സൌചീകാഗ്നിയോ വൈശ്വാനരാഗ്നിയോ, വാജംഭരപുത്രൻ സപ്തിയോ ഋഷി. ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
മർത്ത്യപ്രജകളിൽ അമർത്ത്യനായി മേവുന്ന ഈ മഹാന്റെ മഹിമാവു ഞാൻ കണ്ടിരിയ്ക്കുന്നു: ഇദ്ദേഹത്തിന്റെ അണകൾ ഇടയ്ക്കുവിടരും, ഇടയ്ക്ക് അമരും; കടിയ്ക്കില്ല. തിന്നാൻ തുടങ്ങിയാൽ വളരെത്തിന്നും! 1
തല ഗുഹയിലും കണ്ണുകൾ വെവ്വേറെയും വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. കടിയ്ക്കാതെ, കാടുകൾ നാവുകൊണ്ടു തിന്നും. തന്തിരുവടിയ്ക്ക്, ആളുകൾ സമീപിച്ചു കയ്യുയർത്തി വണങ്ങി ഭക്ഷ്യമൊരുക്കിവെയ്ക്കുന്നു. 2
തന്തിരുവടി അമ്മയുടെ വളരെ ലതകളെയും, അവയുടേ അത്യുൽക്കൃഷ്ടമായ രഹസ്യത്തെയും തേടി, ഒരു കുട്ടിപോലെ നടക്കും; ഭൂമിയുടെ മടിയ്ക്കുള്ളിൽ, (ആകാശത്തെ) നക്കുന്ന വരൾമരത്തെ, പക്വാന്നത്തെപ്പോലെ കണ്ടുപിടിയ്ക്കും! 3
ദ്യാവാപൃഥിവികളേ, ഒരു പരമാർത്ഥം ഞാൻ നിങ്ങളോടു പറയാം: പിറന്നാലപ്പോൾ, കുഞ്ഞ് ഇരുമാതാക്കളെ തിന്നുകളയും! ദേവന്റെ സ്ഥിതി മനുഷ്യനായ എനിയ്ക്കറിഞ്ഞുകൂടാ. ഹേ, വിവിധജ്ഞാനനാണു്, പ്രകൃഷ്ടജ്ഞാനനാണു്, ആ അഗ്നി. 4
ആർ തന്തിരുവടിയ്ക്ക് ഉടനടി അന്നം ചമയ്ക്കുമോ, ഒലിനൈഹോമിയ്ക്കുമോ, പുഷ്ടി വരുത്തുമോ; അവനെ തന്തിരുവടി ആയിരം തൃക്കണ്ണുകൾകൊണ്ടു നോക്കും. അഗ്നേ, അവിടുന്ന് എങ്ങും ഞങ്ങൾക്കനുകൂലനായി ചേഷ്ടിയ്ക്കുന്നു! 5
അഗ്നേ, അങ്ങ് എന്തുകൊണ്ടാണു്, ദേവകളിൽ പെട്ടെന്നു് അരിശം പൂണ്ടു് അപരാധം ചെയ്തതു്? അറിയാഞ്ഞു ചോദിയ്ക്കയാണു്, ഞാൻ. അങ്ങു വിളയാടിയും വിളയാടാതെയും പച്ചനിറം പൂണ്ടു, ഭക്ഷ്യത്തെ ഭക്ഷിപ്പാൻ, സന്ധികൾതോറും, പശുവിനെ വാൾപോലെ നുറുക്കുന്നു! 6
കാട്ടിൽ പിറന്ന അഗ്നി നേരേ കേറുന്ന ലതകളാൽ ചുറ്റപ്പെട്ട പന്തലിച്ച വൃക്ഷങ്ങളെ പിടികൂടും; കഷ്ണം കഷ്ണമാക്കും. ആ സഖാവു നുറുങ്ങുകളാൽ വളർന്നു, രശ്മികൾ പടർന്നു, വഴിപോലെ ജ്വലിയ്ക്കും. 7
[1] അണകൾ വിടർന്നും, അമർന്നുമിരിയ്ക്കും. എന്നാൽ കടിയ്ക്കില്ല. വളരെ – കാട്ടിൽ മരത്തെയും മറ്റും. ദാവാഗ്നിയെപ്പറ്റിയാണു്, ഈ പ്രതിപാദനം.
[2] ഗുഹ – മനുഷ്യരുടെ ഉദരം. അദ്ദേഹം മനുഷ്യരുടെ ഉദരത്തിൽ വൈശ്വാനരനായി വാഴുന്നു. വെവ്വേറെയും സൂര്യചന്ദ്രരൂപേണ; സൂര്യചന്ദ്രന്മാർ അഗ്നിയുടെ കണ്ണുകളാണെന്നർത്ഥം. തന്തിരുവടിയ്ക്ക് എന്നാദിയായ വാക്യം യജ്ഞാഗ്നിയെപ്പറ്റിയാണു്. ആളുകൾ – ഋത്വിക്കുകൾ. കയ്യുയർത്തി – പാത്രമെടുത്ത് എന്നർത്ഥം ഭക്ഷ്യം – ഹവിസ്സ്.
[3] ദാവാഗ്നിയെ ഒരു കുട്ടിയാക്കി വർണ്ണിയ്ക്കുന്നു: അമ്മ – ഭൂമി. രഹസ്യം – മുരട് എന്നർത്ഥം. കുട്ടി – മുലകുടിപ്പാൻ മുട്ടുകുത്തിച്ചെല്ലുന്ന കുഞ്ഞ്. പക്വാന്നം – പചിച്ച ആഹാരം.
[4] കുഞ്ഞു് – അഗ്നി. ഇരുമാതാക്കൾ – അരണികൾ. ദേവന്റെ – അഗ്നിയുടെ. ഹേ എന്നു തുടങ്ങുന്ന വാക്യം തന്നോടുതന്നെയുള്ളതാണു്.
[5] പുഷ്ടി – കത്തിപ്പടരൽ. തൃക്കണ്ണുകൾ – ജ്വാലകൾ. ഒടുവിലെ വാക്യം പ്രത്യക്ഷോക്തി:
[6] അപരാധം – ദേവകളുടെ ഖാണ്ഡവവനം ദഹിപ്പിയ്ക്കുക എന്ന കുറ്റം. വിളയാടിയും വിളയാടാതെയു ചിലേടത്തു ജ്വലിച്ചും, ചിലേടത്തു മങ്ങിയും. ഭക്ഷ്യം – മരവും മറ്റും.
[7] ആ സഖാവ് – അഗ്നി. നുറുങ്ങുകൾ – മരത്തുണ്ടുകൾ.