പുരൂരവസ്സും ഉർവശിയും ഋഷികൾ; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അപേക്ഷയും നിഷേധവും ദേവതകൾ.
‘ഹേ കടുംകൈ ചെയത ഭാര്യേ, ഭവതി കനിഞ്ഞു നിന്നാലും: ഇപ്പോൾ നമുക്കു തമ്മിൽ കുറേ സംസാരിയ്ക്കാം; നമ്മുടെ ഈ ഗൂഢകാര്യങ്ങൾ പറയാതിരുന്നാൽ, ചരമദിവസത്തിൽപ്പോലും സുഖമുണ്ടാകില്ല!’1
‘ഈ സംഭാഷണംകൊണ്ടു നാം എന്തു ചെയ്യും? ഞാൻ ഭവാങ്കൽനിന്ന്, ഉഷസ്സുകളിൽവെച്ചു മുമ്പേത്തതെന്നപോലെ പോന്നുകഴിഞ്ഞു. പുരൂരവസ്സേ, അങ്ങ് ഗൃഹത്തിലെയ്ക്കു മടങ്ങിപ്പോയ്ക്കൊൾക: കാറ്റുപോലെ പിടിയിൽപ്പെടാത്തവളാണു്, ഞാൻ!’ 2
‘ഞാൻ വിജയത്തിന്ന് ആവനാഴിയിൽനിന്ന് അമ്പെടുത്ത് എയ്യാറില്ല; പാഞ്ഞണഞ്ഞു ഗോക്കളെയും നൂറുകണക്കിൽ ധനവും നേടാറില്ല. വീരരില്ലാത്ത ജോലിയിൽ ശോഭിയ്ക്കാറില്ല. ഭടന്മാർ പെരുംപടയിൽ അലറാറില്ല!’ 3
‘ഉഷസ്സേ, ഈ ഉർവശി ശ്വാശുരന്നുണ്ണാൻ ചോറു കൊണ്ടുകൊടുക്കും; വേണമെന്നു തോന്നിയാലപ്പോൾ, ഊൺമുറിയിൽനിന്നു കിടപ്പറയിലെയ്ക്കു പോരും. അവിടെ ആ കാമിനി ഇരവുപകൽ മേഢ്റത്തിന്റെ മേട്ടമേറ്റിരുന്നു! 4
പുരൂരവസ്സേ, അങ്ങ് എന്നെ നാളൊന്നിൽ മൂന്നുപ്രാവശ്യം മേഢ്റംകൊണ്ടു മേടിയിരുന്നുവല്ലോ: എന്നെ ഒരൂഴക്കായാക്കാതെ പൂർണ്ണയാക്കുമെന്നു കരുതിയാണ്, ഞാൻ അങ്ങയുടെ അരമനയിലെയ്ക്കു പോന്നതു്; വീര, രാജാവായ ഭവാൻ അന്നെനിയ്ക്കു ദേഹസുഖം വരുത്തുകയും ചെയ്തിരുന്നു.’ 5
‘സുജ്ജുർണി, ശ്രേണി, സുമ്നആപി, പ്രദേചക്ഷുസ്സ്, ഗ്രന്ഥിനി എന്നിവരോടൊത്തു ലാത്തുകയായിരുന്നു, തത്രഭവതി: ആ പണ്ടമണിഞ്ഞ പാടലാംഗികൾ വിട്ടുപോയില്ല; തൊഴുത്തിൽക്കേറാൻ, പുതുതായിപ്പെറ്റ പൈക്കളെന്നപോലെ നിലവിളിച്ചിരുന്നില്ല!’ 6
‘ഇദ്ദേഹം പിറക്കുമ്പോൾ ദേവവേശ്യമാർ ഒത്തുകൂടിയിരുന്നു: സ്വയമൊഴുകുന്ന നദികൾ ഇദ്ദേഹത്തെ വളർത്തി. പുരൂരവസ്സേ, വലിയ യുദ്ധത്തിന്നും ദസ്യുക്കളെ കൊല്ലാനുമാണല്ലോ, അങ്ങയെ ദേവന്മാർ വളർത്തിയത്.’ 7
