ഭൃഗുഗോത്രൻ സ്യൂമരശ്മി ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; മരുത്തുക്കൾ ദേവത.
സ്തുതിക്കപ്പെട്ടാൽ എവർ, മേഘങ്ങൾ നീർത്തുള്ളിപോലെ, ധനം ചാറ്റുമോ, ഹവിസ്സുള്ള യജ്ഞങ്ങൾപോലെ എവർ ഉൽപാദപ്പിയ്ക്കുമോ, ആ നല്ല മരുത്തുക്കളുടെ മഹത്തായ ഗണത്തെ ഞാൻ പൂജനത്തിന്നായി സ്തുതിച്ചിട്ടില്ല; നന്മയ്ക്കായിട്ടുമില്ല. 1
ആ മനുഷ്യർ അഴകിന്നു കോപ്പണിയും. മരുത്തുക്കളുടെ നല്ല ഗണത്തെ വളരെപ്പടകളും കീഴമർത്തില്ല. ഗന്താക്കളായ ദ്യോവിൻ പുത്രന്മാർ പുറത്തെയ്ക്കിറങ്ങുന്നില്ല; ആ ആക്രമണശീലരായ അദിതിപുത്രന്മാർ വളരുന്നില്ല! 2
ഇവർക്കു ദ്യോവിനെക്കാളും ഭൂവിനെക്കാളുമേറും, വലുപ്പം; അവരുടെ ദേഹം മേഘമുക്തനായ സൂര്യൻപോലെയാണു്. അവർ, ബലിഷ്ഠരായ വീരന്മാർപോലെ സ്തുതി കാംക്ഷിയ്ക്കുന്നു; അവർ, ദ്രോഹികളെ തട്ടിനീക്കുന്ന മനുഷ്യർപോലെ വിളങ്ങുന്നു! 3
നിങ്ങൾ ഒത്തൊരുമിയ്ക്കുമ്പോൾ, വെള്ളമൊഴുകുമ്പോളെന്നപോലെ ഭൂമിയ്ക്കു വേദനയോ തകർച്ചയോ ഉണ്ടാകാറില്ല. ഈ വിവിധ രൂപമായ ഹവിസ്സു നിങ്ങളെ വഴിപോലെ നോക്കുന്നു: നിങ്ങൾ, അന്നവാന്മാർപോലെ കൂട്ടമിട്ടു വന്നാലും! 4
നിങ്ങൾ, തേരിൻമുമ്പിൽ കടിഞ്ഞാണിട്ടു കെട്ടിയ (കുതിരകൾ) പോലെ ചുറ്റും നടകൊള്ളും; പുലർകാലങ്ങളിൽ, തേജസ്വികൾപോലെ ശോഭിയ്ക്കും; പരുന്തുകൾപോലെ ദ്രോഹികളെ തട്ടിനീക്കി, സ്വയം പുകൾപ്പെടും; മറുനാട്ടിൽപ്പോയവർപോലെ മുറുകെ നടക്കും! 5
മരുത്തുക്കളേ, അതിദൂരത്തുനിന്നു വീശുന്ന നിങ്ങൾ വലുതും വരണീയവും ആരാധ്യവുമായ ധനം കൊടുക്കാറുണ്ടല്ലോ; വസുക്കളേ, ആ നിങ്ങൾ അകലത്തുനിന്നുതന്നേ, ഒളിവിലുള്ള ശത്രുക്കളെ ആട്ടിപ്പായിച്ചാലും! 6
അധ്വരത്തിൽ സ്തോത്രമുയരുമ്പോൾ, യാതൊരു യജ്ഞപ്രവൃത്തനായ മനുഷ്യൻ മരുത്തുക്കൾക്കെന്നപോലെ കൊടുക്കുമോ, അവന്നു ധനവും അന്നവും നല്ല പുത്രന്മാരും ഉണ്ടായിവരും; അവൻ ദേവന്മാർക്കും സോമപാനം നല്കട്ടെ! 7
യജ്ഞങ്ങളിൽ യജനീയരും, രക്ഷിതാക്കളും, ആദിത്യനോടൊന്നിച്ചു സുഖം കൊള്ളുന്നവരുമാണല്ലോ, അവർ; യാഗഗമനത്തിൽ വലുതു വാഞ്ച്ഛിയ്ക്കുന്ന അവർ പള്ളിത്തേർ പായിച്ചു, നമ്മുടെ സ്തോത്രം രക്ഷിയ്ക്കട്ടെ! 8
[1] ഉൽപാദിപ്പിയ്ക്കുമോ – ശ്രേയസ്സുളവാക്കുമോ. സ്തുതിച്ചിട്ടില്ല – ഇപ്പോൾ സ്തുതിയ്ക്കാമെന്നു വ്യംഗ്യം.
[2] ആ മനുഷ്യർ – സുകൃതത്താൽ, മർത്ത്യത്വം വിട്ട് അമർത്ത്യരായിത്തിർന്നമരുത്തുക്കൾ. പടകൾ – ശത്രുസേനകൾ. നാം സ്തുതിയ്ക്കാത്തതുകൊണ്ടു ദ്യോവിൻ പുത്രന്മാർ (മരുത്തുക്കൾ) പുറത്തെയ്ക്കിറങ്ങുന്നില്ല; വളരുന്നുമില്ല.
[4] പ്രത്യക്ഷോക്തി: അന്നവാന്മാർ – സമ്പന്നന്മാർ.
[5] തേജസ്വികൾ – സൂര്യാദികൾ.
[7] കൊടുക്കാമോ – ഇന്ദ്രന്നു ഹവിസ്സു നല്കുമോ.
[8] വലുതു – മഹത്തായ ഹവിസ്സ്. ഓടിച്ചു – ഇവിടെ വന്ന്.