സവിതൃപുത്രി സൂര്യ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഉരോബൃഹതിയും ജഗതിയും ഛന്ദസ്സുകൾ; സോമവും വിവാഹവും ദേവന്മാരും സോമസൂര്യന്മാരും ചന്ദ്രനും ആശിസ്സുകളും വസ്ത്രസ്പർശനിന്ദയും രോഗശാന്തിയും ദേവതകൾ.
ഭൂവിനെ സത്യം താങ്ങുന്നു; ദ്യോവിനെ സൂര്യൻ താങ്ങുന്നു. ദേവന്മാർ യജ്ഞംകൊണ്ടു പുലരുന്നു; സോമം വിണ്ണിൽ കുടികൊള്ളുന്നു. 1
സോമത്താലാണു്, ദേവന്മാർക്കു ബലം; സോമത്താലാണു്, പൃഥിവിയ്ക്കു വലുപ്പം; സോമം ഈ നക്ഷത്രങ്ങളുടെ ഇടയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നു. 2
സോമമാണെന്നു കരുതുന്നു, കുടിയ്ക്കുന്നവൻ; (ചിലർ) വല്ലി പിഴിയുന്നു. എന്നാൽ സോമത്തെ ബ്രാഹ്മണരേ അറിയൂ; മറ്റാരും അതു നുകരില്ല! 3
സോമ, മറയാൽ മറയ്ക്കപ്പെട്ടു, ബാർഹതർ കാവൽനില്ക്കുന്ന ഭവാൻ അമ്മികളൂടെ ഒച്ച കേട്ടുംകൊണ്ടിരിയ്ക്കയാണു്; അങ്ങയെ ഭൂവാസികൾ നുകരില്ല! 4
ദേവ, അങ്ങ് നിശ്ശേഷം കുടിയ്ക്കപ്പെടുന്നു; എന്നാൽ വീണ്ടും തഴയ്ക്കും: കാറ്റു സോമത്തെ രക്ഷിയ്ക്കുന്നു; സോമം സംവത്സരങ്ങളെ വേർതിരിയ്ക്കുന്നു; 5
‘രൈഭി’തുടർന്നു നല്കപ്പെട്ടു; മനുഷ്യരുടെ സ്തുതി ദാസിയുമായി. ‘ഗാഥ’യാൽ സംസ്ക്കരിയ്ക്കപ്പെട്ട ശോഭനവസ്ത്രം സൂര്യയുടെ അടുക്കലെത്തി. 6
സൂര്യ ഭർത്താവിന്റെ അടുക്കലെയ്ക്കു പോകുമ്പോൾ, ചിത്തിതലയിണയായി; കണ്ണു മഷിയായി. ദ്യോവും ഭൂവും പണപ്പെട്ടികളായി! 7
സൂര്യയ്ക്കു സ്തോമങ്ങൾ ഇരുപ്പടിയും മറ്റുമായി. കുരീരമെന്ന ഛന്ദസ്സ് ചാര്മെത്തയായി. അശ്വികൾ വരന്മാരായി; അഗ്നി മുന്നാളുമായി! 8
സോമൻ വധുവിനെ കാമിച്ചു; അപ്പോൾത്തന്നെയാണു്, അശ്വികളിരുവരും വരന്മാരായതു്. സവിതാവാകട്ടേ, വിവാഹപ്രായമെത്തിയ സൂര്യയെ സോമന്നു കൊടുത്തു. 9
ഗൃഹത്തിലെയ്ക്കു പോകുന്ന സൂര്യയ്ക്കു, തന്റെ മനസ്സു വണ്ടിയായി; വാനം മേൽക്കൂടായി; സൂര്യചന്ദ്രന്മാർ ഇരുകാളകളായി!10
ഋക്സാമങ്ങൾകൊണ്ടു നുകം വെയ്ക്കപ്പെട്ട നിന്റെ ഇരുകാളകൾ ഒരേ മട്ടിൽ നടന്നു; ഭവതിയുടെ ചെവികൾ ചക്രങ്ങളായി; ആകാശമാർഗ്ഗം അത്യന്തം ഇളകിയിരുന്നു! 11
