കവഷൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
സ്തോതാക്കളായ നമുക്കു സ്തോതവ്യനായ യജനീയൻ ഓട്ടക്കാരെല്ലാവരുമൊരുമിച്ചു, രക്ഷിപ്പാൻ ഇവിടെ ഏഴുന്നള്ളട്ടെ: അവരെക്കൊണ്ടു നാം നല്ല സഖാക്കളുള്ളവരായിത്തീരണം; ദുരിതമൊക്കെ കടക്കണം! 1
മനുഷ്യൻ സർവത്ര സമ്പത്തിച്ഛിയ്ക്കണം; യജ്ഞപഥം പുക്കുഹവിസ്സുകൊണ്ടു പരിചരിയ്ക്കണം. സ്വന്തം ഹൃദയംകൊണ്ടു ധ്യാനിയ്ക്കണം – അതിപ്രശസ്യനായ ആത്മാവിനെ അന്തഃകരണംകൊണ്ടു ഗ്രഹിയ്ക്കണം. 2
ഏർപ്പെടുത്തിയ യാഗത്തിലെ തൃപ്തികരങ്ങളായ പങ്കുകൾ, തീർത്ഥത്തിലേവപോലെ, ഉൽക്കൃഷ്ടജന്മാക്കളായ ദർശനീയരിൽ ചെന്നെത്തും; അങ്ങനെ നാം സ്വർഗ്ഗാദിസുഖം നേടുമാറാകണം; അമൃതരെ ശരിയ്ക്കറിഞ്ഞവരുമാകണം! 3
ധനങ്ങളുടെ ഉടമസ്ഥനും ദാനശീലനുമായ നിത്യൻ കനിയട്ടെ: എവന്നു സവിതൃദേവൻ ഇതുൽപാദിച്ചുവോ, സ്തുതിയ്ക്കപ്പെട്ട ഭഗനും അര്യമാവും വെളിപ്പെടുത്തുമോ; അവന്നു മറ്റു മനോഹരരും തന്നരുളുമാറാകണം! 4
കീർത്തിമാന്മാർ കെല്പോടേ വന്നണയുന്ന ഈ സ്തുതി, ഉഷസ്സുകൊണ്ടു ഭൂമിപോലെ പ്രാപ്യയായിബ്ഭവിയ്ക്കട്ടെ: ഈ സ്തോതാവിന്റെ സ്തോത്രം യാചിച്ചുകൊണ്ടു, സുഖകരരായ ഋഭുക്കൾ നമ്മുടെ അടുക്കൽ വന്നെത്തട്ടെ! 5
ഈ പഴയ നല്ല സ്തുതി പെരുകി, പരന്നാണ്, അവരുടെ അടുക്കലെയ്ക്കു നടക്കുന്നതു്. അവർ ഒപ്പം ഈ ബലവാന്റെ പുഷ്ടികരമായ സാധാരണസ്ഥാനത്തു (ഫലം) കയ്യിലെടുത്തു വന്നെത്തട്ടെ! 6
അവരുടെ രക്ഷയിൽ ശരിയ്ക്കു നില്ക്കുന്ന നിര്‍ജ്ജരകളായ ദ്യാവാപൃഥിവികളെ ചെത്തിയുണ്ടാക്കിയത് ഏതിൽനിന്നോ, ആ മരം ഏതായിരിയ്ക്കും? കാടേതായിരിയ്ക്കും? വളരെ പുലരികൾ, പകലുകൾ എന്നിവയെയും എവർ ഉണ്ടാക്കിയോ, അവർ സ്തുതിയ്ക്കപ്പെടുന്നു! 7
ഇവരല്ല, ഇവരിലും മീതെ മറ്റൊരാളുണ്ട്: ആ സ്രഷ്ടാവത്രേ, ദ്യാവാപൃഥിവികളെ നിർത്തുന്നതു് ഈ സൂര്യനെ പച്ചക്കുതിരകൾ വഹിച്ചുതുടങ്ങുന്നതിന്നുമുമ്പുതന്നെ, ആ ബലവാൻ സ്വശരീരത്തെ ഉജ്ജ്വലിപ്പിച്ചിരിയ്ക്കുന്നു! 8
കതിരോൻ പരന്ന പാരിനെ കവിയ്ക്കാറില്ല; വായു മഴ മുഴുവൻ മന്നിൽ പെയ്യാറില്ല. മിത്രനും വരുണനും ആരാൽ ഉൽപ്പാദിപ്പിയ്ക്കപ്പെട്ടു, കാട്ടിൽ തിയ്യുപോലെ കത്തിജ്ജ്വലിയ്ക്കുന്നുവോ, (അവനെ ഞാൻ സ്തുതിയ്ക്കുന്നു). 9
പേറുനിന്ന പയ്യു പൊടുന്നനെ രേതസ്സേകത്താൽ പെറുന്നു: ഇടയനെ വശത്താക്കിയ അവൾ നോവേറ്റ്, നോവകറ്റുന്നു. പഴയ മകൻ രണ്ടമ്മമാരിൽനിന്നു പിറക്കുമ്പോൾ, ഭൂമി അന്വേഷിയ്ക്കപ്പെടുന്ന ശമിയെ വെളിപ്പെടുത്തും. 10
കണ്വൻ നൃഷത്തിന്റെ പുത്രനത്രേ. ആ കൃഷ്ണവർണ്ണൻ അന്നംകൊണ്ടു ധനം വാങ്ങി: ആ കൃഷ്ണന്നു തിളങ്ങുന്ന അകിട് ഒഴുക്കിക്കൊടുത്തു; ഇതുപോലെ ആരും അദ്ദേഹത്തിന്റെ യാഗത്തെ തഴപ്പിച്ചിട്ടില്ല! 11
[1] യജനീയൻ – ഇന്ദ്രൻ. ഓട്ടക്കാർ – മരുത്തുക്കൾ.
