ഋഷിച്ഛന്ദസ്സുകൾ മുമ്പേത്തവ; വിശ്വേദേവതകൾ ദേവത.
ശ്രവിയ്ക്കുന്ന ദേവന്മാരിൽ ആരുടെ സ്തുത്യമായ നാമം എങ്ങനെ ഞങ്ങൾ യജ്ഞത്തിൽ ഉച്ചരിയ്ക്കേണ്ടു? ആർ കനിഞ്ഞരുളും? ആർ നമ്മെ സുഖിപ്പിയ്ക്കും? ആർ രക്ഷിപ്പാൻ വന്നെത്തും? 1
ഹൃദയത്തിൽ വെയ്ക്കപ്പെട്ട നിനവുകൾ കർമ്മം തേടുന്നു – ദേവന്മാരെ കാംക്ഷിയ്ക്കുന്നു; ആശകൾ നേരേ പറക്കുന്നു. ഇവരല്ലാതെ മറ്റാരുമില്ല, സുഖം തരാൻ; എന്റെ അഭിലാഷങ്ങൾ അവരിലാണ്, അടങ്ങിനില്ക്കുന്നതു്! 2
നരാശംസൻ, പൂഷാവ്, ഋഷിമാരാൽ ജ്വലിപ്പിയ്ക്കപ്പെട്ട അപ്രാപ്യനായ അഗ്നി, സൂര്യൻ, ചന്ദ്രൻ, വാനിൽ വാഴുന്ന യമൻ, ഇന്ദ്രൻ, വായു, ഉഷസ്സ്, രാത്രി, അശ്വികൾ എന്നിവരെ നീ സ്തുതിയ്ക്കുക. 3
എങ്ങനെ ഏതൊരു സ്തുതികൊണ്ട് അഗ്നി വളരും? എങ്ങനെ ശോഭനസ്തുതികൾകൊണ്ടു ബൃഹസ്പതി വർദ്ധിയ്ക്കും? എങ്ങനെ ശോഭനാഹ്വാനങ്ങളായ മന്ത്രസ്തോത്രങ്ങൾകൊണ്ട് ഏകപാത്തായ അജൻ വർദ്ധിയ്ക്കും? അഹിർബുധ്ന്യൻ വിളി കേൾക്കട്ടെ! 4
ഹേ അദിതേ, കതിരവൻ കല്പിച്ചുദിയ്ക്കുമ്പോൾ ഭവതി രാജാക്കന്മാരായ മിത്രാവരുണന്മാരെ പരിചരിയ്ക്കാറുണ്ടല്ലോ: വെമ്പാതെ നടക്കുന്ന ആ പുരുരഥനായ അര്യമാവ് ഏഴുരശ്മികളോടേ വിവിധകർമ്മങ്ങളിൽ പ്രവർത്തിയ്ക്കുന്നു! 5
വിളി കേട്ടുപോരുന്ന, വഴിയളന്നുവെച്ച, കരുത്തുറ്റ കുതിരകളെല്ലാം ഞങ്ങളുടെ വിളി കേൾക്കട്ടെ: യാഗത്തിലെന്നപോലെ സ്വയം ആയിരം നല്കുന്നവയും, യുദ്ധങ്ങളിൽ മഹത്തായ ധനം അടയ്ക്കുന്നവയുമാണല്ലോ, അവ! 6
വായുവിനെയും, തേർ പൂട്ടുന്ന ശതക്രതുവിനെയും, പൂഷാവിനെയും നിങ്ങൾ സഖ്യത്തിന്നായി പ്രകർഷേണ സ്തുതിയ്ക്കുവിൻ: സൂര്യദേവൻ ഉദിച്ചുകഴിഞ്ഞാൽ, ഒരേ മനസ്സോടേ യാഗത്തിൽ സംബന്ധിയ്ക്കുന്നവരാണല്ലോ, അവർ. 7
