ലോകന്റെ പുത്രൻ ബൃഹസ്പതിയോ, അംഗിരഃപുത്രൻ ബൃഹസ്പതിതന്നെയോ, ദക്ഷപുത്രി അദിതിയോ ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ദേവന്മാർ ദേവത.
യാവചിലർ കീഴ് യുഗങ്ങളിലും ഉക്ഥം ചൊല്ലുന്നവനെ നോക്കുന്നുവോ, ആ ദേവന്മാരുടെ ഉൽപത്തികൾ ഞങ്ങൾ വെളിവായി പറയാം: 1
അദിതി അവയെ ഒരു കരുവാൻപോലെ ഊതിവീർപ്പിച്ചു: ഒന്നാമത്തെ ദേവയുഗത്തിൽ അസത്തിൽനിന്നു സത്തുണ്ടായി. 2
ഒന്നാമത്തെ ദേവയുഗത്തിൽ അസത്തില്‍നിന്നു സത്തുണ്ടായി. തുടർന്നു ദിക്കുകളും, പിന്നീടു വൃക്ഷങ്ങളുമുണ്ടായി. 3
വൃക്ഷത്തിൽനിനു ഭൂമിയുണ്ടായി; ഭൂമിയിൽനിന്നു ദിക്കുകളുണ്ടായി. അദിതിയിൽനിന്നു ദക്ഷനും, തുടർന്നു ദക്ഷനിൽനിന്ന് അദിതിയുമുണ്ടായി. 4
ദക്ഷ, അങ്ങയുടെ മകളായി അദിതി ജനിച്ചു; അവളെത്തുടർന്നു, മരണക്കെട്ടില്ലാത്ത ഭജനീയരായ ദേവന്മാരുണ്ടായി. 5
ദേവന്മാരേ, ആ വെള്ളത്തിലാണല്ലോ, നിങ്ങൾ ജനിച്ചുനിന്നതു്; അതിൽ നിങ്ങൾ നൃത്തം വെച്ചതിനാലെന്നപോലെ, ഒരു ചൂടുള്ള തുള്ളി മേല്പോട്ടു തെറിച്ചു! 6
ദേവന്മാരേ, നിങ്ങൾ മഴക്കാറുകൾപോലെ ലോകം നിറച്ചു; ആ വെള്ളത്തിൽ മറഞ്ഞ സൂര്യനെ കൊണ്ടുവന്നു. 7
എട്ടുപുത്രന്മാർ, അദിതിയുടെ ശരീരത്തിൻനിന്നു പിറന്നു. എന്നാൽ ഏഴുപേരോടുകൂടിയാണു്, അവൾ ദേവന്മാരിൽ ചെന്നതു്; മാർത്താണ്ഡനെ മോല്പോട്ടെറിഞ്ഞു. 8
ഏഴുപുത്രന്മാരോടുകൂടിയാണു്, അദിതി പൂർവയുഗം പ്രാപിച്ചതു്. പിന്നീടു, ലോകത്തിൽ ജനനമരണങ്ങൾക്കായി സൂര്യനെ തിരിയേ കൊണ്ടുപോന്നു. 9
[1] കീഴ് യുഗങ്ങളിലും – തങ്ങൾ ജനിച്ചതിന്നുശേഷം വളരെ യുഗങ്ങൾ കഴിഞ്ഞിട്ടും, ഇപ്പോഴും, ഞങ്ങൾ – ഞാൻ.
[2] അവയെ – ദേവോൽപത്തികളെ. ഊതിവീർപ്പിച്ചു. കരുവാൻ ഉലകൊണ്ടു് അഗ്നിയെ ജ്വലിപ്പിയ്ക്കുന്നതുപോലെ, വർദ്ധിപ്പിച്ചു. അസത്ത് – ബ്രഹ്മം. സത്ത് – ദേവാദിജഗത്ത്.
[4] അദിതിയിൽനിന്നു – അച്ഛനും മകളും പരസ്പരോൽപാദകരായി എന്നു താൽപര്യം.
[5] മരണക്കെട്ട് = മരണമാകുന്ന ബന്ധനം.
[6] ആ വെള്ളം – പ്രഥമസൃഷ്ടമായ ജലം. ചൂടുള്ള തുള്ളി – സൂര്യൻ.
[7] മഴക്കാറുകൾപോലെ – മേഘങ്ങൾ വെള്ളംകൊണ്ടെന്നപോലെ. നിറച്ചു – സ്വതേജസ്സുകൊണ്ടു്. കൊണ്ടുവന്നു – പ്രഭാതത്തിലുദിപ്പാൻ.
[8] എട്ടുപുത്രന്മാർ – മിത്രൻ, വരൂണൻ, ധാതാവ്, അര്യമാവ്, അംശൻ, ഭഗൻ, വിവസ്വാൻ, സൂര്യൻ. മേല്പോട്ടേറിഞ്ഞു – ആകാശത്തിലെയ്ക്കയച്ചു.
[9] കാലകർത്താവായ സൂര്യന്ന് അധീനങ്ങളാണല്ലോ, ജനനമരണങ്ങൾ.