കവഷൻ ഋഷി; ത്രിഷ്ടുപ്പും ബൃഹതിയും സതോബൃഹതിയും ഗായത്രിയും ഛന്ദസ്സുകൾ; വിശ്വോദേവകളും ഇന്ദ്രനും ദാനവും സാന്ത്വനവും ദേവതകൾ.
ആളുകളെ പ്രവർത്തിപ്പിയ്ക്കുന്ന വിശ്വേദേവന്മാർ എന്നെ അയച്ചു; ഞാൻ ഇടയ്ക്കു പൂഷാവിനെ തുണയ്ക്കുകൂട്ടി. അവർ എന്നെ രക്ഷിച്ചു. ‘ശാസിയ്ക്കാവല്ലാത്തവൻ വരുന്നു’ എന്നൊരു ഘോഷം പൊങ്ങി! 1
എന്നെ രണ്ടുവശത്തും വാരിയെല്ലുകൾ, സപത്നിമാർപോലെ സങ്കടപ്പെടുത്തുന്നു; വല്ലായ്മയും, വസ്ത്രമില്ലായ്മയും, ചടപ്പും വലയ്ക്കുന്നു; ഹൃദയം പക്ഷിയുടേതെന്നപോലെ കിടുകിടുക്കുന്നു! 2
ശതക്രതോ, മഘവാവേ, ഇന്ദ്ര, എലികൾ നനഞ്ഞ നൂലിനെപ്പോലെ, ആധികൾ എന്നെ കരണ്ടുതിന്നുന്നു: നിന്തിരുവടി ഞങ്ങളെ ഒരിയ്ക്കൽ സുഖിപ്പിച്ചാലും; ഞങ്ങൾക്ക് അച്ഛനെപ്പോലായാലും! 3
ഋഷിയായ ഞാൻ ഋത്വിക്കുകൾക്കുവേണ്ടി, അത്യുദാരനും ത്രസദസ്യുപുത്രനുമായ കുരുശ്രവണനെന്ന രാജാവിനോടു യാചിച്ചു. 4
അദ്ദേഹത്തിന്റെ മൂന്നു കുതിരകൾ തേരിൽക്കേറിയ എന്നെ ശരിയ്ക്കു കൊണ്ടുപോരികയായി. ആ ആയിരം ദക്ഷിണകളെ ഞാൻ പുകഴ്ത്തുന്നു. 5
‘ഉപമശ്രവസ്സിന്റെ അച്ഛൻ സംസാരിയ്ക്കുന്നതു, ദരിദ്രന്നു വയൽപോലെ രമണീയവും ആസ്വാദ്യവുമായിരുന്നു! 6
ഉണ്ണി, ഉപമശ്രവസ്സേ, മിത്രാതിഥിയുടെ മകനേ, വരൂ: ഞാൻ അങ്ങയുടെ അച്ഛനെ സ്തുതിയ്ക്കാം! 7
അമരണത്തിന്നോ മരണത്തിന്നോ ഞാൻ ആളാകുമായിരുന്നുവെങ്കിൽ, എന്റെ ധനവാൻ ജീവിച്ചിരിയ്ക്കുമായിരുന്നു! 8
ദേവകല്പിതം ലംഘിച്ചു നൂറുവയസ്സുകാരനും ജീവിയ്ക്കില്ല; കൂട്ടുകാരോടു വേർപെടുകതന്നെ ചെയ്യും!’ 9
[1] ആളുകളെ – യഷ്ടാക്കളെ. അയച്ചു – കുരുശ്രവണന്റെ അടുക്കലെയ്ക്ക്. ഇടയ്ക്കു – മാർഗ്ഗമധ്യേ. അവർ – വിശ്വേദേവന്മാർ. ശാസിയ്ക്കാവല്ലാത്തവൻ – ആരുടെയും ആജ്ഞയിൽ നില്ക്കാത്ത കവഷൻ.
[2] വാരിയെല്ലുകൾ – പട്ടിണിയാൽ പൊന്തിയവ ഇടത്തും വലത്തും ഭാര്യമാരുണ്ടായാൽ, ഒരുവന്റെ കഷ്ടപ്പാടെന്തായിരിയ്ക്കും! വല്ലായ്മ – പഞ്ഞപ്പാട്. പക്ഷിയുടേതെന്നപോലെ – വേടനെ പേടിയ്ക്കുന്ന പക്ഷിയുടെ ഹൃദയംപോലെ.
[4] യാചിച്ചു – ധനം.
[5] കുരുശ്രവണൻ എനിയ്ക്കു മൂന്നു കുതിരകളെ പൂട്ടിയ ഒരു തേരും വളരെദ്ധനങ്ങളും തന്നു.
[6] ഋഷി പിന്നീട്, അച്ഛൻ മരിച്ച ഉപമശ്രവസ്സിനെ സമാശ്വസിപ്പിയ്ക്കുന്നു: ഉപമശ്രവസ്സ് – ഒരു രാജാവ്. അച്ഛൻ – മിത്രാതിഥി.
[8] ജീവിച്ചിരുത്താനും മരിപ്പിയ്ക്കാനും ഞാനാളല്ലല്ലോ; ആയിരുന്നുവെങ്കിൽ, എന്റെ ധനവാനെ – എനിയ്ക്കു ധനം നല്കുന്ന ഭവൽപിതാവായ മിത്രാതിഥിയെ – ഞാൻ ജീവിപ്പിയ്ക്കുമായിരുന്നു.
[9] വ്യസനിയ്ക്കരുതെന്നു സാരം.