ഇരുപത്തൊന്ന് ഒലിനദികളെയും, തഴച്ച തണ്ണീരുകളെയും, മരപ്പാത്രങ്ങളെയും, അമ്മികളെയും, അഗ്നിയെയും, കൃശാനുവിനെയും, എയ്ത്തുകാരെയും, പൂയനക്ഷത്രത്തെയും, രുദ്രസ്തോത്രാർഹനായ രുദ്രനെയും ഞങ്ങൾ യജ്ഞത്തിൽ രക്ഷയ്ക്കായി സ്തുതിപ്പാൻ വിളിയ്ക്കുന്നു. 8
വലുതിലും വലുതായി അലകൊള്ളുന്ന സരസ്വതി, സരയു, സിന്ധു എന്നീ നദികൾ രക്ഷിപ്പാൻ വന്നെത്തട്ടെ: വിളയാടുന്ന തായ്കളായ തണ്ണീരുകൾ നെയ്യും തേനും ചേർന്ന പാൽ നമുക്കൊഴുക്കിത്തരട്ടെ! 9
അനല്പതേജസ്കയായ അമ്മയും, ദേവന്മാരോടും പത്നിമാരോടും കൂടിയ പിതാവായ ത്വഷ്ടാവും നമ്മുടെ മൊഴി കേൾക്കട്ടെ! ഇന്ദ്രൻ, തേർ കാക്കുന്ന വാജൻ, ഭഗൻ, രമണീയരായ സ്തോതവ്യർ എന്നിവരും സ്തുതിയ്ക്കുന്ന നമ്മെ രക്ഷിയ്ക്കട്ടെ! 10
കാഴ്ചയിൽ രമണീയരായ മരുത്തുക്കൾ, അന്നോപേതമായ ഒരു ഗൃഹംപോലെയാകുന്നു; ഭദ്രമാണു്, രുദ്രപുത്രന്മാരുടെ നന്മനസ്സ് അതിനാൽ നാം ഗോക്കളെക്കൊണ്ടു ജനങ്ങളിൽവെച്ചു പുകഴുമാറാകണം; ദേവന്മാരേ, ഞങ്ങൾ എന്നും ഹവിസ്സർപ്പിയ്ക്കുമാറാകണം! 11
മരുത്തുക്കളേ, ഇന്ദ്ര, ദേവന്മാരേ, വരുണ, മിത്ര, നിങ്ങൾ എനിയ്ക്കു യാതൊരു കർമ്മം തന്നിരിയ്ക്കുന്നുവോ; അതിനെ, പാൽകൊണ്ടു പയ്യിനെയെന്നപോലെ തടിപ്പിയ്ക്കുവിൻ! സ്തുതികളെ പലവുരു പള്ളിത്തേരിൽ വെയ്ക്കുവിൻ! 12
അല്ലയോ മരുത്തുക്കളേ, നിങ്ങൾ പലവുരു ഞങ്ങളുടെ ഈ ബന്ധുത്വം കല്പിച്ചറിയുമാറാകണം: ഞങ്ങൾ എവിടെ വേദിമേൽ ഒന്നാമതൊത്തുകൂടുമോ, അവിടെ അദിതി ഞങ്ങളുടെ ചാർച്ചക്കാരിയായിത്തീരട്ടെ! 13
ആ പെരിയ അമ്മമാരായ, യജനീയമാരായ ദ്യാവാപൃഥിവീ ദേവിമാർ ഇന്മനാതന്നേ സ്വയം ദേവന്മാരോടു ചേർന്നവരാണല്ലോ: അവരിരുവർ ഇരുകൂട്ടരെയും പോറ്റിപ്പുലർത്തിപ്പോരുന്നു; പാലകരോടു ചേർന്നു, വളരെ വെള്ളം വെളിപ്പെടുത്തുകയുംചെയ്യുന്നു. 14
മഹത്തുക്കളെ പാലിയ്ക്കുന്ന ആ അവിരതമായ സ്തുതിവചസ്സു വരണീയത്തെയെല്ലാം നേടുന്നു: യാതൊന്നിങ്കൽ തേനൊഴുക്കുന്ന വലിയ അമ്മി വർണ്ണിയ്ക്കപ്പെടുന്നുവോ, ആ (യജ്ഞത്തെ) മനീഷികൾ സ്തുതികൾകൊണ്ടു കാമ്യമാക്കുന്നു! 15
