ഇലൂഷപുത്രൻ കവഷൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; തണ്ണീരോ, അപാംനപാത്തോ ദേവത.
സ്തുതിയ്ക്കപ്പെടുന്ന സോമം തിളങ്ങുന്ന തണ്ണീരുകളിലെയ്ക്കു, മനോവൃത്തിയെന്നപോലെ ഗമിയ്ക്കട്ടെ. ഭവാൻ മിത്രന്നും വരുണന്നും മഹാജവന്നുമായി ധാരാളം അന്നവും സ്തുതിയും ഒരുക്കിവെയ്ക്കുക. 1
നിങ്ങൾ ഹവിസ്സെടുക്കുവിൻ: ഇച്ഛിയ്ക്കുന്ന നിങ്ങൾ, ഇച്ഛിയ്ക്കുന്ന തണ്ണീരുകളുടെ അടുക്കലെയ്ക്കു പോകുവിൻ. ശോഭനഹസ്തന്മാരേ, തുടുത്ത സോമം താഴെ യാതൊന്നിനെ നോക്കുന്നുവോ, ആ വെള്ളത്തിൽ നിങ്ങൾ ഇപ്പോൾ നീർ പകരുവിൻ. 2
അധ്വര്യുക്കളേ, നിങ്ങൾ വെള്ളത്തിന്നു നീരാഴിയിലെയ്ക്കു പോകുവിൻ: അതു നിങ്ങൾക്കിപ്പോൾ വിശുദ്ധമായ ജലം തരട്ടെ. എന്നിട്ടു നിങ്ങൾ അപാംനപാത്തിന്നായി മധുരസോമം പിഴിയുവിൻ; അദ്ദേഹത്തെ ഹവിസ്സുകൊണ്ടു പൂജിയ്ക്കുവിൻ. 3
അപാംനപാത്തേ, അങ്ങ് മേഘങ്ങളുടെ ഇടയിൽ വിറകില്ലാതെ കത്തുന്നു; അങ്ങയെ മേധാവികൾ യാഗങ്ങളിൽ സ്തുതിയ്ക്കുന്നു. ആ അങ്ങ് ഇനിപ്പുറ്റ തണ്ണീരുകൾ തന്നാലും: അവകൊണ്ടാണല്ലോ, ഇന്ദ്രൻ വീരകർമ്മത്തിന്നു മുതിർന്നതു്!4
അധ്വര്യോ, എവകൊണ്ടാണോ സോമം, നല്ല യുവതികളെക്കൊണ്ടു പുരുഷനെന്നപോലെ മോദിയ്ക്കുകയും ആഹ്ലാദിയ്ക്കുകയുംചെയ്യുന്നതു്; ഭവാൻ ആ തണ്ണീരുകൾക്കായി പോവുക; അവയിൽ സോമം പകർന്നരിയ്ക്കുക.5
കാമിയ്ക്കുന്ന അവയ്ക്കായി കാമയമാനൻ ചെന്നാൽ, അവ, യുവതികൾ യുവാവിന്നെന്നപോലെ കീഴ്‌വഴങ്ങും: അധ്വര്യുക്കളും സ്തുതികളും തണ്ണീർദ്ദേവികളും ബുദ്ധികൊണ്ടു വഴിപോലെ അറിയുന്നു, വഴിപോലെ കാണുന്നു.6
തണ്ണീരുകളേ, തടവിൽക്കിടന്ന നിങ്ങൾക്ക് ആർ വഴിയുണ്ടാക്കിയോ, ആർ നിങ്ങളെ വമ്പിച്ച ഞെരുക്കത്തിൽനിന്നു വിടുവിച്ചുവോ; ആ ഇന്ദ്രന്നായി നിങ്ങൾ ദേവന്മാരെ മത്തുപിടിപ്പിയ്ക്കുന്ന മധുരജലം അയച്ചുതന്നാലും! 7
തണ്ണീരുകളേ, ഒരു ഇനിപ്പുറ്റ ഉറവുണ്ടല്ലോ, നിങ്ങളുടെ ഉള്ളിൽ; യാഗങ്ങളിൽ നെയ്യു പകർന്നു സ്തുതിയ്ക്കേണ്ടുന്ന ആ മധുരതരംഗം തന്തിരുവടിയ്ക്കായി ഇങ്ങോട്ടയയ്ക്കുവിൻ. തണ്ണീരുകളേ, ധനവതികളായ നിങ്ങൾ എന്റെ വിളി കേൾക്കുവിൻ! 8
തണ്ണീരുകളേ, രണ്ടിനെയും നല്കുന്നതും (കർമ്മാംഗത്വം) കൈക്കൊള്ളുന്നതും, മത്തും മതിയും വരുത്തുന്നതും, ഇച്ഛിയ്ക്കുന്നതും, അന്തരിക്ഷത്തിൽ ജനിയ്ക്കുന്നതും, മൂന്നിനെയും വിശാലമാക്കുന്നതും, ചരിയ്ക്കുന്നതും, മേല്പോട്ടു പോകുന്നതും, ഇന്ദ്രൻ നുകരുന്നതുമായ ആ തരംഗത്തെ നിങ്ങൾ അയച്ചാലും! 9
ഗോയോദ്ധാവിന്നെന്നപോലെ ബഹുധാരകളോടേ ഒഴുകുന്ന, ചേർച്ച തേടുന്ന, ഭുവനത്തെ പാലിയ്ക്കുന്ന ജനനിമാരായ, ഒന്നിച്ചു വളർത്തുന്ന, ഒന്നിച്ചു വസിയ്ക്കുന്ന തണ്ണീരുകളെ, ഋഷേ, നീ വന്ദിച്ചാലും! 10
