അർഥവപുത്രൻ ഭിഷക്ക് ഋഷി; അനുഷ്ടുപ്പ് ഛന്ദസ്സ്; ഓഷധികൾ ദേവത.
പണ്ടു മൂന്നു യുഗങ്ങളിൽ ദേവകളിൽനിന്നുണ്ടായ പുരാതനൌഷധികൾ എവയോ, തവിട്ടുനിറമിയന്ന അവയുടെ ഒരുനൂറ്റേഴുപ്രയോഗങ്ങളെ ഞാനിപ്പോൾ മതിയ്ക്കുന്നു. 1
അമ്മമാരേ, നിങ്ങൾക്കു നൂറിരിപ്പിടമുണ്ടു്; നിങ്ങൾക്ക് ആയിരം മുളയുണ്ടു് ഒരുനൂറു ജോലികളുള്ള നിങ്ങൾ എന്റെ ഈ ആളെ രോഗമുക്തനാക്കിയാലും. 2
പൂവും കായും തഴച്ച, കുതിരകൾപോലെ ഒപ്പം ജയിയ്കുന്ന, മറുകരയിലണയ്ക്കുന്ന, മുളച്ചുപൊന്തുന്ന ഓഷധികളേ, നിങ്ങൾ പ്രസാദിച്ചാലും! 3
ഓഷധികളേ, മാതാക്കളേ, ദേവിമാരേ, നിങ്ങളുടെ ആളോടു ഞാൻ ഇപ്രകാരം പറയുന്നു: – ‘വൈദ്യരേ, ഞാൻ താങ്കൾക്ക് അശ്വം ഗോവ്, വസ്ത്രം എന്നിവയെമാത്രമല്ല, എന്നെത്തന്നെയും തരാം!’ 4
നിങ്ങൾ പേരാലിന്മേൽ കുടികൊള്ളുന്നു; നിങ്ങൾ പിലാശിന്മേൽ വസിയ്ക്കുന്നു. നിങ്ങൾ വൈദ്യനോടു ചേർന്നാൽ ഗോക്കളെ നേടുമല്ലോ! 5
രാജാക്കന്മാർ യുദ്ധത്തിലെന്നപോലെ ഓഷധികൾ എവിടെ ഒത്തുകൂടുമോ, അവിടെ മേധാവി ഭിഷക്കെന്നു പറയപ്പെടുന്നു: അദ്ദേഹം അരക്കരെ അറുക്കും, ആമയങ്ങളെ അകറ്റും! 6
അശ്വാവതി, സോമാവതി, ഊർജ്ജയന്തി, ഉദോജസ്സ് എന്നീ ഓഷധികളെയെല്ലാം ഞാൻ ഈ രോഗം മാറാനായി സ്തുതിയ്ക്കുന്നു. 7
വൈദ്യരേ, താങ്കളുടെ ആത്മാവിന്നു ധനം തരാനായി ഓഷധികളുടെ കരുത്തുകൾ, തൊഴുത്തിൻനിന്നു ഗോക്കളെന്നപോലെ പുറപ്പെടുന്നു! 8
നിഷ്കൃതിയെന്നവളാണല്ലോ, നിങ്ങളുടെ അമ്മ. അതിനാൽ നിങ്ങൾ നിഷ്കൃതികളാകുന്നു – നിങ്ങള്‍ നടക്കും, പറക്കും; രോഗത്തിൽപ്പെട്ടവനെ നിഷ്കരിയ്ക്കും! 9
എങ്ങും ചുഴന്നുനില്ക്കുന്ന ഓഷധികൾ, കള്ളൻ തൊഴുത്തിലെന്നപോലെ കേറും; ഏതു പാപത്തെയും ദേഹത്തിൽനിന്നിറക്കും! 10
ഈ ഓഷധികളെ ഞാൻ കെല്പുണ്ടാക്കാനായി കയ്യിൽ വെയ്ക്കുന്നു: എന്നാൽ രോഗത്തിന്റെ ആത്മാവു, വേടനാലെന്നപോലെ ചത്തുപോയ്ക്കൊള്ളും! 11
ഓഷധികളേ, നിങ്ങൾ അംഗത്തിലംഗത്തിൽ, ഏപ്പിലേപ്പിൽ ചെന്നാൽ, ഒരു കരുത്തനായ നടുനാടുവാഴിപോലെ രോഗത്തെ വലയ്ക്കും! 12