കവിയും, ബഹുസ്തുതിയുക്തനും, യജ്ഞകുശലനും, ധനകാമനും – സമ്പത്തിച്ഛിയ്ക്കുന്നവനും, – മേധാവിയുമായ ഗയൻ ഇങ്ങനെ ഇതിൽ ഉക്ഥങ്ങൾകൊണ്ടും സ്തോത്രങ്ങൾകൊണ്ടും ദേവകളെ വർദ്ധിപ്പിച്ചു. 16
ആദിത്യന്മാരേ, അദിതേ, ഇങ്ങനെ മനീഷിയായ പ്ലതിപുത്രൻ നിങ്ങളെല്ലാവരെയും വർദ്ധിപ്പിച്ചു – മനുഷ്യർക്ക് ഐശ്വര്യമരുളുന്ന മരണരഹിതരായ ദിവ്യജനങ്ങളെ ഗയൻ സ്റ്റുതിച്ചു. (17)
[1] ഏതു ദേവനെ, എങ്ങനെ സ്തുതിയ്ക്കണമെന്ന് ഋഷി സന്ദേഹിയ്ക്കുന്നു:
[2] നേരേ – ദേവന്മാരുടെ മുമ്പിലെയ്ക്ക്.
[3] ആത്മാവിനോട്:
[4] വിളി – നമ്മുടെ ആഹ്വാനം.
[5] അദിതി – പൃഥിവി, അല്ലെങ്കിൽ പ്രാതസ്സന്ധ്യ. ആര്യമാവ് – സൂര്യൻ.
[6] വഴിയളന്നുവെച്ച – ഓരോ മാർഗ്ഗവും ഇത്രയിത്രയെന്നറിഞ്ഞ; അതിവേഗികൾ എന്നർത്ഥം. കുതിരകൾ – ഇന്ദ്രാദികളൂടെ – ധനം ശത്രുസമ്പത്ത്.
[7] സ്തോതാക്കളോടു്:
[8] മരപ്പാത്രങ്ങൾ – ചമസാദികൾ. കൃശാനു – സോമം കാക്കുന്ന ഒരു ഗന്ധർവൻ. എയ്ത്തുകാർ – കൃശാനുവിന്റെ ഭടന്മാർ.
[9] നെയ്യും തേനും ചേർന്ന പാൽ – സ്നിഗ്ദ്ധമധുരമായ ജലം.
[10] അമ്മ – അദിതി. ത്വഷ്ടാവ് – ത്വഷ്ടാവെന്ന ദേവൻ. മൊഴി – സ്തോത്രം. വാജൻ – ഋഭുക്കളിൽ ഇളയവൻ. സ്തോതവ്യർ – മരുത്തുക്കൾ.
[11] അന്നോപേതമായ (ഉണ്ണാൻ വകയുള്ള) ഗൃഹം ആരെയും സന്തോഷിപ്പിയ്ക്കുമല്ലോ.
[12] പാൽകൊണ്ടു പയ്യിനെയെന്നപോലെ – പുതുതായി പെറ്റ പയ്യിനെ പാൽ കൊടുത്തു തടിപ്പിയ്ക്കുന്നതുപോലെ. സ്തുതികളെ – ഞങ്ങളുടെ സ്തോത്രങ്ങളെ; സ്തുതിയ്ക്കപ്പെടുമ്പോഴൊക്കെ, യാഗത്തിന്നു വരാൻ തേരിൽ കേറുവിൻ.
[14] ഇരുകൂട്ടരെയും – ദേവകളെയും മനുഷ്യരെയും. പാലകർ – ദേവന്മാർ.
[15] തേൻ – മധുരമായ സോമനീര്.
[16] ഇതിൽ – ഈ സൂക്തത്തിൽ.