‘സ്വന്തം രൂപമുപേക്ഷിച്ച അമാനുഷികളെ സഹായിപ്പാൻ ഒരു മനുഷ്യൻ ചെന്നപ്പോൾ, അവർ എങ്കൽനിന്നു തരസൽപ്പേടകൾ പോലെയും തേരിന്നു പൂട്ടിയ കുതിരകൾപോലെയും ഓടിപ്പോവുകയാണുണ്ടായതു്. 8
ഒരു മർത്ത്യൻ ഈ അമർത്ത്യസ്ത്രീകളിൽ തൊട്ടും പിടിച്ചും സംസാരിച്ചും പെരുമാറാൻ തുടങ്ങി. അപ്പോൾ അവർ പൊന്മകളായിത്തീർന്നു, നാക്കാൽ കീറി നക്കിക്കളിയാടുന്ന കുതിരകൾപോലെ, ദേഹം വെളിപ്പെടുത്താതായി! 9
ഉർവശി, ഒരു മിന്നൽക്കൊടി വീഴുന്നതുപോലെ വിളങ്ങി; എനിയ്ക്ക് അന്തരിക്ഷത്തിലെ കാമ്യവസ്തുക്കളും ഒരുക്കിത്തന്നു. എന്നാൽ, കർമ്മവാനും മനുഷ്യഹിതനുമായ ഒരു സുജാതൻ പിറന്നാലേ, അവൾ (എനിയ്ക്കു)ദീർഗ്ഘായുസ്സു വളർത്തൂ!’ 10
‘ഇങ്ങനെ ഭൂപാലനത്തിന്നു ഭവാൻ ജനിച്ചിരിയ്ക്കുന്നുവല്ലോ – പുരൂരവസ്സേ, അങ്ങ് എന്നിൽ വീര്യാധാനം ചെയ്തിരിയ്ക്കുന്നു; അതങ്ങനെയാകട്ടെ. വിദുഷിയായ ഞാൻ നിത്യം ഉപദേശിച്ചിരുന്നു; അതു ഭവാൻ കേട്ടില്ല. എന്തിനാണു്, ചെയ്യാത്ത ഭവാൻ പുലമ്പുന്നതു്?’ 11
‘പിറന്ന മകൻ എപ്പോൾ അച്ഛനെ തേടും? എപ്പോൾ കണ്ടെത്തി, കരഞ്ഞു കണ്ണീരുവാർക്കുകയും ചെയ്യും? ആർ മനസ്സിണങ്ങിയ ദമ്പതിമാരെ വേർപെടുത്തും? എന്നായിരിയ്ക്കും, അഗ്നി ശ്വശുന്മാരുടെ അടുക്കൽ വിളങ്ങുക?’ 12
‘ഞാൻ മറുപടി പറയാം: ഉദ്ദേശിച്ച നന്മ വരുമ്പോൾ കരയും, കണ്ണീരും വാർക്കും; ഭവാൻ എന്നിൽ വെച്ചിട്ടുള്ളതിനെ ഞാൻ ഭവാന്നയച്ചുതരാം. തിരിയേ പോയ്ക്കോൾക: വിഡ്ഢി, ഭവാന്ന് എന്നെ കിട്ടില്ല!’ 13
‘നന്നായി കളിയാടിയവൻ ഇവിടെത്തന്നെ വീഴട്ടെ; അല്ലെങ്കിൽ, മടങ്ങാതേ അതിദൂരത്തെയ്ക്കു നടകൊള്ളട്ടെ; അല്ലെങ്കിൽ മണ്ണിൽ കിടക്കട്ടെ; അതുമല്ലെങ്കിൽ, ഇവനെ ചെന്നായ്ക്കൾ പാഞ്ഞെത്തി തിന്നുകൊള്ളട്ടെ!’ 14
‘പുരൂരവസ്സേ, അങ്ങ് മരിയ്ക്കേണ്ടാ, വീഴേണ്ടാ, അങ്ങയെ കെടുചെന്നായ്ക്കൾ തിന്നേണ്ടാ. പെണ്ണുങ്ങൾക്കു സ്നേഹിയ്ക്കലില്ല: ചെന്നായ്ക്കളുടേതാണു്, അവരുടെ ഹൃദയം! 15
ഞാൻ പലവടിവോടേ മനുഷ്യരിൽ പെരുമാറി: നാലുവർഷം മുഴുവൻ വിളയാടിപ്പാർത്തു. അന്നു ഞാൻ ദിവസത്തിലൊരിയ്ക്കൽ ഒരിത്തിരി നെയ്യു കഴിച്ചിരുന്നു; അതുകൊണ്ടുതന്നേ ഇന്നും വിശപ്പില്ലാതെ നടക്കുന്നു!’ 16
‘അന്തരിക്ഷത്തെ നിറയ്ക്കുന്ന, അംഭസ്സിനെ നിർമ്മിയ്ക്കുന്ന ഉർവശിയെ വലിയ വാസയിതാവായ ഞാൻ വശത്താക്കുന്നു: സുകർമ്മപ്രദൻ ഭവതിയെ ഉപാസിയ്ക്കട്ടെ; ഭവതി മടങ്ങിപ്പോന്നാലും. എന്റെ ഹൃദയം വേവുന്നു!’ 17
‘ഇളാത്മജ, ഭവാനോടു ദേവന്മാർ ഇങ്ങനെ പറയുന്നു:‘ഇതിന്നു ഭവാൻ മൃത്യുവശനാകാതിരിയ്ക്കണം: അങ്ങയുടെ മകൻ ദേവന്മാരെ ഹവിസ്സുകൊണ്ടു പൂജിയ്ക്കും; അങ്ങും സ്വർഗ്ഗത്തിൽ മത്താടും!’ 18
[1] ഉർവശിയാൽ തൃക്തനായ പുരൂരവസ്സുരാജാവ് പ്രിയാവിരഹത്താൽ ഒരു ഭ്രാന്തനെപ്പോലായിത്തീർന്ന് അവളെ തിരഞ്ഞു നടന്ന്, ഒടുവിൽ മാനസസരസ്തീരത്തു കണ്ടെത്തി: അവൾ സഖിമാരായ അപ്സരസ്ത്രീകളോടൊന്നിച്ചു വിഹരിയ്ക്കുകയായിരുന്നു. അപ്പോൾ രാജാവ് അവളോടപേക്ഷിച്ചതും അവൾ നിഷേധിച്ചതുമാണു്, ഈ സൂക്തത്തിലെ വിഷയം. നിന്നാലും – ഇത്തിരിനേരം നില്ക്കുക. കടുംകൈ – പ്രേമഭരിതനായ ഭർത്താവിനെ (എന്നെ) പരിത്യജിയ്ക്കൽ.
[2] ഉർവശിയുടെ മറുപടി: പോയ ഉഷസ്സു തിരിയേ വരാറില്ലല്ലോ.
[3] പുരൂരവസ്സ്: എയ്യാറില്ല – ഭവതിയോടു വേർപെട്ടതിനാൽ ശത്രുക്കളോടു പൊരുതുകയോ, അവരുടേ ധനം കീഴടക്കുകയോ ചെയ്യാറില്ല. വീരരില്ലാത്ത – മറ്റു വീരർക്കസാധ്യമായ കാര്യം ഞാൻ സാധിയ്ക്കാറുണ്ടായിരുന്നു; ഇപ്പോൾ ഞാൻ അതിന്നു ശക്തനല്ല. ഭടന്മാർ – എന്റെ പടയാളികൾ.
[4] ഉർവശി, താൻ രാജധാനിയിൽ ചെയ്തിരുന്നതു് ഉഷസ്സിനോടായി പറയുന്നു: ഊൺമുറി – ശ്വശുരന്റെ ഭക്ഷണമുറി. കിടപ്പറ – ഭർത്താവിന്റെ. മേഢ്റത്തിന്റെ മേട്ടം – ഭർത്തൃസംഭോഗം.
[5] ഊഴക്കാരിയാക്കാതെ – സാധാരണപത്നിമാരിലൊരുത്തി എന്നെണ്ണാതെ.
[6] പുരൂരവസ്സ്: സുർജ്ജുർണ്ണിമുതൽ അഞ്ചുപേർ സഖിമാരായ അപ്സരസ്സുകളത്രേ. പൈക്കൾ നിലവിളിയ്ക്കുമല്ലോ; അതുപോലെ, ആ സഖിമാർ ഒച്ചകൂട്ടിയിരുന്നില്ല.
[7] ആ സഖിമാരെ പുരൂരവസ്സു പുണർന്നിരുന്നു എന്ന്, ഉർവശി സൂചിപ്പിയ്ക്കുന്നു:
[8] പുരൂരവസ്സ്: അമാനുഷികൾ – ദേവസ്ത്രീകൾ. മനുഷ്യൻ – ഞാൻ. തരസൽപ്പേടകൾ – തരസത്ത് എന്ന മാൻവർഗ്ഗത്തിലെ സ്ത്രീകൾ. അവ വേടനെപ്പേടിച്ചു പായുന്നപോലെയും. ഓടിപ്പോകയാണുണ്ടായതു് – ആ അപ്സരസ്സുകളെ ഞാൻ പുണർന്നില്ല.
[9] അതുതന്നേ എടുത്തുപറയുന്നു: പൊന്മ – ഒരുതരം പക്ഷി. ചാടിക്കളിച്ചോടുന്ന കുതിരകളുടെ ദേഹം തേരാളി ശരിയ്ക്കു കാണില്ലല്ലോ.
[10] സുജാതൻ നല്ല മകൻ. വളർത്തൂ – ഞാൻ ചിരംജീവിയാകണമെങ്കിൽ, എനിയ്ക്ക് ഇവളിൽ പുത്രൻ ജനിയ്ക്കണം: ‘ആത്മാ വൈ പുത്രനാമാ.’
[11] ‘അങ്ങയ്ക്ക് എന്നിൽ പുത്രൻ പിറന്നിരിയ്ക്കുന്നു’ എന്ന് ഉർവശി അറിയിയ്ക്കുന്നു: വിദൂഷി – ഭാവികാര്യജ്ഞ. ചെയ്യാത്ത – പ്രതിജ്ഞ രക്ഷിയ്ക്കാത്ത.‘ഒരു കുട്ടിയുണ്ടാകുന്നതുവരെയ്ക്കേ ഞാൻ അങ്ങയുടെ ഭാര്യയാകയുള്ളൂ’ എന്നും മറ്റും കരാറുപറഞ്ഞാണു്, ഉർവശി പുരൂരവസ്സിനെ സ്വീകരിച്ചതു്.
[12] പുരൂരവസ്സ്, പുത്രനെ എപ്പോൾ കിട്ടുമെന്നു ചോദിയ്ക്കുന്നു: ദംപതിമാരെ – ഭവതിയെയും എന്നെയും. അഗ്നി – ഭവതിയുടെ വയറ്റിലിരിയ്ക്കുന്ന തേജസ്സ്, ശിശു. ശ്വശുരന്മാർ – ഭവതിയുടെ ശ്വശൂരന്മാർ; എന്റെ അമ്മയച്ഛന്മാർ.
[13] ഉർവശിയുടെ മറുപടി: നന്മ വരുമ്പോൾ – ഭാഗ്യം വരുമ്പോൾ. കരയും – ഭവാന്റെ അടുക്കൽ വരും എന്നർത്ഥം വെച്ചിട്ടുള്ളതിനെ – സന്താനത്തെ.
[14] പുരൂരവസ്സ് സങ്കടപ്പെടുന്നു: കളിയാടിയവൻ – ഭവതിയുമായി രമിച്ച ഞാൻ. വീഴട്ടെ – മരിച്ചുവീഴട്ടെ. നടകൊള്ളട്ടെ – ‘മഹാപ്രസ്ഥാന’മനുഷ്ഠിയ്ക്കട്ടെ.
[15] ഉർവശി:
[16] പലവടിവോടേ – ഭർത്താവായ ഭവാന്റെ ആനുകൂല്യത്താൽ നാനാരൂപയായി. ഒരിത്തിരിനെയ്യ് – ഭൂമിയിലെ സുഖമെന്നർത്ഥം. വിശപ്പില്ലാതെ – സംതൃപ്തയായി.
[17] പുരൂരവസ്സ്: നിറയ്ക്കുന്ന – തന്റെ തേജസ്സുകൊണ്ടു്. വാസയിതാവ് = വസിപ്പിയ്ക്കുന്നവൻ; ആളുകളെ രക്ഷിയ്ക്കുന്നവൻ. ഉപാസിയ്ക്കുക – സേവിയ്ക്കുക
[18] ഉർവശി: ഇളാത്മജ – പുരൂരവസ്സിന്റെ അച്ഛന്റെ പേർ ഇളനെന്നാകുന്നു.