ഭുവനന്റെ പുത്രൻ വിശ്വകർമ്മാവ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വകർമ്മാവ് ദേവത.
നമ്മുടെ അച്ഛനായ ഋഷി ഹോതാവായിട്ട്, ഈ ഉലകങ്ങളെല്ലാം ഹോമിച്ച് ഉപവേശിച്ചു – അദ്ദേഹം ആശയാൽ ധനത്തിന്നുവേണ്ടി മുമ്പേ മുമ്പേ മറച്ചിട്ടു, ചുവട്ടിലുള്ളവയിൽ ഉൾപ്പൂകി. 1
വിശ്വദർശിയായ വിശ്വകർമ്മാവു മഹത്ത്വത്താൽ ഭൂവിനെ നിർമ്മിച്ചു, ദ്യോവിനെയും സൃഷ്ടിച്ചുവല്ലോ; അതിന്നെന്താണടിസ്ഥാനം? എന്തൊരു വസ്തുകൊണ്ടുണ്ടാക്കി? എങ്ങനെ ഉണ്ടായി? 2
എല്ലാടത്തും കണ്ണും, എല്ലാടത്തും മുഖവും, എല്ലാടത്തും കയ്യും, എല്ലാടത്തും കാലുമുള്ള ഏകനായ ദേവൻ കൈകൾകൊണ്ടു (ദ്യോവിനെ)പരത്തി; കാലുകൾകൊണ്ടു ഭൂവിനെ സൃഷ്ടിച്ചു! 3
വാനൂഴികളെ യാതൊന്നിൽനിന്നു പണിതുവോ, ആ കാടേതായിരിയ്ക്കും, ആ മരം എന്തായിരിയ്ക്കും? ബുദ്ധിമാന്മാരേ, ഇതു മനസ്സുകൊണ്ടു ചോദിയ്ക്കുവിൻ; ഭൂവനങ്ങളെ താങ്ങിക്കൊണ്ടു്, എവിടെ വാണരുളുന്നു എന്നും! 4
വിശ്വകർമ്മാവേ, ഉത്തമങ്ങളും മധ്യമങ്ങളും അധമങ്ങളുമായ ശരീരങ്ങളുണ്ടല്ലോ, നിന്തിരുവടിയ്ക്ക്; അവ സഖാക്കൾക്കു യജിപ്പാൻ ഹവിസ്സിങ്കൽ അർപ്പിച്ചാലും. അന്നവാനേ, അങ്ങ് സ്വയം വളർന്നു തിരുവുടലുകളെ യജിച്ചാലും! 5
വിശ്വകർമ്മാവേ, അങ്ങ് ഹവിസ്സുകൊണ്ടു വളർന്നു താൻതന്നേ ദ്യാവാപൃഥിവികളെ യജിച്ചാലും: മറ്റാളുകൾ എങ്ങെങ്ങും മങ്ങിമയങ്ങട്ടെ. ഇവിടെ നമുക്കു ധനവാൻ ഫലം അയച്ചുതരട്ടെ! 6
വാചസ്പതിയായി മനോവേഗനായിരിയ്ക്കുന്ന വിശ്വകർമ്മാവിനെ നാം ഇന്നു യാഗത്തിൽ തർപ്പിപ്പാൻ വിളിയ്ക്കുക: ആ സർവസുഖോൽപാദകനായ സുകർമ്മാവു നമ്മെ രക്ഷിപ്പാൻ, എല്ലാ ഹവനങ്ങളിലും സംബന്ധിയ്ക്കട്ടെ! 7
