വസുക്രപത്നിയും ഇന്ദ്രനും വസുക്രനും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രനും വസുക്രനും ദേവതകൾ.
‘മറ്റീശ്വരന്മാരെല്ലാം വന്നുകഴിഞ്ഞു; അയ്യോ, എന്റെ ശ്വശൂരൻമാത്രം വന്നില്ല! അദ്ദേഹം പൊരി തിന്നും, സോമം കുടിയ്ക്കും: നന്നായി ഭക്ഷണം കഴിച്ചിട്ടേ സ്വഗൃഹത്തിലെയ്ക്കു തിരിച്ചുപോകൂ.’ 1
‘ആ കൊമ്പു കൂർത്ത കാള അന്തരിക്ഷത്തിന്റെ മുകൾപ്പരപ്പിൽ മുക്രയിട്ടുകൊണ്ടു നില്ക്കുന്നുണ്ടു്: സോമം പിഴിഞ്ഞ് എന്റെ വയറിന്റെ ഇരുവശവും നിറയ്ക്കുന്നവനെ ഞാൻ എല്ലാ യുദ്ധങ്ങളിലും രക്ഷിയ്ക്കും.’ 2
‘ഇന്ദ്ര, ചിക്കെന്നു മത്തുപിടിപ്പിയ്ക്കുന്ന സോമം അവർ അങ്ങയ്ക്കായി അമ്മികൊണ്ടു പിഴിയുന്നുണ്ട്; അത് അവിടുന്നു കുടിയ്ക്കാറുണ്ടല്ലോ. മഘവാവേ, അന്നത്തിന്നായി വിളിയ്ക്കപ്പെടുമ്പോൾ, അവരുടെ കാളക്കറിയും അവിടുന്നു കഴിയ്ക്കറുണ്ട്. 3
(ശത്രുക്കൾക്കു) വാർദ്ധക്യം വരുത്തുന്നവനേ, എന്റെ ഈ മിടുക്ക് അവിടുന്നറിയണം: പുഴകൾ പിന്തിരിഞ്ഞൊഴുകും; മാൻ എതിരിടുന്ന സിംഹത്തെ നേരിടും; കുറുക്കൻ പന്നിയെ കുറ്റിക്കാട്ടിൽനിന്നു പുറത്തിറക്കും! 4
മഘവാവേ, മുതിർന്ന മേധാവിയായ അങ്ങയെ സ്തുതിപ്പാൻ, ഒരു ചെറുക്കനായ ഞാൻ അത് എങ്ങനെ അറിയും? വിദ്വാനായ അവിടുന്നുതന്നേ വേണ്ടപ്പോൾ ഞങ്ങൾക്കു പറഞ്ഞുതരണം: എന്നാൽ അങ്ങയെ ഇത്തിരി സ്തുതിപ്പാൻ പണിപ്പെടേണ്ടിവരില്ല!’5
‘ഇപ്രകാരം വർദ്ധിപ്പിയ്ക്കുപ്പെടുന്ന, മുതിർന്ന എന്നെക്കുറിച്ചുള്ള സ്തുതി വിരിവിണ്ണിനെക്കാളും വലുതായിരിയ്ക്കും: അനേകായിരത്തെ ഒപ്പം ഞാൻ പൊടിപെടുത്തും; എന്നെ ശത്രുരഹിതനാക്കിയിട്ടാണല്ലോ, അച്ഛൻ ജനിപ്പിച്ചിരിയ്ക്കുന്നത്!’ 6
‘ഇന്ദ്ര, ഇപ്രകാരം തഴച്ച ഞാൻ കർമ്മത്തിൽ കർമ്മത്തിൽ ഉഗ്രനും വൃഷാവുമാണെന്നു ദേവന്മാർക്കറിയാം: അതുമൂലം ഇമ്പം പൂണ്ടു ഞാൻ വജ്രംകൊണ്ടു വൃത്രനെ കൊന്നു; ഹവിദ്ദാതാവിന്നുവേണ്ടി, മഹിമാവുകൊണ്ടു മേഘപടലത്തെ തുറന്നു.’ 7
‘ദേവന്മാർ കൂട്ടുകാരോടൊന്നിച്ചു, കോടാലികളെടുത്തു ചെന്നു പിളർത്തപ്പോൾ വെള്ളം ഇങ്ങോട്ടൊഴുകി; ആ മഴവെള്ളം നദികളിൽ നിർത്താൻ അവർ ജലമൊളിപ്പിച്ച കാർനിറയെ തിളപ്പിച്ചുപോരുന്നു!’ 8
‘മുയൽ എതിരിടുന്ന തീക്ഷ്ണനഖരെ വിഴുങ്ങും; ഞാൻ ഒരു മൺകട്ടകൊണ്ട് അകലത്തും മല പിളർത്താം; കൂറ്റനെയും ഞാൻ കുറിയവന്നു കീഴ്പെടുത്താം; കന്നു കനത്ത വീര്യം പൂണ്ടു കാളയെ നേരിടും! 9
