിൽ. ഭൂമിയിലെത്തുന്നു – രശ്മിരൂപേണ.
[14] മഹാൻ – സൂര്യരൂപനായ ഇന്ദ്രൻ. ഇല – കൊഴിയൽ, നാശം. നിഴൽ – തമസ്സ്. ഇരിപ്പിടമില്ലാത്ത – ആകാശസ്ഥമായ. ഗർഭം – മൂന്നു ലോകത്തിന്നും ഒരുദരശിശുവായ (അത്രയ്ക്ക് അരുമപ്പെട്ട) സൂര്യൻ. ഭക്ഷിയ്ക്കുന്നു – ഹവിസ്സുകളെ. ഒരു പയ്യ് – ദ്യോവ്. മറ്റൊരു പയ്യിന്റെ കുട്ടിയെ – അദിതിയുടെ മകനായ സൂര്യനെ. അകിടും സൂര്യൻതന്നെ: അതിൽനിന്നു പാൽ (വൃഷ്ടിജലം) ഒഴുകുമല്ലോ.
[15] ഇന്ദ്രന്റെ പ്രജാപതിരൂപത്വം: ഏഴുപുത്രന്മാർ – വിശ്വാമിത്രാദികൾ. താഴെനിന്നു – പ്രജാപതിയുടെ കീഴുടലിൽനിന്ന്. എട്ടുപേർ – ബാലഖില്യാദികൾ. മുകളിൽനിന്ന് – മേലുടലിൽനിന്ന്. ഒമ്പതു സ്ഥാനവാന്മാർ – ഭൃഗുക്കൾ. പിന്ന് = പൃഷ്ഠം. പത്തുപേർ – അംഗിരസ്സുകൾ.
[16] ഒത്ത – പ്രജാപതിയ്ക്കു സദൃശനായ. വെയ്ക്കപ്പെട്ട – പ്രജാപതിയാൽ. മനസ്സില്ലാഗ്ഗർഭത്തെ – അതിൽ താൽപര്യമില്ലാതിരുന്ന കപിലക്കുഞ്ഞിനെ. അമ്മ – പ്രകൃതി. സസന്തോഷം – ഇവൻ ജ്ഞാനമുപദേശിയ്ക്കുമെന്ന സന്തോഷത്തോടേ.
[17] അനുസരിയ്ക്കുന്ന – ചുക്കിണികൾ കളിയ്ക്കുന്ന രണ്ടുപേരിൽ ഒരുവനെ അനുസരിയ്ക്കുമല്ലോ; അതുപോലെ പ്രജാപതിയെ അനുസരിയ്ക്കുന്ന. പുത്രന്മാർ – അംഗിരസ്സുകൾ. വേവിച്ചു – പ്രജാപതിരൂപനായ ഇന്ദ്രന്ന്. രണ്ടുപേർ – അംഗിരസ്സുകളിൽ ഇരുവർ. ധനുസ്തുല്യനെ – ധനുസ്സു ശത്രുവിനെയെന്നപോലെ അജ്ഞാനത്തെ ഹനിയ്ക്കുന്ന കപിലനെ.
[18] വിളിച്ചുകൊണ്ടു – പ്രജാപതിയെ. നാനാമാർഗ്ഗങ്ങളിൽ നടന്നു – പലതരം കർമ്മങ്ങളിൽ വ്യാപരിച്ചു. വിറകുണ്ണുന്നവനും, നെയ്യുണ്ണുന്നവനും – അഗ്നി. സേവിച്ചുപോരുന്നു – പ്രജാപതിയെ.
[19] തേരില്ലാപ്പടയോടേ – ആത്മാവിനെ സ്വയം വഹിയ്ക്കുന്ന എന്നർത്ഥം. തല്ലുന്നവരെ – ദ്രോഹികളെ. തമ്പുരാൻ – ഇന്ദ്രൻ.
[20] വസുക്രൻ ഇന്ദ്രതാദാത്മ്യം പ്രാപിച്ചു, തന്നോടുതന്നെ പറയുന്നു: മൃതിപ്പെടുത്തുന്ന – ശത്രുക്കളെ. ഇരുമൃഗങ്ങൾ – ഹരികൾ. ഇദ്ദേഹം – ഇന്ദ്രൻ. മേഘമായിത്തീർന്ന – മേഘതുല്യവേഗനായ.
[21] താഴത്തെയ്ക്കു പോരുന്നു – വൃഷ്ട്യർത്ഥം. മുകളിലുള്ള – അന്തരിക്ഷോപരി സൂര്യമണ്ഡലസ്ഥിതമായ. സ്തോതാക്കൾ – മരുദാദികൾ. കീഴ്പോട്ട് – അന്തരിക്ഷത്തിലെയ്ക്ക്.
[22] മരം – വില്ല്. മാടിൻഞെരമ്പ് – ഞാൺ: മാടിന്റെ ഞെരമ്പു വില്ലിൻഞാണാക്കിയിരുന്നു. പക്ഷികൾ – ബാണങ്ങൾ. ഈ ഭുവനം – ഭൂലോകം.
[23] സൃഷ്ടിയ്ക്കപ്പെട്ടവർ – മേഘങ്ങൾ. പാകുന്ന – വർഷാദികളെ ഉൽപാദിപ്പിയ്ക്കുന്ന എന്നർത്ഥം. മൂന്നുപേർ – പർജ്ജന്യൻ, വായു, ആദിത്യൻ. ഭൂമിയ്ക്കു – ഭൂമിയിലെ സസ്യങ്ങൾക്ക്. ചൂട് – മഴയും, ചൂടും, തണുപ്പും. ഇരുവർ – വായുവും ആദിത്യനും.
[24] അന്തരാത്മാവിനോടുതന്നെ: അദ്ദേഹം – സൂര്യാത്മാവായ ഇന്ദ്രൻ. മറയ്ക്കരുത് – സ്തുതിയാൽ വെളിപ്പെടുത്തണം. കാൽനട – രശ്മിപ്രസരം. ഇതിന്ന് – ഈ രണ്ടു കർമ്മത്തിന്നും. ഇളവില്ല – എന്നെന്നും നടക്കുന്നു.