കൃഷ്ണൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
യാതൊരു പ്രവൃദ്ധൻ അറ്റമില്ലാത്ത പെരുംകെല്പിനാൽ മാറ്റലരെയെല്ലാം വെമ്പലോടേ തുലോം മെലിയിച്ചു പിന്നിടുമോ, ആ ധനപതിയായ ഇന്ദ്രൻ മത്തിന്നു തേരിലൂടേ വന്നെത്തട്ടെ! 1
നരപാലക, നല്ല ഇരിപ്പിടമുള്ളതാണു്, അങ്ങയുടെ രഥം; രണ്ടു ഹരികളെ ശരിയ്ക്കു പൂട്ടിയിട്ടുമുണ്ടു്; വജ്രം തൃക്കയ്യിൽ പറ്റിനില്ലുന്നു. തമ്പുരാനേ, വെക്കം അവിടുന്നു നല്ല വഴിയിലൂടേ ഇങ്ങോട്ടെഴുന്നള്ളുക: നുകർന്ന ഭവാന്റെ ബലം ഞങ്ങൾ വളർത്താം! 2
ഈ നരപാലകനെ, വജ്രപാണിയെ, ഉഗ്രനെ, തുലോം മെലിയിയ്ക്കുന്നവനെ, വൃഷാവിനെ, യഥാർത്ഥബലനെ, ഉഗ്രരും തടിച്ചവയും ഒപ്പം മത്തടിയ്ക്കുന്നവയുമായ ഇന്ദ്രവാഹങ്ങൾ ഞങ്ങളിൽ കൊണ്ടുവരട്ടെ! 3
ഇങ്ങനെ കലശത്തിലിരിയ്ക്കുന്ന, പ്രജ്ഞയുള്ള, ബലത്തിന്ന് ഒരൂന്നായ രക്ഷിതാവിനെ അങ്ങ് തിരുവയറ്റിലാക്കിപ്പോരുന്നു. (ഞങ്ങൾക്കു) കെല്പു തരിക; (ഞങ്ങളെ) അങ്ങയിൽ ചേർക്കുക; അവിടുന്നാണല്ലോ, മേധാവികളെ വഴിപോലെ വളർത്തുന്ന സ്വാമി! 4
ധനങ്ങൾ എങ്കൽ വന്നണയട്ടെ: ഞാൻ സ്തുതിയ്ക്കുന്നുണ്ടല്ലോ. അവിടുന്നു സോമവാന്റെ ശോഭനാശംസമായ യജ്ഞത്തിൽ എഴുന്നള്ളിയാലും. അധീശനായ അവിടുന്ന് ഈ ദർഭയിൽ ഇരുന്നാലും: ആക്രമിയ്ക്കാവുന്നവയല്ല, അങ്ങയ്ക്കുള്ള പാത്രങ്ങൾ! 5
ദേവന്മാരെ വിളിച്ച പൂർവന്മാർ അസാധാരണമായ യശസ്സുളവാക്കി, വെവ്വേറെ കേറിപ്പോയി; യജ്ഞത്തോണിയിൽ കേറാൻ കഴിവില്ലാഞ്ഞവരോ, നാറുന്ന പണിയാൽ കടത്തോടേ കീഴ്പോട്ടടിഞ്ഞു! 6
കൂട്ടാക്കാത്ത കുതിരകളെ പൂട്ടുന്ന മറ്റു ദുരാത്മാക്കളും ഇപ്രകാരം തന്നെ അധോഗതിയടയട്ടെ! ആർ മുൻകൂട്ടി യജിച്ചു നല്കുമോ, ആരിൽ കമനീയങ്ങളായ വളരെ ഭോഗ്യങ്ങളുണ്ടോ, അവർ (വിണ്ണടയും). 7