ഭർത്തൃസമീപത്തെയ്ക്കു പോകാൻ സൂര്യ മനോവണ്ടിയിൽ കേറി: പോകുന്ന ഭവതിയ്ക്കു ചെവികൾ ചക്രങ്ങളായി; വ്യാനവായു അച്ചുതണ്ടായി! 12
സൂര്യയ്ക്കു സവിതാവു കൊടുത്ത സ്ത്രീധനം കൊണ്ടുപോയ്ക്കഴിഞ്ഞിരുന്നു: ഗോക്കൾ മകംനാളിൽ തെളിയ്ക്കപ്പെട്ടു; മറ്റുള്ളവ ഉത്രം നാളിൽ കേറ്റിയയയ്ക്കപ്പെട്ടു. 13
അശ്വികളേ, നിങ്ങൾ സൂര്യയുടെ വേളി ചോദിപ്പാൻ മൂവുരുൾത്തേരിലൂടേ പോയല്ലോ; അതിന്നു ദേവന്മാരെല്ലാം നിങ്ങൾക്കു വിട തന്നു; പുത്രനായ പൂഷാവു് അച്ഛന്മാരെ വരിച്ചു. 14
വെള്ളത്തിന്റെ ഉടമസ്ഥന്മാരായ നിങ്ങൾ സൂര്യയെ കിട്ടാൻ യാചിതവ്യന്റെ അടുക്കലെയ്ക്കു പോകയുണ്ടായല്ലോ; അന്നു നിങ്ങളുടെ ഒരു ചക്രം എവിടെയായിരുന്നു? എവിടെയാണു്, നിങ്ങൾ ദാനത്തിന്നിരുന്നതു്? 15
സൂര്യേ, നിന്റെ ആ ഋതുനിർദ്ദിഷ്ടങ്ങളായ രണ്ടു ചക്രങ്ങളെ ബ്രാഹ്മണരറിയും; എന്നാൽ ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒരു ചക്രം മേധാവികളേ അറിയൂ. 16
സൂര്യയെയും, ദേവന്മാരെയും, മിത്രനെയും വരുണനെയും, ജീവജാലത്തെ സ്നേഹിയ്ക്കുന്ന എല്ലാവരെയും ഞാൻ ഇതാ, നമസ്കരിയ്കുന്നു. 17
ഈ ഇരുവർ അറിഞ്ഞുംകൊണ്ടു മുമ്പുപിമ്പായി സഞ്ചരിയ്ക്കുന്നു. ഈ കളിക്കുട്ടികൾ യാഗത്തിന്നു പോകാറുണ്ടു് ഒരുവൻ ഉലകെല്ലാം നോക്കിക്കാണുന്നു; മറ്റവൻ ഋതുക്കളെ ഉളവാക്കി, വീണ്ടും ജനിയ്ക്കുന്നു! 18
ചന്ദ്രൻ ജനിച്ചുകൊണ്ടു നവനവനായിത്തീരുന്നു; തിഥികളുടെ അടയാളമായിട്ട്, ഉഷസ്സുകളുടെ മുകളിൽ വരുന്നു; ചെന്നു ദേവന്മാർക്കു വീതം കൊടുക്കുന്നു; ദീർഗ്ഘായുസ്സു വളർത്തുന്നു!19
പിലാശുകൊണ്ടും ഇലവുകൊണ്ടും നിർമ്മിയ്ക്കപ്പെട്ടതും, വിചിത്രരൂപവും നന്നായുരുളുന്നതും, നല്ല ചക്രങ്ങളുള്ളതുമായ പൊന്നണിത്തേരിൽ സൂര്യേ, നീ കേറുക. ഭർത്താവിന്നു് അമൃതലോകപ്രാപണം സുഖകരമാക്കുക. 20
ഭവാൻ എഴുനേല്ക്കുക: ഇവൾ ഭർത്തൃമതിയായിരിയ്ക്കുന്നു. വിശ്വാവസുവിനെ ഞാൻ വണങ്ങി സ്തുതിയ്ക്കുന്നു. ഭവാൻ പിതൃഗൃഹസ്ഥയായ മറ്റൊരു കന്യകയെ വരിച്ചുകൊൾക: അതാണു്, ജനനാൽ ഭവാന്റെ വീതമെന്നറിഞ്ഞാലും! 21
വിശ്വാവസോ, ഇവിടെനിന്നെഴുനേറ്റാലും. അങ്ങയെ വണങ്ങി സ്തുതിയ്ക്കുന്നു. അങ്ങ് മറ്റൊരു നിതംബിനിയെ വരിയ്ക്കുക; പത്നിയായ എന്നെ ഭർത്താവിനോടു ചേർത്താലും! 22
ദേവന്മാരെ, ഞങ്ങളുടെ സഖാക്കൾക്കു ശ്വശുരന്റെ അടുക്കലെയ്ക്കു പോകാനുള്ള വഴികൾ മുള്ളും വളവുമില്ലാത്തവയായിത്തീരട്ടെ. അര്യമാവും ഭഗനും ഞങ്ങളെ ശരിയ്കു കൊണ്ടാക്കണം. ജായാപതികൾ നല്ല ഇണയായിവരട്ടെ! 23
സുസുഖനായ സവിതാവു നിന്നെ യാതൊന്നുകൊണ്ടു ബന്ധിച്ചുവോ, ആ വരുണപാശത്തിൽനിന്നു നിന്നെ ഞാൻ മോചിപ്പിയ്ക്കുന്നു. നിന്നെ ഞാൻ യജ്ഞസ്ഥാനമായ കർമ്മക്ഷേത്രത്തിൽ, പീഡയേശാത്തവണ്ണം പതിയോടുകൂടി പാർപ്പിയ്ക്കുന്നു. 24
നിന്നെ ഞാൻ ഇവിടെനിന്നു വിടുന്നു, അവിടെനിന്നു വിടില്ല: അവിടെ കെട്ടിയിടും. ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കിയാലും! 25
പൂഷാവ് നിന്നെ ഇവിടെനിന്നു കൈപിടിച്ചു നടത്തട്ടെ; അശ്വികൾ നിന്നെ തേരിലൂടേ കൊണ്ടുപോകട്ടെ. നീ ഗൃഹത്തിലെയ്ക്കു പോയ്ക്കൊള്‍ക: നീ ഗൃഹരക്ഷിണിയാവുക; നീ വശത്താക്കി ഭർത്തൃഗൃഹത്തെ ഭരിയ്ക്കുക! 26
ഈ ഗൃഹത്തിൽ നിനക്കു സന്താനവും സന്തുഷ്ടിയും വളരട്ടെ; നീ ഗൃഹഭരണത്തിൽ ഉണർന്നിരിയ്ക്കണം. നീ ശരീരം ഈ കണവങ്കൽ ഒട്ടിച്ചാലും. ഇരുവരും വൃദ്ധരായി ഗൃഹം ഭരിയ്ക്കുവിൻ! 27
കറുത്തു തുടുത്ത കൃത്യ കേറിയാൽ ഒഴിപ്പിയ്ക്കണം: എന്നാലേ, ഇവളുടെ ജ്ഞാതികൾ അഭിവൃദ്ധിപ്പെടുകയും, ഭർത്താവു കെട്ടുകളിൽ കുടുങ്ങുകയും ചെയ്യു. 28
നീ വിഴുപ്പുവസ്ത്രം ദൂരത്തു കളയുക: ബ്രാഹ്മണർക്കു ധനം കൊടുക്കു. ഈ കൃത്യ നടന്നുചെന്നു, പത്നിയായിച്ചമഞ്ഞു ഭർത്താവിനെ പ്രാപിച്ചേയ്ക്കും! 29
ഭർത്താവു പത്നിയുടെ വസ്ത്രംകൊണ്ടു സ്വദേഹം മറയ്ക്കാനൊരുങ്ങിയാൽ, ഈ ദുഷ്ടത്തിമൂലം, നിറമിയന്ന ശരീരത്തിന്ന് അലക്ഷ്മിപറ്റിപ്പോവും! 30
സ്വർണ്ണമയമായ സ്ത്രീധനത്തിന്റെ പിന്നാലെ ആളുകളിൽനിന്നു രോഗങ്ങൾ വന്നുകൂടിയേയ്ക്കും; അവയെ യജനീയരായ ദേവന്മാർ, അവ വന്നേടത്തെയ്ക്കുതന്നെ തിരിച്ചയയ്ക്കട്ടെ! 31
