ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
മഘവാവേ, അങ്ങയുടെ ആ ശരീരം അകലത്താണ്, പരാങ്ങ്മുഖർക്കു കാണാവുന്നതല്ല: ഭയപ്പെട്ട വാനൂഴികള്‍ അന്നമേർപ്പെടുത്താൻ അങ്ങയെ വിളിച്ചപ്പോൾ, അങ്ങ് ഭ്രാതാവിന്റെ മക്കളെ മിന്നിച്ചുകൊണ്ട്, അരികേ അവ രണ്ടിനെയും വേർപെടുത്തി ഉറപ്പിച്ചുവല്ലോ! 1
യാതൊന്നിനാൽ ഭൂതവും, യാതൊന്നിനാൽ ഭവ്യവും ഭവാൻ ഉൽപ്പാദിപ്പിച്ചുവോ, ആ ഗൂഢവും പുരുസ്പൃഹണീയവുമായ ശരീരം മഹത്താകുന്നു: അതിൽനിന്നു ജനിച്ച, തന്തിരുവടിയ്ക്കു പ്രിയമായ പുരാതനജ്യോതിസ്സിനെ പഞ്ചജാതികൾ പ്രീതിയോടേ സേവിച്ചുപോരുന്നു! 2
താൻ വാനൂഴികളെയും മധ്യത്തെയും നിറയ്ക്കുന്നു; പഞ്ചജാതികളെയും, ഏഴേഴിനേയും, മുപ്പത്തിനാലിനെയും ഋതുക്കൾതോറും വിവിധകർമ്മാവായ സമാനജ്യോതിസ്സുകൊണ്ടു ബഹുപ്രകാരേണ തൃക്കൺപാർക്കുന്നു! 3
ഉഷസ്സേ, ഭവതി ജ്യോതിസ്സുകൾക്കു മുമ്പേ പുലർന്നു; പോഷിച്ചതിന്നു പോഷവും വരുത്തി. മുകളിലിരിയ്ക്കുന്ന ഭവതിയുടെ സ്നേഹം കീഴ്പോട്ടു നോക്കുന്നുണ്ടല്ലോ; അതു മഹതിയായ ഭവതിയുടെ ഒരു മഹത്തായ കരുത്തുതന്നെ! 4
യുദ്ധത്തിൽ അനേകരെ ആട്ടിപ്പായിയ്ക്കുന്ന കർമ്മകുശലനെ, യുവാവായിരിയ്ക്കേത്തന്നേ, നര വിഴുങ്ങുന്നു. നോക്കു, ദേവന്റെ മഹത്ത്വവും, പടുത്വവും: ആ മനുഷ്യൻ ഇന്നു മരിയ്ക്കുന്നു, നാളെ ജനിയ്ക്കുന്നു! 5
കരുത്താൽ കഴിവുള്ള ഒരു തുടുത്ത പക്ഷി വരുന്നുണ്ടു്: ഈ മഹാനായ ശൂരൻ പണ്ടേ കൂടു കെട്ടാറില്ല. താൻ കരുതുന്നതെന്തും യഥാർത്ഥംതന്നെയാകും, വ്യർത്ഥമാകില്ല. താൻ സ്പൃഹണീയമായ സമ്പത്തടക്കും, കൊടുക്കും! 6
വജ്രി ഏവരോടുകൂടി വർഷകമായ കെല്പെടുത്തുവോ, ഏവരോടുകൂടി പീഡാശാന്തിയ്ക്കു മഴ പെയ്യുന്നുവോ; ആ ദേവന്മാർ മഹാനെ കർമ്മത്തിൽ സഹായിപ്പാൻ ജലപ്രദാനത്തെ ഉറ്റുനോക്കിപ്പോരുന്നു. 7
തുണയാൽ കർമ്മങ്ങൾ നടത്തുന്ന വിശാലബലനും, വിശാലഹൃദയനും, രക്ഷോഹന്താവും ശൂരനുമായ തുരാഷാട്ട്, സ്വർഗ്ഗത്തിൽനിന്നു വന്നു സോമം കുടിച്ചു തടിച്ചു, ദസ്യുക്കളെ പൊരുതി പറപ്പിയ്ക്കുന്നു! 8
[1] പരാങ്മുഖർ – ഭക്തിരഹിതർ. ഭ്രാതാവിന്റെ മക്കളെ – പർജ്ജന്യപുത്രരായ ജലങ്ങളെ. മിന്നിച്ചുകൊണ്ട് – വിദ്യുദ്രൂപത്താൽ. അവ – വാനൂഴികൾ. ഈ ഋക്കിൽ ഒന്നാമത്തെ ശരീരം പ്രതിപാദിയ്ക്കപ്പെട്ടു.
[2] രണ്ടാമത്തെശ്ശരീരം: പുരാതനജ്യോതിസ്സ് – സൂര്യനോ, വെള്ളമോ. രണ്ടാംവാക്യം പരോക്ഷം:
[3] മൂന്നാമത്തെശ്ശരീരം: മധ്യം – അന്തരിക്ഷം. ഏഴേഴ് – സപ്തമരുത്തുക്കൾ, സപ്തസൂര്യരശ്മികൾ. മുപ്പത്തിനാല് – ദേവഗണം. എട്ടുവസുക്കൾ, പതിനൊന്നു രുദ്രന്മാർ, പന്തിരണ്ടാദിത്യന്മാർ, പ്രജാപതി, വഷട്കാരം, വിരാട്ട്.
[4] ഈ ഋക്കിൽ, സൂര്യാത്മാവായ ഇന്ദ്രനെസ്സംബന്ധിച്ച ഉഷസ്സിനെ സ്തുതിയ്ക്കുന്നു: പോഷം – സൂര്യോദയമെന്നർത്ഥം.
[5] നാലാമത്തെശ്ശരീരം: കാലാത്മാവായ ഇന്ദ്രനെപ്പറ്റി: അനേകരെ – വളരെശ്ശത്രുക്കളെ. വിഴുങ്ങുന്നു – കാലാത്മാവായ ഇന്ദ്രന്റെ ആജ്ഞയാൽ, ശൂരന്നും യൌവനത്തിൽതന്നേ വാർദ്ധക്യം വരുന്നു. ദേവൻ – ഇന്ദ്രൻ. ആ – വാർദ്ധക്യം പിടികൂടിയ.
[6] പക്ഷി – ഇന്ദ്രൻ. കൂടു കെട്ടാറില്ല – അഗ്നിയെപ്പോലെ യജ്ഞങ്ങളിൽ സ്ഥിരവാസം ചെയ്യാറില്ല. സമ്പത്ത് – ശത്രുധനം. കൊടുക്കും – സ്തോതാക്കൾക്ക്.
[7] പീഡാശാന്തിയ്ക്കു – മനുഷ്യർക്ക് ഉപദ്രവം ശമിയ്ക്കാൻ. ആ ദേവന്മാർ – മരുത്തുക്കൾ. ആ മഹാനെ – ഇന്ദ്രനെ. കർമ്മം – വർഷണം.
[8] തുണ – മരുത്തുക്കളുടെ സാഹായ്യ്യം. തുരാഷാട്ട് = ഇന്ദ്രൻ.