മനുപുത്രൻ ശാര്യാതൻ ഋഷി; ജഗതി ഛന്ദസ്സ്; പലർ ദേവതകൾ.
നിങ്ങളുടെ യജ്ഞത്തിന്റെ തേരാളിയും, മനുഷ്യരക്ഷകനും, ദേവഹോതാവും, രാത്രിയുടെ അതിഥിയുമാണല്ലോ, വിഭാവസു: ഉണങ്ങിയതിലും പച്ചയിലും കത്തിപ്പിടിച്ചു ഭക്ഷിയ്ക്കുന്ന ആ യജനീയനായ വൃഷാവ് ഒരു കൊടിമരമായി സ്വർഗ്ഗത്തിൽ പള്ളികൊള്ളുന്നു! 1
പൊടുന്നനെ രക്ഷിയ്ക്കുന്ന താങ്ങായ അഗ്നിയെ ഇരുകൂട്ടരും യജ്ഞനിർവാഹകനാക്കിവെച്ചിരിയ്ക്കുന്നു; ഈ പെരിയ വായുപുത്രനായ പുരോഹിതനെ ഉഷസ്സുകൾ, കതിരവനെയെന്നപോലെ ചുംബിയ്ക്കുന്നു! 2
ഈ വിവിധസ്തുത്യന്നു ഞങളുടെ ജ്ഞാനം യഥാർത്ഥമായിത്തോന്നുമെന്നും, ഹോമിച്ച അന്നം അവിടുന്നു ഭക്ഷിയ്ക്കുമെന്നും ഞങ്ങൾ ആശിയ്ക്കുന്നു: ഘോരങ്ങളായ (ജ്വാലകൾ) അക്ഷയങ്ങളായിത്തീരുന്നതോടേ, ദേവന്നു പൊഴിയ്ക്കപ്പെടുകയായി! 3
ഈ യജ്ഞബന്ധുവിനെ വിശാലമായ ആകാശവും, പരന്ന അന്തരിക്ഷവും, അറ്റമില്ലാത്ത അതിസ്തുത്യയായ പൃത്ഥിയും വണങ്ങിപ്പോരുന്നു; ഇന്ദ്രൻ, മിത്രൻ, വരുണൻ, ഭഗൻ, സവിതാവ് എന്നീ വിശുദ്ധബലന്മാരും വകവെച്ചിരിയ്ക്കുന്നു! 4
എവരോടുകൂടിയാണോ, പരിതോഗന്താവ് അതിവേഗേന ചുറ്റിനടക്കുന്നതും, അന്തരിക്ഷത്തിൽ ഇടിവെട്ടുന്നവൻ ഉലകത്തെ നനയ്ക്കുന്നതുംം ആ രുദ്രപുത്രന്മാരുടെ യാത്രയിൽ തണ്ണീരുകൾ തള്ളിയൊഴുകുന്നു; അറ്റമില്ലാത്ത ഭൂമിയെ മൂടുന്നു!5
കോടക്കാറിന്റെ കൂടുകളും, അന്തരിക്ഷത്തിന്റെ പരുന്തുകളും, മനുഷ്യവ്യാപികളും, രുദ്രപുത്രരുമായ മരുത്തുക്കൾ സ്വകർമ്മം നടത്തിപ്പോരുന്നു; ആ സോമവാന്മാരായ ദേവന്മാരോടുകൂടിയാണു്, അശ്വവാനായ ഇന്ദ്രനും അര്യമാവും മിത്രനും വരുണനും തൃക്കൺപാർക്കുന്നതു്! 6
സ്തുതിയ്ക്കുന്നവർക്കു വൃഷാവായ ഇന്ദ്രങ്കൽനിന്നു ബലവും, രക്ഷയും, സൂര്യങ്കൽനിന്നു കാഴചയും കിട്ടും; അദ്ദേഹത്തെ ക്ഷിപ്രം പൂജിയ്ക്കുന്ന സ്തോതാക്കളെ യജ്ഞങ്ങളിൽ വജ്രം സഹായിയ്ക്കും! 7
സൂര്യനും കുതിരകളെ ഇമ്പപ്പെടുത്തുന്നു: ഈ പ്രവൃദ്ധനായ ഇന്ദ്രനെ ആരും പേടിയ്ക്കും; നാളിൽ നാളിൽ ചീറ്റുന്ന ഭയംകരനായ വൃഷാവിന്റെ തിരുവയറ്റിൽനിന്നത്രേ, സഹനശീലൻ നിർബാധം ഇടിവെട്ടുന്നതു്! 8
കുതിരകളിലൂടേ വന്നുചേരുന്ന ഏവരൊന്നിച്ചാണോ, സ്വയം പുകഴ്‌ന്ന സ്വജനോപേതനായ ശിവൻ സ്വർഗ്ഗത്തിൽനിന്നെഴുന്നള്ളുന്നതു്; ആ നിയതാഭിലാഷരോടുകൂടിയ, ശത്രുക്കളെ നശിപ്പിയ്ക്കുന്ന, ശക്തനായ രുദ്രന്ന് ഇവിടെ നിങ്ങൾ നമസ്കരിച്ചു സ്തോത്രം ചൊല്ലുവിൻ! 9
വൃഷാവായ ബൃഹസ്പതിയും ആ സോമബന്ധുക്കളും പ്രജകൾക്കായി അന്നം തഴപ്പിച്ചുപോരുന്നുണ്ടല്ലോ. അതിനാൽ അഥർവാവ് ഒന്നാമതായി യജ്ഞമാർഗ്ഗം പരത്തി: ബലവാന്മാരായ ദേവന്മാരും ഭൃഗുക്കളും വിശസനം നടത്തി. 10
വളരെ വെള്ളമുള്ള വാനൂഴികളും, യമനും, അദിതിയും, ത്വഷ്ടാവെന്ന ദേവനും, ദ്രവിണോദസ്സും, ഋഭുക്കളും, രോദസിയും, മരുത്തുക്കളും, വിഷ്ണുവും നാലംഗങ്ങളുള്ള നരാശംസത്തിൽ പ്രകർഷേണ പൂജിയ്ക്കപ്പെടുന്നു. 11
ആ കവിയായ അഹിർബുധ്ന്യൻ യജ്ഞത്തിൽ, കാമയമാനന്മാരായ നമ്മുടെ വിശാലസ്തുതി ചെവിക്കൊള്ളട്ടെ; വാനത്തു വാഴുന്ന സഞ്ചരിഷ്ണുക്കളായ സൂര്യചന്ദ്രന്മാരും, കർമ്മവതിയും ദ്യോവും ബുദ്ധിയാൽ ഇതറിയട്ടെ! 12
പൂഷാവും, വിശ്വദെവഹിതനായ ഉദകപുത്രൻ വായുവും നമ്മുടെ ജംഗമത്തെ യജ്ഞകർമ്മത്തിന്നായി പ്രകർഷേണ രക്ഷിയ്ക്കട്ടെ. നിങ്ങൾ ജീവനായ വായുവിനെ പ്രശസ്താന്നലബ്ധിയ്ക്കായി സ്തുതിയ്ക്കുവിൻ: ശോഭനാഹ്വാനരായ അശ്വികളേ, എഴുന്നള്ളുന്ന നിങ്ങൾ ഇതു കേട്ടരുളുവിൻ! 13
ഈ നിർഭയരായ മനുഷ്യരുടെ ഉള്ളിലിരിയ്ക്കുന്ന സ്വയംപ്രഖ്യാതനെയും, എല്ലാദ്ദേവപത്നിമാരോടുംകൂടിയ ഇടിവില്ലാത്ത അദിതിയെയും, രാത്രിയുടെ യുവാവിനെയും, നരസ്നേഹിയെയും, തമ്പുരാനെയും നാം സ്തുതിച്ചുപാടുക! 14
ഇവിടെ, ജനനത്താൽ കാരണവനായ അംഗിരസ്സു സ്തുതിയ്ക്കുന്നു: ഉയർത്തപ്പെട്ട അമ്മിക്കുഴകൾ യജ്ഞത്തെ നോക്കിക്കാണുന്നു. ഇവയാലാണല്ലോ, വിചക്ഷണൻ വിപുലനായിച്ചമഞ്ഞതു്; തന്റെ വജ്രമത്രേ, തണ്ണീർവഴിയിൽ അഴകൊത്ത അന്നസാധനം പുറപ്പെടുവിച്ചതു്! 15
[1] ദേവന്മാരോട്: തേരാളി – നേതാവു്. വിഭാവസു – അഗ്നി. പച്ചയിലും – പച്ചനിറമാർന്ന (ഉണങ്ങാത്ത) സസ്യത്തിലും.
