വസുക്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
നാഥന്മാരേ, യാതൊന്നു, മരത്തിന്മേൽ ഒരു സാധു പറവക്കുഞ്ഞെന്നപോലെ ഞങ്ങളിൽ ഇരുന്നു നോക്കുന്നുവോ; യാതൊന്നിനെ മനുഷ്യഹിതനും നേതാക്കളിൽവെച്ചു നേതാവും രാത്രിസഹിതനുമായ ഇന്ദ്രൻ വളരെ നാളായി ക്ഷണിച്ചുപോരുന്നുവോ; ആ സ്തോത്രം നിങ്ങളിരുവരിലെയ്ക്കു വരുന്നു! 1
ഇന്നും നാളെയും പുലർകാലം വരുമ്പോൾ, ഞങ്ങൾ, നേതാക്കളിൽവെച്ചു നേതാവായ നിന്തിരുവടിയാൽ പൊന്തുമാറാകണം: ത്രിശോകന്നു വളരെ ആൾക്കാരെ കിട്ടിയല്ലോ; ഒപ്പം കേറിയ പള്ളിത്തേർ കുത്സന്നും! 2
ഇന്ദ്ര, ഏതൊരു മത്താണ്, നിന്തിരുവടിയ്ക്കു പ്രിയം? ഓജസ്വിയായ ഭവാൻ കതകുകളിലെയ്ക്കും സ്തുതികളിലെയ്ക്കും വന്നാലും! എപ്പോഴാണ്, സോമം ഇങ്ങോട്ടു വരിക? ബുദ്ധി എങ്കൽ എപ്പോളെത്തും? എപ്പോൾ, അങ്ങയെ ആരാധിച്ചു ഞാൻ അന്നവും സമ്പത്തും അരികിൽ വരുത്തും? 3
ഇന്ദ്ര, അവിടുന്ന് എപ്പോൾ ഹവിസ്സുണ്ണും? എന്തൊരു കർമ്മംകൊണ്ടു നരരായ ഞങ്ങളെ അങ്ങയ്ക്കു തുല്യരാക്കും? എപ്പോൾ ഇവിടെ വരും? ബഹുകീർത്തേ, എല്ലാവർക്കും അന്നത്തിൽ മനസ്സു ചെല്ലുമ്പോൾ, അവിടുന്നാണ്, ഒരു നല്ല സ്നേഹിതൻപോലെ പോറ്റിപ്പുലർത്തുന്നതു്! 4
ബഹുസ്വരൂപ, ഇന്ദ്ര, യാവചിലർ അങ്ങയ്ക്കു, ഭാര്യമാർക്കെന്നപോലെ മതി വരുത്തുന്നുവോ; യാവചിലർ പണ്ടുപണ്ടേയുള്ള സ്തോത്രങ്ങളും അന്നങ്ങളും അങ്ങയ്ക്കർപ്പിയ്ക്കുന്നുവോ; ആ നേതാക്കന്മാരെ അവിടുന്നു, സൂര്യൻ യാത്രക്കാരെ എന്നപോലെ മറുകരയിലണച്ചാലും! 5
ഇന്ദ്ര, അങ്ങയുടെ മുക്കിക്കളയുന്ന കർമ്മത്താലാണല്ലോ, പെരിയ മാതാക്കളായ ദ്യാവാപൃഥിവികൾ ക്ഷിപ്രം നിർമ്മിയ്ക്കപ്പെട്ടത്. ആ ശ്രേഷ്ഠനായ ഭവാൻ നെയ്യു വീഴ്ത്തിയ സോമനീർ നുകരുകയും, മധുരദ്രവ്യങ്ങൾ ഭുജിയ്ക്കുകയുംചെയ്യുമാറാകണം! 6
ഇതാ, മധു നിറച്ച പാത്രം ഇന്ദ്രന്നായി ഹോമിയ്ക്കപ്പെട്ടു: താൻ സത്യധനനാണല്ലോ. പ്രജ്ഞാനിയും പൗരുഷശാലിയുമായ ആ മനുഷ്യഹിതൻ അന്തരിക്ഷപ്പരപ്പിൽ എഴുന്നള്ളി തഴച്ചരുളുന്നു! 7
ശോഭനബലനായ ഇന്ദ്രൻ (ശത്രു) സേനകളിലെങ്ങും കേറുന്നു; ആ കേമന്മാർ തന്തിരുവടിയുടെ സഖ്യത്തിന്നു യത്നിയ്ക്കുന്നു. അവിടുന്നു ശുഭമായ നന്മനസ്സോടേ തെളിയ്ക്കാറുള്ള ആ പള്ളിത്തേരിൽ, പടയ്ക്കെന്നപോലെ കേറിയാലും! 8
[1] ഈ ഋക്ക് അശ്വിപരമായി വ്യാഖ്യാനിയ്ക്കപ്പെട്ടിട്ടുള്ളതു് അസാധുവാണെന്ന് ആചാര്യസായണൻ സിദ്ധാന്തിയ്ക്കുന്നു; എന്നാൽ ഈ ഇരുവരാരാണെന്ന്, അദ്ദേഹത്തിന്റെ ഭാഷ്യംകൊണ്ടു മനസ്സിലാവുന്നില്ല. സാധു പറവക്കുഞ്ഞ് – പറക്കാൻ ചിറകുമുളച്ചിട്ടില്ലാത്ത പക്ഷിക്കുട്ടി. നോക്കുന്നു – ഇന്ദ്രനെത്തേടുന്നു. രാത്രിസഹിതൻ – രാത്രിയിലാണ്, ഇന്ദ്രന്നു സോമം. ക്ഷണിയ്ക്കുക – കേൾക്കാൻ കൊതിയ്ക്കുക എന്നു സാരം.
[2] പ്രത്യക്ഷോക്തി: ഇന്നും നാളെയും – എല്ലാദിവസങ്ങളിലും എന്നു വിവക്ഷിതം. നിന്തിരുവടിയാൽ – അങ്ങയ്ക്കായി ചെയ്യുന്ന സ്തുതികൊണ്ടും യാഗം കൊണ്ടും. ത്രിശോകൻ – ഒരു ഋഷി. ഒപ്പം – അങ്ങയോടൊന്നിച്ച്. കുത്സന്ന് ഇന്ദ്രൻ രഥം കൊടുത്തതു മുന്മണ്ഡലങ്ങളിൽ പറഞ്ഞിട്ടുണ്ടു്. കുത്സന്നും – കിട്ടി.
[3] ഏതൊരു മത്താണ് – കുറഞ്ഞതോ, ഇടത്തരമോ, മേത്തരമോ? അതിനൊത്ത സോമം ഞങ്ങൾ തരാം. കതകുകൾ – യാഗശാലയുടെ. വരിക – ത്വൽപ്രസാദത്താൽ ഫലം തരാൻ. ബുദ്ധി – ജ്ഞാനം.
[5] അന്നങ്ങൾ – പുരോഡാശാദികൾ. സൂര്യൻ – യാത്രക്കാർക്ക് ഉദ്ദിഷ്ട പ്രദേശത്തെത്താൻ വെളിച്ചം നല്കുന്നതു സൂര്യനാണല്ലോ മറുകരയിൽ – കർമ്മപൂർത്തിയിൽ; അഥവാ, സംസാരപാരത്തിൽ.
[6] മുക്കിക്കളയുന്ന – ശത്രുക്കളെ മുടിയ്ക്കുന്ന. മധുരദ്രവ്യങ്ങൾ – പുരോഡാശാദികൾ.
[8] കേറിയാലും – ഞങ്ങളുടെ യജ്ഞത്തിൽ വരാൻ.