ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
സ്തുതിയ്ക്കുന്നവന്നു ഞാൻ മികച്ച സമ്പത്തു നല്കും: എന്നെത്തന്നെ വർദ്ധിപ്പിപ്പാൻ, സ്തോത്രം ചൊല്ലിയ്ക്കും. യഷ്ടാവിന്നു ഞാൻ അയച്ചുകൊടുക്കും; അയഷ്ടാവിനെ യുദ്ധത്തിലെല്ലാം ആക്രമിയ്ക്കും! 1
ദേവകളിൽവെച്ച് ഇന്ദ്രനെന്ന എന്നെയാണ്, ദ്യാവാപൃഥിവ്യന്തരിക്ഷപ്രജകൾ പുലർട്ട്ഹിപ്പോരുന്നത്. എനിയ്ക്കു, വൃഷാക്കളും വിവിധകർമ്മാക്കളും വിദ്രുതഗതികളുമായ രണ്ടു ഹരികളുണ്ടു്; ഞാൻ ബലത്തിന്നു ധർഷകമായ വജ്രവുമെടുക്കും. 2
ഞാൻ ഉശനസ്സിന്നുവേണ്ടി അൽക്കനെ അടിച്ചിടിച്ചുകൊന്നു. ഞാൻ കുത്സനെ ഇത്തരം രക്ഷകൾകൊണ്ടുതന്നെ രക്ഷിച്ചു: ഞാൻ ശുഷ്ണനെ വധിപ്പാൻ വജ്രം മുറുകെപ്പിടിച്ചു. ഞാൻ ദസ്യൂവിന്ന് ആര്യനാമം കൊടുക്കില്ല. 3
ഞാൻ, ഒരച്ഛൻപോലെ, വേതസു കുത്സന്നു കൊടുക്കാൻ തുഗ്രനെയും സ്മദിഭനെയും വഴങ്ങിച്ചു. ഞാൻ പുത്രന്നെന്നപോലെ, ശത്രുധർഷണത്തിന്നു പ്രിയങ്ങൾ കൊണ്ടുവന്നു, യഷ്ടവിനെ പ്രശോഭിപ്പിയ്ക്കും. 4
ഞാൻ ശ്രുതർവാവിന്നുവെണ്ടി അദ്ദേഹം എങ്കൽ വന്നു, വിടാതെ നിന്നു സ്തുതിച്ചതിനാൽ – മൃഗയനെ വഴങ്ങിച്ചു. ഞാൻ ആയുവിന്നു വേണ്ടി വേശനെ കുമ്പിടുവിച്ചു. ഞാൻ സവ്യന്നുവേണ്ടി ഷഡ്ഗൃഭിയെ വഴങ്ങിച്ചു. 5
വൃത്രഹന്താവായ ഞാനാണ്, വൃത്രനെപ്പോലേ നാശം വരുത്തിയിരുന്ന നവവാസ്ത്വനെയും ബൃഹദ്രഥനെയും ചതച്ചതു് വർദ്ധമാനൻ, പ്രഥമാനൻ എന്നിവരെ ഞാൻ വിടാതെനിന്നു, രോചനലോകത്തിന്റെ അങ്ങേഅറ്റത്തെയ്ക്കയച്ചു. 6
ഞാൻ പായുന്ന വിചിത്രസൂര്യാശ്വങ്ങളിൽ കേറി, ചുറ്റും ഓജസ്സോടേ സഞ്ചരിയ്ക്കും. മനുഷ്യന്റെ പിഴിയൽ എന്നെ യജ്ഞസിദ്ധിയ്ക്കു വിളിച്ചാലപ്പോൾ, ഞാൻ വധ്യനായ ദാസനെ ആയുധങ്ങൾ കൊണ്ടു നറുക്കും. 7
ഏഴുപേരെ കൊന്നവനും, ബന്ധിയ്ക്കുന്നവനെപ്പോലും തുലോം ബന്ധിയ്ക്കുന്നവനുമായ ഞാൻ കരുത്തുകൊണ്ടു തുവർശനെയും യദുവിനെയും വിശ്രുതരാക്കി. മറ്റുള്ളവരെയും ഞാൻ ബലംകൊണ്ടു ബലവാന്മാരാക്കിയിരിക്കുന്നു. ഞാൻ തഴച്ച തൊണ്ണൂറ്റൊപതെണ്ണത്തെ തകർത്തു. 8
വൃഷാവായ ഞാൻ നില്ക്കാതെ പായുന്ന ഏഴുനദികളെ ഭൂമിയിൽ നിർത്തിയിരിയ്ക്കുന്നു; ശോഭനകർമ്മാവായ ഞാൻ വെള്ളം നല്കിപ്പോരുന്നു. മനുഷ്യന്നു നടക്കാൻ നിരുപദ്രവമായ വഴിയും കിട്ടിച്ചിരിയ്ക്കുന്നു. 9
യാതൊന്നു നിർത്താൻ ത്വഷ്ടാവായ ദേവൻ ആളായില്ലയോ; ആ സ്പൃഹണീയവും, സുഖകരമായ സോമത്തിൽ ചേർക്കാനുള്ളതുമായ വെൺപാൽ ഞാൻ ഈ ഗോക്കളുടെ അകിട്ടിലും, മഴ തുടങ്ങുന്നതുവരെയുള്ള വെള്ളം പുഴകളിലും നിർത്തിയിരിയ്ക്കുന്നു. 10
ഇങ്ങനെ, മഘവാവായ, സത്യധനനായ ഇന്ദ്രൻ ബലത്താൽ ദേവന്മാരെയും മനുഷ്യരെയും പ്രേരിപ്പിയ്ക്കുന്നു. ഹരിയുക്ത, കർമ്മവൻ, സ്വയം പുകഴ്‌ന്നവനേ, അവിടുന്നു ചെയ്തതെല്ലാം വെമ്പൽകൊള്ളുന്നവർ വാഴ്ത്തിപ്പാടുന്നു. 11
[1] അയച്ചുകൊടുക്കും – ധനം.
[2] പുലർത്തിപ്പോരുന്നതു് – ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും.
[3] അൽക്കൻ – ഉശനസ്സിന്റെ ഒരു ശത്രു. ആര്യനാമം – ആര്യന്മാർക്കു കൊടുക്കേണ്ടുന്ന വെള്ളം; അഥവാ, നല്ല പേര്, യശസ്സ്.
[4] അച്ഛൻപോലെ – അച്ഛൻ മകനെന്നപോലെ. വേതസു – ഒരു നാട്. തുഗ്രനും സ്മദിഭനും രാജാക്കന്മാരത്രേ. പ്രിയങ്ങൾ – ഇഷ്ടവസ്തുക്കൾ.
[5] മൃഗയൻ – ഒരസുരൻ. വേശൻ – ആയുവിന്റെ ഒരു ശത്രു. സവ്യൻ, ഷഡ്ഗൃഭി – പേരുകൾ.
[6] നവവാസ്ത്വൻ, ബൃഹദ്രഥൻ, വർദ്ധമാനൻ, പ്രഥമാനൻ – നാലും പേരുകൾ. രോചനം – സ്വർഗ്ഗം.
[7] സഞ്ചരിയ്ക്കും – സൂര്യത്മനാ. മനുഷ്യന്റെ പിഴിയൽ – സോമം പിഴിയുന്ന മനുഷ്യൻ. ദാസനെ – നാശം വരുത്തുന്ന ശത്രുവിനെ.
[8] ഏഴുപേർ – നമുചിപ്രഭൃതികൾ. മറ്റുള്ളവർ മറ്റു സ്തോതാക്കന്മാർ, തൊണ്ണൂറ്റൊമ്പതെണ്ണത്തെ – തൊണ്ണൂറ്റൊമ്പത് അസുരപുരികളെ.
[9] നിർത്തുക – ഏർപ്പെടുത്തുക.
[11] രണ്ടാംവാക്യം പ്രത്യക്ഷം: വെമ്പൽകൊള്ളുന്നവർ – കർമ്മസത്വരർ, ഋത്വിക്കുകൾ.