രോഗമേ, നീ കടല്ക്കാക്കയോടൊപ്പമോ, കാട്ടുകാക്കയോടൊപ്പമോ, വീശുന്ന കാറ്റിനോടൊപ്പമോ ഉടുമ്പോടൊപ്പമോ പറന്നു തുലഞ്ഞുപോവുക! 13
നിങ്ങളിൽ ഒന്നു മറ്റൊന്നിൽ ചെല്ലട്ടെ: അങ്ങനെ നിങ്ങൾ അന്യോന്യം ചേരുവിൻ; എല്ലാവരും ഒത്തൊരുമിച്ചിട്ട് എന്റെ ഈ പ്രാർത്ഥന രക്ഷിയ്ക്കുവിൻ! 14
കായുള്ളവയും കായില്ലാത്തവയും, പൂവുള്ളവയും പൂവില്ലാത്തവയുമായ ഓഷധികൾ ബൃഹസ്പതിയുടെ അനുജ്ഞയാൽ നമ്മെ പാപനിർമ്മുക്തരാക്കട്ടെ! 15
അവ എന്നെ ശപഥപാപത്തിൽനിന്നും, വരുണപാശത്തിൽ നിന്നും, യമന്റെ കാൽച്ചങ്ങലയിൽനിന്നും – ദേവന്മാരുടെ എല്ലാ ഉപദ്രവത്തിൽനിന്നും – മോചിപ്പിയ്ക്കട്ടെ! 16
സ്വർഗ്ഗത്തിൽനിന്നിറങ്ങുമ്പോൾ ഓഷധികൾ പറകയുണ്ടായി: ‘ജീവിച്ചിരിയ്ക്കുന്ന ആരിൽ ഞങ്ങൾ ചെല്ലുമോ, ആ ആൾക്ക് അപായം വരികയില്ല!’ 17
ബഹുദർശനകളായ വളരെ ഓഷധികളുണ്ടല്ലോ, സോമന്റെ ഉടമയിൽ: അവയിൽവെച്ചു ശ്രേഷ്ഠയായ ഭവതി തുലോം നല്ലതായ ഹൃദയത്തിന്നു സുഖം വരുത്തിയാലും! 18
സോമന്റെ ഉടമയിൽ ഭൂമിയിൽ മേവുന്ന വിവിധൌഷധികളേ, നിങ്ങൾ ബൃഹസ്പതിയുടെ അനുമതിയാൽ ഇയ്യാൾക്കു കെല്പുണ്ടാക്കുവിൻ! 19
കിളയാൽ നിങ്ങൾക്ക് ഉപദ്രവം വരരുതു്: ഇയ്യാൾക്കു വേണ്ടിയാണു് ഞാൻ നിങ്ങളെ കിളയ്ക്കുന്നതു്. ഞങ്ങളുടെ ഇരുകാലി – നാല്ക്കാലികളെല്ലാം അരോഗരായിരിയ്ക്കട്ടെ! 20
ലതകളേ, ഇതു കേൾക്കുന്നവരും ദൂരസ്ഥിതികളുമായ നിങ്ങളെല്ലാവരും ഒത്തുകൂടി, ഇയ്യാൾക്കു കെല്പുണ്ടാക്കുവിൻ! 21
ഓഷധികൾ സോമൻതമ്പുരാനോടു സംസാരിയ്ക്കാറുണ്ടു്: ‘തമ്പുരാനേ, അഭിജ്ഞൻ ആരെ ചികിത്സിയ്ക്കുമോ അവനെ ഞങ്ങൾ കടത്തുമാറാകണം!’ 22
ഓഷധേ, ഭവതി ശ്രേഷ്ഠയാകുന്നു: ഭവതിയുടെ കീഴിൽ നില്ക്കുന്നവയാണല്ലോ, വൃക്ഷങ്ങൾ; അവയുടെ ചുവട്ടിൽ കിടക്കട്ടെ, ഞങ്ങളെ ദ്രോഹിയ്ക്കുന്നവൻ! 23
[2] അമ്മമാരേ – ഓഷധികളേ. നൂറ്, ആയിരം എന്നിവ ബഹുത്വത്തെ കാണിയ്ക്കുന്നവയാണു്.
