പ്ലതിയുടെ പുത്രൻ ഗയൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകളും പഥ്യാസ്വസ്തിയും ദേവതകൾ.
യാവചിലർ ദൂരത്തുനിന്നു (വന്നു) ചാർച്ച – വൈവസ്വതജനനം – മനുഷ്യരെ പ്രീതരായി ധരിപ്പിയ്ക്കുന്നുവോ; യാവചിലർ നഹുഷപുത്രനായ യയാതിയുടെ യജ്ഞത്തിൽ ഇരിയ്ക്കുമോ; ആ ദേവന്മാർ ഞങ്ങളെപ്പറ്റി കൂട്ടിപ്പറയട്ടെ! 1
ദേവന്മാരേ, നിങ്ങളുടെ ദേഹങ്ങളെല്ലാം നമസ്കരണീയങ്ങളും, സ്തുത്യങ്ങളും, യഷ്ടവ്യങ്ങളുമാണല്ലോ: ദ്യോവിൽനിന്നും, അന്തരിക്ഷത്തിൽനിന്നും, ഭൂവിൻനിന്നും ജനിച്ചവരായ നിങ്ങൾ ഇവിടെ എന്റെ വിളി കേൾക്കുവിൻ! 2
അമ്മ മധുരപയസ്സും, വാർമുകിൽ നിറഞ്ഞ വാട്ടമില്ലാത്ത ദ്യോവ് അമൃതും എവർക്കായി ഒഴുക്കുന്നുവോ; ആ സ്തുതിബലന്മാരും, വൃഷ്ടികർത്താക്കളും, സുകർമ്മാക്കളുമായ അദിതിപുത്രന്മാരെ നീ സ്വസ്തിയ്ക്കായി സ്തുതിച്ചാലും! 3
കണ്ണിമവെട്ടാതെ മനുഷ്യരെ നോക്കുന്ന ദേവന്മാർ പൂജിയ്ക്കപ്പെടാൻ വലിയ അമൃതത്വം നേടിയിരിയ്ക്കുന്നു: തിളങ്ങുന്ന തേരും, അധൃഷ്യമായ ബുദ്ധിയുള്ള ആ പാപരഹിതർ ദ്യോവിന്റെ മുകളിൽ സ്വസ്തിയ്ക്കായി വാണരുളുന്നു! 4
വഴിപോലെ വളർന്ന സമ്രാട്ടുകളായ എവർ യജ്ഞത്തിൽ വരുമോ, എവർ അഹിംസിതരായി സ്വർഗ്ഗത്തിൽ കുടികൊള്ളുന്നുവോ; ആ മഹാന്മാരായ ആദിത്യരെയും, അദിതിയെയും നീ സ്വസ്തിയ്ക്കായി ഹവിസ്സുകൊണ്ടും സ്തുതികൊണ്ടും സേവിയ്ക്കുക! 5
അഭിജ്ഞരായ വിശ്വേദേവന്മാരേ, നിങ്ങൾ എത്ര പേരുണ്ടോ അത്രയും പേർ ആദരിയ്ക്കത്തവണ്ണം, നിങ്ങളെ സ്തുതിപ്പാൻ ആരുണ്ടു്? ബഹുജന്മാക്കളേ, ഞങ്ങളെ സ്വസ്തിയ്ക്കായി പാപം കടത്തിവിടുന്ന ഒരു യാഗം നിങ്ങൾക്കു പര്യാപ്തമാംവണ്ണം ചെയ്യുവാൻ ആരുണ്ടു്? 6
മനു അഗ്നിയെ ജ്വലിപ്പിച്ച്, ഏഴു ഹോതാക്കളോടുകൂടി, ശ്രദ്ധാപൂർവം ഒന്നാമതു യാഗംചെയ്തതെവർക്കോ; ആദിത്യരേ, ആ നിങ്ങൾ അഭയവും സുഖവും തരുവിൻ! ഞങ്ങൾക്കു സ്വസ്തിയ്ക്കായി സന്മാർഗ്ഗങ്ങൾ സുഗമങ്ങളാക്കുവിൻ! 7
