അംഗിരഃപുത്രൻ ബൃഹസ്പതി ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ;ബ്രഹ്മജ്ഞാനം ദേവത.
ബൃഹസ്പതേ, ഒന്നാമതായി, പേരു വിളിച്ചു സംസാരിയ്ക്കുക എന്നതു വാക്കിന്റെ തുമ്പാകുന്നു. ഇവരുടെ ശ്രേഷ്ഠവും അനഘവുമായ (ജ്ഞാനം) യാതൊന്നോ, ഗുഹയിൽ വെയ്ക്കപ്പെട്ട അതിനെ(സരസ്വതി) പ്രേമത്താൽ ഇവർക്കു വെളിപ്പെടുത്തിക്കൊടുത്തു! 1
മലർപ്പൊടി മുറംകൊണ്ടു ചേറുന്നതുപോലെ, വിദ്വാന്മാർ വാക്കിനെ എവിടെ മനസ്സിരുത്തി ശുദ്ധീകരിയ്ക്കുന്നുവോ, അവിടെ സഖാക്കൾ സഖ്യമറിയുന്നു; അവരുടെ വാക്കിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു, ഭദ്രയായ ലക്ഷ്മി! 2
യജ്ഞത്താൽ വാക്കിന്റെ വഴി കിട്ടി: ഋഷിമാരിൽ ഉൾപ്പുക്ക അതു ലഭിച്ചവർ, അതെടുത്തു വളരെയിടങ്ങളിൽ പ്രചരിപ്പിച്ചു; അതിനെ പക്ഷികളായ ഏഴെണ്ണത്തോടു ചേർത്തു. 3
ഈ വാക്കിനെ ഒരുവൻ കണ്ടിട്ടും കണ്ടില്ല; ഒരുവൻ കേട്ടിട്ടും കേട്ടില്ല. നേരേമറിച്ച്, അവൾ ഇവന്നു, നല്ല വസ്ത്രമുടുത്ത കാമിനിയായ ഭാര്യ കണവന്നെന്നപോലെ രൂപം വെളിപ്പെടുത്തി! 4
ഒരുത്തനെ, മനസ്സിൽ മധു വറ്റാത്തവനെന്നു സദസ്സിൽ പറയാറുണ്ടു്. അവനെ അർത്ഥവിചാരത്തിൽ (ആരും) പുറംതള്ളില്ല. പൂവും കായുമില്ലാത്ത വാക്കിനെ കേട്ടവനാകട്ടേ ഒരു പെറാപ്പയ്യായ മായയുമായി നടക്കുന്നു! 5
അധ്യേതാവിനെ അറിയുന്ന ഉപദേഷ്ടാവിനെ ആർ ത്യജിയ്ക്കുമോ, അവന്നു വാക്കിൽ ഒരു പങ്കും കിട്ടില്ല: അവന്റെ കേൾക്കൽ ഒരു വെറുംകേൾക്കലാവും; സുകൃതത്തിന്റെ മാർഗ്ഗം മനസ്സിലാകില്ല. 6
കണ്ണും ചെവിയുമുള്ള സഖാക്കൾ പ്രജ്ഞാദികളിൽ ഒരേ നിലക്കാരാവില്ല: ചില ഹ്രദങ്ങളിൽ വായവരെയും, ചിലതിൽ കക്ഷംവരെയും വെള്ളമുണ്ടാകും; ചിലതിൽ മുങ്ങിപ്പോകത്തക്കവണ്ണവും കാണാം! 7
സഖാക്കളായ ബ്രാഹ്മണർ ഹൃദയനിർമ്മിതങ്ങളായ വിജ്ഞേയങ്ങളിൽ ഒത്തുകൂടാറുണ്ടല്ലോ; അതിൽ, ഒരുത്തനെ വിദ്യകളാൽ ത്യജിയ്ക്കുന്നു; ബ്രഹ്മജ്ഞരാകട്ടേ, യഥേഷ്ടം വിചരിയ്ക്കുന്നു. 8
യാവചിലർ താഴത്തും മുകളിലും നടക്കില്ലയോ, അവർ ബ്രഹ്മജ്ഞാനം നേടില്ല; സോമം പിഴിയുന്നവരുമാകില്ല; ആ മൂഢന്മാർ പാപമുളവാക്കുന്ന പഠിപ്പാൽ കലപ്പയേന്തി വേലചെയ്യും!9
സഖാക്കളെല്ലാം, സഭയെത്താങ്ങുന്ന യശസ്വിയായ സഖാവു വന്നാൽ ഇമ്പംകൊള്ളുന്നു: ഇവരുടെ പാപത്തെ ക്ഷമിയ്ക്കാത്തതും, അന്നം കിട്ടിയ്ക്കുന്നതും, പാത്രനിഹിതവുമായ അതു വീര്യമുളവാക്കാൻ ത്രാണിയുള്ളതാകുന്നു. 10
ഒരാൾ ഋക്കുകളെ തടിപ്പിച്ചുകൊണ്ടിരിയ്ക്കും; ഒരാൾ ശക്വരികളിൽ ഗായത്രസാമം പാടും; ഒരാൾ ബ്രഹ്മനായിട്ടു വെണ്ടതൊക്കെ പറഞ്ഞുകൊടുക്കും; ഒരാൾ യജ്ഞത്തിന്റെ അളവു നിശ്ചയിയ്ക്കും. 11
[1] വേദാർത്ഥജ്ഞരായ കുട്ടികളെ കണ്ടിട്ടാശ്ചര്യപ്പെട്ട് ഋഷി, തന്നോടുതന്നേ പറയുന്നു: പേർ – അമ്മ, അച്ഛൻ മുതലായ പദങ്ങൾ. ഇവർ – കുട്ടികൾ. ഗുഹയിൽ വെയ്ക്കപ്പെട്ട – ഗുഹ്യമായ.