[3] കുതിരകൾപോലെ – കുതിരകൾ എതിരാളികളെ ജയിയ്ക്കുന്നതുപോലെ. ഒപ്പം ജയിയ്ക്കുന്ന – രോഗങ്ങളെ ശമിപ്പിയ്ക്കുന്ന. മറുകരയിലണയ്ക്കുന്ന – രോഗിയെ രോഗത്തിന്നപ്പുറത്താക്കുന്ന, രോഗമുക്തനാക്കുന്ന പ്രസാദിച്ചാലും – ഈ ആതുരങ്കൽ ദയചെയ്താലും.
[4] നിങ്ങളുടെ ആളോടു – വൈദ്യനോട്. തരാം – ഈ ആളുകളുടെ രോഗം മാറ്റിയാൽ.
[5] നിങ്ങൾ – ഓഷധിദേവതകൾ.
[6] ഭിഷക്ക് = വൈദ്യൻ. ആമയങ്ങൾ = രോഗങ്ങൾ.
[7] അശ്വാവതിമുതലായ നാലെണ്ണമത്രേ, പ്രധാനൌഷധികൾ.
[8] ആത്മാവിന്നു – പുഷ്ടിയ്ക്ക്. കരുത്തുകൾ – വീര്യങ്ങൾ. പുറപ്പെടുന്നു – പുറത്തെയ്ക്കു വരുന്നു. മുളച്ചുപൊന്തുന്ന ഓഷധികളെക്കണ്ടിട്ടു പറയുന്നതാണിത്.
[9] പറക്കും, നടക്കും – വേഗത്തിലും പതുക്കെയും ഫലം കാട്ടും. നിഷ്കരിയ്ക്കും – സംസ്കാരപ്പെടുത്തും, ആരോഗ്യവാനാക്കും. നിഷ്കൃതിശബ്ദത്തിന്നു സംസ്കാരണമെന്നത്രേ, അർത്ഥം.
[10] കേറും – രോഗങ്ങളെ ആക്രമിയ്ക്കും. പാപം – രോഗം.
[11] കെല്പുണ്ടാക്കാനായി – വ്യാധിതന്നു ബലം വരുത്താൻ. വേടനാലെന്നപോലെ – വേടനാൽ ജീവജാലമെന്നപോലെ.
[12] നടുനാടുവാഴിപോലെ – രണ്ടു രാജ്യങ്ങളുടെ ഇടയിൽ വാഴുന്ന പ്രഭു അടുത്തുള്ള ശത്രുക്കളെയെന്നപോലെ. വലയ്ക്കും – പീഡിപ്പിയ്ക്കും; ശമിപ്പിയ്ക്കുമെന്നർത്ഥം.
[13] പറന്നു – എന്റെ ആളുടെ ദേഹത്തിൽനിന്നു പറന്നു.
[14] രക്ഷിയ്ക്കുവിൻ – സഫലമാക്കുവിൻ.
[18] സോമലതയോട്: തുലോം നല്ലമായ ഹൃദയത്തിന്നു – ഏറ്റവും നല്ലവനായ മനുഷ്യന്ന്.
[19] ഇയ്യാൾക്ക് – ഈ രോഗിയ്ക്ക്.
[20] കിളയാൽ – പറിച്ചെടുക്കാൻ കിളയ്ക്കുമ്പോൾ.
[21] ഇതു – ഈ സ്തോത്രം.
[22] കടത്തുക – രോഗത്തിന്നപ്പുറത്താക്കുക.
[23] സോമലതയോട്: കിടക്കട്ടെ – ചത്തുവീഴട്ടെ.