ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അവർ, സ്തോതാക്കളായ മേധാവികൾപോലെ നന്മ നിനയ്ക്കുന്നവരാണ്; യാഗംകൊണ്ടു ദേവന്മാരെ തൃപ്തിപ്പെടുത്തുന്നവർപോലെ ശോഭനകർമ്മാക്കളാണ്; പെരുമാക്കന്മാർപോലെ കോപ്പണിഞ്ഞവരും, ദർശനീയരുമാണു്; ഗൃഹസ്ഥരായ മനുഷ്യർപോലെ പാപരഹിതരാണ്! 1
മാറത്തു പൊന്നണിഞ്ഞ അവർ തീപോലെ തിളങ്ങുന്നു; കാറ്റുകൾപോലെ സ്വയം കൂടിച്ചേർന്ന്, ഉടനടി നടകൊള്ളുന്നു; മികച്ച ജ്ഞാനികൾപോലെ പൂജനീയരായി, വഴിപോലെ കൊണ്ടുനടക്കുന്നു; സോമങ്ങൾപോലെ യ്ഷ്ടാവിനെ തുലോം സുഖിപ്പിയ്ക്കുന്നു! 2
അവർ, കാറ്റുകൾപോലെ വിറപ്പിച്ചു വീശും; തീനാളങ്ങൾപോലെ തിളങ്ങും; ചട്ടയിട്ട പോരാളികൾപോലെ വേല ചെയ്യും; പിതൃവാക്കുകൾപോലെ നല്ലതു കൊടുക്കും! 3
അവർ, തേരിന്റെ ഏർക്കാലുകൾപോലെ ഒരേ ആസ്പദത്തിൽ വർത്തിയ്ക്കുന്നു; ജയശീലരായ ശൂരന്മാർപോലെ ഉജ്ജ്വലിയ്ക്കുന്നു; ധനദാനത്തിന്നൊരുങ്ങിയ മനുഷ്യർപോലെ വെള്ളം വീഴ്ത്തുന്നു; സ്തോത്രം ചൊല്ലുന്നവർപോലെ നല്ല ശബ്ദം പുറപ്പെടുവിയ്ക്കുന്നു! 4
അവർ ശ്ലാഘ്യങ്ങളായ അശ്വങ്ങൾപോലെ പായും; ധനമെടുത്ത തേരാളികൾപോലെ നന്നായി ദാനംചെയ്യും; തണ്ണീരുകൾപോലെ താന്നേടത്തെയ്ക്കൊഴുക്കും; വിവിധരായ അംഗിരസ്സുകൾപോലെ സാമം പാടും! 5
അവർ, മഴപെയ്യുന്ന മേഘങ്ങൾപോലെ പുഴകളെ നിർമ്മിയ്ക്കും; പിളർത്തുന്ന ആയുധങ്ങൾപോലെ എല്ലാരെയും കൊല്ലും; നല്ല അമ്മമാരുള്ള കുഞ്ഞുങ്ങൾപോലെ കളിയാടും; ഒരു വലിയ ആൾക്കൂട്ടംപോലെ യാത്രയിൽ തിളങ്ങും! 6
ചുരിക മിന്നുന്ന അവർ പുലരിക്കതിരുകൾപോലെ യാഗത്തിലണയും; കല്യാണക്കാർപോലെ കത്തുന്ന കോപ്പണിയും; പുഴകൾപോലെ പോകും; പെൺകുതിരകൾപോലെ വളരെ യോജന പിന്നിടും! 7
മരുദ്ദേവന്മാരേ, വളരുന്ന നിങ്ങൾ സ്തുതിയ്ക്കുന്ന ഞങ്ങളെ സുഭഗരാക്കുവിൻ – ഞങ്ങളെ സുരത്നരാക്കുവിൻ; സഖാവായ സ്തോത്രത്തെ സമീപിയ്ക്കുവിൻ. പണ്ടേ ഉള്ളതാണല്ലോ, നിങ്ങളൂടെ രത്നദാനം! 8
[1] നന്മ – യജമാനന്ന്. ഗൃഹസ്ഥർ – ദാനം വാങ്ങാൻ എങ്ങും പോകാതെ, സ്വഗൃഹത്തിൽത്തന്നെ വസിയ്ക്കുന്നവർ; ദാനം വാങ്ങുന്നതു പാപമാണു്.
[2] കൊണ്ടുനടക്കുന്നു – കർമ്മികളൂടെ നേതൃത്വം വഹിയ്ക്കുന്നു.
[3] വിരപ്പിച്ചു – ശത്രുക്കളെ. വേല – വീരകർമ്മം. പിതൃവാക്കുകൾ (അച്ഛന്റെ ഉപദേശങ്ങൾ) മക്കൾക്കു ശ്രേയസ്സുളവാക്കുമല്ലോ.
[4] ഒരേ ആസ്പദത്തിൽ – അന്തിരക്ഷത്തിൽ വെള്ളം – ആദ്യം പ്രതിഗ്രഹിതാവിന്റെ കയ്യിൽ വെള്ളം വീഴ്ത്തുക എന്നതു ദാനവിധിയാകുന്നു.
[6] എക്കാരെയും – ശത്രുക്കളെയെല്ലാം.
[8] സുരത്നർ രത്നങ്ങളോടുകൂടിയവർ. സഖാവായ – പ്രിയമായ.