ഇരവോന്റെ പുത്രൻ ജരൽക്കർണ്ണനെന്ന സർപ്പം ഋഷി; ജഗതി ഛന്ദസ്സ്; അമ്മി ദേവത.
നിങ്ങളെ ഞാൻ ഉഷഃകാലത്തു ചമയിയ്ക്കാം: നിങ്ങൾ ഇന്ദ്രനെയും മരുത്തുക്കളെയും ദ്യാവാപൃഥിവികളെയും ചമയിയ്ക്കുവിൻ. ഒപ്പം പിറന്ന വാനൂഴികളിരുവരും ഞങ്ങളെ സദസ്സിൽ സദസ്സിൽ ഉൽപന്നംകൊണ്ട് ഉപചരിയ്ക്കുമാറാകണം! 1
ആ ശ്രേഷ്ഠമായ സോമംതന്നെ നിങ്ങൾ പിഴിയുവിൻ: പിഴിയുന്നവൻ കൈകൾകൊണ്ടു പിടിച്ച അമ്മിക്കുഴ ഒരു കുതിരപോലെ നില്ക്കുന്നു. കീഴമർത്തുന്ന കെല്പു കിട്ടുമല്ലോ, ഉടമസ്ഥന്ന്; ഇതു വമ്പിച്ച സമ്പത്തിന്നായി കുതിരകളെയും കൊടുക്കും! (2)
ഇതിന്റെ ആ പിഴിയൽ കർമ്മത്തിലണയട്ടെ, പണ്ടു മനുവിന്നായി ചെന്നതുപോലെ: ത്വഷ്ടാവിന്റെ പുത്രൻ ഗോക്കളാലും അശ്വങ്ങളാലും പരിവൃതനായിരിയ്ക്കെ, ഈ അഹിംസ്യങ്ങളാണല്ലോ, അധ്വരങ്ങളിൽ ആശ്രയിയ്ക്കപ്പെട്ടതു്! (3)
അമ്മിക്കുഴകളേ, നിങ്ങൾ ദ്രോഹത്തൊഴില്ക്കാരായ അരക്കരെ അറുതിപ്പെടുത്തുവിൻ; നിര്യതിയെ നീക്കുവിൻ; ഹിംസയെ പോക്കുവിൻ; ഞങ്ങൾക്കു വളരെപ്പുത്രന്മാരെയും ധനവും ഒഴുക്കുവിൻ; ദേവകളെ രസിപ്പിയ്ക്കുന്ന ശ്ലോകം ചൊല്ലുവിൻ! 4
സൂര്യനെക്കാളും ബലിഷ്ഠങ്ങളെ, വിഭ്വാവിനെക്കാളും ശീഘ്രകർമ്മക്കളെ, വായുവിനെക്കാളും സോമാഭിഷവവേഗികളെ, അഗ്നിയെക്കാളും അന്നസാധകങ്ങളെ നിങ്ങൾ സ്തുതിയ്ക്കുവിൻ! 5
പുകൾപ്പെട്ട അമ്മികൾ നമുക്കു സോമരസം ഒരുക്കട്ടെ: തിളങ്ങുന്ന വാക്കുകൊണ്ടു തിളക്കത്തിൽ നിർത്തട്ടെ; ഇതിങ്കലാണല്ലോ, സർവത്ര വെമ്പൽകൊള്ളുന്ന നേതാക്കന്മാർ ശബ്ദം മുഴക്കിക്കൊണ്ടു കമനീയമായ മധു കറന്നെടുക്കുന്നതു്! 6
വേഗികളായ അമ്മിക്കുഴകൾ സോമം പിഴിയുന്നു: അവ സ്തുതികാംക്ഷിച്ചുകൊണ്ടു് ഇതിന്റെ നീർ മുഴുവൻ കറക്കുന്നു – ഹോമിപ്പാൻ നീർ കറക്കുന്നു; നേതാക്കൾ ഹവിസ്സുകളെ വായ്കൾകൊണ്ടു ശുദ്ധിപ്പെടുത്തുകയും ചെയ്യുന്നു. (7)
നേതാക്കളേ, അമ്മിക്കുഴകളേ, ഈ നിങ്ങൾ നല്ലതു ചെയ്യുവിൻ: ഇന്ദ്രന്നു സോമം പിഴിയുന്ന നിങ്ങൾ ഓരോ വരണീയവും സ്വർഗ്ഗത്തിന്റെ തേജസ്സിന്നും, ഓരോ പൊറുപ്പുമുതലും പിഴിയുന്ന മനുഷ്യന്നും വെയ്ക്കുവിൻ! 8
[1] അമ്മികളോട്: ചമയിയ്ക്കുവിൻ – സോമനീർകൊണ്ടു സുഖിപ്പിയ്ക്കുവിൻ എന്നർത്ഥം. സദസ്സ് – യജ്ഞസദനം. ഉൽപന്നംകൊണ്ടു് ഉപചരിയ്ക്കുമാറാകണം – ധാരാളം വിഭവങ്ങൾ തരട്ടെ.
[2] രണ്ടാംവാക്യംമുതൽ പരോക്ഷം: കീഴടക്കുന്ന – ശത്രുക്കളെ. ഉടമസ്ഥൻ – യജമാനൻ. ഇതു് – അമ്മിക്കുഴ.
[3] കർമ്മം – സോമയാഗം. ത്വഷ്ടാവിന്റെ പുത്രൻ (വൃത്രൻ)ഗോക്കളാലും അശ്വങ്ങളാലും (താൻ അപഹരിച്ച ഗവാശ്വങ്ങളാൽ) പരിവൃതനായിരിയ്ക്കെ, അവനെ കൊല്ലാൻ. ഈ അഹിംസ്യങ്ങൾ – അമ്മികൾ. സോമയാഗത്താലാണ്, വൃത്രവധം സാധിച്ചതെന്നർത്ഥം.
[4] നിര്യതി – പാപദേവത. ശ്ലോകം ചൊല്ലുവിൻ – ശബ്ദം പുറപ്പെടുവിയ്ക്കുവിൻ; നിങ്ങളുടെ ശബ്ദം, ശ്ലോകം(സ്തോത്രം)പോലെ ദേവകളെ രസിപ്പിയ്ക്കും.
[5] അധ്വര്യുപ്രഭൃതികളോടു് അമ്മികളെ സ്തുതിപ്പാൻ പറയുന്നു: അവയുടെ വിശേഷണങ്ങളാണിവ.
[6] വാക്ക് – സ്തുതി. ഇതു തിളക്കം; സോമയാഗമെന്നു സാരം.
[7] നേതാക്കൾ – ഋത്വിക്കുകൾ. വായ്ക്കൾ – സ്തോത്രോച്ചാരണങ്ങൾ.
[8] നല്ലതു – സോമംപിഴിയൽ. വരണീയം – വിഭവം, സോമരസമെന്നർത്ഥം. സ്വർഗ്ഗത്തിന്റെ – സോമരസത്താലാണല്ലോ, സ്വർഗ്ഗത്തിന്നു (ദേവന്മാർക്കു) തേജസ്സുണ്ടാകുന്നതു്.