സൌചീകാഗ്നി ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
വിശ്വേദേവകളേ, ഇതിൽ ഹോതാവായി വരിയ്ക്കപ്പെട്ട ഞാൻ ഇരുന്നു സ്തുതിയ്ക്കേണ്ടതെങ്ങനെ എന്നു നിങ്ങൾ ഉപദേശിച്ചാലും; എനിയ്ക്കുള്ള ഭാഗം ഏതെന്നും, ഞാൻ നിങ്ങൾക്കു ഹവിസ്സു കൊണ്ടുവരേണ്ടുന്ന വഴി ഏതെന്നും പറയുകയുംചെയ്യുവിൻ. 1
മികച്ച യഷ്ടാവായ ഞാൻ ഹോതാവായുപവേശിച്ചു: വ്യാപികളായ മരുദ്ദേവന്മാർ എന്നെ പ്രേരിപ്പിയ്ക്കുന്നു. അശ്വികളേ, നിങ്ങൾ നടത്തണം, നാൾതോറും അധ്വര്യുകർമ്മം. ചന്ദ്രനാവട്ടേ, ബ്രഹ്മൻ. ആ ആഹുതി നിങ്ങൾക്കാണ് 2
ആരാണ്, ഈ ഹോതാവ്? അയാൾ മരണഭയത്താൽ, ദേവകൾക്കുള്ള ഏതോ ഹവിസ്സു വഹിച്ചുപോരുന്നു; ഓരോ ദിവസത്തിലും ഓരോ മാസത്തിലും ജനിയ്ക്കുന്നു. അയാളെ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നു. 3
വിട്ടുപോയി തിരിയേവന്ന, വളരെ ദുർഗ്ഗമങ്ങളിൽ നടന്ന എന്നെ ദേവന്മാർ ഹവ്യവാഹനാക്കിയിരിയ്ക്കുന്നു: ‘വിദ്വാനായ അഗ്നി അഞ്ചു ഗതിയും മൂന്നാവൃത്തിയും ഏഴുനൂലുമുള്ള യജ്ഞത്തെ നമുക്ക് ഏർപ്പെടുത്തും!’ 4
ദേവന്മാരെ, ഞാൻ നിങ്ങളോട് അമരത്വവും സൽപുത്രനെയും യാചിയ്ക്കുന്നു: ഞാൻ നിങ്ങളെ പരിചരിച്ചുകൊള്ളാം: ഞാൻ ഇന്ദ്രനെക്കൊണ്ടു വജ്രം കയ്യിലെടുപ്പിയ്ക്കാം: എന്നാൽ ഈ പടകളെയൊക്കെ ജയിച്ചുകൊള്ളുമല്ലോ. 5
മുവ്വയിരത്തിമുന്നൂറ്റിമുപ്പത്തൊമ്പതു ദേവന്മാർ അഗ്നിയെ പരിചരിച്ചു: നെയ്യു തേപ്പിച്ചു; ദർഭ വിരിച്ചു; എന്നിട്ട് അദ്ദേഹത്തെ നിയമേന ഹോതാവാക്കിവെച്ചു. 6
[1] ഇത് – യജ്ഞം.
[2] ഉപവേശിയ്ക്കുക = ഇരിയ്ക്കുക. പ്രേരിപ്പിയ്ക്കുന്നു – ഹവിസ്സു വഹിപ്പാൻ. ചന്ദ്രൻ – സോമം. ബ്രഹ്മൻ – ബ്രഹ്മനെന്ന ഋത്വിക്ക്. ആ ആഹുതി നിങ്ങൾക്കാണ് – അധ്വര്യുകർമ്മം എന്നതിന്റെ വിവരണമാണിതു്.
[3] അഗ്നി ആത്മാവിനോടു പറയുന്നു: ആരാണ്, ഈ ഹോതാവ് എന്ന ചോദ്യത്തിന്റെ ഉത്തരമാണു്, അനന്തരഭാഗം. ഓരോ ദിവസത്തിലും – അഗ്നിഹോത്രത്തിന്ന്. ഓരോ മാസത്തിലും – പിതൃയജ്ഞത്തിന്ന്.
[4] മൂന്നാവൃത്തി – സവനത്രയം. ഏഴുനൂൽ – സപ്തച്ഛന്ദസ്സുകൾ. ‘വിദ്വാനായ........... ഏർപ്പെടുത്തും’ എന്നു കരുതി, ഹവ്യവാഹനാക്കിയിരിയ്ക്കുന്നു.
[5] എടുപ്പിയ്ക്കാം – ഹവിസ്സു ഭുജിപ്പിച്ചു ബലവാനാക്കാം. ഈ പടകളെ – ശത്രുസേനകളെ.