(ഇന്ദ്രൻ) പറന്നുനടന്ന പർവതങ്ങളെ നിർത്തി. സ്വർഗ്ഗം (ഇന്ദ്രനെക്കുറിച്ചു)നിലവിളിയ്ക്കുന്നു. (ഇന്ദ്രൻ) അന്തരിക്ഷത്തെ ക്ഷോഭിപ്പിയ്ക്കും. (ഇന്ദ്രൻ) വാനൂഴികളെ വേർപെടുത്തുറപ്പിച്ചു. സോമം കുടിച്ചു ലഹരിപിടിച്ചാൽ (ഇന്ദ്രൻ) സ്തുതികളെ പ്രശംസിയ്ക്കും! 8
മഘവാവേ, ഞാൻ അങ്ങയ്ക്ക് ഒരു നല്ല തോട്ടി ഉണ്ടാക്കി കയ്യിൽ വെച്ചിട്ടുണ്ടു്: ഭവാന് ഇതുകൊണ്ടു വലിയ്ക്കാം, കുത്തുന്നവയെ നോവിയ്ക്കാം; അങ്ങ് ഈ യജ്ഞത്തിൽ നോവിയ്ക്കുമാറാകണം: സോമം പിഴിഞ്ഞ യജ്ഞത്തിൽ, ഭജനീയനായ ഭവാൻ (സ്തോത്രം) ചെവിക്കൊണ്ടാലും! 9
പുരുഹുത, വറുതിയാൽ വന്ന ദുർവിചാരം ഞങ്ങൾ ഗോക്കളെക്കൊണ്ടു കടക്കുമാറാകണം, വിശപ്പൊക്കെ യവംകൊണ്ടും; ഞങ്ങൾ അരചന്മാരുടെ മികച്ച സമ്പത്തും, ഞങ്ങളുടെ ബലംകൊണ്ടു വിജയവും നേടുമാറാകണം! 10
ബൃഹസ്പതി ഞങ്ങളെ പിന്നിലും മുകളിലും ചുവട്ടിലും ദുഷ്ടക്കങ്കൽ നിന്നു രക്ഷിയ്ക്കട്ടെ. സഖാവു സഖാക്കൾക്കു ധനം തരട്ടെ! 11
[1] മെലിയിച്ചു – ക്ഷീണിപ്പിച്ച്.
[2] പ്രത്യക്ഷോക്തി: നുകർന്ന – സോമം കുടിച്ച.
[3] പരോക്ഷം: ഇന്ദ്രവാഹങ്ങൾ = ഇന്ദ്രാശ്വങ്ങൾ ഞങ്ങളിൽ – ഞങ്ങളുടെ അടുക്കൽ.
[4] പ്രത്യക്ഷം: രക്ഷിതാവിനെ – സോമത്തെ.
[5] സോമവാന്റെ – സോമം പിഴിഞ്ഞ എന്റെ. അധീശൻ – ധനാധിപതി. ആക്രമിയ്ക്കാവുന്നവ – രാക്ഷസാദികൾക്ക്. പാത്രങ്ങൾ – സോമഭാജനങ്ങൾ.
[6] കേറിപ്പോയി – ത്വൽപ്രസാദത്താൽ ദേവലോകങ്ങളിൽ ചെന്നെത്തി. കടത്തോടേ – ദേവകൾക്കു കടം വീട്ടാതെ.
[7] കൂട്ടാക്കാത്ത – മെരുങ്ങാത്ത. ദുരാത്മാക്കൾ – കഴിവുണ്ടായിരിയ്ക്കെ, യജിയ്ക്കാത്ത ദുഷ്ടന്മാർ. മുൻകൂട്ടി – മരിയ്ക്കുന്നതിനുമുമ്പു്. നല്കുമോ – ദേവകൾക്കു ഹവിസ്സു കൊടുക്കുമോ.
[8] സ്വർഗ്ഗം – രാക്ഷസ്സാദിഭീതരായ സ്വർഗ്ഗവാസികൾ. നിലവിളിയ്ക്കുന്നു – രക്ഷിയ്ക്കണേ, രക്ഷിയ്ക്കണേ എന്ന്.
[9] തോട്ടി – സ്തുതി. കുത്തുന്നവ – ഗജാദികൾ.