ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അന്തരിക്ഷത്തിന്റെ മടിയിൽനിന്ന്, ആകാശജ്ഞനായ യാതൊരുവൻ ഹോതാവായി വെളിപ്പെട്ടു, മനുഷ്യരുടെയിടയിൽ ഇരിയ്ക്കുന്നുവോ; വിധാതാവായി വെയ്ക്കപ്പെട്ട ആ മഹാൻ സേവിയ്ക്കുന്ന നിനക്ക് അന്നവും ധനവും അരുളട്ടെ; ദേഹരക്ഷകനുമാവട്ടെ! 1
വെള്ളത്തിലൊളിച്ച തന്തിരുവടിയെ, പരിചാരകർ ഒരു കാണാതായ മാടിനെയെന്നപോലെ, കാലടികൾ നോക്കി പിന്തുടർന്നു; കാമയമാനരായ – കാംക്ഷ പൂണ്ട – ധീരരായ ഭ്രുഗുക്കൾ സ്തുതികളാൽ ആ ഗുഹാനിലീനനെ കണ്ടുപിടിച്ചു. 2
ഈ മഹാനെ വിഭൂവസ്സിന്റെ പുത്രൻ ത്രിതൻ തേടി ഭൂമിയിൽ കണ്ടെത്തി. സുഖം വളർത്തുന്ന യുവാവായ തന്തിരുവടി മേടകളിൽ നീളെ വെളിപ്പെട്ടു, യജ്ഞത്തിന്റെ പൊക്കിളായി സ്ഥിതി ചെയ്യുന്നു. 3
മാദനീയനും, യജനീയനും, ഗന്താവും, യജ്ഞനിയന്താവും, പ്രജകളുടേ സ്വാമിയും, ഹോതാവും, ഹവ്യവാഹനുമായ പാവകനെ കാമയമാനന്മാർ മനുഷ്യരിൽ പ്രതിഷ്ഠിച്ചു സ്തുതിച്ചുപോരുന്നു. 4
മേധാവികളെ താങ്ങുന്ന ജേതാവായ മഹാനെ നീ സ്തുതിപ്പാൻ നോക്കുക: അഭിജ്ഞനും, പുരന്ദരനും, വരണീയനും, സ്തുതിപ്രീതനും അരണിക്കുഞ്ഞുമായ ഹരികേശനെ മൂഢന്മാർപോലും ഒരു കുതിരയെയെന്നപോലെ തടിപ്പിച്ചു, പുകഴ്ത്തുന്നു.5
(ജ്വാലകൾ) ചുഴന്ന ത്രിതൻ ഉറപ്പിയ്ക്കാനായി യാഗശാലകളിൽ അകത്തു സ്വസ്ഥാനത്തിരിയ്ക്കും; അവിടെനിന്നു പ്രജകളുടെ ഹവിസ്സു വാങ്ങി, നേതാക്കൾക്കു കൊടുക്കാൻ നാനാമട്ടിൽ തടവില്ലാതെ നടകൊള്ളും. 6
ഇദ്ദേഹത്തിന്റെ പാവകരായ അഗ്നികൾ ജരയില്ലാത്തവരും, ദമനീയരെ പിന്നിടിവിയ്ക്കുന്നവരും, പൂജനീയമായ പുകയോടുകൂടിയവരും, വെണ്മ ചേർന്നവരും, ഭരിയ്ക്കുന്നവരും, വനത്തിൽ വസിയ്ക്കുന്നവരും, നടക്കുന്ന സോമങ്ങൾപോലെ ക്ഷിപ്രകർമ്മാക്കളുമാകുന്നു! 7
ആർ നാവുകൊണ്ടു കർമ്മത്തെയും മനസ്സുകൊണ്ടു ഭൂമിയുടെ സ്തോത്രങ്ങളെയും വഹിയ്ക്കുന്നുവോ; ആ ജ്വലിയ്ക്കുന്ന, മാദനീയനായ, യജനീയനായ, പാവകനായ അഗ്നിയെ ആളുകൾ ഹോതാവാക്കിവെച്ചിരിയ്ക്കുന്നു! 8
ആരെ ദ്യാവാപൃഥിവികളും, തണ്ണീരുകളും, ത്വഷ്ടാവും, ആരെ ബലംകൊണ്ടു ഭൃഗുക്കളും ജനിപ്പിച്ചുവോ; ആ സ്തുത്യനും യഷ്ടവ്യനുമായ അഗ്നിയെ മുമ്പേ വായുവും മനുവിന്നായി ദേവന്മാരും നിർമ്മിച്ചുവെച്ചു. 9
അഗ്നേ, നിന്തിരുവടിയെ ദേവന്മാർ ഹവ്യവാഹനാക്കിവെച്ചു; തുലോം സസ്പൃഹരായ മനുഷ്യർ യജനീയനുമാക്കി. ആ നിന്തിരുവടി യജ്ഞത്തിൽ സ്തുതിയ്ക്കുന്നവന്ന് അന്നം തന്നാലും: ദേവകാമന്നു വളരെ യശസ്സ് ഉണ്ടായിവരുമല്ലോ! 10
[1] തന്നോടുതന്നെ പറയുന്നു: അന്തരിക്ഷത്തിന്റെ മടിയിൽനിന്ന് – വൈദ്യുതാവസ്ഥയിൽനിന്ന്. വിധാതാവ് – യജ്ഞനിർവാഹകൻ. ആ മഹാൻ – അഗ്നി.
[2] പരിചാരകർ – ഋഷിമാർ.
[3] ത്രിതൻ – ഒരു ഋഷി. മേടകളിൽ – യജമാനഗൃഹങ്ങളിൽ. പൊക്കിൾ – പ്രധാനാംഗം.
[4] മാദനീയൻ = മത്തുപിടിപ്പിയ്ക്കപെടേണ്ടുന്നവൻ. കാമയമാനന്മാർ – സൽഫലകാംക്ഷികൾ, ഋത്വിക്കുകൾ. മനുഷ്യർ – യഷ്ടാക്കൾ.
[5] അന്തരാത്മാനോട്: ഹരികേശൻ = അഗ്നി. തടിപ്പിച്ചു – ഹവിസ്സു കൊണ്ടു വളർത്തി.
[6] ത്രിതന്‍ – ഗാര്‍ഹപത്യാഹവനീയദക്ഷിണരൂപനായ അഗ്നി. ഉറപ്പിയ്ക്കാന്‍ – യജമാനഗൃഹത്തെ. നേതാക്കള്‍ – ദേവന്മാര്‍.
[7] ഇദ്ദേഹം – യജമാനൻ. അഗ്നികൾ – അഗ്നി; പൂജാർത്ഥം, ബഹുവചനം. ധമനീയരെ പിന്നിടുവിയ്ക്കുന്നവര്‍ – ആരാധകരെ രക്ഷപ്രഭ്രുതികള്‍ക്കപ്പുറത്താക്കുന്നവര്‍. ക്ഷിപ്രകര്‍മ്മാക്കള്‍ – ഉടനടി ഫലം കൊടുക്കുന്നവര്‍.
[8] നാവ് – ജ്വാല. കർമ്മം – ആഹൂതി. ഭൂമിയുടെ – ഭൂവാസിജനങ്ങളുടെ.
[9] ബലം – സ്തുത്യാദിസാധനം.
[10] സ്തുതിയ്ക്കുന്നവന്ന് – എനിയ്ക്ക്.