വാമദേവഗോത്രൻ ബൃഹദുക്ഥൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
മഘവാവേ, ഇന്ദ്ര, അങ്ങയുടെ ആ മഹത്ത്വകീർത്തി വഴിപോലെ (ഞാൻ വർണ്ണിയ്ക്കാം): ഭയപ്പെട്ട വാനൂഴികൾ അങ്ങയെ വിളിച്ചപ്പോൾ, അങ്ങ് ദേവന്മാരെ രക്ഷിച്ചു; ദാസനെ വധിച്ചു; സ്വന്തം ആൾക്കു ബലവും നല്കി! 1
ഇന്ദ്ര, അവിടുന്നു തടിച്ച തിരുവുടലുമായി, ആളുകളിൽ ബലം കീർത്തിച്ചുകൊണ്ടു നടന്നുവല്ലോ; അത് ഒരു നുണതന്നെയാണ്. അങ്ങയുടെ യുദ്ധങ്ങൾ പറയപ്പെടുന്നുണ്ടു്; എന്നാൽ അങ്ങയ്ക്ക് ഒരു ശത്രുവിനെ ഇന്നും പണ്ടും കിട്ടിയിട്ടില്ല! 2
അങ്ങയുടെ ഓരോ മഹിമാവിന്റെയും അറ്റം ഞങ്ങൾക്കു മുമ്പുള്ള ഏതൃഷിമാർ കണ്ടെത്തിയിട്ടുണ്ടു്? അച്ഛനമ്മമാരെ ഒപ്പം സ്വശരീരത്തിൽനിന്നു ജനിപ്പിച്ചവനാണല്ലോ, അങ്ങ്! 3
അല്ലയോ മഘവാവേ, മഹാനായ അവിടെയ്ക്ക് അസുരഘ്നങ്ങളും അഹിംസ്യങ്ങളുമായ നാലു ശരീരങ്ങളുണ്ടു് അവയെല്ലാം അങ്ങയ്ക്കേ അറിഞ്ഞുകൂടു: അവകൊണ്ടാണല്ലോ, അങ്ങ് കർമ്മങ്ങൾ ചെയ്യുന്നതു്! 4
മഘവാവേ, വെളിവിലും ഒളിവിലുമുള്ള അസാധാരണധനങ്ങളൊക്കെ അങ്ങയുടെ പക്കലുണ്ടു്. അതിനാൽ, എന്റെ അഭിലാഷം തള്ളരുതേ: ഇന്ദ്ര, കൊണ്ടുവരുന്നവനും കൊടുക്കുന്നവനുമാണല്ലോ, അങ്ങ്! 5
ആർ തേജസ്സിൽ തേജസ്സിനെ വെച്ചുവോ; ആർ മധുരങ്ങളെ മധുരത്തോടു ചേർത്തുവോ; ആ ഇന്ദ്രന്നു പ്രിയവും ബലകരവുമായ സ്തോത്രം മന്ത്രകാരനായ ബൃഹദുക്ഥനാൽ ചൊല്ലപ്പെട്ടു. 6
[1] മഹത്ത്വകീർത്തി – മഹത്ത്വംകൊണ്ടുണ്ടായ യശസ്സ്. ദാസൻ – ഒരസുരൻ. സ്വന്തംആൾക്കു – യജമാനന്ന്.
[2] ബലം – വൃത്രവധാദിവീര്യം. കിട്ടിയിട്ടില്ല – ആരുമില്ല, അങ്ങയോടു പൊരുതാൻ.
[3] അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ.
[4] നാലു ശരീരങ്ങൾ – അടുത്ത സൂക്തത്തിൽ പറയും.
[5] കൊണ്ടുവരുന്നവനും – ധനം
[6] തേജസ്സിൽ – സൂര്യാദികളിൽ. മധുരങ്ങൾ – സോമാദികൾ. മധുരം – മധുരരസം. ബൃഹദുക്ഥനാൽ – എന്നാൽ.