നാരായണൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പുരുഷൻ ദേവത.
ആയിരം തലയും ആയിരം കണ്ണും ആയിരം കാലുമുള്ള ആ പുരുഷൻ ബ്രഹ്മാണ്ഡമാകെച്ചുഴന്നു, പത്തുവിരൽ കവിഞ്ഞു നില്ക്കുന്നു! 1
ആ പുരുഷൻതന്നെയാണു്, ഉള്ളതും ഉണ്ടാകാൻ പോകുന്നതുമായ ഈ ജഗത്തൊക്കെ. അമൃതത്വത്തിന്റെ ഉടയവനുമാകുന്നു, അന്നത്തിന്നായി വെളിപ്പെടുന്ന അദ്ദേഹം! 2
ഇത്രയ്ക്കുണ്ടു്, പുരുഷന്റെ മഹത്ത്വം. എന്നാൽ, അതിലും മീതെയാണു്, അദ്ദേഹം: ഈ ഭുവനമെല്ലാം അദ്ദേഹത്തിന്റെ കാലംശംമാത്രമാണു്; അദ്ദേഹത്തിന്റെ മുക്കാലംശം ദ്യോവിങ്കലാകുന്നു!3
പുരുഷന്റെ മുക്കാലംശം മുകളിൽ നില്ക്കുന്നു. കാലംശം ഇവിടെ വീണ്ടും വീണ്ടും വരുന്നു; എന്നിട്ടു ചേതനാചേതനരൂപേണ വിവിധമായി വ്യാപിയ്ക്കുന്നു! 4
അദ്ദേഹത്തിൽനിന്നു വിരാട്ട് ജനിച്ചു. വിരാട്ടിൽനിന്ന് ഒരു പുരുഷൻ ജനിച്ചു: ആ ജനിച്ചവൻ നനാരൂപനായി വളർന്നു; അനന്തരം ഭൂമിയെയും, പിന്നീടു ശരീരങ്ങളെയും സൃഷ്ടിച്ചു! 5
ദേവന്മാർ പുരുഷനെത്തന്നേ ഹവിസ്സാക്കി യജ്ഞമനുഷ്ഠിച്ചു: അതിന്നു വസന്തം നെയ്യും, ഗ്രീഷ്മം ചമതയും, ശരത്ത് ഹവിസ്സുമായി! 6
ആ മുമ്പേ ജനിച്ച പുരുഷനെ യജ്ഞസാധനമാക്കി, സാധ്യന്മാരായ ദേവന്മാരും ഋഷിമാരും യജ്ഞത്തിൽ പ്രോക്ഷിച്ചു – അവനെക്കൊണ്ടു യാഗം സാധിച്ചു. 7
സർവാത്മാവിനെ ഹോമിച്ച ആ യജ്ഞത്തിൽനിന്നു, തയിരും നെയ്യും സംഭരിച്ചു; ആ വായുദേവതാകങ്ങളായ ഗ്രാമ്യാരണ്യപശുക്കളെയും സൃഷ്ടിച്ചു. 8
ആ സർവാത്മാവിനെ ഹോമിച്ച യജ്ഞത്തിൽനിന്നത്രേ, ഋക്കും സാമവും ഛന്ദസ്സുകളും, യജുസ്സും ഉണ്ടായതു് 9
അതിൽനിന്നുതന്നെയാണു്, അശ്വങ്ങളും മറ്റ് ഇരുവരിപ്പല്ലുള്ളവയും ജനിച്ചതു്. അതിൽനിന്നുതന്നെ ഗോക്കളും ആടു – കുറിയാടുകളും ജനിച്ചു. 10
‘പുരുഷനെ ഉൽപാദിപ്പിച്ചിട്ട് എത്ര തരത്തിൽ വേർതിരിച്ചു? അവന്റെ മുഖമെന്താണ്? കയ്യെന്താണ്? തുടയെന്താണ് കാലെന്താണു്? 11
‘അവന്റെ മുഖം ബ്രാഹ്മണനാണു്; കൈകൾ ക്ഷത്രിയൻ; അവന്റെ തുട വൈശ്യൻ; കാല്കളിൽനിന്നു ശൂദ്രൻ ജനിച്ചു.’ 12
മനസ്സിൽനിന്നു ചന്ദ്രൻ ജനിച്ചു; കണ്ണിൽനിന്നു സൂര്യൻ ജനിച്ചു; മുഖത്തുനിന്ന് ഇന്ദ്രാഗ്നികളും, പ്രാണനിൽനിന്നു വായുവും ജനിച്ചു. 13
നാഭിയിൽനിന്ന് അന്തരിക്ഷം ഉളവായി; ശിരസ്സിൽനിന്നു സ്വർഗ്ഗം പിറന്നു; കാല്കളിൽനിന്നു ഭൂമിയും, ചെവികളിൽനിന്നു ദിക്കുകളും ജനിച്ചു. അങ്ങനെ ലോകങ്ങൾ ഉൽപാദിതങ്ങളായി. 14
ഏഴെണ്ണം പരിധികളായി; ഇരുപത്തൊന്നെണ്ണം ചമതകളായി. അങ്ങനെ യാഗം ചെയ്യുന്ന ദേവന്മാർ പുരുഷനെ പശുവാക്കി കെട്ടി! 15
ദേവന്മാർ യജ്ഞരൂപനെ യജ്ഞംകൊണ്ടു പൂജിച്ചു; അതിൽ നിന്ന് ആ പ്രധാനങ്ങളായ ഭൂതങ്ങൾ ഉണ്ടായിവന്നു. പണ്ടേത്തെ സാധ്യദേവന്മാർ എവിടെ വസിയ്ക്കുന്നുവോ, ആ സ്വർഗ്ഗം കിട്ടും, മഹാത്മാക്കൾക്ക്! 16
[1] പുരുഷൻ – വിരാട്പുരുഷൻ. പത്തുവിരൽ കവിഞ്ഞുനില്ക്കുന്നു – ബ്രഹ്മാണ്ഡത്തിന്നു പുറത്തും സർവത്ര വ്യാപിച്ചു വർത്തിയ്ക്കുന്നു എന്നു താൽപര്യം.
[2] ഉള്ളതും, ഉണ്ടാകാൻ പോകുന്നതും – വത്തമാനവും ഭാവിയും. അന്നത്തിനായി വെളിപ്പെടുന്ന – ജീവജാലത്തെ കർമ്മഫലം ഭുജിപ്പിപ്പാൻ, കാരണാവസ്ഥവിട്ടു ജഗദവസ്ഥയെ സ്വീകരിയ്ക്കുന്ന.
[4] മുകളിൽ നില്ക്കുന്നു – ഈ സംസാരത്താൽ സ്പർശിയ്ക്കപ്പെടാതെ, സർവോൽക്കർഷേണ വർത്തിയ്ക്കുന്നു. വരുന്നു – സൃഷ്ടി – സംഹാരങ്ങളാൽ വെളിപ്പെടുന്നു.
[5] മുൻഋക്കിന്റെ വിവരണം: അദ്ദേഹം – ആദിപുരുഷൻ. ഒരു പുരുഷൻ – തദ്ദേഹാഭിമാനി.
[6] പുരുഷനെത്തന്നേ ഹവിസ്സാക്കി – അന്നു മറ്റു പദാർത്ഥമൊന്നുമില്ലാതിരുന്നാതിനാൽ, പുരുഷസ്വരൂപംതന്നേ ഹവിസ്സെന്നു മനസാ സങ്കല്പിച്ച്. വസന്തത്തെ നെയ്യായും ഗ്രീഷ്മത്തെ ചമതയായും ശരത്തിനെ ഹവിസ്സായും(പുരോഡാശാദിയായും)സങ്കല്പിച്ചു.
[7] മുമ്പേ – എല്ലാസ്സൃഷ്ടികൾക്കുംമുമ്പേ. യജ്ഞസാധനമാക്കി – പശുവെന്നു സങ്കല്പിച്ചു, യൂപത്തിൽ ബന്ധിച്ച്. പ്രോക്ഷിച്ചു – വെള്ളം തളിച്ചു. സാധ്യന്മാർ – സൃഷ്ടി സാധിയ്ക്കാൻ അർഹരായ പ്രജാപതിപ്രഭൃതികൾ. യാഗം – മാനസയജ്ഞം.
[8] ഗ്രാമ്യാരണ്യപശുക്കൾ – ഗ്രാമ്യപശുക്കളും(ഗവാശ്വാദികളും) ആരണ്യപശുക്കളും(മാൻമുതലായവയും).
[10] ഇരുവരിപ്പല്ലുള്ളവ – കഴുതകളും മറ്റും.
[11] ബ്രഹ്മവാദികൾ ചോദിയ്കുന്നു: പുരുഷൻ – വിരാട്ട്.
[12] ചോദ്യത്തിന്റെ മറുപടി: ശൂദ്രനാണ്, കാൽ.
[15] ഏഴെണ്ണം – സപ്തച്ഛന്ദസ്സുകൾ. പരിധികൾ – ഹോമകുണ്ഡത്തിന്നു ചുറ്റും വെയ്ക്കുന്ന ചുള്ളിവിറകുകൾ. ഇരുപത്തൊന്നെണ്ണം – പന്തിരണ്ടു മാസങ്ങൾ, അഞ്ച ഋതുക്കൾ, മൂന്നു ലോകങ്ങൾ, സൂര്യൻ. പശുവാക്കി കെട്ടി – സങ്കല്പത്താൽ യൂപത്തിൽ ബന്ധിച്ചു.
[16] സൃഷ്ടിക്രമം പ്രതിപാദിച്ചിട്ട്. ഉപാസനഫലം ഉപന്യസിയ്ക്കുന്നു: