ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അന്നസമൃദ്ധരായ, വെളിച്ചം വിരിച്ച, പ്രകൃഷ്ടജ്ഞാനരായ ദേവന്മാരെ ഞാൻ യജ്ഞത്തിന്റെ സ്വസ്തിയ്ക്കായി വിളിയ്ക്കുന്നു: യാഗം കൊണ്ടു വളർന്നവരാണല്ലോ – തുലോം വളർന്നവരാണല്ലോ –, ഈ ധനപൂർണ്ണരായ ഇന്ദ്രാദ്യമർത്ത്യന്മാർ! 1
ഇന്ദ്രനയച്ചവരും, വരുണൻ കൊണ്ടാടിയവരുമായ യാവചിലർ തേജസ്വിയായ സൂര്യന്റെ ലോകത്തിൽ മേവുന്നുവോ, ആ നിഹന്താക്കളായ മഘവാവിന്റെ മരുത്തുക്കളെപ്പറ്റി നാം സ്തോത്രം ചൊല്ലുക: ബുദ്ധിമാന്മാർ അധ്വരം തുടങ്ങിയിരിയ്ക്കുന്നു. 2
ഇന്ദ്രൻ വസുക്കളോടുകൂടി നമ്മുടെ ഗൃഹം കാത്തരുളട്ടെ; അദിതി ആദിത്യരോടുകൂടി നമുക്കു സുഖം നല്കട്ടെ; രുദ്രദേവൻ രുദ്രജരോടുകൂടി നമ്മളിൽ കനിയട്ടെ; ത്വഷ്ടാവു ദേവപത്നിമാരോടുകൂടി നമ്മെ അഭ്യുദയപ്രീതരാക്കട്ടെ! 3
അദിതി, ദ്യാവാപൃഥിവികൾ, മഹത്തായ സത്യം, ഇന്ദ്രാവിഷ്ണുക്കൾ, മരുത്തുക്കൾ, പെരിയ സൂര്യൻ എന്നിവരെയും, ആദിത്യരായ ദേവന്മാരെയും, വസുക്കളെയും, രുദ്രന്മാരെയും, സുകർമ്മാവായ സവിതാവിനെയും ഞങ്ങൾ രക്ഷയ്ക്കായി വിളിയ്ക്കുന്നു. 4
ധീമാനായ സരസ്വാൻ, കർമ്മവാനായ വരുണൻ, പൂഷാവ്, മഹിമശാലിയായ വിഷ്ണു, വായു, അശ്വികൾ എന്നീ അന്നദാതാക്കളും സർവധനരും സംഹർത്താക്കളുമായ അമർത്ത്യന്മാർ നമുക്കു മുന്നിലഗൃഹം തന്നരുളട്ടെ! 5
യജ്ഞം വർഷിയ്ക്കട്ടെ; യജനീയർ വർഷിയ്ക്കട്ടെ; സ്തോതാക്കളും ഹവിസ്സുണ്ടാക്കുന്നവരും വർഷിയ്ക്കട്ടെ; യജ്ഞവതികളായ ദ്യാവാപൃഥിവികൾ വർഷിയ്ക്കട്ടെ; ഇന്ദ്രൻ വർഷിയ്ക്കട്ടെ; ഋത്വിക്കുകൾ വർഷിയ്ക്കട്ടെ! 6
വൃഷാക്കളും – അഭീഷ്ടവർഷികളും – പുരുസ്തുതരുമായ അഗ്നീഷോമന്മാരെ ഞാൻ അന്നലബ്ധിയ്ക്കായി സ്തുതിയ്ക്കുന്നു: ഋത്വിക്കുകളാൽ യജ്ഞത്തിൽ പൂജിയ്ക്കപ്പെടുന്ന അവരിരുവർ നമുക്കു മുന്നിലഗൃഹം തന്നരുളട്ടെ! 7
കർമ്മം ചെയ്യുന്ന, ക്ഷത്രിയരായ, യജ്ഞത്തിന്നു പുറപ്പെടുന്ന, യാഗത്തിൽ ചേരുന്ന, വലിയ തേജസ്സുള്ള, അഗ്നിയാൽ വിളിയ്ക്കപ്പെടുന്ന, ദ്രോഹിയ്ക്കാത്ത സത്യപരന്മാർ വൃത്രയുദ്ധത്തിൽ തണ്ണീരുകളൊഴുക്കി! 8
ദേവന്മാർ വാനൂഴികൾക്കായി സസ്യങ്ങളെയും യജ്ഞവൃക്ഷങ്ങളെയും കല്പിച്ചുണ്ടാക്കി; അന്തരിക്ഷം മുഴുവൻ രക്ഷയ്ക്കായി നിറച്ചു; യാഗം തിരുമെയ്യിലണിഞ്ഞു! 9