ദംപതികളെ നേരിടുന്ന ശത്രുക്കൾ വരാതിരിയ്ക്കട്ടെ; ഇവരിരുവരും ദുർഗ്ഗമത്തെ സുഗമമാർഗ്ഗത്തിലൂടേ കടക്കട്ടെ; പരിപന്ഥികൾ പാഞ്ഞുപോകട്ടെ! 32
ഇതാ, സുമംഗലിയായ വധു: നിങ്ങൾ വന്നുചേർന്ന് ഇവളെ നോക്കുവിൻ; ഇവൾക്കു സൗഭാഗ്യം കൊടുത്തിട്ടു, ഗൃഹങ്ങളിലെയ്ക്കു തിരിച്ചുകൊൾവിൻ! 33
ഇതു നീറലും എരിവും ഉണ്ടാക്കും; ചീഞ്ഞ സോമച്ചണ്ടിപോലെയാണു്, വിഷംപൊലെയാണു്; ഉപയോഗിച്ചുകൂടാ. സൂര്യയെ ശരിയ്ക്കറിയുന്ന ബ്രാഹ്മണനേ വധൂവസ്ത്രത്തിന്നർഹനാകൂ. 34
സൂര്യയുടെ അവയവങ്ങൾ നോക്കൂ: ചായംപിടിപ്പിച്ചതു്, തലയിലിട്ടതു്, മൂന്നായി വെട്ടിയതു് എന്നിവയെ ബ്രാഹ്മാണൻ നീക്കുന്നു. 35
ഞാൻ സൌഭാഗ്യത്തിന്നായി നിന്റെ കൈ പിടിയ്ക്കുന്നു: നീ ഭർത്താവിനോടൊന്നിച്ചു വേണം, വാർദ്ധക്യമടയുക. ഭഗൻ, ആര്യമാവ്, സവിതാവ്, പൂഷാവ് എന്നീ ദേവന്മാർ നിന്നെ എനിയ്ക്കു ഗൃഹസ്ഥത്വത്തിന്നായി കല്പിച്ചുതന്നിരിയ്ക്കുന്നു. 36
യാതൊന്നു ഞങ്ങളുടെ തുടകളിൽ കാമത്തോടേ ചേരുമോ, യാതൊന്നിൽ കാമികളായ ഞങ്ങൾ ലിംഗം വെച്ചമർക്കുമോ, യാതൊന്നിൽ പുരുഷന്മാർ ശുക്ലം വിതയ്ക്കുമോ; പൂഷാവേ, സുമംഗളമായ അതിനെ ഭവാൻ ആകെ പ്രവർത്തിപ്പിച്ചാലും! 37
അഗ്നേ,(ഗന്ധർവന്മാർ)സൂര്യയെ സ്ത്രീധനത്തോടൊപ്പം മുമ്പേ അങ്ങയ്ക്കു നല്കി; അങ്ങു വീണ്ടും കൊടുത്തു. അപ്രകാരം, ഭവാൻ ഭാര്യയെ ഭർത്താക്കന്മാർക്കു സന്താനത്തോടുകൂടി തന്നാലും! 38
അഗ്നി വീണ്ടും പത്നിയെ ആയുസ്സോടും തേജസ്സോടുംകൂടി പ്രദാനംചെയ്തു; ഇവളുടെ കണവൻ ദീർഗ്ഘായുസ്സായി നൂറുവർഷം ജീവിച്ചിരിയ്ക്കട്ടെ! 39
ആദ്യം സോമന്നു കിട്ടി; രണ്ടാമതു ഗന്ധർവന്നു കിട്ടി. അഗ്നി നിനക്കു മൂന്നാമത്തെ ഭർത്താവായി; നിനക്കു നാലാമതു മനുഷ്യനും. 40
സോമൻ ഇവളെ ഗന്ധർവന്നു കൊടുത്തു; ഗന്ധർവൻ അഗ്നിയ്ക്കു കൊടുത്തു. അഗ്നി പിന്നെ സമ്പത്തോടും പുത്രന്മാരോടുംകൂടി എനിയ്ക്കു തന്നു! 41
നിങ്ങളിരുവരും ഇവിടെത്തന്നെ വസിയ്ക്കുവിൻ; വേർപെടരുതു് പൂർണ്ണായുസ്സു നേടുവിൻ. സ്വഗൃഹത്തിൽ, പുത്രന്മാരോടും പൌത്രന്മാരോടുംകൂടി വിളയാടിക്കൊണ്ടു സന്തോഷിയ്ക്കുവിൻ!42