[1] ഋഷി – വിശ്വകർമ്മാവ് ഉലകങ്ങളെല്ലാം ഹോമിച്ച് – ‘സർവമേധം’ അനുഷ്ഠിച്ച്; ഉപവേശിച്ചു – അഗ്നിയിങ്കൽ ഇരുന്നു; തന്നെയും ഒടുവിൽ ഹോമിച്ചു. ഇതുതന്നെ എടുത്തുപറയുന്നു: ധനത്തിന്നുവേണ്ടി – സ്വർഗ്ഗം കിട്ടാൻ. മുമ്പേ മറച്ചിട്ടു – അഗ്നിയെ ഉലകങ്ങൾകൊണ്ടു മൂടിയിട്ട്. ചുവട്ടിലുള്ളവയിൽ – അഗ്നിയിലടിഞ്ഞ, (താൻ ഹോമിച്ച) ഉലകങ്ങളിൽ. ഉൾപ്പൂകി – തന്നെയും ഹോമിച്ചു. ഈ ഋക്കിനെ ആധ്യാത്മികമായും വ്യാഖ്യാനിച്ചിട്ടുണ്ടു്: നമ്മുടെ അച്ഛനായ ഋഷി – സ്രഷ്ടാവു്, ഈശ്വരൻ. ഹോതാവ് – സംഹർത്താവ്. ഹോമിച്ച് – പ്രളയകാലത്ത് ഉപസംഹരിച്ച്. ഉപവേശിച്ചു – വീണ്ടും സൃഷ്ടിച്ചു. ധനത്തിന്നുവേണ്ടി – ജഗൽഭോഗം അനുഭവിപ്പാൻ. മറച്ചിട്ടു – തന്റെ നിഷ്പ്രപഞ്ചസ്വരൂപത്തെ. ചുവട്ടിലുള്ളവയിൽ – സ്വസൃഷ്ടങ്ങളിൽ. ഉൾപ്പൂകി – പ്രാണരൂപേണ പ്രവേശിച്ചു.
[2] പുനസ്സൃഷ്ടിയെപ്പറ്റി: ഒരു കുലാലന്നു ഘടം നിർമ്മിപ്പാൻ മണ്ണു വേണം, ചക്രാദികൾ വേണം. എന്നാൽ ഈശ്വരന്നു ജഗൽസൃഷ്ടിയ്ക്കു യാതൊരുപകരണവും വേണ്ടാ എന്നു താൽപര്യം.
[3] ഈശ്വരന്റെ സൃഷ്ടിശക്തി.
[4] ഒരു തച്ചൻ കാട്ടിൽ പോയി മരം മുറിച്ചാണല്ലോ, മാളിക പണിയുന്നതു്. എന്നാൽ ഈശ്വരന്റെ ആൾക്കാർ വാനൂഴികളെ നിർമിച്ചതു്, ഉപകരണമൊന്നുoകൂടാതെയാണ്. അദ്ദേഹം അവിടെ വാണരുളുന്നു എന്നും നമുക്കറിഞ്ഞുകൂടാ. ഈ ഋതുക്കള്‍ ആവാം, ഉപനിഷത്തിന്‍റെ വിത്ത്.
[5] വിശ്വകർമ്മാവേ – പരമേശ്വര. ഈശ്വരന്റെ ജഗന്മയത്വം: ഉത്തമങ്ങൾ – ദേവാദികൾ. മധ്യമങ്ങൾ – മനുഷ്യാദികൾ. അധമങ്ങൾ – കൃമികീടാദികൾ. സഖാക്കൾക്കു – ഞങ്ങൾക്ക്. ഹവിസ്സിങ്കൽ – ഹവിർഭൂതനായ എങ്കൽ.
[6] ഹവിസ്സുകൊണ്ടു – ഹവിർഭൂതനായ എന്നെക്കൊണ്ടു്. മറ്റാളുകൾ – യജ്ഞവിരോധികൾ. അടുത്ത വാക്യം പരോക്ഷം: ധനവാൻ – നാം കൊടുക്കുന്ന ഹവിസ്സാകുന്ന ധനത്തോടുകൂടിയ വിശ്വകർമ്മാവു്.
[7] വാചസ്പതി – മന്ത്രാധിപതി.