നിങ്ങൾ ദേവപൂജനത്തിന്നു യാഗം നടത്തുവിൻ; ധനലബ്ധിയ്ക്കു സ്തോത്രം നടത്തുവിൻ; യജ്ഞശകടത്തിലെ അകിടും അഴയ്ക്കുവിൻ. തണ്ണീരുകളേ, നിങ്ങൾ ഞങ്ങൾക്കു സുഖം തന്നാലും! 11
തണ്ണീരുകളേ, സ്വത്തിന്റെ ഉടമകളാണല്ലോ, ധനവതികളായ നിങ്ങൾ; നല്ല യജ്ഞം, അമൃതം എന്നിവയും നിങ്ങളുടെ പക്കലുണ്ട്. സമ്പത്തിനെയും സത്സന്താനത്തെയും നിങ്ങൾ രക്ഷിച്ചുപോരുന്നു. പുകഴ്ത്തിപ്പാടുന്ന എനിയ്ക്ക് ഈ അന്നം സരസ്വതി തരുമാറാകട്ടെ! 12
തണ്ണീരുകളേ, നെയ്യും മധുരജലവുമേന്തി, അധ്വര്യുക്കളാൽ മനസ്സുകൊണ്ടു സംഭാഷണം ചെയ്യപ്പെട്ട്, ഇന്ദ്രന്നായി വഴിപോലെ പിഴിഞ്ഞ സോമവുമെടുത്ത നിങ്ങൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നുണ്ടു്! 13
സോമം പിഴിയുന്ന അധ്വര്യുക്കളേ, ഇതാ, ജീവജാലത്തെ പോറ്റുന്ന ധനവതികൾ വന്നുകഴിഞ്ഞു: സഖാക്കളേ, അപാംനപാത്തുമായി സല്ലപിയ്ക്കുന്ന ഇവരെ നിങ്ങൾ ഇരുത്തുവിൻ – ദർഭയിൽ ഉപവേശിപ്പിയ്ക്കുവിൻ! 14
തണ്ണീരുകൾ ഇച്ഛയോടേ വന്നുചേർന്നു; യാഗത്തിൽ ദേവന്മാരെ പ്രീതിപ്പെടുത്താൻ ഈ ദർഭയിൽ ഇരുന്നുംകഴിഞ്ഞു. അധ്വര്യുക്കളേ, നിങ്ങൾ ഇന്ദ്രന്നു സോമം പിഴിഞ്ഞുകൊൾവിൻ: നിങ്ങൾക്കു ദേവയജനം സുസാധ്യമായിരിയ്ക്കുന്നു! 15
[1] അധ്വര്യുവിനോട്: മനോവൃത്തിയെന്നപോലെ – അതിവേഗത്തിൽ എന്നർത്ഥം. മഹാജവൻ – ഇന്ദ്രൻ.
[2] അധ്വര്യുക്കളോടു്:
[6] അവ – തണ്ണീരുകൾ. കാമയമാനൻ – അധ്വര്യു. അറിയുന്നു – സ്വസ്വകർമ്മം ഇന്നതിന്നതെന്ന്.
[7] തടവിൽ – മേഘാന്തര്‍ഭാഗത്ത്. മത്തുപിടിപ്പിയ്ക്കുന്ന – സോമരസച്ചേർച്ചയാൽ.
[8] തരംഗം – ജലസമൂഹം. തന്തിരുവടി – ഇന്ദ്രൻ.
[9] രണ്ടിനെയും – ദൃഷ്ടാദൃഷ്ടഫലങ്ങളെ. മത്തും മതിയും – ദേവന്മാർക്ക്. ഇച്ഛിയ്ക്കുന്നതും – സോമനീരിനോടു ചേരുവാൻ. മൂന്നു് – ത്രിലോകം. ചരിയ്ക്കുന്നതും – യജ്ഞപാത്രങ്ങളിൽ. മേല്പോട്ടു – ദേവന്മാരുടെ അടുക്കലെയ്ക്ക്.
[10] ആത്മാവിനോട്: ഗോയോദ്ധാവ് – ഗോവിന്നു(വെള്ളത്തിന്നു)വേണ്ടി പൊരുതിയ ഇന്ദ്രൻ. ചേർച്ച തേടുന്ന – സോമസമ്പർക്കം കാംക്ഷിയ്ക്കുന്ന. വളർത്തുന്ന – സോമത്തെ.
[11] ഋത്വിക്കുകളോട്: സ്തോത്രം നടത്തുവിൻ – ചൊല്ലുവിൻ. അകിട് – സോമം പിഴിഞ്ഞ തോൽസ്സഞ്ചി. അഴയ്ക്കുവിൻ – നീര് പാത്രങ്ങളിൽ പകരുവിൻ എന്നർത്ഥം; അപ്പോൾ തോൽസ്സഞ്ചി, കറക്കുന്ന പയ്യിന്റെ അകിടുപോലെ അഴയുമല്ലോ.
[12] അമൃതം – മരണരാഹിത്യമെന്ന ഫലം. ഈ അന്നം – എല്ലാസ്സമ്പത്തും.
[13] ഇങ്ങോട്ടു – ഞങ്ങളുടെ യാഗത്തിലെയ്ക്ക്.
[14] ധനവതികൾ – തണ്ണീരുകൾ. ഇവരെ – തണ്ണീർദ്ദേവിമാരെ.
[15] അധ്വര്യുക്കളോട്: ഇച്ഛയോടേ – സോമരസത്തോടു ചേരാൻ കാംക്ഷിച്ച്.