പൃഥുപുത്രൻ താന്വൻ ഋഷി; പ്രസ്താരപംക്തിയും അനുഷ്ടുപ്പും പംക്തിയും ന്യങ്കസാരിണിയും പുരസ്താൽബൃഹതിയും ഛന്ദസ്സുകൾ;വിശ്വേദേവകൾ ദേവത.
വാനൂഴികളേ, നിങ്ങൾ തുലോം വിസ്താരപ്പെടുവിൻ. വലിയ ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങൾക്കു സദാ രണ്ടു വനിതമാരാകുവിൻ. എതിർപ്പിൽ ഞങ്ങളെ നിങ്ങൾ ഇവകൊണ്ടു രക്ഷിയ്ക്കുവിൻ – വല്ലാതെ കീഴമർത്തുന്നവങ്കൽനിന്നുപോലും ഞങ്ങളെ നിങ്ങൾ ഇവകൊണ്ടു രക്ഷിയ്ക്കുവിൻ! 1
നീണ്ട പഠിപ്പുള്ള യാതൊരുവൻ സുഖകരങ്ങൾകൊണ്ടു ദേവന്മാരെ പരിചരിയ്ക്കുമോ, ആ മനുഷ്യൻ യജ്ഞത്തിൽ യജ്ഞത്തിൽ അവരെ പൂജിയ്ക്കും! 2
ദേവന്മാരേ, എവർക്കും ഉടയവരായ നിങ്ങളുടെ പക്കൽ വളരെയുണ്ടു്, വരണീയം! നിങ്ങളെല്ലാവരും വിശാലതേജസ്കരാണു്; നിങ്ങളെല്ലാവരും യജ്ഞങ്ങളിൽ യജനീയരാണു്. 3
അര്യമാവ്, മിത്രൻ, നീളെ നടക്കുന്ന വരുണൻ, പുകഴത്തപ്പെട്ട രുദ്രൻ, പോഷകരായ മരുത്തുക്കൾ, ഭഗൻ, എന്നീ സ്തുത്യന്മാർ മനുഷ്യർക്കു സുഖമരുളട്ടെ: അമൃതിന്റെ അരചന്മാരാണല്ലോ, അവർ! 4
വർഷണധനന്മാരേ, ജലപതികളായ നിങ്ങളിരുവരും, ഒരേമട്ടിൽ പൊറുപ്പുമുതലുള്ളവരായ സൂര്യാചന്ദ്രമനസ്സുകളോടും, അന്തരിക്ഷസ്ഥനായ അഹിർബുധ്ന്യനോടുംകൂടി, ഞങ്ങളെ രക്ഷിച്ചാലും! 5
അംഭഃപതികളായ അശ്വിദേവന്മാരും മിത്രാവരുണന്മാരും ഞങ്ങളെ തിരുവുടൽകൊണ്ടു രക്ഷിയ്ക്കുമാറാകണം: (ഇവരാൽ രക്ഷിയ്ക്കപ്പെട്ടവൻ)വമ്പിച്ച സമ്പത്തു നേടും; ദുരിതങ്ങൾ, മരുഭൂമികൾപോലെ കടക്കും! 6
രുദ്രപുത്രരായ അശ്വികൾ, രഥപതി, ഭഗൻ, ഋജു, വാജൻ, സദാഗതി എന്നീ വിശ്വവേദസ്സുകളായ വലിയ ദേവന്മാരെല്ലാം നമ്മെ സുഖിപ്പിയ്ക്കട്ടെ! 7
ഋഭുക്ഷാവു ശോഭിയ്ക്കുന്നു; പരിചരിയ്ക്കുന്നവന്റെ ഇമ്പവും ശോഭിയ്ക്കുന്നു. ഇങ്ങോട്ടു വെക്കമെഴുന്നള്ളുന്ന നിന്തിരുവടിയുടെ ഇരുഹരികൾ ബലിഷ്ഠങ്ങളാണല്ലോ. തനിയ്ക്കുള്ള സാമവും ദുഷ്പ്രാപമാകുന്നു. വേറെയൊന്നാണു്, മനുഷ്യസാധാരണമല്ല, ഈ യജ്ഞം! 8
ദേവ, സവിതാവേ, ഹവിർദ്ധന്മാരാൽ സ്തുതിയ്ക്കപ്പെടുന്ന നിന്തിരുവടി ഞങ്ങളെ മുഖം കുനിയ്ക്കേണ്ടാത്തവരാക്കിയാലും. മരുത്സമേതനായ ഇന്ദ്രൻ ഈ മനുഷ്യരായ ഞങ്ങളിൽ, ചക്രം കടിഞ്ഞാണെന്നപോലെ ബലം തുലോം ചേർക്കട്ടെ! 9
ദ്യാവാപൃഥിവികളേ, നിങ്ങൾ ഞങ്ങളുടെ ഈ മക്കൾക്ക് എല്ലാ ആൾക്കാരെയും, വലിയ യശസ്സും കൊടുക്കുവിൻ; ബലമുണ്ടാകാൻ അന്നവും – ശത്രുക്കളെ പിന്നിടാൻ ധനസമേതമായ അന്നവും – കൊടുക്കുവിൻ! 10
വസോ, ബലവാനേ, ഇന്ദ്ര, ഞങ്ങളിൽ താൽപര്യമുള്ള ഭവാൻ എങ്ങാനുമിരിയ്ക്കുന്ന ഈ സ്തോതാവിനെ ഇഷ്ടസിദ്ധിയ്ക്കു – യാഗത്തിന്നു – സദാ രക്ഷിച്ചാലും; ജ്ഞാനംകൊണ്ടു് അറിയുകയും ചെയ്താലും! 11
തലവന്മാർക്കു കൊലപോലെയുള്ളതായ എന്റെ ഈ സ്തോത്രത്തെ (ഋത്വിക്കുകൾ), ദീപ്തഗമനം സൂര്യങ്കൽ രശ്മിയെയെന്നപോലെ വളർത്തട്ടെ; ഉറപ്പു വരുത്തിയ രഥത്തെ തച്ചൻപോലെ പുറത്തിറക്കട്ടെ! 12
ധനം കിട്ടിയ്ക്കുന്ന ഈ സ്തുതി ദേവന്മാർക്ക് ഒരു പൊൻപണ്ടമായി, യുദ്ധത്തിൽ ബലംപോലെയും മുഴുമിച്ച തേകൽപോലെയും ആവർത്തിയ്ക്കുന്നു! 13
യാവചിലർ അഞ്ഞുറുതേരുകൾ പൂട്ടി ഞങ്ങളുടെ അടുക്കലെയ്ക്കു വരുമോ, ആ ദേവന്മാരെ കേൾപ്പിയ്ക്കുന്ന ഈ സ്തോത്രം ഞാൻ ദുശ്ശീമങ്കലും പൃഥിയിങ്കലും വേനങ്കലും ബലവാനായ രാമങ്കലും, മറ്റു ധനികന്മാരിലും ചൊല്ലും. 14
ഇവരുടെ അടുക്കൽ താന്വൻ എഴുപത്തേഴു (ഗോക്കളെ)അപ്പോൾത്തന്നേ യാചിച്ചു: അപ്പോൾത്തന്നേ പൃഥുപുത്രൻ തന്നു; അപ്പോൾത്തന്നേ മായുക്കളും തന്നു! 15
[1] വനിതമാർ – പ്രിയമാരെന്നർത്ഥം. ഇവ – ഈ രക്ഷകൾ.
[2] പഠിപ്പ് – ശാസ്ത്രാധ്യയനം. സുഖകരങ്ങൾ – സുഖമുളവാക്കുന്ന ഹവിസ്സുകൾ. യജ്ഞത്തിൽ യജ്ഞത്തിൽ പൂജിയ്ക്കും – സുഖകരങ്ങളായ ഹവിസ്സുകൾ കൊണ്ടേ ഓരോ യജ്ഞവും സഫലമാകൂ എന്നു സാരം.
[3] വരണീയം – ധനം.
[4] നീളെ നടക്കുന്ന – ഗതിയ്ക്ക് ഒരേടത്തും തടവില്ലാത്ത. അമൃതിന്റെ – സുധാസദൃശമായ ഹവിസ്സിന്റെ.
[5] അശ്വികളോട്:
[7] രഥപതി – പൂഷാവു്. സദാഗതി = വായു.
[8] ഋഭുക്ഷാവ് = ഇന്ദ്രൻ. പരിചരിയ്ക്കുന്നവൻ – യ്ഷ്ടാവ്. തനിയ്ക്ക് – ഇന്ദ്രന്ന്. ദുഷ്പ്രാപമാകുന്നു – രക്ഷസ്സുകൾക്കടുക്കാവുന്നതല്ല. മനുഷ്യസാധാരണമല്ല – ദിവ്യമാണു്.
[9] ഹവിർദ്ധനന്മാർ – ഋത്വിക്കുകൾ. മുഖം കുനിയ്ക്കേണ്ടാത്തവർ – ലജ്ജാകരമായ കർമ്മംചെയ്യാത്തവർ.
[12] തലവന്മാർ – ദേവശത്രുക്കൾ. ഉറപ്പു വരുത്തിയ (കേടു തീർത്ത) രഥത്തെ, ഉടമസ്ഥന്മാർ വന്നാൽ, ആശാരി പുറത്തിറക്കുമല്ലോ; അതുപോലെ ഈ സ്തോത്രത്തെ ഋത്വിക്കുകൾ വെളിപ്പെടുത്തട്ടെ.
[13] മുഴുമിച്ച – കോരിയെടുത്ത വെള്ളം ഒഴിച്ചുകഴിഞ്ഞാൽ, തേകൽ വീണ്ടും ആവർത്തിയ്ക്കുമല്ലോ.
[14] ദുശ്ശിമൻ, പൃഥി, വേനൻ, രാമൻ എന്നിവർ രാജാക്കന്മാരത്രേ.
[15] ഇവർ – രാജാക്കന്മാർ. പൃഥുപുത്രൻ – പൃഥുവിന്റെ മകനായ ഒരു രാജാവു്. മായുക്കൾ – (?)