വൈകുഃണ്ഠന്ദ്രൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വൈകുണ്ഠേന്ദ്രൻതന്നെ ദേവത.
ഞാനാണ്, ധനത്തിന്റെ പ്രധാനാധിപതി: ഞാൻ വളരെയാളുകളിൽനിന്നു ധനം പിടിച്ചടക്കും. എന്നെ പ്രാണികൾ അച്ഛനെപ്പോലെ വിളിയ്ക്കും: ഞാൻ ഹവിർദ്ദാതാവിന്നു ഭക്ഷണം കൊടുക്കും. 1
ഇന്ദ്രനായ ഞാൻ അഥർവപുത്രന്റെ തല കൊയ്തു; ത്രിതന്നുവേണ്ടി മേഘത്തിന്മേൽ വെള്ളം പുറപ്പെടുവിച്ചു. ഞാൻ ദസ്യുക്കളിൽ നിന്നു ധനം പിടിച്ചടക്കും. ഞാൻ മാതരിശ്വപുത്രനായ ദധീചിയ്ക്കായി മഴക്കാറിനെ വഴങ്ങിച്ചു. 2
എനിയ്ക്കായി ത്വഷ്ടാവ് ഒരിരിമ്പുവജ്രം ഉണ്ടാക്കി; ദേവന്മാർ കാര്യവും എങ്കൽ ചുമത്തി. എന്റെ സൈന്യം, സൂര്യന്റേതുപോലെ ദുസ്തരമാകുന്നു. ചെയ്തതുകൊണ്ടും ചെയ്യാൻപോകുന്നതുകൊണ്ടും എന്നെ അധിപതിയാക്കിയിരിയ്ക്കുന്നു. 3
ഗോവ്, അശ്വം, പാലുള്ള പശു, സ്വർണ്ണം എന്നിവയെ ഞാൻ ആയുധംകൊണ്ടു (വെന്നടക്കും). സ്തോത്രോപേതങ്ങളായ സോമങ്ങൾ എന്നെ മത്തുപിടിപ്പിച്ചാൽ, ഹവിർദ്ദാതാവിന്നുവേണ്ടി ഞാൻ അനേകായിരം (ആയുധങ്ങൾ)മൂർച്ചകൂട്ടും! 4
ഇന്ദ്രനായ ഞാൻ ധനത്തിൽ പരാജയപ്പെടില്ല; ഞാൻ ഒരിയ്ക്കലും മൃത്യുവിന്നു വഴങ്ങില്ല. സോമം പിഴിയുന്നവരേ, നിങ്ങൾ എന്നോടുതന്നേ സമ്പത്തു യാചിച്ചുകൊള്ളുവിൻ; മനുഷ്യരേ, നിങ്ങൾ എന്റെ സഖ്യത്തിൽ വഴുതരുത്. 5
എവർ ഇന്ദ്രമായ വജ്രത്തെ പോരിന്നിറക്കിയോ, ആ ബലിഷ്ഠരെ ഈരണ്ടായി ഞാൻ ഹനിച്ചിരിയ്ക്കുന്നു – വെല്ലുവിളിച്ചരെ കുമ്പിടുവിച്ചു, കൂമ്പിടാത്ത ഞാൻ ഉറപ്പു പറഞ്ഞ് ആയുധംകൊണ്ടു ഹനിച്ചിരിയ്ക്കുന്നു. 6
അമർഷിയായ ഞാൻ ഇപ്പോൾ ഒരുവനെ ഒറ്റയ്ക്കെതിർക്കും; ഇരുവരെയും, മുവ്വരുണ്ടെങ്കിൽ അവരെയും എതിർക്കും. വളരെ നിഷ്ഠുരരെ ഞാൻ, കളത്തിലെന്നപോലെ കൊയ്തു കൂട്ടിയിരിയ്ക്കുന്നു. എന്നെ നിന്ദിച്ചുകളയുമോ, ഇന്ദ്രനില്ലാത്ത ശത്രുക്കൾ? 7
പർണ്ണയനെയും, കരഞ്ജനെയും ഹനിച്ച മഹായുദ്ധത്തിൽ വിളിപ്പെട്ട ഞാൻ ഗുംഗുവിന്നായി, ഹവിസ്സർപ്പിച്ച ശത്രുഹന്താവായ അതിഥിഗ്വനെ, പ്രജകളിൽ അന്നത്തെയെന്നപോലെ നിലനിർത്തി. 8
