ഋഷി – ദേവതകൾ മുമ്പേത്തവ; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ.
മന്യോ, മരുത്ത്വാനേ, തീപോലുള്ള ആൾക്കാർ ഇമ്പം പൂണ്ടു കൂസലില്ലാതെ, കൂരമ്പുകളും മൂർച്ചകൂട്ടിയ ആയുധങ്ങളുമേന്തി, അങ്ങയോടൊപ്പം ഒരേതേരിൽ പോന്ന് എത്തിച്ചേരട്ടെ! 1
മന്യോ, അഗ്നിപോലെ ജ്വലിയ്കുന്ന ഭവാൻ കീഴമർത്തുക: സഹിഷ്ണോ, വിളിയ്ക്കപ്പെട്ട ഭവാൻ ഞങ്ങളുടെ സേനാപതിയാവുക. അവിടുന്നു കൂടലരെക്കൊന്നു ധനം വീതിയ്ക്കുക; കെല്പു തന്നു, ദ്രോഹികളെ ഓടിപ്പിയ്ക്കുക! 2
മന്യോ, ഞങ്ങളുടെ എതിരാളിയെ കീഴമർത്തുക: നോവിച്ചു ചതച്ചരച്ചുകൊണ്ടു വൈരികളെ നേരിടുക. അങ്ങയുടെ കടുംകരുത്ത് ആർ തടുക്കും? വശിയായ അങ്ങ് ഒറ്റയ്ക്കേ വശപ്പെടുത്തുമല്ലോ! 3
മന്യോ, സ്തുതിയ്ക്കപ്പെട്ട ഭവനൊരാൾ മതി, വളരെപ്പേർക്ക്: വിരോധിയെ വിരോധിയെ യുദ്ധത്തിന്നുത്തേജിപ്പിയ്ക്കുക. അച്ഛിന്നപ്രകാശ, അങ്ങയുടെ സാഹായ്യത്താൽ ഞങ്ങൾ വിജയത്തിന്നു ദീപ്തമായ സിംഹനാദം മുഴക്കുമാറാകണം! 4
മന്യോ, ഇന്ദ്രൻപോലെ വിജയകരനും അനിന്ദിതവചനനുമായ ഭവാൻ ഇവിടെ ഞങ്ങളെ തുലോം രക്ഷിച്ചാലും. സഹിഷ്ണോ, അങ്ങയ്ക്കു ഞങ്ങൾ അരുമസ്തോത്രം പാടുന്നു: ഇത് അങ്ങയെ വളർത്തുന്ന ഒരു നീരുറവാണെന്നു ഞങ്ങൾക്കറിയാം! 5
വജ്രമേ, ശരമേ, കീഴമർത്തുന്നവനേ, മന്യോ, അഭിഭവത്തോടൊപ്പം ജനിച്ച ഭവാന്ന് ഏറ്റവും മികച്ച കെല്പുണ്ടു്: പുരുഹൂത, യുദ്ധമുണ്ടായാൽ, അവിടുന്നു വേല ചെയ്തു ഞങ്ങളെ സ്നേഹിച്ചാലും! 6
ഒന്നായടക്കപ്പെട്ട രണ്ടുതരം ധനങ്ങൾ വരുണനും മന്യുവും ഞങ്ങൾക്കു നല്കട്ടെ: ശത്രുക്കൾ തോറ്റു പേടിച്ചു പാഞ്ഞൊളിയ്ക്കട്ടെ! 7
[1] മരുത്ത്വാൻ = മരുത്സമേതൻ. ആൾക്കാർ – അങ്ങയുടെ ആളുകൾ. എത്തിച്ചേരട്ടെ – യുദ്ധത്തിൽ സഹായിപ്പാൻ.
[2] വീതിയ്ക്കുക – ഞങ്ങൾക്ക് പങ്കിട്ടുതരിക. ഓടിപ്പിയ്ക്കുക – ഞങ്ങളെക്കൊണ്ടു്.
[3] വശപ്പെടുത്തുമല്ലോ – വൈരികളെ.
[4] വളരെപ്പേർക്ക് – വളരെശ്ശത്രുക്കളെ വധിപ്പാൻ.
[5] ഇവിടെ – യജ്ഞത്തിൽ. ഇത് – സ്തോത്രം. വളർത്തുന്ന – സസ്യത്തെയെന്നപോലെ തഴപ്പിയ്ക്കുന്ന.
[6] അഭിഭവം = പരാഭവം. വേല – സാഹായ്യ്യകർമ്മം. സ്നേഹിച്ചാലും – ജയിപ്പിച്ചാലും എന്നു സാരം.
[7] പരോക്ഷം: രണ്ടു തരം ധനം – സ്ഥാവരജംഗമസ്വത്ത്