പ്രജാപതി നമുക്കു പ്രജയെ ജനിപ്പിയ്ക്കട്ടെ; അര്യമാവു വാർദ്ധക്യംവരെ ഒന്നിച്ചിരുത്തട്ടെ. നീ സുമംഗലിയായി ഭർത്ത്യസമീപം പ്രാപിയ്ക്കുക: നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്ക്കാലികളെയും സുഖിപ്പിയ്ക്കുക! 43
നിന്റെ കണ്ണു ഭയംകരമാകരുതു്; നീ ഭർത്താവിനെ ഉപദ്രവിയ്ക്കരുതു്: നീ മാടുകൾക്കു വേണ്ടതു ചെയ്യുക. നല്ല മനസ്സും നല്ല തേജസ്സുമുള്ളവളാകുക. ആൺകുട്ടികളെ പെറ്റു, ദേവഭക്തയായി ക്ഷേമമുളവാക്കുക; നമ്മുടെ ഇരുകാലികളെ സുഖിപ്പിയ്ക്കുക; നാല്കാലികളെയും സുഖിപ്പിയ്ക്കുക! 44
ഇന്ദ്ര, വൃഷാവേ, നിന്തിരുവടി ഇവളെ സൽപുത്രവതിയും സൌഭാഗ്യവതിയുമാക്കുക: ഇവളിൽ പത്തുപുത്രന്മാരെ ആധാനം ചെയ്യുക; ഭർത്താവിനെ പതിനൊന്നാമനാക്കുക! 45
നീ ശ്വശുരങ്കൽ പെരുമാട്ടിയാവുക; ശ്വശ്രുവിങ്കൽ പെരുമാട്ടിയാവുക; നനാന്ദാവിൽ പെരുമാട്ടിയാവുക; ദേവരന്മാരിൽ പെരുമാട്ടിയാവുക! 46
നമ്മളിരുവരുടെ ഹൃദയത്തിൽ ദേവന്മാരെല്ലാവരും തണ്ണീരുകളും മഷിയെഴുതിയ്ക്കട്ടെ; വായുവും വിധാതാവും ദാനപരയും നമ്മെ ചേർത്തൊട്ടിയ്ക്കട്ടെ! 47
[2] സോമശബ്ദത്തിന്നു ചന്ദ്രനെന്നും അർത്ഥമെടുക്കാം.
[3] കുടിയ്ക്കുന്നവൻ – ചികിത്സയ്ക്കു സേവിയ്ക്കുന്നവൻ. അതു സാക്ഷൽ സോമമല്ല. മറ്റാരും – അബ്രാഹ്മണൻ, അയജ്വാവ്; യജ്വാവേ നുകരൂ.
[4] ബാർഹതർ – ഏഴു സോമപാലന്മാർ. നുകരില്ല – വിണ്ണിലിരിയ്ക്കുന്ന സോമത്തെ മന്നിലുള്ളവർ എങ്ങനെ നുകരും?
[5] ഒടുവിലെ വാക്യങ്ങൾ രണ്ടും പരോക്ഷം: രക്ഷിയ്കുന്നു – വാട്ടവും മറ്റും പറ്റാത്ത വിധത്തിൽ.
[6] സ്വവിവാഹസ്തുതിയാണു്, ഇതുമുതൽ പതിനൊന്ന് ഋക്കുകളിൽ രൈഭി – ഒരു തരം ഋക്ക്. നല്കപ്പെട്ടു – കളിത്തോഴിയായി നല്കപ്പെട്ടു. സ്തുതി ദാസിയുമായി – സ്തുതിയെ ദാസിയായി നല്കി. ഗാഥ – ബ്രാഹ്മണങ്ങളിൽ പ്രസ്താവിയ്ക്കപ്പെട്ടിട്ടുള്ള ഒരുതരം പാട്ടു്; ഇവളാണു്, വസ്ത്രം വൃത്തിപ്പെടുത്തിയതു്. സൂര്യയുടെ – വധുവായ എന്റെ.