മികച്ച അറിവുള്ള യാവചില വിജ്ഞാനികളാണോ, ചരാചരലോകത്തിന്നെല്ലം അധിപതികൾ; ദേവന്മാരേ, ആ നിങ്ങൾ ഇന്നു ഞങ്ങളെ ചെയ്തതും ചെയ്തിട്ടില്ലാത്തതുമായ പാപത്തിൽനിന്നു സ്വസ്തിയ്ക്കായി മറുകരയണയ്ക്കുവിൻ! 8
പാപമോചകനും ശോഭനാഹ്വാനനുമായ ഇന്ദ്രനെ ഞങ്ങൾ യുദ്ധങ്ങളിൽ വിളിയ്ക്കുന്നു; സുകർമ്മാകളായ മറ്റു ദേവന്മരെയും – അഗ്നി, മിത്രൻ, വരുണൻ, ഭഗൻ, ദ്യാവാപൃഥിവികൾ, മരുത്തുക്കൾ എന്നിവരെയും – നേട്ടത്തിന്നും സ്വസ്തിയ്ക്കുമായി വിളിയ്ക്കുന്നു. 9
നന്നായി രക്ഷിയ്ക്കുന്ന, പരപ്പുള്ള, പാപവും കുറ്റവും വാട്ടവുമില്ലാത്ത, നല്ല സുഖത്തോടുകൂടിയ, നന്നായി കൊണ്ടുനടക്കുന്ന, നല്ല ചുക്കാനുള്ള, ഈടുറ്റ ഒരു തോണിയായ സ്വർഗ്ഗത്തിൽ ഞങ്ങൾ സ്വസ്തിയ്ക്കായി കേറുമാറാകണം! 10
വിശ്വേദേവന്മാരെ, യജനീയരേ, നിങ്ങൾ ഞങ്ങളെ രക്ഷിപ്പാൻ കൂട്ടിപ്പറയുവിൻ; വലയ്ക്കുന്ന വറുതിയിൽനിന്നു പാലിയ്ക്കുവിൻ. ശ്രവിയ്ക്കുന്ന നിങ്ങളെ ഞങ്ങൾ യഥാർത്ഥമായ ദേവസ്തുതികൊണ്ടു രക്ഷയ്കും സ്വസ്തിയ്ക്കുമായി വിളിയ്ക്കുമാറാകണം! 11
ദേവന്മാരേ, നിങ്ങൾ എല്ലാ രോഗവും, വിളിയ്ക്കായ്കയും, പിശുക്കും, ദ്രോഹിപ്പാൻ നോക്കുന്നവന്റെ ദുർവിചാരവും പോക്കുവിൻ; ശത്രുക്കളെ ഞങ്ങളിൽനിന്നു ദൂരത്തെയ്ക്കോടിയ്ക്കുവിൻ; ഞങ്ങൾക്കു സ്വസ്തിയ്ക്കായി വിപുലമായ സുഖം തരുവിൻ! 12
ആദിതേയന്മാരേ, നിങ്ങൾ യാതൊരുത്തനെ വഴിപോലെ കൊണ്ടുനടന്നു, സ്വസ്തിയ്ക്കായി പാപമെല്ലാം കടത്തിവിടുമോ, ആ എല്ലാ മനുഷ്യനും അല്ലൽ പറ്റാതെ അഭിവൃദ്ധി നേടും; കർമ്മാനന്തരം പ്രജകളാൽ പ്രകാശിയ്ക്കും! 13
ദേവന്മാരേ, നിങ്ങൾ അന്നലബ്ധിയ്ക്കു യാതൊന്നിനെ, മരുത്തുക്കളേ, നിങ്ങൾ ഈടുവെപ്പിന്നു യുദ്ധത്തിൽ യാതൊന്നിനെ കാത്തുപോരുന്നുവോ; ഇന്ദ്ര, പുലരിയിൽ പുറപ്പെടുന്നതും, സേവനീയവും, അധൃഷ്യവുമായ ആ തേരിൽ ഞങ്ങൾ സ്വസ്തിയ്ക്കായി കേറുമാറാകണം! 14
