വധ്ര്യശ്വപുത്രൻ സുമിത്രൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
അഗ്നിയുടെ തിരുനോട്ടങ്ങൾ വധ്ര്യശ്വന്നു നന്മ വരുത്തട്ടെ; കൊണ്ടുനടക്കൽ മംഗളമുളവാക്കട്ടെ; യജ്ഞാഗമനങ്ങൾ നല്ല ഉല്ലാസം നല്കട്ടെ. തന്തിരുവടിയെ സുമിത്രരെന്ന മനുഷ്യർ മുമ്പേ ഉജ്ജ്വലിപ്പിയ്ക്കുന്നു; നെയ്യു ഹോമിച്ചു തിളങ്ങിച്ചു സ്തുതിയ്ക്കുന്നു. 1
നെയ്യു വധ്ര്യശ്വന്റെ അഗ്നിയെ വർദ്ധിപ്പിയ്ക്കട്ടെ: നെയ്യു തന്തിരുവടിയ്ക്ക് ആഹാരവും, നെയ്യു പുഷ്ടികരവുമായിത്തീരട്ടെ! നെയ്യു ഹോമിച്ചതിനാൽ, തന്തിരുവടി തുലോം കത്തിപ്പടരുന്നു – നെയ്യു തൂകിയതിനാല്‍, സൂര്യൻപോലെ വിളങ്ങുന്നു.2
അഗ്നേ, അങ്ങയുടെ സൈന്യത്തെ മനുപോലെ സുമിത്രൻ ജ്വലിപ്പിയ്ക്കുന്നു: ഇതു തുലോം പുതുതായിത്തീരട്ടെ. ആ ഭവാൻ ധനത്തോടേ തിളങ്ങിയാലും; ആ ഭവാൻ സ്തുതികൾ ചെവികൊണ്ടാലും; ആ ഭവാൻ എതിർബലം പിളർത്താലും; ആ ഭവാൻ ഇവങ്കൽ അന്നം വെച്ചാലും! 3
പണ്ടേ പിറന്ന ഭവാനെ വധ്ര്യശ്വൻ സ്തുതിച്ചു ജ്വലിപ്പിച്ചുവല്ലോ; അഗ്നേ, ആ ഭവാൻ ഇതു ചെവിക്കൊണ്ടാലും. ആ ഭവാൻ ഞങ്ങളുടെ ഗൃഹം രക്ഷിയ്ക്കുക; തിരുമെയ്യും രക്ഷിയ്ക്കുക; അങ്ങയുടെ ഞങ്ങളിലുള്ള ഈ സ്വത്തും കാത്തരുളുക! 4
വധ്ര്യശ്വന്റെ കുലത്തിൽ ജനിച്ചവനേ, അങ്ങ് അന്നം തരിക; കാത്തരുളുകയും ചെയ്യുക! അങ്ങയെ ആരും ഉപദ്രവിയ്ക്കരുതു്: എതിരാളികളെ അമർത്തുമല്ലോ, അങ്ങ് – ഒരു ശൂരൻപോലെ ആക്രമിച്ച് അടിപ്പെടുത്തുമല്ലോ! സുമിത്രൻ ഇപ്പോൾത്തന്നെ വധ്ര്യശ്വഗോത്രന്റെ തിരുനാമങ്ങൾ കീർത്തിയ്ക്കാം. 5
അഗ്നേ, അങ്ങ് ജനഹിതങ്ങളായ പർവതസ്വത്തുകളും, കരുത്തരുടെയും അസുരന്മാരുടെയും ഉപദ്രവങ്ങളും അടക്കിയിരിയ്ക്കുന്നു: എതിരാളികളെ ഒരു ശുരൻപോലെ ആക്രമിച്ച് അടിപെടുത്തുന്ന ഭവാൻ പോരിന്നൊരുമ്പെട്ടവരെ കീഴമർത്താലും! 6
പെരികെ സ്തുതിയ്ക്കപ്പെട്ട, വളരെ രശ്മികൾ ചുഴന്ന, ആയിരം ഉടുപ്പുള്ള, നൂറുരു കൊണ്ടുനടക്കപ്പെടുന്ന, ഉജ്ജ്വലരിൽവെച്ചുജ്ജ്വലനായ, മഹാനായ അഗ്നിയെ ഇതാ, നേതാക്കൾ മോടിപ്പെടുത്തുന്നു: ആ നിന്തിരുവടി ദേവകാമരായ സുമിത്രരിൽ ഉജ്ജ്വലിച്ചാലും! 7
ജാതവേദസ്സേ, അഗ്നേ, ഒരു സഞ്ചരിഷ്ണുവിനോടു ചേർന്ന, നന്നായിച്ചുരത്തുന്ന – അമൃതു ചുരത്തുന്ന – ഒരു ഗോവുണ്ടല്ലോ, അങ്ങയുടെ പക്കൽ; ആ നിന്തിരുവടിയെ ദേവകാമന്മാരായി ദക്ഷിണ കൊടുക്കുന്ന നേതാക്കളായ സുമിത്രന്മാർ ഉജ്ജ്വലിപ്പിയ്ക്കുന്നു. 8
വധ്ര്യശ്വാഗോത്രനായ ജാതവേദസ്സേ, അങ്ങയുടെ മഹിമാവിനെ അമർത്ത്യരായ ദേവന്മാരും പ്രശംസിച്ചിരിയ്ക്കുന്നു: മനുഷ്യപ്രജകൾ ചോദിച്ചപ്പോഴെയ്ക്കും, അങ്ങ്, അങ്ങയാൽ വളർത്തപ്പെട്ട നേതാക്കളോടൊന്നിച്ചു ജയിച്ചുകഴിഞ്ഞു! 9
അഗ്നേ, അങ്ങയെ എന്റെ അച്ഛൻ വധ്ര്യശ്വൻ ഒരു മകനെയെന്നപോലെ അരികിൽ പരിചരിച്ചു പുലർത്തിപ്പോന്നു. യുവതമ, ആ അങ്ങ് ഇവന്റെ ചമതയുൾപ്പുക്കു, പണ്ടേത്തെപ്പരിപന്ഥികളെപ്പോലും കൊന്നിരിയ്ക്കുന്നു! 10
അഗ്നി വധ്ര്യശ്വന്റെ സോമം പിഴിഞ്ഞ നേതാക്കളോടുകൂടി എപ്പോഴും ശത്രുക്കളെ ജയിച്ചിരിയ്ക്കുന്നു – യുദ്ധത്തെപ്പോലും ചുട്ടെരിച്ചിരിയ്ക്കുന്നു. ചിത്രഭാനോ, അവിടുന്നു വളർന്നു, ദ്രോഹിയെ കുമ്പിടുവിച്ചു പിളർത്തി! 11
ഈ അമിത്രഹന്താവായ അഗ്നി പണ്ടേമുതൽ വധ്ര്യശ്വന്റെ നമസ്സാൽ വളർന്നവനും സ്തുതിയ്ക്കപ്പെട്ടവനുമാകുന്നു. ഹേ വധ്ര്യശ്വഗോത്ര, അതിനാൽ, ഞങ്ങളെ ഉപദ്രവിയ്ക്കുന്നവരെ – അവർ അജ്ഞാതിക ളായാലും ജ്ഞാതികളായാലും – നിന്തിരുവടി കീഴമർത്തണം! 12
[1] അഗ്നിയുടെ എന്ന പദം അടുത്ത രണ്ടു വാക്യങ്ങളിലും ചേർക്കണം. വധ്ര്യശ്വന്നു – എന്റെ അച്ഛന്ന്. യജ്ഞാഗമനങ്ങൾ – യാഗത്തിലെയ്ക്കുള്ള വരവുകൾ. സുമിത്രരെന്ന മനുഷ്യർ – ഞാൻ.
[3] സൈന്യം – ജ്വാലാഗണം. എതിർബലം – ശത്രുബലം. ഇവങ്കൽ അന്നം വെച്ചാലും – എനിയ്ക്ക് അന്നം തന്നാലും.
[4] ഇത് – എന്റെ സ്തുതി. അങ്ങയുടെ – അങ്ങയുടെ ആളുകളായ.
[5] വധ്ര്യശ്വന്റെ കുലത്തിൽ ജനിച്ചവനേ – വധ്ര്യശ്വനാൽ ഉൽപാദിപ്പിയ്ക്കപ്പെട്ട അഗ്നേ. സുമിത്രൻ – ഞാൻ. വധ്ര്യശ്വ ഗോത്രന്റെ – അങ്ങയുടെ.
[6] പർവതസ്വത്തുക്കൾ – അസുരന്മാരാല്‍ മലയിലടയ്ക്കപ്പെട്ട ഗോക്കൾ. പോരിന്ന് – ഞങ്ങളോടു് പൊരുതാൻ.
[7] ഉടുപ്പ് – ഹവിസ്സ് എന്നർത്ഥം. സുമിത്രരിൽ – എന്റെ അടുക്കൽ.
[8] ഒരു സഞ്ചരിഷ്ണു – സൂര്യൻ. ഗോവ് – മാധ്യമികവാക്ക്. അങ്ങയുടെ പക്കൽ – വൈദ്യുതനായ ഭവാന്റെ അരികിൽ.
[9] ചോദിച്ചപ്പോഴെയ്ക്കും – ‘ആർ കൊല്ലും, അസുരന്മാരെ’ എന്നന്വേഷിച്ചുതുടങ്ങിയപ്പോഴെയ്ക്കും. നേതാക്കൾ – ദേവന്മാർ. ജയിച്ചുകഴിഞ്ഞു – അസുരന്മാരെ.
[11] നേതാക്കൾ – ഋത്വിക്കുകൾ. അന്തിമവാക്യം പ്രത്യക്ഷം:
[12] നമസ്സ് = ഹവിസ്സ്, നമസ്കാരം.