[2] പരിചരിയ്ക്കണം – ദേവന്മാരെ.
[3] പങ്കുകൾ – ഹവിർഭാഗങ്ങൾ. തീർത്ഥത്തിലേവപോലെ – ഗംഗാദികളിൽ തർപ്പിയ്ക്കപ്പെട്ട ജലത്തിന്റെ അംശങ്ങൾപോലെ. ദർശനീയരിൽ – ദേവന്മാരിൽ. അമൃതർ – ദേവന്മാർ.
[4] നിത്യൻ – പ്രജാപതി. ഇതു – ദൃഷ്ടാഭൃഷ്ടഫലം. അവന്നു – യജമാനന്ന്. മനോഹരർ – ദേവന്മാർ. തന്നരുളുമാറാകണം – ദൃഷ്ടാദൃഷ്ടഫലം.
[5] കീർത്തിമാന്മാർ – ദേവന്മാർ. ഈ – നമ്മുടെ. ഉഷസ്സുകൊണ്ടു – നേരം പുലർന്നാൽ, ഭൂമി എല്ലാവർക്കും പ്രാപ്യയാകുമല്ലോ. പ്രാപ്യ – ദേവന്മാർക്ക്. ഈ സ്തോതാവിന്റെ – എന്റെ. യാചിച്ചുകൊണ്ടു – ഇനിയും ചൊല്ലു എന്നപേക്ഷിച്ചുകൊണ്ട്, കേൾക്കാൻ അതികൗതുകത്തോടേ.
[6] സ്തുതിയ്ക്കു നദീത്വം വ്യഞ്ജിയ്ക്കുന്നു. അവർ – ദേവന്മാർ. ഈ ബലവാന്റെ – സന്താനബലമുള്ള എന്റെ. സ്ഥാനത്തു – യജ്ഞത്തിൽ. ഫലം – ഞങ്ങൾക്കു തരാൻ.
[7] നിർജ്ജരകൾ – പഴക്കം പറ്റാത്ത. അവർ – ദേവന്മാർ.
[8] മറ്റൊരാൾ – ഹിരണ്യഗർഭൻ. മുമ്പുതന്നെ – ജഗൽസൃഷ്ടിയ്ക്കുമമ്പുതന്നെ എന്നർത്ഥം.
[9] കവിയ്ക്കാറില്ല – അതിരിൽ നില്ക്കും. മുഴുവൻ – വേണ്ടതിലധികം. അവനെ – പ്രജാപതിയെ.
[10] ശമി (വന്നിമരം) അരയാലിനെ ഉൽപാദിപ്പിയ്ക്കുന്നു; അരയാലിന്മേൽനിന്ന് അരണികൾ കൊണ്ടുവന്ന് ഋത്വിക്കുകൾ അഗ്നിയെ ഉണ്ടാക്കുന്നു. ഇതാണ്, ഈ ഋക്കിലെ പ്രതിപാദ്യം: പയ്യ് – ശമി. പെറുന്നു – അരയാലിനെ. ഇടയൻ – യഷ്ടാവ്. നോവകറ്റുന്നു – അരണിയന്വേഷിയ്ക്കുന്ന ഋത്വിക്കുകളെ സുഖിപ്പിയ്ക്കുന്നു. പഴയ മകൻ – പുരാതനനായ അഗ്നി. രണ്ടമ്മമാർ – അരണികൾ. അന്വേഷിയ്ക്കപ്പെടുന്ന – ഋത്വിക്കുകളാൽ.
[11] കണ്വൻ – ഋഷി. നൃഷത്ത് – പേര്. അന്നംകൊണ്ടു – ഹവിസ്സുഹോമിച്ച്. ധനം വാങ്ങി – അഗ്നിയുടെ പക്കൽനിന്ന്: ഇതിന്റെ വിവരണമാണ്, അടുത്ത വാക്യം: തിളങ്ങുന്ന അകിട് – ജ്വാലാജാലം. ഒഴുക്കിക്കൊടുത്തു – പയ്യിന്റെ അകിട് പാൽ കൊടുക്കുന്നതുപോലെ, അഗ്നി ആ കൃഷ്ണന്നു (കറുത്ത കണ്വന്നു) ധനം ധാരാളം നല്കി. ഇതുപോലെ – അഗ്നി ചെയ്തതിൻവണ്ണം.