മരുത്തുക്കളേ, നിങ്ങൾ ഞങ്ങൾക്കു സജലപ്രദേശങ്ങളിലും, നിർജ്ജലങ്ങളിലും, ജലങ്ങളിലും സ്വസ്തിയുളവാക്കുവിൻ; സര്‍വായുധോപേതമായ സൈന്യത്തില്‍ സ്വസ്തിയുളവാക്കുവിന്‍; ഞങ്ങൾക്കു പുത്രരെപെറുന്ന ഗുഹ്യാംഗങ്ങളിൽ സ്വസ്തിയുളവാക്കുവിൻ; ധനത്തിന്നു സ്വസ്തിയുളവാക്കുവിൻ! 15
യാതൊരുത്തമ മികച്ച മാർഗ്ഗത്തിന്നു സ്വസ്തിതന്നെയോ; യാതൊരു ധനവതി യജ്ഞത്തിലെഴുന്നള്ളുമോ; ആ ദേവരക്ഷിത നമ്മെഗൃഹത്തിലും ഗമനത്തിലും രക്ഷിയ്ക്കട്ടെ! നല്ല പാർപ്പിടം തരട്ടെ! 16
ആദിത്യന്മാരേ, അദിതേ, ഇങ്ങനെ മനീഷിയായ പ്ലതിപുത്രൻ നിങ്ങളെല്ലാവരെയും വർദ്ധിപ്പിച്ചു – മനുഷ്യർക്ക് ഐശ്വര്യമരുളുന്ന മരണരഹിതരായ ദിവ്യജനങ്ങളെ ഗയൻ സ്തുതിച്ചു. 17
[1] ചാർച്ച – വൈവസ്വതമനുവിന്റെ മക്കളാണല്ലോ, മനുഷ്യർ. കൂട്ടിപ്പറയട്ടെ – കൊണ്ടാടട്ടെ.
[3] തന്നോടുതന്നേ പറയുന്നു: അമ്മ – ഭൂമി. ഭൂവും ദ്യോവും ദേവകൾക്കായി ഹവിസ്സുൽപ്പാദിപ്പിയ്ക്കുന്നു. സ്തുതിബലന്മാർ – മനുഷ്യരുടെ സ്തുതിയാൽ ബലവാന്മാരായിത്തീരുന്നവർ.
[4] സ്വസ്തിയ്ക്കായി – ലോകത്തെ നിലനിർത്താൻ.
[5] തന്നോടുതന്നേ പറയുന്നു: സ്വസ്തി = അവിനാശം.
[6] എത്ര പേരുണ്ടോ അത്രയും പേർ – എല്ലാവരും. ബഹുജന്മാക്കൾ – ധാതാവു മുതലായ വളരെ ജനനമുള്ളവർ. ആരുണ്ടു് – ആരും ആളാകില്ല.
[8] മറുകരയണയ്ക്കുവിൻ – പാപരഹിതരാക്കുവിൻ.
[9] നേട്ടം – അന്നലബ്ധി.
[10] ഈടുറ്റ – അനശ്വരമായ.
[11] ശ്രവിയ്ക്കുന്ന – ഞങ്ങളുടെ സ്തോത്രം കേൾക്കുന്ന.
[12] വിളിയ്ക്കായ്ക – യാഗത്തിന്ന്; യാഗമനുഷ്ടിയ്ക്കായ്ക. പിശുക്ക് – ദാനം ചെയ്യായ്ക.
[13] പ്രജകൾ – സന്താനങ്ങൾ.
[15] ഗുഹ്യാംഗങ്ങളിൽ – സ്തീകളുടെ.
[16] സ്വസ്തിതന്നെയോ – യാത്രക്കാർക്കു ക്ഷേമകാരിണിയോ. എഴുന്നള്ളുമോ – ഉത്തരവേദിരൂപേണ. ആ ദേവരക്ഷിത – പൃഥിവി. ഗമനം – യാത്ര. ഈ ഋക്കും, അടുത്തതും പഥ്യാസ്വസ്തി(മാർഗ്ഗക്ഷേമ)പരമാകുന്നു.
[17] ഗയൻ – ഞാൻ.