[7] ഭർത്താവ് – സോമൻ. ചിത്തി – ജ്ഞാനദേവത. കണ്ണു – വൃത്രന്റെ കൃഷ്ണമണി ത്രികകുത്തെന്ന പർവതത്തിൽ വീണു; അതിലുണ്ടായിവന്ന ഒരുതരം കണ്ണെഴുത്തുമഷി.
[8] സ്തോമങ്ങൾ – ഒരു തരം സ്തോത്രങ്ങൾ. മുന്നാൾ – വേളി പറയാൻ മുമ്പേ പോകുന്ന ആൾ.
[9] കൊടുത്തു – കൊടുക്കാൻ നിശ്ചയിച്ചു. എന്നാൽ അശ്വികൾ പന്തയത്തിൽ ജയിച്ച് അവളെ കൈക്കലാക്കി.
[11] തന്നോടുതന്നേ പറയുന്നു: ഇളകിയിരുന്നു – വണ്ടി ഓടുമ്പോൾ.
[13] ഗോക്കളെ സോമഗൃഹത്തിലെയ്ക്കു മകംനാളിലും, മറ്റുള്ളവ ഉത്രം നാളിലും അയച്ചു.
[14] ചോദിപ്പാൻ – സവിതാവിനോട്. അച്ഛന്മാരെ വരിച്ചു – അശ്വികളുടെ ഉദ്യമത്തെ കൈക്കൊണ്ടു.
[15] യാചിതവ്യൻ – യാചിയ്ക്കപ്പെടേണ്ടുന്നവൻ, കന്യാപിതാവായ സവിതാവു്.
[16] രണ്ടു ചക്രങ്ങളെ – ചന്ദ്രസൂര്യന്മാരെ. ഗുഹയിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്ന – ഗുഹ്യമായ. ഒരു ചക്രം – സംവത്സരം.
[17] ഈ ഋക്കിന്നു ദേവന്മാരാണ്, ദേവത: സൂര്യ – സൂര്യപത്നി.
[18] സൂര്യചന്ദ്രസ്തുതി: ഇരുവർ – സൂര്യചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രന്മാർ. ഒരുവൻ – സൂര്യൻ. മറ്റവൻ – ചന്ദ്രൻ. ജനിയ്ക്കുന്നു – ചന്ദ്രന്നു ക്ഷയവും വൃദ്ധിയുമുണ്ടല്ലോ.
[19] ചന്ദ്രസ്തുതി: ഉഷസ്സുകളുടെ മുകളിൽ വരുന്നു – കൃഷ്ണപക്ഷാവസാനത്തിൽ. ചെന്നു – പക്ഷാവസാനം പ്രാപിച്ച്; ഇരുപക്ഷങ്ങളുടെയും ഒടുവിൽ. വീതം – ഹവിർഭാഗം.
[20] ഇതുമുതൽ ഒമ്പതൃക്കുകൾ വിവാഹമന്ത്രങ്ങളായ ആശിസ്സുകളാകുന്നു: അമൃതലോകപ്രാപണം – നിന്നെ അമൃത (ചന്ദ്ര)ലോകത്തെത്തിയ്ക്കൽ.
[21] ഭവാൻ – വിശ്വാവസു. ഭവാന്റെ വീതം – ഭവാനുള്ള പങ്ക്. വിശ്വാവസു എന്ന ഗന്ധർവൻ കന്യകമാരുടെ ഉടമയത്രേ; വിവാഹം കഴിഞ്ഞാൽ അവരെ വിട്ടുപോയ്ക്കൊള്ളണം.
[22] വരിയ്ക്കുക – ഇച്ഛിച്ചാലും.
[23] സഖാക്കൾ വരന്റെ ആൾക്കാർ. ശ്വശുരൻ – വരന്റെ അച്ഛൻ.
[24] വധുവിനോട്: പിറവിയിൽ ഓരോ പ്രാണിയെയും സവിതൃപ്രേരിതനായ വരുണൻ സ്വപാശംകൊണ്ടു ബന്ധിയ്ക്കും.
[25] ഇവിടെനിന്നു – പിതൃഗൃഹത്തിൽനിന്ന്. അവിടെനിന്നു – ഭർത്തൃഗൃഹത്തിൽനിന്ന്. കെട്ടിയിടും – എന്നെയ്ക്കുമായി പാർപ്പിയ്ക്കും.