എന്റെ സ്തോതാവു സേവ്യനായി അന്നവും ഭോഗവും നേടും; അവങ്കൽ (ആളുകൾ) ഗോലബ്ധിയ്ക്കും സഖ്യത്തിന്നും – രണ്ടിന്നും – ചെല്ലും. എന്തുകൊണ്ടെന്നാൽ, അവന്നുവേണ്ടി ഞാൻ യുദ്ധങ്ങളിൽ ആയുധമെടുക്കും; അതോടേ, അവനെ സ്തുതിയ്ക്കും ഉക്ഥത്തിനും അർഹനുമാക്കും. 9
ഒരുവങ്കൽ ഇടയ്ക്കു സോമം കണ്ടാൽ, അവനെ (ഇന്ദ്രൻ)വജ്രം കൊണ്ടു കാത്തരുളും: ആ കൊമ്പു കൂർത്ത വൃഷഭനോടു പൊരുതാനൊരുങ്ങിയ ദ്രോഹിയോ, കെട്ടു പെട്ടു കൂരിരുട്ടിൻനടുവിൽ കിടക്കും! 10
ആദിത്യർ, വസുക്കൾ, മരുത്തുക്കൾ എന്നീ ദേവന്മാരുടെ പാർപ്പിടത്തെ ദേവനായ ഞാൻ ദ്രോഹിയ്ക്കില്ല: അവർ എന്നെ നല്ല ബലമുള്ളവനും അജിതനും അഹിംസിതനും അധർഷിതനുമാക്കിത്തീർക്കട്ടെ! 11
[1] സപ്തഗുസ്തുതനായ വൈകുണ്ഠേന്ദ്രൻ സഹർഷനായി ആത്മസ്തുതി ചെയ്യുന്നു: ആളുകൾ – ശത്രുജനങ്ങൾ. പ്രാണികൾ – യജമാനന്മാർ. അച്ഛനെപ്പോലെ – മക്കൾ അച്ഛനെ വിളിയ്ക്കുന്നതുപോലെ.
[2] അഥർവപുത്രന്റെ – ഇന്ദ്രശാസനം ഗണിയ്ക്കാതേ മധുവിദ്യ അശ്വികൾക്കുപദേശിച്ച ദധീചന്റെ. 1 – 116 – 12-ാം ഋക്കു നോക്കുക. ത്രിതന്നുവേണ്ടി – കിണറ്റിൽ വീണ ത്രിതനെന്ന ഋഷി ഇന്ദ്രനോടു കേറ്റാൻ പ്രാർത്ഥിച്ചതു് ഈ മണ്ഡലത്തിലെ 33-ാംസൂക്തത്തിൽ രണ്ടാംഋക്കിലുണ്ടു്. വഴങ്ങിച്ചു – മഴ പെയ്യിച്ചു.
[3] കാര്യം – ശത്രുവധാദി. ആക്കിയിരിയ്ക്കൂന്നു – ദേവന്മാർ.
[4] ഗോവ് – മാട്.
[5] പരാജയപ്പെടില്ല – എന്റെ ധനം അജയ്യ്യമാകുന്നു. വഴുതരുത് – ഉറച്ചുനില്ക്കണം.
[6] ഇന്ദ്രം – വൈരികളെ പിളർത്തുന്നതു്. പോരിന്നിറക്കിയോ – വജ്രവാനായ എന്നോടു പൊരുതിയോ. ഈരണ്ടായി – ഒരേസമയത്തു രണ്ടെതിരാളികളോടു യുദ്ധംചെയ്ത് എന്നർത്ഥം. ഉറപ്പു – ‘നിങ്ങളെ ഞാൻ കൊല്ലു’മെന്ന്,
[7] കളം – കൊയ്ത നെല്ലും മറ്റും കൂട്ടിവെയ്ക്കുന്ന സ്ഥലം. ഇന്ദ്രനില്ലാത്ത – ഇന്ദ്രനെ ഗണിയ്ക്കാത്ത. നിന്ദിച്ചുകളയുമോ – നിന്ദിപ്പാൻ ശക്തരാകില്ല.
[8] വിളിപ്പെട്ട – വിജയിച്ചതിനാൽ. ഗുംഗു – ഒരു രാജ്യം; അതിനെ രക്ഷിപ്പാൻ. അതിഥിഗ്വൻ – ദിവോദാസൻ.
[10] ഒരു യഷ്ടാവും അയഷ്ടാവും തമ്മിൽ യുദ്ധം ചെയ്യുമ്പോൾ, ഇന്ദ്രൻ സോമാർപ്പകനെയേ സഹായിയ്ക്കൂ. കൊമ്പ് – ആയുധം. വൃഷഭൻ – ശരവർഷി; ഇന്ദ്രന്റെ അനുഗ്രഹത്താൽ ശരവർഷണശക്തനായിത്തീർന്ന യഷ്ടാവ് അയഷ്ടാവായ ദ്രോഹിയെ പിടിച്ചു തടവിലിടും.