വസുക്രപുത്രൻ വസുകർണ്ണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
അഗ്നി, ഇന്ദ്രൻ, വരുണൻ, മിത്രർ, ആര്യമാവു്, വായു, പൂഷാവ്, സരസ്വതി, ആദിത്യർ, വിഷ്ണു, മരുത്തുക്കൾ, വിരിവുറ്റ വിണ്ണ്, സോമൻ, രുദ്രൻ, അദിതി, ബ്രഹ്മണസ്പതി, 1
യുദ്ധങ്ങളിൽ പരസ്പരം ദേഹബുലത്താൽ ശത്രുക്കളെ ആട്ടിപ്പായിയ്ക്കുന്ന സൽപതികളും ഒരേസ്ഥലത്തു വസിയ്ക്കുന്നവരുമായ ഇന്ദ്രാഗ്നികൾ, നെയ്യോടു ചേർന്നു മഹിമാവിനെ വെളിപ്പെടുത്തുന്ന സോമം എന്നിവർ ഒത്തൊരുമിച്ചു മഹത്തായ അന്തരിക്ഷത്തെ ഓജസ്സുകൊണ്ടു നിറയ്ക്കുന്നു! 2
മഹത്ത്വംകൊണ്ടുയർന്ന അധൃഷ്യരായ ആ യജ്ഞവർദ്ധകരെപ്പറ്റി, യജ്ഞാഭിജ്ഞനായ ഞാൻ സ്തോത്രങ്ങൾ ചൊല്ലുന്നു: വിചിത്രധനരായ എവർ മേഘത്തെക്കൊണ്ടു മഴ പെയ്യിയ്ക്കുന്നുവോ, ആ ശോഭനസഖ്യർ നമുക്കു മേന്മയ്ക്കായി (സമ്പത്തു) തരട്ടെ! 3
സൂര്യനെയും, നടുവിലെ ജ്യോതിസ്സുകളെയും, വാനൂഴികളെയും, അന്തരിക്ഷത്തെയും കെല്പുകൊണ്ടു താങ്ങുന്നവരാണല്ലോ, ദേവന്മാർ: ദരിദ്രർക്കെന്നപോലെ സമ്മാനം കൊടുക്കുന്ന – മനുക്ഷ്യർക്കു ധനമയയ്ക്കുന്ന – ആ ശോഭനദാനന്മാർ (ഇവിടെ) സ്തുതിയ്ക്കപ്പെടുന്നു. 4
ദാതാവായ മിത്രന്നും വരുണന്നും ഹവിസ്സർപ്പിയ്ക്കുക: ഈ പെരുമാക്കൾക്കു മനസ്സിൽപ്പോലും വരില്ല, പ്രമാദം! ഇവരുടെ തടിച്ച ശരീരം കർമ്മത്താൽ മിന്നിത്തിളങ്ങുന്നു. ഇവരുടെ വരുതിയിലാണ്, സമൃദ്ധങ്ങളായ വാനൂഴികൾ രണ്ടും. 5
കർമ്മം നടത്തുന്ന യാതൊരു ഗോവു പാൽ ചുരത്തിക്കൊണ്ടു സ്വയം ശുചീകൃതമായ പാർപ്പിടത്തിൽ ചുറ്റിനടക്കുന്നുവോ, ഞാൻ സ്തുതിയ്ക്കുന്ന അവൾ വരുണനും ദേവന്മാർക്കും ഹവിസ്സർപ്പിച്ചു ഭജിയ്ക്കുന്നവന്നു തരട്ടെ! 6
വിണ്ണിനെ ഭരിയ്ക്കുന്ന അഗ്നിജിഹ്വന്മാരായ യജ്ഞവർദ്ധകന്മാർ യാഗസ്ഥലം വിചാരിച്ചുകൊണ്ടിരിയ്ക്കയാണു്: അവർ കെല്പിനാൽ വാനിനെ ഉറപ്പിച്ചു, തണ്ണീർ പൊഴിയ്ക്കുന്നു; യജ്ഞത്തെ ജനിപ്പിച്ചു തിരുമെയ്യിനു മോടി വരുത്തുന്നു! 7
മുമ്പേ ജനിച്ച, ചുറ്റും വ്യാപിച്ച അച്ഛനമ്മമാർ – ഒരേ പാർപ്പിടക്കാരായ ദ്യാവാപൃഥിവികൾ – യാഗശാലയിൽ നിവസിയ്ക്കുന്നു: അവർ ഒരേമട്ടിൽ മാഹാനായ വരുണന്നായി വെള്ളം പൊഴിയ്ക്കുന്നു! 8
പർജ്ജന്യാവായുക്കൾ, വൃഷാക്കളും ഉദകവാന്മാരുമായ ഇന്ദ്രവായുക്കൾ, വരുണൻ, മിത്രൻ, അര്യമാവു്, എന്നീ ആദിത്യന്മാരെയും, അദിതിയെയും ദ്യാവാപൃഥിവ്യന്തരിക്ഷങ്ങളിലെ ദേവന്മാരെയും ഞങ്ങൾ വിളിയ്ക്കുന്നു. 9