കൂട്ടിലടയ്ക്കപ്പെട്ട സിംഹം കാലിന്മേൽ കാൽ വെയ്ക്കുന്നതുപോലെ, പരുന്തു സ്വർഗ്ഗത്തിൽ നഖമാഴ്ത്തി: കെട്ടിയിട്ട പോത്തിന്നെന്നപോലെ, തന്തിരവടിയ്ക്കു ദാഹമുണ്ടായപ്പോൾ, ഗായത്രി ഇതു നിഷ്പ്രയാസം കൊണ്ടുവന്നു! 10
യാവചിലർ സ്വാമിയുടെ ചോറുണ്ടു (ശത്രു)വധം നടത്തുന്നുവോ, അവർക്കായി ഗായത്രി ഇതു നിഷ്പ്രയാസം കൊണ്ടുവന്നു: അവർ അനുവദിയ്ക്കപ്പെട്ട സോമമെല്ലാം കുടിയ്ക്കും; സ്വയം പടകളെയും, തടികളെയും പൊതുക്കും! 11
എവർ സോമത്തിൽ ഉക്ഥങ്ങൾകൊണ്ടു ദേഹം തടിപ്പിയ്ക്കുന്നുവോ, അവർ വഴിപോലെ കർമ്മങ്ങളനുഷ്ഠിച്ചുപോന്നു. വീരനായ നിന്തിരുവടി, ഒരു മനുഷ്യൻപോലെ പറഞ്ഞുകൊണ്ടു വന്നെത്തി, ഞങ്ങൾക്ക് അന്നം തന്നാലും: എന്നാൽ അങ്ങയ്ക്കു സ്വർഗ്ഗത്തിൽ പുകഴ്‌ന്ന പേരുണ്ടാകും! 12
[1] വസുക്രൻ യാഗം ചെയ്യുമ്പോൾ, ഇന്ദ്രൻ പ്രച്ഛന്നരൂപനായിട്ടാണ്, വന്നത്; അതറിയാതെ, വസുക്രന്റെ പത്നി സങ്കടപ്പെടുന്നു: ശ്വശുരൻ – ഇന്ദ്രൻ.
[2] അവളെ പ്രീതിപ്പെടുത്താൻ, ഇന്ദ്രൻ വസുക്രനോടു സംസാരിയ്ക്കുന്നു: കാള – ഇന്ദ്രനായ ഞാൻ. ഇരുവശം – വലവുമിടവും.
[3] വസുക്രൻ പറയുന്നു: അവർ – യജമാനന്മാർ. അന്നം – ഹവിസ്സ്.
[4] വാർദ്ധക്യം – ശേഷിയില്ലായ്മ. ഇതൊക്കെ സംഭവിപ്പിയ്ക്കാൻ എനിയ്ക്കു മിടുക്കുണ്ടു്; അതു ത്വൽപ്രസാദംമൂലം കിട്ടിയതാണു്.
[5] അത് – ഭവാന്റെ പ്രഭാവം.
[6] ഇന്ദ്രൻ: വർദ്ധിപ്പിയ്ക്കപ്പെടുന്ന – സ്തോതാക്കളാൽ. അനേകായിരത്തെ – ആയിരമായിരം ശത്രുക്കളെ. അച്ഛൻ – പ്രജാപതി.
[7] വസുക്രൻ: ഞാൻ അങ്ങയ്ക്കു തുല്യനാണെന്നു ദേവന്മാർക്കറിയാം.
[8] ഇന്ദ്രൻ: കോടാലികൾ – ഇടിവാളുകൾ. കൂട്ടുകാർ – മരുദാദികൾ. പിളർത്തപ്പോൾ – മേഘങ്ങളെ. തിളപ്പിച്ചുപോരുന്നു – വെള്ളം പുറത്തുവരുത്താൻ.
[9] വസുക്രൻ: തീക്ഷ്ണനഖർ – സിംഹവ്യാഘ്രാദികൾ. അകലത്തും – മലനില്ക്കുന്നതു ദൂരത്തായാലും.
[10] നഖമാഴ്ത്തി – സോമം റാഞ്ചാൻ. തന്തിരുവടിയ്ക്ക് – ഇന്ദ്രന്ന്. ദാഹം – സോമതൃഷ്ണ. ഗായത്രി – പരുന്തിൻവടിവെടുത്ത ഗായത്രി. ഇതു – സോമം.
[11] സ്വാമി – ഇന്ദ്രൻ. ചോറുണ്ടു – സോമം കുടിച്ച്. അവർ – മരുദാദിദേവന്മാർ. അനുവദിയ്ക്കപ്പെട്ട – ഇന്ദ്രനാൽ. പടകൾ – ശത്രുസൈന്യങ്ങൾ. തടികൾ – ശത്രുശരീരങ്ങൾ.
[12] സോമത്തിൽ – സോമയാഗത്തിൽ. അവർ – ദേവന്മാരും ഋഷികളും മറ്റും. പറഞ്ഞുകൊണ്ടു – ‘ഇതു നിങ്ങൾക്കു ഞാൻ തന്നിരിയ്ക്കുന്നു’ എന്നു വ്യക്തമായരുളി ച്ചെയ്തുകൊണ്ടു്. പേർ – ദാനപതി എന്ന നാമം.