സൌചീകനോ വൈശ്വാനരനോ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
അഗ്നി അന്നസമ്പാദകമായ അശ്വത്തെ നല്കും; അഗ്നി അച്ചനൊത്ത കർമ്മനിഷ്ഠനായ വീരനെ നല്കും; അഗ്നി വാനൂഴികളിൽ വഴിപോലെയണ ഞ്ഞു നാനാപ്രകാരേണ നടക്കും; അഗ്നി സ്ത്രീയെ വീരപ്രസവയും ബുദ്ധിമതിയുമാക്കും! 1
കർമ്മവാനായ അഗ്നിയ്ക്കുള്ള ചമതയ്കു മംഗളം: അഗ്നി വലിയ വാനൂഴികളിൽ പൂകുന്നു; അഗ്നി തനിയേ യുദ്ധങ്ങളിലിറക്കും; അഗ്നി വളരെശ്ശത്രുക്കളെ വധിയ്ക്കും! 2
അഗ്നി ആ ജരൽകർണ്ണനെ കാത്തരുളി; അഗ്നി തണ്ണീരിന്നായി ജരൂഥനെ എരിച്ചു; അഗ്നി അത്രിയെ ഉമിത്തീനടുവിൽനിന്നു രക്ഷിച്ചു; അഗ്നി നൃമേധനെ സന്താനസമേതനാക്കി! 3
ജ്വാലാരൂപനായ അഗ്നി ധനം നല്കും; അഗ്നി ആയിരം നേടുന്ന ഋഷിയെ നല്കും; അഗ്നി ഹവിസ്സു വിണ്ണിൽ വിളമ്പും; അഗ്നിയുടെ തിരുവുടൽ വളരെയിടങ്ങളിൽ വെച്ചിരിയ്ക്കുന്നു! 4
അഗ്നിയെ ഋഷിമാർ സ്തുതിച്ചു വിളിയ്ക്കുന്നു; അഗ്നിയെ യുദ്ധത്തിൽ പീഡിതരായ ആളുകളും വിളിയ്ക്കുന്നു. അഗ്നിയെ വാനിൽപ്പറക്കുന്ന പക്ഷികൾ നോക്കുന്നു; അഗ്നി ആയിരമായിരം ഗോക്കളുടെ ചുറ്റും നടക്കുന്നു! 5
അഗ്നിയെ മനുഷ്യപ്രജകൾ സ്തുതിയ്ക്കുന്നു; അഗ്നിയെ നഹുഷനിൻനിന്നു ജനിച്ച മനുഷ്യർ സ്തുതിയ്ക്കുന്നു. അഗ്നി യജ്ഞപഥാനുകൂലമായ ചൊല്ലു ചെവിക്കൊള്ളും. അഗ്നിയുടെ മാർഗ്ഗം നെയ്യിൽക്കിടക്കുന്നു! 6
അഗ്നിയ്ക്കു സ്തോത്രം ബുദ്ധിമാന്മാർ രചിച്ചിട്ടുണ്ടു്; അഗ്നിയ്ക്കു ഞങ്ങളും മഹാനെക്കുറിച്ചു സ്തുതി ചൊല്ലി. അഗ്നേ, യുവതമ, അങ്ങ് സ്തോതാവിനെ കാത്തരുളിയാലും; അഗ്നേ, കനത്ത ധനം നല്കിയാലും! 7
[1] അന്നസമ്പാദകമായ – യുദ്ധത്തിൽ ശത്രുക്കളെത്തോല്പിച്ച് അന്നം നേടിത്തരുന്ന. നല്കും – സ്തോതാക്കൾക്ക്. വീരനെ – പുത്രനെ. സ്തീയെ – സ്തോതാവിന്റെ പത്നിയെ.
[2] യുദ്ധങ്ങളിലിറക്കും – സ്തോതാവിനെ യുദ്ധങ്ങളിൽ ജയിപ്പിയ്ക്കും.
[3] ജരൽക്കർണ്ണൻ – ഒരു ഋഷി. തണ്ണീരിന്നായി – മഴപെയ്യിയ്ക്കാന്‍. ജരൂഥൻ – ഒരസുരൻ. നൃമേധൻ – ഒരു ഋഷി.
[4] ആയിരം നേടുന്ന ഋഷിയെ – ദക്ഷിണയായി വളരെഗ്ഗോക്കളെ ലഭിയ്കുന്ന ഋഷിയായ പുത്രനെ. വിണ്ണിൽ വിളമ്പും – കൊണ്ടുപൊയി ദേവന്മാരെ ഊട്ടും. വളരെയിടങ്ങളിൽ – ഭൂമിയിലും മറ്റും.
[5] അഗ്നിയെ – കാട്ടിൽ പടർന്നുപിടിച്ച അഗ്നിയെ.
[6] മനുഷ്യപ്രജകൾ – ഋത്വിഗാദികൾ. നഹുഷൻ – ഒരു രാജാവ്. ചൊല്ല് – സ്തുതി. കിടക്കുന്നു – നെയ്യുകൊണ്ടാണല്ലോ, അഗ്നി കത്തിപ്പടരുന്നതു്.
[7] മഹാനെക്കുറിച്ചു – മഹാനായ അഗ്നിയെപ്പറ്റി.