ബൃഹദുക്ഥൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
നീ, നിന്റെ ഒരംശംകൊണ്ട് ഈ ഒരു ജ്യോതിസ്സിനോടും, ഒന്നുകൊണ്ടു മറ്റതിനോടും, ഒന്നുകൊണ്ടു മൂന്നാമത്തതിനോടും ചേരുക; നീ ദേഹംകൊണ്ടു ദേവന്മാരുടെ ഉറ്റജനകങ്കൽ പ്രീതനായി ചേർന്നു നന്മ നേടിയാലും! 1
വാജിൻ, നിന്റെ ദേഹം കൊണ്ടുപോകുന്ന പൃഥിവി ഞങ്ങൾക്കു ധനവും, നിനക്കു സുഖവും നല്കട്ടെ. നീ കീഴ്പോട്ടുപോരാതെ, നിലനില്പിന്നു, മഹാന്മാരായ ദേവന്മാരിലും, ആകാശത്തു സൂര്യങ്കലും ചെന്നുചേരുക! 2
നല്ലഴകുള്ള നിനക്കു ഭക്ഷണത്താൽ ബലമുണ്ടല്ലോ. വഴിപോലെ അയയ്ക്കപ്പെട്ട നീ സ്തുതങ്കൽ ചെല്ലുക; വഴിപോലെ അയയ്ക്കപ്പെട്ട നീ സ്വർഗ്ഗത്തിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ യഥാർത്ഥഫലമായ മുഖ്യധർമ്മത്തിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ ദേവന്മാരിൽ ചെല്ലുക. വഴിപോലെ അയയ്ക്കപ്പെട്ട നീ ജ്യോതിസ്സിൽ ചെല്ലുക! 3
ഇവരുടെ മഹിമാവ് അച്ഛന്മാർക്കു കിട്ടിയിരിയ്ക്കുന്നു: അവർ ദേവന്മാരായിട്ടും ദേവന്മാരെ ധ്യാനിച്ചുപോരുന്നു; ജ്യോതിസ്സുകളോടു ചേർന്നിട്ടും, അവർ വീണ്ടും ഇവരുടെ ദേഹങ്ങളിൽ പൂകുന്നു!4
ആ ബലവാന്മാർ, അളക്കപ്പെടാത്ത പൂർവസ്ഥാനങ്ങൾ അളന്നുകൊണ്ട് ഉലകിലെല്ലാം ചുറ്റിനടന്നു; ജഗത്തിനെയൊക്കെ ദേഹങ്ങളിൽ ഒതുക്കി; മനുഷ്യർക്കു വെള്ളം പലമട്ടിൽ ഒഴുക്കി! 5
പുത്രന്മാർ ബലവാനായ സർവജ്ഞന്നു മൂന്നാമത്തെക്കർമ്മംകൊണ്ടു രണ്ടവസ്ഥകൾ വെച്ചിരിയ്ക്കുന്നു. അച്ഛന്മാർ സ്വപ്രജയാൽ അച്ഛന്റെ ബലം താന്നവരിൽ സ്ഥാപിച്ചു; നൂലും പരത്തി! 6
ഭൂവാസികൾ തോണികൊണ്ടു വെള്ളവും, ക്ഷേമത്താൽ എല്ലാദുർഗ്ഗങ്ങളും കടക്കുന്നതുപോലെ, ബൃഹദുക്ഥൻ, തന്റെ മകനെ മഹത്ത്വത്താൽ താഴത്തും മുകളിലും വെച്ചു! 7
[1] ബൃഹദുക്ഥൻ മൃതനായ വാജി എന്ന സ്വപുത്രനോടു പറയുന്നു: ഈയൊരു ജ്യോതിസ്സ് – അഗ്നി. മറ്റത് – വായു. മൂന്നാമത്തതു – സൂര്യൻ. മരിച്ച നിന്റെ ഒരംശം – ദേഹസ്ഥാഗ്ന്യംശം – ബാഹ്യാഗ്നിയിങ്കലും, പ്രാണനാകുന്ന ഒരംശം വായുവിലും, ചൈതന്യം സൂര്യങ്കലും ചേരുമാറാകട്ടേ. സൂര്യങ്കലും എന്നത് എടുത്തുപറയുന്നു: ദേവന്മാരുടെ ഉറ്റജനകൻ – സൂര്യൻ. ദേവന്മാരുടെ ഉൽപത്തി സൂര്യങ്കൽനിന്നാണെന്നു ശ്രുതിവാക്യമുണ്ടു്.
[2] കൊണ്ടുപോകുന്ന – തന്നിൽ ലയിപ്പിയ്ക്കുന്ന.
[3] സ്തുതങ്കൽ – നീ സ്തുതിച്ചുപോന്ന ദേവങ്കൽ. ജ്യോതിസ്സിൽ – സൂര്യങ്കൽ.
[4] ഇവർ – ദേവന്മാർ. അച്ഛന്മാർക്ക് – അംഗിരസ്സുകൾക്ക്. നീയും അപ്രകാരം ചെയ്യുക എന്നാശയം.
[5] ആ ബലവാന്മാർ – അംഗിരസ്സുകൾ. അളക്കപ്പെടാത്ത – അളന്നു കണക്കാക്കാൻ മറ്റാരും ശക്തരല്ലാത്ത. പൂർവസ്ഥാനങ്ങൾ – ഗൃഹനക്ഷത്രാദികൾ. ഒഴുക്കി – മഴപെയ്യിച്ചു.
[6] പുത്രന്മാർ – സൂര്യപുത്രന്മാരായ ദേവന്മാർ, അംഗിരസ്സുകൾ. സർവജ്ഞൻ – സൂര്യൻ. മൂന്നാമത്തെ കർമ്മം – ബ്രഹ്മചര്യംകൊണ്ട് ഋഷികൾക്കും, യജ്ഞം കൊണ്ടു ദേവകൾക്കും, പ്രജോൽപാദനംകൊണ്ടു പിതൃക്കൾക്കും കടം വീട്ടണമെന്ന വിധി പ്രസിദ്ധമാണല്ലോ; ഈ മൂന്നിൽ മൂന്നാമത്തതായ പ്രജോല്പാദനം. രണ്ടവസ്ഥകൾ – ഉദയാസ്തമയങ്ങൾ. അച്ഛന്മാർ – അംഗിരസ്സുകൾ. അച്ഛന്റെ – ദേവജനകനായ സൂര്യന്റെ. താന്നവരിൽ – സ്വസന്താനങ്ങളായ മനുഷ്യരിൽ. നൂലും പരത്തി – കുലം വിപുലമാക്കുകയുംചെയ്തു.
[7] ഋഷി സ്വയം പറയുന്നു: ക്ഷേമത്താൽ – തക്ക ഉപായത്താൽ. താഴത്തും – തിയ്യിലും. മുകളിലും – സൂര്യങ്കലും. ബൃഹദുക്ഥനാൽ തിയ്യിൽ യഥാവിധി ദഹിപ്പിയ്കപ്പെട്ട പുത്രൻ വാജി സൂര്യാദികളിൽ ചെന്നെത്തി.