വീരുഹവ്യപുത്രൻ അരുണൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
സ്തൂയമാനനായി, ദാനപരനായി, അന്നകാമനായി, എല്ലാ ഹവിസ്സും ഹോമിയ്ക്കുന്നവനായി, വരേണ്യനായി, വിഭുവായി, തേജസ്വിയായിരിയ്ക്കുന്ന സഖാവിനെ സഖാവിന്നുവേണ്ടി, ഉണർവുറ്റവർ ശാലയിൽ ഉത്തരവേദിമേൽ ഉജ്ജ്വലിപ്പിയ്ക്കുന്നു. 1
ആ ദർശനീയവിഭൂതിയായ അതിഥി ഗൃഹത്തിൽ ഗൃഹത്തിൽ, വനത്തിൽ വനത്തിൽ ചെല്ലുന്നു. ആ ജനഹിതൻ ജനത്തെ ജനത്തെ, ഒരു സഞ്ചാരിപോലെ വിട്ടുപോകില്ല: ആ മനുഷ്യഹിതൻ മനുഷ്യരിൽ – മർത്ത്യങ്കൽ മർത്ത്യങ്കൽ – വാണരുളുന്നു! 2
അഗ്നേ, നിന്തിരുവടി ബലത്താൽ സുബലനാകുന്നു; കർമ്മത്താൽ സുകർമ്മാവാകുന്നു; കാവ്യത്താൽ കവിയാകുന്നു; സർവജ്ഞനാകുന്നു. വാനൂഴികൾ വളർത്തിപ്പോരുന്ന സമ്പത്തുകളെ നിലനിർത്തിക്കൊണ്ടു, നിന്തിരുവടി ഏകനായിത്തന്നേ വാണരുളുന്നു! 3
അഗ്നേ, നിന്തിരുവടിയുടെ നെയ്യൊഴുകുന്ന കാലികമായ ഇരിപ്പിടം അറിഞ്ഞു. നിന്തിരുവടി ഉത്തരവേദിയിൽ ചെല്ലുന്നു. നിന്തിരുവടിയുടെ രശ്മികൾ ഉഷസ്സിന്റെ വരവുപോലെയും, സൂര്യന്റെ നിർമ്മലരശ്മികൾപോലെയും പ്രകാശിയ്കുന്നു. 4
സസ്യങ്ങളിലെയ്ക്കും കാടുകളിലെയ്ക്കും തന്നാൽത്തന്നെ അയയ്ക്കപ്പെട്ട ഭവാൻ ഭോജ്യം തിരുവായിലാക്കുന്നതെപ്പൊഴോ, അപ്പോൾ അങ്ങയുടെ കിരണങ്ങൾ, കാർമുകിലിന്റെ മിന്നലുകൾപോലെയും, ഉഷസ്സിന്റെ കൊടിക്കൂറകൾപോലെയും വിചിത്രമായി കാണപ്പെടും! 5
ആ അഗ്നി ഋതുപ്രാപ്തമായ ഗർഭമായി ഓഷധികളാൽ ധരിയ്ക്കപ്പെടുന്നു. തന്തിരുവടിയെ തണ്ണീരുകളും അമ്മമാരായി ഉൽപാദിപ്പിയ്ക്കുന്നു. സ്വതുല്യനായ അദ്ദേഹത്തെത്തന്നെ വനസ്പതികളും, ഗർഭിണികളായ ലതകളും സർവദാ പ്രസവിയ്ക്കുന്നു. 6
അഗ്നേ, ഭവാൻ കാറ്റത്തുലഞ്ഞു, ചിക്കെന്നു വനസ്പതികളിലണഞ്ഞു പടർന്നു പാളുന്നതെപ്പൊഴോ; അപ്പോൾ, ചുട്ടെരിയ്ക്കുന്ന ഭവാന്റെ തേമാനമില്ലാത്ത തേജസ്സുകൾ, തേരാളികളെപ്പോലെ വെവ്വേറെ നടകൊള്ളുന്നു! 7
അഗ്നേ, മേധയുളവാക്കുന്ന, യജ്ഞസാധകനായ, ഹോതാവായ, തുലോം കീഴമർത്തുന്ന, മനനശീലനായ അങ്ങയെത്തന്നെയാണു്, (ഋത്വിക്കുകൾ) ചെറുതും വലുതുമായ ഹവിസ്സിൽ ഒപ്പം വരിച്ചുപോരുന്നതു്; അങ്ങൊഴിഞ്ഞു മറ്റാരെയുമില്ല! 8
അഗ്നേ, ഭവൽഭക്തരായ കർമ്മികൾ ഇവിടെ യജ്ഞങ്ങളിൽ ഹോതാവായ ഭവാനെത്തന്നേ വരിച്ചുപോരുന്നു: ദേവകാമന്മാരായ മനുഷ്യർ ദർഭ മുറിച്ചു, ഹവിസ്സൊരുക്കി, അന്നങ്ങൾ അങ്ങയ്ക്കായി വെയ്ക്കുന്നു. 9