[2] ഇരുകൂട്ടരും – ദേവകളും മനുഷ്യരും. വായുപുത്രൻ – കാറ്റിനാൽ വളർത്തപ്പെടുന്നവൻ. പുരോഹിതനെ – അഗ്നിയെ. ചുംബിയ്ക്കുന്നു – പ്രാപിയ്ക്കുന്നു എന്നു സാരം. പുലർകാലത്താണല്ലോ, അഗ്നിയെ ജ്വലിപ്പിയ്ക്കൽ.
[3] ദേവന്നു പൊഴിയ്ക്കപ്പെടുകയായി – അഗ്നിയ്ക്കു ഹവിസ്സു ഹോമിച്ചു തുടങ്ങും.
[4] വകവെച്ചിരിയ്ക്കുന്നു – മാനിച്ചിരിയ്ക്കുന്നു.
[5] പരിതോഗന്താവ് – എങ്ങും ഗമിയ്ക്കുന്ന ഇന്ദ്രൻ. ഇടിവെട്ടുന്നവൻ – പർജ്ജന്യൻ.
[6] കൂടുകൾ – പാർപ്പിടങ്ങൾ. ആ ദേവന്മാർ – മരുത്തുക്കൾ. തൃക്കൺപാർക്കുന്നതു് – ലോകത്തെ വീക്ഷിയ്ക്കുന്നതു്.
[7] അദ്ദേഹത്തെ – ഇന്ദ്രനെ.
[8] ഇന്ദ്രന്റെ ആജ്ഞയാലാണു്, സൂര്യൻതന്നെയും കുതിരകളെ ഇമ്പപ്പെടുത്തുന്നത് – കുതിരകളെ തെളിച്ചു സഞ്ചരിയ്ക്കുന്നത്. സഹനശീലൻ – പർജ്ജന്യൻ.
[9] സ്തോതാക്കളോട്: എഴുന്നള്ളുന്നതു് – യജ്ഞങ്ങളിലെയ്ക്കു വരുന്നതു്. നിയതാഭിലാഷർ – നിയമേന യജ്ഞത്തെ ഇച്ഛിയ്ക്കുന്ന മരുത്തുക്കൾ.
[10] സോമബന്ധുക്കൾ – ദേവന്മാർ. വിശസനം = പശുവധം.
[11] രോദസി – രുദ്രപത്നി. നാലാംഗങ്ങൾ – നാലഗ്നികൾ. നരാശംസം – ഒരു യജ്ഞത്തിന്റെ പേര്.
[12] കർമ്മവതി – ഭൂമി. ഇതു് – സ്തുതി.
[13] സ്തോതാക്കളോട്: ജംഗമത്തെ – ഗവാശ്വദികളെ. എഴുന്നള്ളുന്ന – യജ്ഞത്തിലെയ്ക്കു വരുന്ന. ഇതു – സ്തുതി.
[14] നിർഭയൻ – സംസാരഭയം വിട്ടവർ. സ്വയംപ്രഖ്യാതൻ – അഗ്നി. രാത്രിയുടെ യുവാവു് – ചന്ദ്രൻ. നരസ്നേഹി – സൂര്യൻ. തമ്പുരാൻ – ഇന്ദ്രൻ.
[15] സ്തുതിയ്ക്കുന്നു – ദേവന്മാരെ. യജ്ഞത്തെ – യജ്ഞസാധനമായ സോമത്തെ. വിചക്ഷണൻ – ഇന്ദ്രൻ. വിപുലൻ – ഹർഷത്താൽ തടിച്ചവൻ. തന്റെ – ഇന്ദ്രന്റെ. തണ്ണീർവഴിയിൽ – അന്തരിക്ഷത്തിൽ. അന്നസാധനം – വെള്ളം.