ദേവകൾ ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
‘അഗ്നേ, ജാതവേദസ്സേ, യാതൊന്നിനാൽ ആവേഷ്ടിതനായിട്ടാണോ, ഭവാൻ വെള്ളമുൾപ്പുക്കത്, ആ ഉറ വലുതായിരുന്നു; അതു തടിച്ചതായിരുന്നു! അങ്ങയുടെ ബഹുവിധങ്ങളായ അംഗങ്ങളെല്ലാം ഒരു ദേവൻ കണ്ടെത്തി!’ 1
‘എന്നെ ആർ കണ്ടെത്തി? ഏതാണ്, എന്റെ ബഹുവിധങ്ങളായ അംഗങ്ങൾ കണ്ട ദേവൻ? ഹേ മിത്രാവരുണന്മാരേ, അഗ്നിയുടെ തിളങ്ങുന്ന ദേഹമെല്ലാം എവിടെയിരിയ്ക്കുന്നു?’ 2
‘ജാതവേദസ്സേ, അഗ്നേ, വെള്ളത്തിലും സസ്യങ്ങളിലും ബഹുപ്രകാരേണ പ്രവേശിച്ച ഭവാനെ തിരയുകയാണ്, ഞങ്ങൾ: ചിത്ര ഭാനോ, പത്തു നിഗൂഢസ്ഥാനത്തുനിന്നു കവിഞ്ഞുജ്ജ്വലിയ്ക്കുന്ന ആ ഭവാനെ കണ്ടുപിടിച്ചതു, യമനാണ്.’ 3
‘വരുണ, ഹോത്രം പേടിച്ചാണ്, ഞാൻ പോന്നതു്. എന്നെ മുമ്പേത്തെപ്പോലെ അതിൽ ദേവന്മാർ ഏർപ്പെടുത്തരുത്. അതിന്നാണു്, എന്റെ അംഗങ്ങളെ ബഹുപ്രകാരേണ വെച്ചിരിയ്ക്കുന്നതു്. ഇക്കാര്യം അഗ്നിയായ ഞാൻ അറിയില്ല!’ 4
‘അഗ്നേ, വരൂ: ദേവകാമനായ മനു യജിപ്പാനിച്ഛിയ്ക്കുന്നു. ഭവാനോ, ചമഞ്ഞ് ഇരുട്ടിലിരിയ്ക്കയാണു്! ദേവകളിലെയ്ക്കുള്ള വഴികൾ ഭവാൻ സുഗമമാക്കണം: മനംതെളിഞ്ഞു ഹവിസ്സു വഹിച്ചാലും!’ 5
‘അഗ്നിയുടെ ജ്യേഷ്ഠന്മാർ, തേരാളി മാർഗ്ഗമെന്നപോലെ, ഇക്കാര്യം മുറയ്കു സ്വീകരിച്ചുപോന്നു. വരുണ, അതിനാൽ പേടിച്ചാണ് ഞാൻ, അമ്പെയ്യുന്നവന്റെ വിൽഞാണിന്നടുക്കൽനിന്ന് ഒരു ഗൗരമൃഗംപോലെ വിറച്ചുംകൊണ്ടു ദൂരത്തെയ്ക്കു പോന്നതു്!’ 6
‘അഗ്നേ, ജാതവേദസ്സേ, ഭവാൻ മരിച്ചുപോകാത്തവണ്ണം, ഞങ്ങൾ ഭവാനു ജരാരഹിതമായ ആയുസ്സുണ്ടാക്കാം. സുജന്മാവേ, ഭവാൻ മനംതെളിഞ്ഞു, ദേവന്മാർക്കു ഹവിർഭാഗം വഹിയ്ക്കുക!’ 7
‘ദേവന്മാരേ, സാരവത്തായ ഹവിർഭാഗം – പ്രയാജവും അനുയാജവും – നിങ്ങൾ എനിയ്ക്കുതന്നെ തരണം; വെള്ളത്തിന്റെ സത്തായ നെയ്യ്, സസ്യങ്ങളുടെ പുരുഷഭാഗം എന്നിവയും തരണം. അഗ്നിയ്ക്കു ദീർഗ്ഘായുസ്സുമുണ്ടാകട്ടെ!’ 8
‘സാരവത്തായ ഹവിർഭാഗം – പ്രയാജവും അനുയാജവും – അങ്ങയ്ക്കുതന്നെയായ്ക്കൊള്ളട്ടെ; അഗ്നേ, ഈ യജ്ഞമൊക്കെ അങ്ങയ്ക്കായ്ക്കൊള്ളട്ടെ. നാലുദിക്കുകളും അങ്ങയെ നമസ്ക്കരിയ്ക്കട്ടെ!’ 9
[1] ജ്യേഷ്ഠന്മാർ വധിയ്ക്കപ്പെട്ടതിനാൽ പേടിപിടിച്ച സൗചീകൻ എന്ന അഗ്നി ദേവന്മാരില്‍നിന്നു പൊന്നു വെള്ളത്തിലൊളിച്ചു. തിരഞ്ഞുചെന്ന ദേവന്മാർ മത്സ്യങ്ങളാൽ കാട്ടിക്കൊടുക്കപ്പെട്ട അദ്ദേഹത്തോടു പറയുന്നു: – ഉറ – ഗർഭസ്ഥ ശിശുവിനെ പൊതിയുന്ന ഒരുതരം ചർമ്മം.
[2] ഈ ഋക്കിന്റെ ഋഷി അഗ്നിയും ദേവത ദേവകളുമാകുന്നു: അഗ്നിയുടെ – എന്റെ.
[3] പത്തു നിഗൂഢസ്ഥാനം – ഭൂമി, അന്തരിക്ഷം, ആകാശം, അഗ്നി, വായു, ആദിത്യൻ, വെള്ളം, സസ്യം, വൃക്ഷം, പ്രാണിശരീരം.
[4] ഹോത്രം – ഹവിസ്സു ചുമക്കൽ. അതിന്ന് – ഏർപ്പെടുത്താതിരിപ്പാൻ. അറിയില്ല – ഏറ്റെടുക്കില്ല.
[5] ദേവന്മാർ വീണ്ടും അഗ്നിയെ വിളിയ്ക്കുന്നു: ചമഞ്ഞ് – കോപ്പണിഞ്ഞ്.
[6] അഗ്നി: അഗ്നിയുടെ എന്റെ. ഇക്കാര്യം – ഹവിർവഹനം.
[7] ദേവന്മാർ:
[8] അഗ്നി: പ്രയാജവും അനുയാജവും – പേരുകൾ. പുരുഷഭാഗം – ബലവത്തായ അംശം. അഗ്നിയ്ക്കു – എനിയ്ക്ക്.
[9] ദേവന്മാർ: