ദേവന്മാർ ഋഷികൾ; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സൌചീകാഗ്നി ദേവത.
നാം കൊതിച്ച് ആരെ അന്വേഷിച്ചുവോ, ആ യജ്ഞകോവിദൻ, ആ അംഗാഭിജ്ഞൻ ഇതാ, വന്നെത്തി: മധ്യേ പെരുമാറുന്ന, നമ്മെക്കാൾ മുമ്പനായ ആ യഷ്ട്യതമൻ യജ്ഞത്തിലിരുന്നു നമ്മെ യജിയ്ക്കട്ടെ! 1
യഷ്ടൃതമൻ ഹോതാവായുപവേശിച്ചതിനാൽ ആഹുതിയ്ക്കർഹനായിക്കഴിഞ്ഞു. ശരിയ്ക്കു വെച്ചിട്ടുള്ള അന്നങ്ങളെ താൻ ഉറ്റുനോക്കുന്നു:‘യജനീയരായ ദേവന്മാരെ നമുക്കു വെക്കം നെയ്യുകൊണ്ടു യജിയ്ക്കാം; സ്തുത്യരെ സ്തുതിയ്ക്കാം.’ 2
അദ്ദേഹം ഇന്നു നമുക്കു സദ്യ നന്നാക്കി: നമുക്കു യാഗത്തിന്റെ നിഗൂഢനാവു കിട്ടി. അദ്ദേഹം സൗരഭ്യത്തോടേ ആയുസ്സുടുത്തു വന്നെത്തുന്നു; ഇന്നു നമുക്കു മഖം മംഗളമാക്കുന്നു! 3
‘യാതൊന്നിനാൽ ഞാനും ദേവന്മാരും അസുരന്മാരെ കീഴമർത്തുമോ, ആ പ്രധാനവചനം – ഹേ ഹവിർഭോജികളായ യജ്ഞാർഹരേ, ഹേ പഞ്ചജനങ്ങളേ, എന്റെ വിളി കേൾക്കുവിൻ എന്നതു് – ഞാനിപ്പോൾ ഉച്ചരിയ്ക്കാം: 4
പഞ്ചജനങ്ങളും, ഭൂജതരും, യജ്ഞാർഹരും എന്റെ വിളി കേൾക്കട്ടെ. ഭൂമി നമ്മളെ ഭൌമമായ പാപത്തിൽനിന്നു രക്ഷിയ്ക്കട്ടെ! അന്തരിക്ഷം നമ്മളെ ആന്തരിക്ഷപാപത്തിൽനിന്നു രക്ഷിയ്ക്കട്ടെ!’ 5
ഭവാൻ യാഗത്തെ പരത്തിക്കൊണ്ടു ജഗൽപ്രകാശകങ്കൽ ചെന്നാലും: സ്വർഗ്ഗത്തിലെയ്ക്കു വെട്ടിയ വഴികൾ രക്ഷിച്ചാലും; സ്തോതാക്കളുടെ കർമ്മം കവിഞ്ഞുപോകരുതു് ഭവാൻ സ്തുതി കേൾക്കുക; ദേവകളെ പുറപ്പെടുവിയ്ക്കുക! 6
‘സോമാര്‍ഹന്മാരേ, നിങ്ങൾ കുതിരകളെ കെട്ടുവിൻ; കടിഞ്ഞാണുകൾ തുടയ്ക്കുവിൻ; കോപ്പിടുവിയ്ക്കുവിൻ; ദേവന്മാർ പ്രിയത്തിലെയ്ക്കു നയിയ്ക്കുന്ന തേരുകൾ എട്ടിരുപ്പടിയുള്ള തേരിന്റെ ഇരുവശങ്ങളിലൂടേ തെളിയ്ക്കുവിൻ! 7
സഖാക്കളേ, അശ്മന്വതി ഒഴുകിപ്പോകുന്നു: നിങ്ങൾ ഒരുങ്ങിയെഴുന്നേല്പിൻ; കടക്കുവിൻ. നമുക്കുള്ള അസുഖങ്ങൾ ഇതിലെയ്ക്കെറിയാം; സുഖകരങ്ങളായ അന്നങ്ങൾക്കായി നാം മറുകരയിലണയുക!8
ഇതാ, ത്വഷ്ടാവ്, ശില്പജ്ഞൻ, ശോഭനകർമ്മാക്കളിൽവെച്ചു ശോഭനകർമ്മാവു്, വിചിത്രവർണ്ണൻ, മന്ത്രപാലകൻ ദേവകൾക്കുള്ള സുഖകരങ്ങളായ പാനപാത്രങ്ങളെടുത്തിരിയ്ക്കുന്നു; ഇനി ഇദ്ദേഹം വെട്ടുന്ന കാരിരിമ്പുമഴു അണയ്ക്കും! 9
‘കവികളേ, ഇനി, നല്ലവരായ നിങ്ങൾ സോമപാനപാത്രങ്ങളുണ്ടാക്കുന്ന ഉളികൾ നന്നായി അണച്ചുകൊൾവിൻ: വിജ്ഞന്മാരേ, അമൃതത്വം നേടിയ ദേവന്മാരായ നിങ്ങൾ ഗോപ്യങ്ങളായ പാർപ്പിടങ്ങൾ ഉണ്ടാക്കിക്കൊൾവിൻ.’ 10
എവർ ദേവത്വമിച്ഛിച്ച്, ഉള്ളിൽ ഉളികൊണ്ട് ഒരു പയ്യിനെയും, വായിൽ കന്നിനെയും വെച്ചുവോ, ആ സംസേവകർ എന്നെന്നും തക്ക സ്തുതികൾ സ്വീകരിയ്ക്കും; ജയവും ഉളവാക്കും! 11
[1] നാം – ദേവന്മാർ. യജ്ഞകോവിദൻ – അഗ്നി. അംഗാഭിജ്ഞൻ – യജ്ഞാംഗജ്ഞൻ. മധ്യേ – ഋത്വിക്കുകളുടെയും ദേവന്മാരുടെയും ഇടയിൽ. മുമ്പനായ – അഗ്നിയെ ജ്വലിപ്പിച്ചതിന്നുശേഷമാണല്ലോ, ദേവന്മാരെ വിളിയ്ക്കുക.
[2] യജനീയരായ....... സ്തുതിയ്ക്കാം – എന്നു കരുതി, ഉറ്റുനോക്കുന്നു.
[3] സദ്യ – ഹവിർഭുക്തി. നാവ് – അഗ്നി. ആയുസ്സുടുത്തു – നാം കൊടുത്ത ദീർഗ്ഘായുസ്സുപൂണ്ടു്.
[4] ഈ ഋക്കിന്റെയും അടുത്തതിന്റെയും ഋഷി അഗ്നിയും ദേവത ദേവന്മാരുമാകുന്നു.
[6] പ്രത്യക്ഷോക്തി: ജഗൽപ്രകാശകൻ – സൂര്യൻ.
[7] ദേവന്മാർ തമ്മിൽ പറയുന്നു: സോമാർഹന്മാർ – ദേവന്മാർ. പ്രിയം – യജ്ഞസദനം. എട്ടിരുപ്പടിയുള്ള തേർ – സൂര്യരഥം.
[8] അശ്മന്വതി – ഒരു നദി. കടക്കുവിൻ – പുഴ, ഇത് – പുഴ. അന്നങ്ങൾ – ഹവിസ്സുകൾ.
[9] അണയ്ക്കും – പാനപാത്രങ്ങളുണ്ടാക്കാൻ മൂർച്ചകൂട്ടും.
[10] ത്വഷ്ടാവു ശിഷ്യരോടു പറയുന്നു: കവികളേ – മേധാവികളായ ഋഭുക്കളേ.
[11] ഉള്ളിൽ – ചത്ത പയ്യിന്റെ അകത്ത്. വായിൽ – ചത്ത പയ്യിന്റെ തന്നെ. 1-ാം മണ്ഡലം 161-ാം സൂക്തം 7 -ാം ഋക്കു നോക്കുക. ആ സംസേവകർ – ഋഭുക്കൾ. ജയവും – സ്തോതാവിന്നു ശത്രുജയവും.