ഭലന്ദനപുത്രൻ വത്സപ്രി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
മനുഷ്യരെ സ്നേഹിയ്ക്കുന്ന ജാതവേദസ്സായ അഗ്നി ഒന്നാമതു ദ്യോവിന്മീതേ ജനിച്ചു; രണ്ടാമതു നമ്മുടെ മീതെയും, മൂന്നാമത് അന്തരിക്ഷത്തിലും ജനിച്ചു. തന്തിരുവടിയെ ശോഭനപ്രജ്ഞൻ സദാ ജ്വലിപ്പിച്ചു, സ്തുതിച്ചുപോരുന്നു. 1
അഗ്നേ, അങ്ങയുടെ ത്രിസ്ഥാനസ്ഥങ്ങളായ മൂന്നു രൂപങ്ങൾ ഞങ്ങൾക്കറിയാം; അങ്ങ് കൈക്കൊണ്ടിട്ടുള്ള വളരെ പാർപ്പിടങ്ങൾ ഞങ്ങൾക്കറിയാം; അങ്ങയുടെ ഉൽക്കൃഷ്ടവും നിഗൂഢവുമായ തിരുനാമം ഞങ്ങൾക്കറിയാം; അങ്ങ് ആരിൽനിന്നു ജനിച്ചുവോ, ആ കാരണാത്മാവിനെയും ഞങ്ങൾക്കറിയാം. 2
അഗ്നേ, സമുദ്രത്തിൽ വെള്ളത്തിന്നടിയിൽ അങ്ങയെ മനുഷ്യസ്നേഹിയും, വാനിന്മുകളിൽ മനുഷ്യദ്രഷ്ടാവും ഉജ്ജ്വലിപ്പിച്ചു; വെള്ളത്തിന്റെ ഇരിപ്പിടമായ മൂന്നാംലോകത്തിൽ മേവുന്ന ഭവാനെ മഹാന്മാർ വർദ്ധിപ്പിച്ചു. 3
അഗ്നി ഭൂമിയെ നക്കുകയും, ലതകളെ ചുടുവിയ്ക്കയുംചെയ്തുകൊണ്ടു, പർജ്ജന്യൻ ഇടിവെട്ടുന്നതുപോലെ ആർത്തിരമ്പും; പിറവിയിലേ കത്തിപ്പടർന്ന് അവയെ നോക്കും; പ്രഭകൊണ്ടു വാനൂഴികൾക്കിടയിൽ തിളങ്ങും! 4
സമ്പത്തിനെ പൊന്തിയ്ക്കുന്ന, ധനങ്ങളെ വഹിയ്ക്കുന്ന, അഭീഷ്ടങ്ങളെ കൊണ്ടുവരുന്ന, സോമം കാക്കുന്ന, വസുവായ, ബലപുത്രനായ, തണ്ണീരിൽ മേവുന്ന തമ്പുരാൻ ഉഷസ്സുദിപ്പിൽ ജ്വലിപ്പിയ്ക്കപ്പെട്ടു വിളങ്ങുന്നു! 5
എല്ലാറ്റിന്റെയും കൊടിമരമായ തണ്ണീരിൻഗർഭം പിറക്കുമ്പോൾത്തന്നേ വാനൂഴികളെ നിറയ്ക്കും; പഞ്ചജനങ്ങൾ അഗ്നിയജനം തുടങ്ങുന്നതോടേ, താൻ തിരിയേപോന്ന്, ഉറപ്പുള്ള മേഘത്തെയും ഉടയ്ക്കും! 6
കാമയമാനനും, പാവകനും, ഗമനശീലനും, സുമേധസ്സും, അമൃതനുമായ അഗ്നി മനുഷ്യരുടെഇടയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. താൻ പുക പാറിയ്ക്കുന്നു; വെണ്മ പൂണ്ടു, തെളിഞ്ഞ തേജസ്സിനാൽ വാനിൽ വ്യാപിയ്ക്കുന്നു! 7
കാണപ്പെടുന്ന ഗന്താവായ തേജസ്വി അത്യന്തം ശോഭിയ്ക്കുന്നു – വിഭൂതിയ്ക്കായി, ദുസ്സഹമാംവണ്ണം വിളങ്ങുന്നു. അഗ്നി അന്നങ്ങള്‍കൊണ്ടു മരണരഹിതനായിരിയ്ക്കുന്നു. സുരേതസ്സായ സൂര്യനാണല്ലോ, ഇദ്ദേഹത്തെ ജനിപ്പിച്ചതു്! 8
