കദ്രുവിന്റെ പുത്രൻ അർബുദൻ എന്ന സർപ്പം ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ: അമ്മിക്കുഴകൾ ദേവത.
ഇവ ശബ്ദിയ്ക്കട്ടെ; നാം സ്തുതി ചൊല്ലുക. നിങ്ങൾ ശബ്ദിയ്ക്കുന്ന അമ്മിക്കുഴകളെ സ്തുതിയ്ക്കുവിൻ. ആദരണീയങ്ങളും ആശുകാരികളുമായ കല്ലുകളേ, നിങ്ങൾ ഇന്ദ്രനെപ്പറ്റി ശ്രോതവ്യമായ ഘോഷം മുഴക്കി, സോമലിപ്തങ്ങളാകുവിൻ! 1
ഈ അമ്മിക്കുഴകൾ, നൂറുമായിരം ആളുകൾപോലെ ശബ്ദിയ്ക്കുന്നു; പച്ചനിറം പൂണ്ട വായകൾകൊണ്ടു വിളിയ്ക്കുന്നു. ഈ സുകർമ്മാക്കൾ (യാഗത്തിൽ) വന്നു, സൽക്കർമ്മംമൂലം, ഹോതാവിനെക്കാൾ മുമ്പേതന്നേ ഹവിസ്സുണ്ണുന്നു! 2
ഇതാ, തുടുത്ത മരക്കൊമ്പു തിന്ന, നല്ല തീറ്റ കിട്ടിയ, കാളകൾ ഉറക്കെ മുക്രയിടുന്നു: പച്ചിച്ച മാംസത്തിന്നായി (മാംസാശികൾ) മുരളുന്നതുപോലെ, ഇവ ശബ്ദിയ്ക്കുന്നു; മധു വായിലക്കുകയും ചെയ്യുന്നു! 3
ഇവ മത്തുണ്ടാക്കുന്ന സോമംകൊണ്ട് ഇന്ദ്രനെ വിളിച്ചു, പെരികെശ്ശബ്ദിയ്ക്കുന്നു; മധു വായിലാക്കുന്നു; ചുണപൂണ്ടു, കൂസലില്ലാതെ, ഒച്ചകളാൽ ഭൂമിയെ മാറ്റൊലിക്കൊള്ളിച്ചു, കൈവിരലുകളോടുകൂടി നൃത്തംചവുട്ടുന്നു! 4
ഇവ അഴകിൽ നിപതിച്ച്, അരികെ അന്തരിക്ഷത്തിൽ ശബ്ദമുണ്ടാക്കുന്നു. സൂര്യന്നൊപ്പം വെളുത്ത (നീർത്തുള്ളികൾ), മാൻകൂട്ടത്തിൽ നടക്കുന്ന കൃഷ്ണമൃഗങ്ങൾപോലെ തുള്ളിക്കളിയ്ക്കുന്നു; ചതയ്ക്കുമ്പോൾ അമ്മിയുടെ ചുവട്ടിലെയ്ക്കു പോകുന്ന നീരിനെ ഒതുക്കുന്നു; വളരെ നീരിനെ വഹിയ്ക്കുന്നു! 5
ഈ യജ്ഞഭാരവാഹികൾ (സോമത്തോടു)കൂടി, പൂട്ടപ്പെട്ടു വലിയ്ക്കുന്ന ബലിഷ്ഠങ്ങൾപോലെ നീളുന്നു. ഇവ കിതച്ചുംകൊണ്ടു കുടിച്ചൊലികൂട്ടുന്നതു, കുതിരകളുടെ ചിനപോലെ കേൾക്കുന്നു! 6
പത്തുജോലിക്കാർ, പത്തുപ്രകാശകർ, പത്തുകയറുകൾ, പത്തുയോജകർ, പത്തു ചൂഴെപ്പണിക്കാർ, പത്തുചതക്കാർ എന്നിവരോടുകൂടി തളർച്ചയെന്നിയേ പെരുമാറുന്നവയെ നിങ്ങൾ സ്തുതിയ്ക്കുവിൻ! 7
പത്തുപിടുത്തങ്ങൾ ചേർന്ന ഈ ആദരണീയങ്ങളായ ആശുകാരികളുടെ സ്പൃഹണീയമായ പ്രവർത്തനം ചൂഴെ നടക്കുന്നു: അവർക്കുതന്നെയാണു്, പിഴിഞ്ഞ സോമലതയാകുന്ന അന്നത്തിന്റെ അമൃത് ആദ്യം കിട്ടിയതു്! 8
ആ സോമഭോജികൾ ഇന്ദ്രന്റെ ഹരികളെ ചുംബിയ്ക്കുന്നു; മൂരിത്തോലിലെയ്ക്കു സോമം കറക്കുന്നു. അവ കറന്ന സോമമധു കുടിച്ചിട്ട് ഇന്ദ്രൻ തഴയ്ക്കുന്നു, തടിയ്ക്കുന്നു,‘കൂറ്റൻകുത്തു’ന്നു! 9
അമ്മിക്കുഴകളേ, നിങ്ങൾ ചെന്നുചേർന്ന യാഗത്തിൽ സോമം നിങ്ങൾക്കു് അഭീഷ്ടം വർഷിയ്ക്കുന്നു. നിങ്ങൾക്കു് ഉടവു വരില്ല. നിങ്ങൾ, അന്നവാന്മാർപോലെ നിത്യം ഊൺ കഴിയ്ക്കുന്നു; ധനവാന്മാർപോലെ തേജസ്സും ശ്രേയസ്സും നേടുന്നു. 10
പൊങ്ങുകയും താഴുകയും ചെയ്യുന്ന അമ്മിക്കുഴകളേ, ബലിഷ്ഠരേ, നിങ്ങൾ പിളർത്തും, പിളർത്തപ്പെടില്ല. നിങ്ങൾക്കു തളർച്ചയില്ല, തളർത്തപ്പെടലില്ല; രോഗമില്ല, വാർദ്ധക്യമില്ല, മരണമില്ല; തൃഷ്ണയില്ല, കൊതിയില്ല! 11
നിങ്ങളുടെ അച്ഛന്മാർക്ക് ഒരു യുഗത്തിലുമില്ല, ഇളക്കം: ക്ഷേമകാംക്ഷികളായ അവർ സദസ്സുകളിൽ ചേരാറില്ല. നിർജ്ജരരായ നിങ്ങളോ, സോമസമ്പർക്കത്താൽ പച്ചനിറം പൂണ്ടു ദ്യോവിലും ഭൂവിലും ഒച്ച കേൾപ്പിയ്ക്കുന്നു. 12
നീർ നിർഗ്ഗളിയ്ക്കുമ്പോൾ അമ്മിക്കുഴകൾ, വഴിയിൽ പായുന്ന രഥങ്ങൾക്കൊത്ത ശബ്ദങ്ങൾകൊണ്ടു് അതുതന്നെ വിളിച്ചുപറയുന്നു; ഭക്ഷിയ്ക്കുന്ന അവ, വിതയ്ക്കുന്ന കൃഷിക്കാർ വിത്തിനെയെന്നപോലെ, സോമത്തെ ഒന്നിച്ചുകൂട്ടുന്നു; ക്ഷയിപ്പിയ്ക്കുന്നില്ല. 13
പൂജിയ്ക്കപ്പെടുന്ന അമ്മിക്കുഴകൾ യാഗത്തിൽ പിഴിഞ്ഞിട്ട്, അമ്മയെ പിച്ചുന്ന കളിക്കിടാങ്ങൾപോലെ ഒച്ചകൂട്ടുന്നു. വഴിപോലെ പിഴിഞ്ഞ അവയെക്കുറിച്ചു ഭവാൻ സ്തോത്രം ചൊല്ലുക; അവ ഒലി മുഴക്കട്ടെ! 14
[1] ഇവ – അമ്മിക്കുഴകൾ. നിങ്ങൾ – സ്തോതാക്കൾ. സോമലിപ്തങ്ങൾ = സോമം പുരണ്ടവ.
[2] പച്ചനിറം – സോമത്തിന്റെ. വിളിയ്ക്കുന്നു – ദേവന്മാരെ. ഈ സുകർമ്മാക്കൾ – അമ്മിക്കുഴകൾ. ഹോതാവ് – അഗ്നി. ഹവിസ്സ് – സോമം.
[3] മരക്കൊമ്പ് – സോമശാഖ. കാളകൾ – അമ്മിക്കുഴകൾ. മധു – മത്തുണ്ടാക്കുന്ന സോമം.
[4] കൈവിരലുകൾ – പിഴിയുന്നവന്റെ.
[5] നിപതിച്ച് – അമ്മിമേൽ. നീരിനെ – സോമരസത്തെ.
[6] യജ്ഞഭാരവാഹികൾ – അമ്മിക്കുഴകൾ. ബലിഷ്ഠങ്ങൾ – കരുത്തുറ്റ കുതിരകൾ. കിതച്ചുകൊണ്ടു – പതനോൽപതനങ്ങളിലെ കാറ്റിനെ കിതപ്പാക്കിയിരിയ്ക്കുന്നു. കുടിച്ച് – സോമനീര്.
[7] ഋത്വിക്കുകളോടു്: പത്തുജോലിക്കാരും മറ്റും, സോമം പിഴിയുന്നവരുടെ പത്തുകൈവിരലുകൾതന്നെ. പ്രകാശകർ = വെളിപ്പെടുത്തുന്നവർ. യോജകർ – ചേർക്കുന്നവർ. ചതക്കാർ – ചതയ്ക്കുന്നവർ. പെരുമാറുന്നവയെ – അമ്മിക്കുഴകളെ.
[8] പത്തുപിടുത്തങ്ങൾ – വിരലുകളുടെ, ആശുകാരികൾ – അമ്മിക്കുഴകൾ. പ്രവർത്തനം – സോമലത ചതയ്ക്കൽ. അമൃത് – മാധുര്യാനുഭൂതി.
[9] ആ സോമഭോജികൾ – അമ്മിക്കല്ലുകൾ. തഴയ്ക്കുന്നു – നീണ്ടുയരുന്നു.
[10] ഊൺകഴിയ്ക്കുന്നു – സോമമാകുന്ന അന്നം ഭക്ഷിയ്ക്കുന്നു.
[12] അമ്മിക്കുഴകളുടേ അച്ഛന്മാർ (മലകൾ) എന്നെന്നും അനങ്ങാറില്ല: അവർ സദസ്സുകളിൽ (യാഗശാലകളിൽ)പോകാതെ ക്ഷേമം (വിശ്രമം) കൊള്ളുന്നു. നിർജ്ജരരായ (തളർച്ചയില്ലാത്ത)അമ്മിക്കുഴകളുടെ മട്ടു നേരേ മറിച്ചാണു്.
[13] അതുതന്നേ – നീർ നിർഗ്ഗളിച്ചു എന്നതുതന്നെ. ഭക്ഷിയ്ക്കുന്ന – സോമഭോജികളായ.
[14] സ്തോതാവിനോടു്: