സുമിത്രൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; നരാശംസാദികൾ ദേവതകൾ.
അഗ്നേ, അവിടുന്ന് ഇളാസ്ഥാനത്ത് എന്റെ ചമതയിൽ പൂകിയാലും; ഘൃതസ്രുക്കിനെ കാമിച്ചാലും. ഹേ ശോഭനപ്രജ്ഞ, ദിനങ്ങളെ സുദിനങ്ങളാക്കാൻ, ദേവയജനത്തിന്നു ഭൂമിയുടെ ഉന്നതസ്ഥലത്ത് ഉയർന്നാലും! 1
ദേവന്മാരുടെ മുമ്പിൽ നടക്കുന്ന നരാശംസൻ നാനാരൂപങ്ങളായ അശ്വങ്ങളോടുകൂടി ഇവിടെ എഴുന്നള്ളട്ടെ: ആ യജ്ഞഹിതനായ ദേവശ്രേഷ്ഠൻ യജ്ഞമാർഗ്ഗത്തിലൂടേ, സ്തോത്രത്തോടുകൂടി ദേവന്മാർക്കു (ഹവിസ്സു) കൊണ്ടുപോകട്ടെ! 2
അതിശാശ്വതനായ അഗ്നിയെ, ആളുകൾ ഹവിസ്സൊരുക്കി, ദൂത്യത്തിന്നായി സ്തുതിയ്ക്കുന്നു. ആ നിന്തിരുവടി മിടുക്കുള്ള കുതിരകളാൽ വഴിപോലെ വലിയ്ക്കപ്പെടുന്ന തേരിൽ ദേവന്മാരെ കൊണ്ടുവന്നാലും; ഇവിടെ ഹോതാവായി ഇരുന്നാലും! 3
ദേവ, ബർഹിസ്സേ, ദേവകൾക്കു വിലങ്ങത്തിൽ വിരിയ്ക്കപ്പെട്ട (ദർഭ) വീണ്ടും വീതിവെയ്ക്കട്ടെ; നീണ്ട ഇതു് അധികം നീളട്ടെ; സുഗന്ധിയായും തീരട്ടെ. അവിടുന്ന് അരിശമുൾക്കൊള്ളാതെ, കാമയമാനരായ ഇന്ദ്രാദിദേവന്മാരെ പൂജിച്ചാലും! 4
കതകുകളേ, നിങ്ങൾ സ്വർഗ്ഗത്തെക്കാളും മഹത്തരമായ ഉന്നതസ്ഥാനത്തുരുമ്മുവിൻ; ഭൂമിയുടെ വലുപ്പത്തോളം വീതിവെയ്ക്കുവിൻ. കാമയമാനകളായ നിങ്ങൾ രഥം കാംക്ഷിച്ചു, മഹിമയേറിയവരുടെ ദേവരഥത്തെ താങ്ങിനില്ക്കുവിൻ! 5
ദ്യോവിന്റെ പുത്രിമാരായ, സുരൂപമാരായ അഹോരാത്രദേവിമാരേ, നിങ്ങൾ യജ്ഞപദത്തിൽ ഇരിയ്ക്കുവിൻ: കാമിയ്ക്കുന്ന സുഭഗമാരേ, കാമിയ്ക്കുന്ന ദേവന്മാർ നിങ്ങളുടെ വിശാലമായ സമീപത്ത് ഉപവേശിയ്ക്കട്ടെ! 6
അമ്മിക്കുഴ ഉയർന്നു; മഹാനായ അഗ്നി പടർന്നു; പ്രിയപാത്രങ്ങൾ യജ്ഞസദനത്തിൽ നിരന്നു. അതിനാൽ, ഋത്വിക്കുകളായ ഇരുപുരോഹിതന്മാരേ, വിദ്വത്തമരായ നിങ്ങൾ ഈ യാഗത്തിൽ ധനം കല്പിച്ചുതന്നാലും! 7
മൂന്നു ദേവിമാരേ, നിങ്ങൾ ഈ വീതിയേറിയ ദർഭയിൽ – ഞങ്ങൾ നിങ്ങൾക്കായി വിരിച്ചതിൽ – ഇരിയ്ക്കുവിൻ: ഇളയും സരസ്വതിയും ഭാരതിയും മനുവിന്റെ യജ്ഞത്തിലെന്നപോലെ, ശരിയ്ക്കു വെയ്ക്കപ്പെട്ട ഹവിസ്സുകൾ ഭുജിയ്ക്കട്ടെ! 8
ദേവ, ത്വഷ്ടാവേ, അവിടുന്ന് അഴകാർന്നവനും, അംഗിരസ്സുകളെ സഹായിക്കുന്നവനുമാണല്ലോ: ദ്രവിണോദസ്സേ, ആ സുരത്നനായ ഭവാൻ താല്പര്യം പൂണ്ടു, വകതിരിവോടേ, അന്നം ദേവന്മാർക്കു കൊടുത്താലും! 9
വനസ്പതേ, അറിവുള്ള ഭവാൻ കയർകൊണ്ടു കെട്ടി, അന്നം ദേവന്മാർക്കെത്തിച്ചാലും! ദേവൻ സ്വാദുനോക്കട്ടെ, ഹവിസ്സു കൊണ്ടു കൊടുക്കട്ടെ! ദ്യാവാപൃഥിവികൾ എന്റെ വിളി രക്ഷിയ്ക്കട്ടെ! 10
അഗ്നേ, അവിടുന്നു ഞങ്ങളുടെ യാഗത്തിന്ന് ഇന്ദ്രനെയും വരുണനെയും മരുത്തുക്കളെയും സ്വർഗ്ഗത്തിൽനിന്നും അന്തരിക്ഷത്തിൽ നിന്നും കൊണ്ടുവരിക: ആ യജനീയരായ, മരണമില്ലാത്ത ദേവന്മാരെല്ലാവരും ദർഭയിലിരിയ്ക്കട്ടെ; സ്വാഹാ, മത്തുകൊള്ളട്ടെ! 11
[1] ഇളാസ്ഥാനം – ഉത്തരവേദി; ഭൂമിയുടെ ഉന്നതസ്ഥലവും ഉത്തരവേദിതന്നെ.
[4] ബർഹിസ്സ് – ഒരഗ്നി.
[5] ദ്വാരദേവികളോടു്: കാമയമാനകൾ – ദേവന്മാരെ കാംക്ഷിയ്ക്കുന്നവർ. മഹിമയേറിയവരുടെ – ദേവന്മാരുടെ.
[7] പ്രിയപാത്രങ്ങൾ – ദേവന്മാർക്കരുമപ്പെട്ട യജ്ഞപാത്രങ്ങൾ. ഇരുപുരോഹിതന്മാർ – അഗ്ന്യാദിത്യർ.
[8] രണ്ടാംവാക്യം പരോക്ഷം:
[9] അംഗിരസ്സുകളെ – അംഗിരോഗോത്രക്കാരായ ഞങ്ങളെ. സുരത്നൻ = നല്ല രത്നങ്ങളോടുകൂടിയവൻ. അന്നം – ഹവിസ്സ്.
[10] യൂപത്തോട്: വനസ്പതേ = മരമേ. ദേവൻ – വനസ്പതി. ഈ വാക്യം പരോക്ഷം:
[11] മത്തുകൊള്ളട്ടെ – ഞങ്ങളുടെ ഹവിസ്സുകൾ ഭുജിച്ച്.