ഋഷിദേവതകൾ മുമ്പേത്തവ; ജഗതിയും അഭിസാരിണിയുംത്രിഷ്ടുപ്പും ഛന്ദസ്സുകൾ.
ആരുടെ മഹനീയമായ ബലത്തെയും, മഹത്തായ അന്നത്തെയും, സുഖത്തെയും ദ്യാവാപൃഥിവികൾ പൂജിച്ചുപോരുന്നുവോ; സോമത്താൽ ഇമ്പംകൊള്ളുന്നവനും, സർവനേതാവും, സർവഭാവയിതാവുമായ ആ ഇന്ദ്രനെ ഭവാൻ സ്തുതിച്ചാലും. 1
ആ ഇന്ദ്രന്‍ സഖാവാല്‍ സ്തുതിയ്ക്കപ്പെടുന്നവനും, മര്‍ത്ത്യഹിതനും, ഈശ്വരനും, എന്നെപ്പോലുള്ള മനുഷ്യന്നു സംസേവ്യനുമാകുന്നു. സല്പതേ, ശൂര, എല്ലാച്ചുമതലകള്‍ക്കും ബലക്യത്യങ്ങള്‍ക്കും, മേഘത്തിലെ വെള്ളങ്ങള്‍ക്കും നിന്തിരുവടിതന്നേ സ്തുതിയ്ക്കപ്പെടുന്നു. 2
ഇന്ദ്ര, അങ്ങയുടെ അന്നവും അങ്ങയുടെ സുഖധനങ്ങളും നേടിയ മനുഷ്യര്‍ ആരാരുള്ളൂ? ആര്‍ അങ്ങയുടെ അസുരവധബലത്തിന്നായി ഹവിസ്സയയ്ക്കും?ആര്‍ തന്‍റെ വെള്ളത്തിന്നും കൃഷിനിലത്തിന്നും പൌരുഷത്തിന്നുമായി ഹവിസ്സയയ്ക്കും? 3
ഇന്ദ്ര, അങ്ങ് മികച്ച സ്തോത്രത്താൽ മഹാനായി; അങ്ങ് സവനങ്ങളിലെല്ലാം യജനീയനായി; അങ്ങ് എല്ലാപ്പോരിലും നേതാക്കളെ വീഴ്ത്തുന്നവനായി. എല്ലാം കാണുന്നവനേ, അങ്ങ് മന്ത്രാർഹനായി, മൂത്തവനുമായി! 4
മൂത്തവനായ ഭവാൻ യജ്ഞസേവകരെ ക്ഷിപ്രം രക്ഷിച്ചാലും: മനുഷ്യർക്കറിയാം, അങ്ങയുടെ രക്ഷ മഹത്താണെന്ന്. അവിടുന്നു ജരാരഹിതനാവുക, ക്ഷിപ്രം തടിയ്ക്കുകയുംചെയ്ക: ഈ സവനങ്ങളെയൊക്കെ അവിടുന്നാണല്ലോ, ത്വരിപ്പിയ്ക്കുന്നതു്! 5
ബലവാനേ, അങ്ങ്, താൻതന്നേ നിലനിർത്തുന്ന ഈ സവനങ്ങളെയൊക്കെ സത്വരങ്ങളാക്കുന്നു. നിവാരകനായ നിന്തിരുവടി രക്ഷിയ്ക്കുക; നിലനിർത്താൻ ധനം തരിക. മന്ത്രവും മികച്ച സ്തോത്രവും ഉയരുന്നു. 6
മേധാവിൻ, ഭവാങ്കൽനിന്നു ധനങ്ങളും ധനവും കിട്ടാൻ, സ്തോതാക്കൾ ഒത്തൊരുമിച്ചു പിഴിഞ്ഞിരിയ്ക്കുന്നു. അവർ മനോമാർഗ്ഗത്തിലൂടേ സുഖം നേടാൻ ശക്തരാകട്ടെ, പിഴിഞ്ഞ സോമത്താൽ അവിടെയ്ക്കു മത്തുണ്ടാകുമ്പോൾ! 7
[1] സ്തോതാവിനോട്: സർവഭാവയിതാവ് – എല്ലാവരെയും പുലർത്തുന്നവൻ.
[2] ഉത്തരാർദ്ധം പ്രത്യക്ഷം: ബലകൃതങ്ങൾ – അസുരവധാദികൾ.
[3] ഇത്തരം മഹാന്മാർ ദുർല്ലഭരാണെന്നർത്ഥം.
[4] നേതാക്കൾ – എതിർപടത്തലവന്മാർ. മൂത്തവൻ – വയസ്സേറിയവൻ.
[5] തടിയ്ക്കുക – ഹവിർഭക്ഷണത്താൽ.
[6] മന്ത്രവും – അങ്ങയെക്കുറിച്ച്.
[7] ധനങ്ങളും ധനവും – ഐഹികഭോഗ്യങ്ങളും സ്വർഗ്ഗവും. മനോമാർഗ്ഗം – സ്തോത്രം.