[26]ഭർത്തൃഗൃഹത്തിലെയ്ക്കു പോകുന്ന വധുവിനെ വാഹനത്തിൽ കേറ്റുന്ന മന്ത്രം: നടത്തട്ടെ – രഥസമീപത്തെയ്ക്ക്. ഗൃഹം – ഭർത്തൃഗൃഹം.
[27] വധുവിന്റെ ഭർത്തൃഗൃഹപ്രവേശനം: വൃദ്ധരായി – നീണാൾ ജീവിച്ച്.
[28] കൃത്യ – അഭിചാരപിശാചി. കെട്ടുകൾ – സംസാരബന്ധങ്ങൾ.
[29] വധൂവസ്ത്രസ്പർശനിന്ദനം: വിഴുപ്പുവസ്ത്രം കളയാഞ്ഞാൽ, കൃത്യ പത്നീരൂപം ധരിച്ചു ഭർത്താവിനോടു ചേർന്നേയ്ക്കും; അതിന്നിട വരുത്തരുത്. വിഴുപ്പുടുത്തതിന്നു പ്രായശ്ചിത്തമായിട്ടാണു്, ബ്രാഹ്മണർക്കു ധനദാനം.
[30] ഈ ദുഷ്ടത്തി – കൃത്യ.
[31] ക്ഷയരോഗശാന്തി:
[32] പരിപന്ഥികൾ = വൈരികൾ.
[33] ആശീർവദിയ്ക്കുന്നവരോടു്:
[34] വീണ്ടും വധൂവസ്ത്രപരിത്യാഗം: ഇതു – വിഴുപ്പുവസ്ത്രം. മറ്റു ബ്രാഹ്മണർ വധൂവസ്ത്രം പ്രതിഗ്രഹമായി വാങ്ങരുതു്.
[35] എന്നിവയെ – ഇങ്ങനെയുള്ള അമംഗളവസ്ത്രങ്ങളെ. നീക്കുന്നു – സൂര്യയുടെ ദേഹത്തിൽനിന്നെടുത്തുകളയുന്നു. ഈ ഋക്കിന്റെ അർത്ഥം സുഗ്രഹമല്ല; വാദവിഷയവുമായിരിയ്ക്കുന്നു.
[36] പാണിഗ്രഹണമന്ത്രം – വരൻ വധുവിനോടു പറയുന്നു: ഭർത്താവിനോടു (എന്നോടു)കൂടി നീ നീണാൾ ജീവിച്ചിരിയ്ക്കുക എന്നു, ദ്വിതീ യവാക്യത്തിന്റെ അർത്ഥം.
[37] ഞങ്ങളുടെ പുരുഷന്മാരുടെ. അതിനെ – യോനിയെ.
[38] ഗന്ധർവന്മാർ – കന്യകയുടെ ഉടമസ്ഥന്മാർ. വീണ്ടും കൊടുത്തു – സോമന്ന്. ഭർത്താക്കന്മാർക്കു – ഞങ്ങൾക്ക്.
[40] വധുവിനോട്: സോമനും ഗന്ധർവനും അഗ്നിയും ഭുജിച്ചതിന്നുശേഷമത്രേ, വധു വരനോടു ചേരുന്നതു്. അതിനാൽ, വേട്ടവൻ നാലാമത്തെ ഭർത്താവാകുന്നു.
[42] വധൂവരന്മാരോട്:
[43] വരൻ വധുവിനോട്: ഒന്നിച്ചിരുത്തട്ടെ – നമ്മെ.
[44] ഭയംകരമാകരുതു് – കോപിയ്ക്കരുതു് എന്നർത്ഥം.
[46] വധുവിനോട്: നീ ശ്വശുരനെയും മറ്റും ഒരു ചക്രവർത്തിനിപോലെ ഭരിയ്ക്കുക. നനാന്ദാവ് = ഭർത്തൃസോദരി. ദേവരന്മാർ – ഭർത്താവിന്റെ അനുജന്മാർ.
[47] നമ്മുടെ ഹൃദയത്തെ, മഷിയെഴുതിയ കണ്ണുപോലാകട്ടെ, പ്രകാശിപ്പിയ്ക്കട്ടെ. ചേർത്തൊട്ടിയ്ക്കട്ടെ – ഏകചിത്തരാകട്ടെ.