വിണ്ണിനെ താങ്ങുന്ന വിസിഷ്ടഹസ്തരായ ഋഭുക്കളും, വമ്പിച്ച ഇടി മുഴക്കുന്ന പർജ്ജന്യവായുക്കളും, തണ്ണീരുകളും, സസ്യങ്ങളും ഞങ്ങളുടെ സ്തോത്രങ്ങളെ വളർത്തട്ടെ; ഉദാരനും ഊർജ്ജിതനുമായ ഭഗൻ എന്റെ വിളിയിലണയട്ടെ! 10
ഒഴുകുന്ന സിന്ധുവും, അന്തരിക്ഷലോകവും, അജൈകപാത്തും, ഇടിവെട്ടുന്ന മേഘവും, അഹിര്‍ബുധ്ന്യനും എന്റെ സ്തോത്രങ്ങൾ കേൾക്കട്ടെ; വിജ്ഞരായ വിശ്വേദേവന്മാരും എന്റെ സ്തോത്രങ്ങൾ കേൾക്കട്ടെ! 11
ആദിത്യരേ, രുദ്രരേ, ശോബനദാനരായ വസുക്കളേ, മനുഷ്യരായ ഞങ്ങൾ ദേവന്മാരായ നിങ്ങളെ ഊട്ടുമാറാകണം: നിങ്ങൾ ഞങ്ങളുടെ യജ്ഞം വഴിപോലെ മികവിൽ നടത്തിയ്ക്കുവിൻ; ഈ ചൊല്ലുന്ന സ്തോത്രങ്ങളെ പ്രീണിപ്പിയ്ക്കുവിൻ! 12
രണ്ടു പ്രധാനപുരോഹിതന്മാരായ ദിവ്യഹോതാക്കളെയും, യജ്ഞമാർഗ്ഗത്തെയും ഞാൻ വഴിപോലെ സമീപിയ്ക്കുന്നു. അയല്ക്കാരനായ ക്ഷേത്രപാലനോടും, മരണവും പ്രമാദവുമില്ലാത്ത സർവദേവന്മാരോടും ഞങ്ങൾ യാചിയ്ക്കുന്നു. 13
ഋഷിമാർപോലെ ദേവകളെ സ്തുതിയ്ക്കുന്ന വാസിഷ്ഠന്മാർ, അച്ഛനെപ്പോലെ സ്വസ്തിയ്ക്കായി സ്തോത്രം ചമച്ചിരിയ്ക്കുന്നു. ദേവന്മാരേ, നിങ്ങൾ അഭിലാഷമറിഞ്ഞു ഞങ്ങളിൽ, പ്രീതിയുള്ള ജ്ഞാനികൾപോലെ ധനമുതിർക്കുവിൻ! 14
മരണമില്ലാത്ത ദേവന്മാരെ വാസിഷ്ഠൻ വന്ദിച്ചു: ലോകത്തിലെങ്ങും വർത്തിയ്ക്കുന്ന അവർ ഇന്നു, തുലോം പുകൾപ്പെട്ടതു തന്നരുളട്ടെ; നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെപ്പിഴുമെങ്ങളെ!’ 15
[2] നിഹന്താക്കള്‍ – വൈരിഘ്നര്‍. മഘവാവിന്‍റെ – ഇന്ദ്രന്‍റെ ആളുകളായ.
[3] രുദ്രജര്‍ – മരുത്തുക്കള്‍. അഭ്യുദയപ്രീതര്‍ – അഭിവൃദ്ധിയ്ക്കു പ്രീതര്‍, പരിശ്രമിക്കുന്നവര്‍.
[4] സത്യം – അഗ്നി.
[5] സരസ്വാന്‍ – ഒരു ദേവന്‍. സംഹര്‍ത്താക്കള്‍ – ദുഷ്ടരെ വധിയ്ക്കുന്നവര്‍. മൂന്നിലഗൃഹം – മൂന്നു നിലയുള്ള ഗൃഹം.
[6] വര്‍ഷിയ്ക്കട്ടെ – അഭീഷ്ടടങ്ങള്‍. യജനീയര്‍ – ദേവന്മാര്‍. സ്തോതാക്കളും.............. വര്‍ഷിയ്ക്കട്ടെ – അഭീഷ്ടവര്‍ഷഹേതുക്കളായി ഭവിയ്ക്കട്ടെ; ഒടുവിലെ വര്‍ഷിയ്ക്കട്ടെ എന്നതിനും ഇതുതന്നെ, അര്‍ത്ഥം.
[8] ക്ഷത്രിയര്‍ – ദേവന്മാര്‍ ജാതിയില്‍ ക്ഷത്രിയരത്രേ. സത്യപരന്മാര്‍ – ദേവന്മാര്‍. പൊരുതി വൃത്രനെക്കൊന്ന്.
[9] യജ്ഞവൃക്ഷങ്ങള്‍ – പിലാശും മറ്റും. നിറച്ചു – തേജസ്സുകൊണ്ട്.
[12] ഊട്ടുക – യജ്ഞമനുഷ്ഠിയ്കുക എന്നർത്ഥം.
[13] രണ്ടു ദിവ്യഹോതാക്കൾ – ഈ പേരിലുള്ള അഗ്നിയും ആദിത്യനും. യാചിയ്ക്കുന്നു – ധനം.
[14] അച്ഛൻ – വസിഷ്ഠൻ.