അഗ്നേ, ഹോത്രം അങ്ങയുടെയാണു്; ഋതുവിലെ പോത്രം അങ്ങയുടെയാണു്; നേഷ്ട്രം അങ്ങയുടെയാണു്. അങ്ങുതന്നെ, യജ്ഞകാംക്ഷിയ്ക്ക് അഗ്നിത്ത്; പ്രശാസ്ത്രം അങ്ങയുടെയാണു് അങ്ങ് യജ്ഞകാമനാകുന്നു; അങ്ങ് തന്നെ, ബ്രഹ്മൻ; ഞങ്ങളുടെ ഭവനത്തിൽ ഗൃഹപതിയും, അങ്ങ് തന്നെ! 10
അഗ്നേ, അമർത്ത്യനായ ഭവാന്നു യാതൊരു മർത്ത്യൻ ചമതയോ ഹവിസ്സോ അർപ്പിയ്ക്കുമോ, അവന്നു ഭവാൻ ഹോതാവാകും; ദൂതനായിച്ചെന്നു പറയും; യജിയ്ക്കും; അധ്വര്യുവാകും! 11
ഈ ധനകാമകളായ അർച്ചകോക്തികൾ – നല്ല സ്തുതികളായ ഋക്കുകൾ – നമ്മളിൽനിന്ന് ആ വസുവായ ജാതവേദസ്സിങ്കൽ ചെന്നെത്തട്ടെ: ഇവ പ്രവൃദ്ധകളാണെങ്കിലും, വീണ്ടും വർദ്ധിപ്പിയ്ക്കുമല്ലോ, ആ സ്തോതൃപരൻ! 12
ഇതാ, ഇച്ഛിയ്ക്കുന്ന ആ പുരാതനന്നു പുതുപുത്തനായ ഒരു നല്ല സ്തുതി ഞാൻ ചൊല്ലാം; നമ്മുടെ സ്തുതി കേട്ടരുളട്ടെ. നല്ല വസ്ത്രം ധരിച്ച കാമിനിയായ ഭാര്യ ഭർത്താവിന്റെ നെഞ്ചിലെന്നപോലെ, ഞാൻ തന്തിരുവടിയുടെ ഹൃദയത്തിൽ പതിയുമാറാകണം! 13
സേചനശക്തിയുള്ള അശ്വങ്ങളും കാളകളും മച്ചിപ്പൈക്കളും ആടുകളും ‘ഉഴിഞ്ഞിട’പ്പെട്ട് ആരിൽ ഹോമിയ്ക്കപ്പെടുന്നുവോ; ആ സുരാപായിയും സോമപൃഷ്ഠനും വിധാതാവുമായ അഗ്നിയ്ക്കു ഞാൻ ഒരഴകൊത്ത സ്തോത്രം ആലോചിച്ചുണ്ടാക്കാം. 14
അഗ്നേ, സ്രുക്കിങ്കൽ നെയ്യുപോലെയും, ചമസത്തിൽ സോമം പോലെയും, അങ്ങയുടെ വായിൽ ഹവിസ്സു പൊഴിയ്ക്കപ്പെടുന്നു. അങ്ങ് ഞങ്ങൾക്ക് അന്നദായകവും വിലയേറിയതും പുകൾപ്പെട്ടതും വലുതുമായ ധനത്തെയും നല്ല പുത്രന്മാരെയും തന്നരുളുക! 15
[1] സഖാവിനെ – അഗ്നിയെ. സഖാവിനുവേണ്ടി – യജമാനാർത്ഥം. ഉണർവുറ്റവർ – സ്തോതാക്കൾ.
[2] അതിഥി – അഗ്നി. ഗൃഹത്തിൽ ഗൃഹത്തിൽ – യജമാനഗൃഹങ്ങൾതോറും. ജനഹിതൻ – അഗ്നി. സഞ്ചാരി ഒരിടത്തിൽ സ്ഥിരമായി വസിയ്ക്കില്ലല്ലോ; അതുപോലെയല്ല അഗ്നി.
[3] കാവ്യം – മേധാവികർമ്മം. കവി – മേധാവി.
[4] കാലികം – യജ്ഞകാലത്തിലേതു്.
[5] ദാവാഗ്നിയെപ്പറ്റി:
[7] ചുട്ടെരിയ്ക്കുന്ന – മരംമുതലായവയെ.
[9] അന്നങ്ങൾ – പുരോഡാശാദികൾ.
[10] ബ്രഹ്മൻ – ബ്രഹ്മാവെന്ന ഋത്വിക്ക്.
[11] പറയും – ‘ദേവന്മാരേ, ഇതാ, നിങ്ങൾക്കു യഷ്ടാവയച്ച ഹവിസ്സ്” എന്നു്.
[12] അർച്ചകോക്തികൾ – പൂജിയ്ക്കുന്ന വാക്കുകൾ. ആ സ്തോതൃപരൻ – അഗ്നി.
[13] ഇച്ഛിയ്ക്കുന്ന – സ്തുതികാമനായ. പുതുപുത്തൻ = അതിനൂതനം.
[14] സേചനശക്തിയുള്ള – ചിനപിടിപ്പിയ്ക്കാൻ കെല്പുള്ള. സുരാപായി – സൌത്രാമണീയജ്ഞത്തിൽ മദ്യം കുടിയ്ക്കുന്നവൻ.