ഋഷിദേവതകള്‍ മുമ്പേത്തവ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകള്‍.
ഇന്ദ്രൻ ധ്യാനിയ്ക്കുന്നവന്റെ യാഗത്തിലെയ്ക്കു തെളിയ്ക്കട്ടെ – സൽപഥത്തിലൂടേ സമീപിയ്ക്കുന്നവന്റെ സദ്വസ്തുക്കളിലെയ്ക്കെഴുന്നള്ളട്ടെ. നമ്മുടെ രണ്ടും താൻ സ്വീകരിയ്ക്കട്ടെ: സംഭൃതസോമന്റെ അന്നത്തിന്റെ സ്വാദ് തനിയ്ക്കറിയാമല്ലോ! 1
ഇന്ദ്ര, ബഹുസ്തുത, അങ്ങ് ദിവ്യജ്യോതിസ്സുകളിലും ഭൂലോകങ്ങളിലും വ്യാപിച്ചരുളുന്നു. അങ്ങയെ കൂടെക്കൂടെ യജ്ഞങ്ങളിലെയ്ക്കു കൊണ്ടുവരുന്നതെവയോ, അവ നിർദ്ധനരായ സ്തോതാക്കളിൽ വന്നെത്തട്ടെ! 2
മകന്ന് അച്ഛനമ്മമാരിൽനിന്നു ജനനസിദ്ധമായ യാതൊന്നു കിട്ടുന്നുവോ, സുന്ദരത്തെക്കാൾ സുന്ദരമായ അതുതന്നെ എനിയ്ക്കു കനിഞ്ഞരുളട്ടെ: ഭാര്യ ഭർത്താവിനെ വിളിച്ചു വരുത്തും; പുരുഷൻ നല്ലതും പരിഷ്കൃതവും തന്നെ കൊടുക്കും. 3
യാതൊന്നിൽ സ്തുതികൾ, ധേനുക്കൾ തൊഴുത്തിനെയെന്നപോലെ നേരുന്നുവോ, ആ യാഗത്തെത്തന്നേ നിന്തിരുവടി ഭംഗിയിൽ ശോഭിപ്പിച്ചാലും: കൂട്ടത്തിൽ ഒന്നാമത്തത്, അർച്ചകന്റെ സ്തുതിയാണല്ലോ; ആളുകൾ ഏഴുഛന്ദസ്സിലും ശബ്ദം മുതിർക്കുന്നുണ്ടു്!4
ഒരു ദേവകാമൻ നിങ്ങളുടെ സ്ഥാനത്ത് എത്തിയിരിയ്ക്കുന്നു. ഒരാൾ രുദ്രപുത്രന്മാരോടുകൂടി സത്വരം വരും. സ്തുതിയും എവരെ ദാതാക്കളാക്കുമോ, ആ രക്ഷകരായ അമർത്ത്യന്മാർക്കു നിങ്ങൾ സോമം നനയ്ക്കുവിൻ! 5
അഗ്നേ, പ്രതിഷ്ഠിയ്ക്കപ്പെട്ട, തണ്ണീരിൽ മറഞ്ഞ ഭവാനെ ദേവകർമ്മരക്ഷകനായ ഇന്ദ്രൻ എനിയ്ക്കു പറഞ്ഞുതന്നിരിയ്ക്കുന്നു: ആ അഭിജ്ഞൻ പിന്തുടർന്നു കണ്ടെത്തിയല്ലോ. അദ്ദേഹത്തിന്റെ ഉപദേശത്താലാണ്, ഞാൻ പോകുന്നതു്. 6
വഴിയറിയാത്തവൻ വഴിയറിയുന്നവനോടു ചോദിയ്ക്കും; വഴിയറിയുന്നവനാൽ ഉപദേശിയ്ക്കപ്പെട്ടിട്ടു പോവുകയും ചെയ്യും. വളവില്ലാത്ത നേർവഴി കിട്ടുകതന്നെയാണ്, ഉപദേശത്തിന്റെ നന്മ! 7
വസു ഉയിർക്കൊണ്ടതോടേ ദിവസങ്ങളെ കൊണ്ടുവരാൻ തുടങ്ങി; തേജഃപരിവൃതനായിട്ട് അമ്മയുടെ മുല കുടിച്ചു. സ്തോത്രം ഈ യുവാവിനെ ചുഴന്നു; താൻ അരിശപ്പെടാതെ നന്മനസ്സു പൂണ്ടു! 8
കലശവംശ്യനായ കുരുശ്രവണ, ധനദാതാവായ ഭവാന്നുവേണ്ടി ഞങ്ങൾ ഇതാ, നല്ലവ ചെയ്യാം: ധനവാനേ, തന്തിരുവടിയും, ഞാൻ ഹൃദയത്തിൽ വഹിയ്ക്കുന്ന ഈ സോമവും ഭവാന്നു (സമ്പത്തു) നല്കട്ടെ! 9
[1] ധ്യാനിയ്ക്കുന്നവന്റെ – എന്റെ. തെളിയ്ക്കട്ടെ – ഹരികളെ. സദ്വസ്തുക്കൾ – ഹവിസ്സുകൾ. രണ്ടും – ഹവിസ്സും സ്തോത്രവും. സംഭൃതസോമന്റെ – സോമമൊരുക്കിയ എന്റെ. അന്നം – സോമരസം.
[2] അവ – അശ്വങ്ങൾ. സ്തോതാക്കളിൽ – ഞങ്ങളുടെ അടുക്കൽ.
[3] അതു – ധനം. കനിഞ്ഞരുളട്ടെ – ഇന്ദ്രൻ. ഭാര്യ – അതുപോലെ, ഞാൻ അങ്ങയെ വിളിച്ചു വരുത്തുന്നു; അങ്ങ് എനിയ്ക്കു നല്ലതും പരിഷ്കൃതവും തന്നെ തരുമാറാകണം. പുരുഷൻ – ഭർത്താവ്.
[4] നേരുന്നു – ഇന്ദ്രാഗമനത്തെ. കൂട്ടം – യഷ്ട്യസ്തോതൃഗണം. ശബ്ദം – സ്തുതി. അതിനാൽ, ഭവാൻ വെക്കം വന്നാലും എന്നർത്ഥം.
[5] യജമാനരോട്: ഒരു ദേവകാമൻ – ഹോതാവ്, അഗ്നി. ഒരാൾ – ഇന്ദ്രൻ. രുദ്രപുത്രന്മാർ മരുത്തുക്കൾ. സ്തുതിയും എവരെ ദാതാക്കളാക്കുമോ – എവർ സ്തോതാക്കൾക്ക് അഭീഷ്ടം നല്കുമോ.
[6] പ്രതിഷ്ഠിയ്ക്കപ്പെട്ട – കുരുശ്രവണന്റെ യജ്ഞത്തിൽ. കണ്ടെത്തി – മറഞ്ഞ ഭവാനെ. ഉപദേശത്താൽ – ഈ വഴിയ്ക്കു പോയാൽ സ്വർഗ്ഗത്തിലെത്താമെന്ന ഉപദേശത്താൽ.
[8] വസു – അഗ്നി. ഉയിർക്കൊള്ളുക – അരണിമഥനത്താൽ ചേഷ്ടിയ്ക്കുക. ദിവസങ്ങൾ – സോമയാഗനാളുകൾ. അമ്മ – ഭൂമി. മുല – സോമാദിഹവിസ്സ്. ഈ യുവാവ് – അഗ്നി.
[9] കുരുശ്രവണൻ – കലശകുലത്തിലെ ഒരു രാജാവ്, ത്രസദസ്യുവിന്റെ പുത്രൻ. നല്ലവ – ഹവിസ്സംഭരണവും സ്തോത്രവും. തന്തിരുവടി – ഇന്ദ്രൻ. കുരുശ്രവണന്റെ പുരോഹിതനാണു്, ഈ കവഷർഷി.