[2] അവിടെ – വിദ്വത്സംഘത്തിൽ. സഖ്യം – വേഴ്ച; ജ്ഞാനമെന്നർത്ഥം. ഭദ്രയായ ലക്ഷ്മി – അർത്ഥസമ്പത്ത്.
[3] അതു – വാക്ക്. പ്രചരിപ്പിച്ചു – സർവമനുഷ്യരെയും പഠിപ്പിച്ചു. പക്ഷികളായ ഏഴെണ്ണം – ഗായത്ര്യാദിസപ്തച്ഛന്ദസ്സുകൾ.
[4] ഒരുവൻ – മൂഢൻ. അവൾ – വാക്ക്. ഇവന്നു – വിദ്വാന്ന്. വിദ്വാൻ വാക്കിന്റെ രൂപം അറിയുന്നു; മൂഢൻ അറിയുന്നില്ല.
[5] മനസ്സിൽ മധുവറ്റാത്തവൻ – സ്ഥിരജ്ഞാനൻ. അവനെ – സ്ഥിരജ്ഞാനനെ. പൂവും കായുമില്ലാത്ത – പൊരുളില്ലാത്ത. ഒരു തടിച്ച മച്ചിപ്പയ്യിനെ കണ്ടാൽ തോന്നുമല്ലോ, ധാരാളം പാൽ കിട്ടുമെന്നു്; അതുപോലെയാണ്, പൊരുളില്ലാത്ത വാക്ക്, അർത്ഥമറിയാതെ ചൊല്ലൽ.
[6] ഒരു പങ്കും – ഒരർത്ഥവും. കേൾക്കൽ – പഠനം.
[7] സഖാക്കൾ – സമാനേന്ദ്രിയന്മാർ. ഇതിന്റെ വിവരണമാണു്, അവശിഷ്ടവാക്യങ്ങൾ. വായവരെ വെള്ളമുള്ള ഹ്രദങ്ങൾ മധ്യമപ്രജ്ഞരെയും, കക്ഷംവരെ വെളളമുള്ളവ അല്പപ്രജ്ഞരെയും കുറിയ്ക്കുന്നു ചിലതിൽ – ചിലർ മഹാപ്രജ്ഞരായിരിയ്ക്കിമെന്നർത്ഥം.
[8] വിജ്ഞേയങ്ങളിൽ – വേദനിരൂപണത്തിന്ന് എന്നർത്ഥം. ഒരുത്തനെ – അനഭിജ്ഞനെ. വിചരിയ്ക്കുന്നു – വേദനിരൂപണത്തിൽ വ്യാപരിയ്ക്കുന്നു.
[9] താഴത്തും – ബ്രാഹ്മണരുടെ ഇടയിലും. മുകളിലും – ദേവന്മാരുടെ ഇടയിലും. കലപ്പയേന്തി – കൃഷീവലരായിത്തീർന്ന്.
[10] സഖാക്കൾ – സമാനജ്ഞാനന്മാർ. സഖാവ് – സോമം. ഇവർ – ജനങ്ങൾ. അതു – സോമം.
[11] ഋക്കുകളെ തടിപ്പിയ്ക്കൽ – വളരെ ഋക്കുകളെ ചൊല്ലുക. ശക്വരികൾ – ഇന്ദ്രനെ വൃത്രവധത്തിന്നു ശക്തനാക്കിയ ഋക്കുകൾ. ബ്രഹ്മൻ – ബ്രഹ്മാവെന്ന ഋത്വിക്ക്. അളവ് – ഇത്രയിത്ര വേണമെന്ന കണക്ക്. യജ്ഞപ്രവൃത്തരുടെ കർമ്മങ്ങളെ പ്രതിപാദിച്ചിരിയ്ക്കയാണ്, ഈ ഋക്കിൽ.