ഋഭുക്കളേ, യാതൊന്നു ത്വഷ്ടാവിനെയും, വായുവിനെയും, രണ്ടു ദിവ്യഹോതാക്കളെയും, ഉഷസ്സിനെയും, ബൃഹസ്പതിയെയും, സുമേധസ്സായ വൃത്രസൂദനനെയും നന്മയ്ക്കായി പ്രാപിയ്ക്കുന്നുവോ, ആ ഇന്ദ്രസേവിതമായ സോമത്തോടു ഞങ്ങൾ ധനം യാചിയ്ക്കുന്നു: 10
അന്നം, ഗോവ്, അശ്വം, സസ്യങ്ങൾ, വൃക്ഷങ്ങൾ, ഭൂമി, പർവതങ്ങൾ, ജലങ്ങൾ എന്നിവയെ ഉൽപാദിപ്പിച്ചവരും, സൂര്യനെ വാനിൽക്കേറ്റിയവരുമായ ആ ശോഭനദാനന്മാരാണല്ലോ, മന്നിടത്തിൽ ശ്രേഷ്ഠകർമ്മങ്ങൾ നടത്തിച്ചുപോരുന്നതു്! 11
അശ്വികളേ, നിങ്ങൾ ഭുജ്യുവിനെ കഷ്ടപ്പാടിൽനിന്നു കരയേറ്റി; വധ്രിമതിയ്ക്കു ശ്യാവനായ പുത്രനെ നല്കി; കാമദീപനിയെ വിമദന്നു കിട്ടിച്ചു; വിശ്വകന്നു വിഷ്ണാപ്വനെ വീണ്ടുകൊടുത്തു! 12
ആയുധോപേതമായ ഇടിവാളും, ദ്യോവിനെത്താങ്ങുന്ന അജൈകപാത്തും സമുദ്രവും, അന്തരിക്ഷജലവും, വിശ്വേദേവന്മാരും, പ്രജ്ഞയേറിയ കർമ്മവതിയായ സരസ്വതിയും എന്റെ സ്തോത്രം ചെവിക്കൊള്ളട്ടെ! 13
കർമ്മവാന്മാരും ജ്ഞാനവാന്മാരും, മനുഷ്യന്നു യജനീയരും, എഴുന്നള്ളിവന്നു ഹവിസ്സുണ്ണുന്നവരും, അമർത്ത്യരും, സത്യജ്ഞരും, എന്തും കിട്ടിയ്ക്കുന്നവരുമായ ദേവന്മാരെല്ലാം സർവസ്തുതികളും സമന്ത്രാർപ്പിതമായ അന്നവും ആസ്വദിയ്ക്കട്ടെ! 14
മരണമില്ലാത്ത ദേവന്മാരെ വാസിഷ്ഠൻ വന്ദിച്ചു: ലോകത്തിലെങ്ങും വർത്തിയ്ക്കുന്ന അവൻ ഇന്നു, തുലോം പുകൾപ്പെട്ടതു തന്നരുളട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പൊഴുമെങ്ങളെ!’ 15
[3] ആ യജ്ഞവർദ്ധകർ – അഗ്ന്യാദികൾ.
[4] നടുവിലെ ജ്യോതിസ്സുകൾ – അന്തരിക്ഷത്തിലെ നക്ഷത്രാദികൾ. മനുഷ്യർക്കു – സ്തോതാക്കൾക്ക്.
[5] സമൃദ്ധങ്ങളായ – ദേവകളും മനുഷ്യരും നിറഞ്ഞ.
[6] ഭജിയ്ക്കുന്നവന്ന് – പരിചരിയ്ക്കുന്ന എനിയ്ക്ക്. തരട്ടെ – പാൽ.
[7] യജ്ഞവർദ്ധകന്മാർ – ദേവന്മാർ. യജ്ഞത്തെ – ഹവിസ്സാധനങ്ങളെ. മോടി വരുത്തുന്നു – ഹവിർഭക്ഷണത്താൽ.
[8] വരുണന്നായി – വരുണനും മറ്റുദേവന്മാർക്കുമായി. വെള്ളം പൊഴിയ്ക്കുന്നു – വെള്ളംകൊണ്ടാണല്ലോ, അന്നമുണ്ടാകുന്നതു്.
[12] കഷ്ടപ്പാടിൽനിന്നു – കടലിൽനിന്ന്. ശ്യാവനായ = കറുത്ത. പുത്രനെ – ഹിരണ്യഹസ്തനെ. കാമദീപനിയെ – കാമത്തെ ഉദ്ദീപിപ്പിച്ച വേനപുത്രിയെ. വിഷ്ണാപ്വനെ – കാണാതായ മകനെ.
[14] സമന്ത്രാർപ്പിതം – മന്ത്രം ജപിച്ചുകൊണ്ടർപ്പിയ്ക്കപ്പെട്ട. അന്നം – ഹവിസ്സ്.
[15] വാസിഷ്ഠൻ – വസിഷ്ഠകുലജാതനായ ഞാൻ. തുലോം പുകൾപ്പെട്ടത് – അന്നം.