അഗ്നേ, കല്യാണപ്രഭനായ ദേവ, അതിയുവാവേ, ആർ ഇന്ന് അങ്ങയ്ക്കു നെയ്യപ്പം ഉണ്ടാക്കുന്നുവോ, ആ അത്യുൽക്കൃഷ്ടനായ ദേവഭക്തനെ അവിടുന്നു സമ്പത്തിലെയ്ക്കും സുഖത്തിലെയ്ക്കും കൊണ്ടുപോയാലും! 9
അഗ്നേ, നല്ല ഹവിസ്സു ചമയ്ക്കുമ്പോൾ അദ്ദേഹത്തെ അവിടുന്ന് ഉപചരിച്ചാലും; സ്തോത്രം ചൊല്ലുമ്പോൾ ചൊല്ലുമ്പോൾ ഉപചരിച്ചാലും. അദ്ദേഹം സൂര്യനെ സ്നേഹിയ്ക്കട്ടെ, അഗ്നിയെ സ്നേഹിയ്ക്കട്ടെ; ജനിച്ച പുത്രനെക്കൊണ്ടും, മേലിൽ ജനിയ്ക്കുന്നവനെക്കൊണ്ടും (ശത്രുക്കളെ) പിളർത്തട്ടെ! 10
അഗ്നേ, അവിടെയ്ക്കായിട്ടാണ്, യജമാനന്മാർ നാൾതോറും വരണീയങ്ങളായ വസുക്കൾ കരുതിവെയ്ക്കുന്നതു് അങ്ങയോടുകൂടിയാണ്, ധനകാംക്ഷികളായ മേധാവികൾ പൈത്തൊഴുത്തു തുറന്നതു്! 11
മനുഷ്യർക്കു സുഖമയനും, വൈശ്വാനരനും, സോമപാലനുമായ അഗ്നി ഋഷികളാൽ സ്തുതിയ്ക്കപ്പെട്ടു; ദ്രോഹിയ്ക്കാത്ത വാനൂഴികളെ ഞങ്ങൾ വിളിയ്ക്കുന്നു; ദേവന്മാരേ, നിങ്ങൾ ഞങ്ങൾക്കു സമ്പത്തും സൽപുത്രനെയും തരുവിൻ!12
[1] ദ്യോവിന്മീതേ ജനിച്ചു – സൂര്യാത്മനാ. രണ്ടാമതു – ഭൌമാഗ്നിയായിട്ട്. മൂന്നാമതു് – വൈദ്യുതാഗ്നിരൂപേണ.
[2] മൂന്നു രൂപങ്ങൾ – അഗ്നി, വായു, ആദിത്യൻ. പാർപ്പിടങ്ങൾ – ഗാർഹപത്യാദികൾ. തിരുനാമം – ജാതവേദോവൈശ്വാനരാദികൾ.
[3] അങ്ങയെ – ബഡബാഗ്നിയായ ഭവാനെ. മനുഷ്യസ്നേഹി – വരുണൻ. മനുഷ്യദ്രഷ്ടാവ് – ആദിത്യൻ. മൂന്നാംലോകത്തിൽ – മൂന്നു ലോകങ്ങളിലൊന്നായ അന്തരിക്ഷത്തിൽ. മഹാന്മാർ – മരുദാദികൾ. വർദ്ധിപ്പിച്ചു – സ്തുതികൾകൊണ്ടു്.
[4] ദാവാഗ്നിയെ സ്തുതിയ്ക്കുന്നു: അവ – ലതകൾ.
[6] തണ്ണീരിൻഗർഭം – അഗ്നി നിറയ്ക്കും – തേജസ്സുകൊണ്ടു്.
[7] കാമയമാനൻ – ഹവിസ്സിച്ഛിയ്ക്കുന്നവൻ.
[8] അന്നങ്ങൾ – വിറകുകൾ.
[10] അദ്ദേഹത്തെ – ദേവഭക്തനെ. ഉപചരിച്ചാലും – അഭീഷ്ടദാനത്താൽ,
[11] വസുക്കൾ = ധനങ്ങൾ. ധനകാംക്ഷികളായ മേധാവികൾ – അസുരാപഹൃതമായ ഗോധനത്തെ വീണ്ടേടുപ്പാനിച്ഛിച്ച ദേവന്മാർ.
[12] ദ്രോഹിയ്ക്കാത്ത – കനിവുള്ളവരായ.