തപസ്സിന്റെ പുത്രൻ മന്യു ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മന്യു ദേവത.
ഹേ മന്യോ, വജ്രമേ, ശരമേ, അങ്ങയെ ആർ പരിചരിയ്ക്കുമോ, അവന്നു കെല്പും കരുത്തും ഇടവിടാതെ തഴയ്ക്കും: ബലേന (ശത്രുക്കളെ) ചെറുക്കുന്ന കെല്പനായ ഭവാന്റെ തുണയാൽ ഞങ്ങൾ മുടിയനെയും മുന്തിയവനെയും കീഴമർത്തുമാറാകണം! 1
മന്യുവാണു്, ഇന്ദ്രൻ; മന്യുതന്നെ, ദേവൻ; മന്യുതന്നെ, അഗ്നിയും ബുദ്ധിമാനായ വരുണനും. മനുഷ്യപ്രജകൾ മന്യുവിനെ സ്തുതിയ്ക്കുന്നു. മന്യോ, അവിടുന്നു ഞങ്ങളെ, തപസ്സോടൊപ്പം സ്നേഹിച്ചു രക്ഷിച്ചാലും! 2
മന്യോ, ബലവാനെക്കാൾ ബലിഷ്ഠാനായ ഭവാൻ വന്നാലും: തപസ്സിന്റെ സാഹായ്യ്യത്തോടേ കൂടലരെ ഓടിച്ചാലും. അമിത്രരെയും ശത്രുക്കളെയും ദസ്യക്കളെയും ഹനിയ്ക്കുന്ന ഭവാൻ ഞങ്ങൾക്കു സർവസമ്പത്തും കൊണ്ടുവന്നാലും! 3
മന്യോ, അങ്ങ് സ്വയംഭൂവും, കീഴമർത്തുന്ന – ദ്രോഹികളെ അടക്കുന്ന – ഓജസ്സും അരിശവുമുള്ളവനും, സർവദ്രഷ്ടാവും, സഹിയ്ക്കുന്ന സഹിഷ്ണുവുമാണല്ലോ; യുദ്ധങ്ങളിൽ ഞങ്ങൾക്കു ബലമരുളിയാലും! 4
മികച്ച ജ്ഞാനമുള്ളോവേ, മന്യോ, മഹാനായ അവിടെയ്ക്കു യജ്ഞം ചെയ്യായ്കയാൽ ഞാൻ ദൂരത്തു പെട്ടിരിയ്ക്കുന്നു; കർമ്മരഹിതനായ ഞാൻ അങ്ങയെ കോപിപ്പിച്ചിരിയ്ക്കുന്നു. എന്റെ ശരീരമായ അവിടുന്നു ബലം തരാൻ എങ്കലണഞ്ഞാലും! 5
ചെറുക്കുന്നവനേ, വിശ്വം താങ്ങുന്നവനേ, ഇവൻ അങ്ങയുടെയാണു്: പിന്തിരിഞ്ഞ ഭവാൻ എന്റെ അടുക്കലെയ്ക്കുതന്നെ വന്നാലും. മന്യോ, വജ്രിൻ, അവിടുന്ന് എങ്കലെയ്ക്കു തിരിച്ചാലും: നമുക്കു ദസ്യുക്കളെ കൊല്ലാം. അവിടുന്നു ബന്ധുവിനെ ഓർക്കണേ! 6
ഭവാൻ വന്നാലും, എന്റെ വലത്തു നിന്നാലും: എന്നിട്ടു, നാം വൈരികളെ വളരെ വധിയ്ക്കുക. അവിടെയ്ക്കു ഞാൻ ധാരകമായ മികച്ച മധു ഹോമിയ്ക്കാം; നമുക്കിരുവർക്കുംകൂടി, ഒളിവിൽ ഒന്നാമതു കുടിയ്ക്കാം! 7
[1] ക്രോധാഭിമാനിദേവനാണു്, മന്യു. വജ്രമേ – സാരഭൂത. ശരമേ – ശത്രുഹിംസക. കെല്പ് – ബാഹ്യബലം. കരുത്ത് – ആന്തരബലം. മുടിയൻ – നാശകാരിയായ ശത്രു. മുന്തിയവൻ – ഞങ്ങളെക്കാൾ പോന്നവനായ ശത്രു.
[2] തപസ്സോടൊപ്പം – ഞങ്ങളുടെ അച്ഛനായ തപസ്സെന്നപോലെ.
[3] വന്നാലും – ഞങ്ങളുടെ യാഗത്തിൽ. തപസ്സ് – ഞങ്ങളുടെ അച്ഛൻ. അമിത്രർ – ദ്രോഹികൾ.
[4] സഹിയ്ക്കുന്ന – ശത്രുക്കളുടെ ആക്രമണം താങ്ങുന്ന.
[5] ദൂരത്തു പെട്ടിരിയ്ക്കുന്നു – ശത്രുക്കളോടു തോറ്റ്, അകലത്തെയ്ക്കുപോന്നിരിയ്ക്കുന്നു.
[6] ഇവൻ – ഞാൻ. ബന്ധുവിനെ – ബന്ധുവായ എന്നെ.
[7] ധാരകമായ – ദേഹത്തിന്ന് ഒരൂന്നായ മധു – സോമരസം.