ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
തേജസ്സിന്റെ അച്ഛൻ മനോധൈര്യത്താൽ ജലത്തെയും, അതിൽ അലഞ്ഞിരുന്ന ദ്യാവാപൃഥിവികളെയും ഉൽപാദിപ്പിച്ചു: പണ്ടേത്തെ അറ്റങ്ങൾ ഉറപ്പിയ്ക്കപ്പെട്ടതോടേ, ഇവയ്ക്കു പരപ്പു വന്നു. 1
വിശ്വകർമ്മാവു് വിശാലഹൃദയനാണു്, മഹാനാണു്, ധാതാവാണു്, വിധാതാവാണു്, ഒരു മികച്ച നോട്ടക്കാരനാണു്. എവങ്കൽ ശരീരങ്ങൾ വെള്ളംകൊണ്ടു് ആഹ്ലാദിയ്ക്കുന്നുവോ, ആ ഏകനെ സപ്തർഷികളെക്കാളും മീതെയായി പറഞ്ഞുവരുന്നു! 2
തന്തിരുവടി നമ്മുടെ അച്ഛനാണു്, രക്ഷിതാവാണു്; വിധാതാവായ തന്ത്രിരുവടിയ്ക്കറിയാം, തേജഃസ്ഥാനങ്ങളും സർവഭുവനങ്ങളും. തന്തിരുവടി ഏകനായിത്തന്നേ ദേവന്മാർക്കു പേരിട്ടു. തന്തിരുവടിയെ മറ്റു ഭൂതങ്ങൾ ചോദിയ്ക്കുന്നു! 3
ചരാചരാത്മകമായി വർത്തിയ്കുന്ന ലോകത്തിലെ ഈ ജീവജാലങ്ങളെ എവർ പ്രകാശിപ്പിച്ചുവോ; ആ പണ്ടേത്തെ ഋഷിമാർ, സ്തോതാക്കൾ മഹാസ്തോത്രംപോലെ തന്തിരുവടിയ്ക്കു സമ്പത്തു സമർപ്പിയ്ക്കുന്നു! 4
ദ്യോവിന്നു മീതെ, ഈ ഭൂവിന്നു മീതെ, ദേവാസുരന്മാർക്കു മീതെവർത്തിയ്ക്കുന്ന എന്തൊരു ഗർഭത്തെയാണു്, തണ്ണീരുകൾ ആദ്യം ധരിച്ചതു്? അതിൽ, ദേവന്മാരെല്ലാം പരസ്പരം നോക്കുകയുണ്ടായല്ലോ. 5
ആ ഗർഭത്തെത്തന്നെയാണു്, തണ്ണീരുകൾ ആദ്യം ധരിച്ചതു്; അതിലാണു് ദേവന്മാരെല്ലാം ഒത്തുകൂടിയതു്. അജന്റെ നാഭിയിൽ ഒന്നു വെയ്ക്കപ്പെട്ടിരുന്നു: അതിലുണ്ടായിരുന്നു, ഭുവനങ്ങളോക്കെ! 6
ഇവയെ സൃഷ്ടിച്ചവനെ നിങ്ങളറിയില്ല: അത്രയ്ക്കന്തരമുണ്ടു്, അവിടുന്നും നിങ്ങളും തമ്മിൽ. മഞ്ഞിനാൽ മൂടപ്പെട്ട നുണയന്മാർ പ്രാണതർപ്പണത്തിന്നു സ്തോത്രവും ചൊല്ലി നടക്കുന്നു! 7
[1] അച്ഛൻ – ഉൽപാദകൻ, വിശ്വകർമ്മാവു്. ജലത്തെയും – ജലമത്രേ, ഒന്നാമതു സൃഷ്ടിയ്ക്കപ്പെട്ടതു്. ഇവ – ദ്യാവാപൃഥിവികൾ.
[2] ധാതാവ് – വൃഷ്ട്യാദികർത്താവ്. വിധാതാവു് – ജഗൽസ്രഷ്ടാവു്. നോട്ടക്കാരൻ – ലോകദ്രഷ്ടാവു്. ആ ഏകനെ – സപ്തർഷിശരീരങ്ങളെ വെള്ളംകൊണ്ടു സുഖിപ്പിയ്ക്കുന്ന സൂര്യരൂപനായ വിശ്വകർമ്മാവിനെ. പറഞ്ഞുവരുന്നു – തത്ത്വജ്ഞന്മാർ.
[3] പേരിട്ടു – ഇന്ദ്രാദികളെ, അതാതു പേരിൽ അതാതു സ്ഥാനത്തു നിയമിച്ചു. ഭ്രതങ്ങൾ – പ്രാണികൾ. ചോദിയ്ക്കുന്നു – ആരാണു്, പരമേശ്വരനെന്നു്.
[4] വിശ്വകർമ്മാവിന്റെ സൂര്യരുപത്വം: ഋഷിശബ്ദത്തിന്നു രശ്മിയെന്നും, സമ്പത്തിന്നു തേജസ്സെന്നും അർത്ഥം.
[5] ഗർഭം – ഗുഹ്യമായ ഈശ്വരതത്ത്വം. പരസ്പരം – ‘ഭവാന്നറിയാമോ, ഭവാന്നറിയാമോ’ എന്ന്.
[6] മുൻഋക്കിലെ ചോദ്യത്തിന്റെ ഉത്തരം: അജൻ – ബ്രഹ്മാവ്. ഒന്ന് – അണ്ഡം. ഇതിൽനിന്നാണു്, സർവജഗദുൽപത്തി.
[7] ഇവയെ (ഭുവനങ്ങളെ) സൃഷ്ടിച്ചവനെ – വിശ്വകര്‍മ്മാവിനെ. മഞ്ഞിനാല്‍ – അജ്ഞാനത്താല്‍. നുണയന്മാര്‍ – ‘ഞാന്‍ ദേവന്‍, ഞാന്‍ മനുഷ്യന്‍’ എന്നൊക്കെ പറയുന്നവര്‍; സത്യവിരുദ്ധമാണല്ലോ, ഈ അഹംബുദ്ധി. പ്രാണതര്‍പ്പണത്തിന്ന് – വിഷയോപഭോഗങ്ങള്‍ക്കു പണം കിട്ടാന്‍ എന്നു താല്‍പര്യം.